പത്തിയൂര്‍: നാട്ടുപേരും വീട്ടുപരും

കൊറ്റുകുളങ്ങര | Kottukulangara

കായംകുളത്തുനിന്നും ഹരിപ്പാട്ടേക്കു വരും വഴി കരീലക്കുളങ്ങരക്കു തെക്കായി റോഡുവക്കില്‍ കാണുന്ന സ്ഥലമാണ് കൊറ്റുകുളങ്ങര. എരുവയില്‍നിന്ന് പടിഞ്ഞാറേക്കു ഏകദേശം രണ്ടു കിലോമീറ്റര്‍ ദൂരം കാണും ഇവിടേക്ക്.
                           ചിത്രം:കടപ്പാട്

ചരിത്ര സംബന്ധിയായ സ്ഥപ്പേരാണിത്.

കൊറ്റ് + കുളം + കര എന്നിങ്ങനെ സ്ഥലപ്പേരിനെ പദഛേദം ചെയ്താല്‍ മൂന്നു ഘടകപദങ്ങള്‍ ലഭിക്കും. 'കുളങ്ങര' എന്നത് 'കുളത്തിന്‍റെ കര'യെയും അതേസമയം പ്രദേശത്തെയും കുറിക്കുന്ന ശബ്ദമാണ്.

കൊറ്റ്  - അന്നം (ആഹാരം, ഭക്ഷണം)
തമിഴിലും മലയാളത്തിലും സമാനാര്‍ത്ഥത്തില്‍ ഈ പദം ഉപയോഗിക്കുന്നു.

അന്നത്തിനു വകനല്‍കുന്നത് അമ്മയായ ദൈവമാണെന്ന പ്രാചീന സങ്കല്പത്തില്‍ നിന്ന് അന്നദാതാവെന്ന നിലയില്‍ 'കൊറ്റവൈ' (കൊറ്റ് +അവൈ) എന്ന വിളിപ്പേര് ആ അമ്മദേവതക്ക് ലഭിച്ചു. തമിഴകമായിരുന്നു അവളുടെ ഈറ്റില്ലം. മലയിറങ്ങി മലയാളത്തിലേക്ക് വന്നവരിലൂടെ കൊറ്റവൈ നാട്ടുപേരുകള്‍ക്കും നിദാനമായി.

കായംകുളം എംഎസ്സ്എം കോളജ് ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ പണ്ട് ഓടനാടിന്‍റെ
പടനിലം ആയിരുന്നു. കോളജിന്‍റെ വടക്കേ ജംങ്ഷന്‍ പടനിലം എന്നാണ് ഇന്നും അറിയപ്പെടുന്നത്. പടനിലത്തെ ഓര്‍മ്മിപ്പിക്കുന്ന വീട്ടുപേരുകളും അവിടെ കാണാം.

കായംകുളം എംഎസ്സ്എം കോളജിനു വടക്കുളള പടനിലം ജംങ്ഷന്‍ വാര്‍ത്തയില്‍ ഇടം നേടിയപ്പോള്‍. 2017 ഡിസംബര്‍ 10 ഞായറാഴ്ചത്തെ മലയാളമനോരമ ദിനപത്രം ആലപ്പുഴ എഡിഷന്‍
യുദ്ധ ദേവതയായ കൊറ്റവൈയില്‍ നിന്നാണ് കൊറ്റുകുളങ്ങര എന്ന പേര് ഉണ്ടായിവന്നത്. അടുത്തുതന്നെയുളള പടനിലം ചേര്‍ന്നു വരുന്ന പറമ്പുപേരുകളും അതിനെ സാധൂകരിക്കുന്നു. പഴയ ചില ആധാരങ്ങളില്‍ കൊറ്റം കുളങ്ങരയെന്നും കാണുന്നുണ്ട്. അങ്ങനെയായാല്‍ കൊറ്റം കുളങ്ങര കൊറ്റുകുളങ്ങരയായി മാറിയതാണെന്നും കരുതേണ്ടിയിരിക്കുന്നു.

ആദിദ്രാവിഡ ദേവത (അമ്മദൈവം) യാണ് കൊറ്റവൈ. പെരിയാറിന്‍റെ ഉറവിടമായ 'ആയിരമല'യിലാണ് കൊറ്റവൈയുടെ അധിവാസകേന്ദ്രമെന്ന് പതിറ്റുപ്പത്തിലെ ഒരു പ്രശസ്തിഗാനത്തില്‍ (ഒന്‍പതാം പത്തില്‍ എട്ടാം പാട്ട്) നിന്നും വെളിവാകുന്നു. മരച്ചുവട്ടിലോ കുളക്കരയിലോ ഒക്കെ ഈ ദേവതയുടെ ഇരിപ്പിടങ്ങള്‍ രൂപപ്പെട്ടു. 'ദൈവസാന്നിധ്യമുളളനെല്ലി' (തൈവത്തണ്‍മൈയുടൈയ നെല്ലി) എന്നും, 'നെല്ലിച്ചുവട്ടിലെ വേല്‍ ആയുധമാക്കിയ കൊറ്റവൈ' (തന്നിടത്തുറൈയും കൊറ്റവൈയിന്‍ വലിയിനൈയുടൈയ ചിനം നിന്‍റെരിയും ഒളിതികഴ് നടുവേല്‍) എന്നും പറഞ്ഞിരിക്കുന്നതില്‍ നെല്ലി കൊറ്റവൈ (ദുര്‍ഗ്ഗ)യുടെ ദേവതാ സങ്കല്പത്തിലധിഷ്ഠിതമായ വൃക്ഷമാണെന്നു സിദ്ധിക്കുന്നു.

തെന്നിന്ത്യക്കാര്‍ അതിപുരാതന കാലംമുതല്‍ യുദ്ധദേവതയെ ആരാധിച്ചുപോന്നിരുന്നു. അങ്ങനെയുളള ദക്ഷിണേന്ത്യയിലെ ആദി ചേരരുടെ യുദ്ധദേവതയായിരുന്നു കൊറ്റവൈ. ക്രൂരതക്കും പിടിച്ചുപറിക്കും കൊളളക്കും പോരിനും പേരെടുത്ത മറവരും കൊറ്റവൈയെ ആരാധിച്ചുപോന്നു. യുദ്ധം തുടങ്ങുന്നതിനുമുമ്പ് കൊറ്റവൈയുടെ അനുഗ്രഹം അവര്‍ തേടിയിരുന്നു(1). യുദ്ധ വിജയത്തിനായിരുന്നു അവരുടെ പ്രാര്‍ത്ഥനകള്‍. 'വെറ്റിവെല്‍ പോര്‍ക്കൊറ്റവൈ' എന്ന് 'തിരുമുരുകാറ്റുപ്പടൈ' പാട്ട് 258ല്‍ കാണാം.  അതിനാല്‍ കോട്ടയോടും ആയോധനക്കളരിയോടും പടനിലത്തോടും ഒപ്പം ഒരു സ്ഥാനം ആ ദേവതക്കും നീക്കിവെച്ചിരുന്നു.  കൊറ്റവൈ ക്രമേണ ദുര്‍ഗ്ഗയായിമാറി. കാലക്രമത്തില്‍ ഹൈന്ദവ പുനരുത്ഥാനകാലത്ത് കൊറ്റവൈയ്ക്കു പകരം കാളി (ദുര്‍ഗ്ഗ) യുദ്ധദേവതയുടെ സ്ഥാനം ഏറ്റെടുത്തു. പതിനേഴാം ശതകം വരെയെങ്കിലും ഈ പതിവു തുടര്‍ന്നുപോന്നുവെന്നാണ് സ്ഥലനാമ / ചരിത്രകാരന്‍ വി. വി. കെ. വാലത്ത് നിരീക്ഷിക്കുന്നത്. 'പടകാളി മുറ്റത്തു ചെന്നിറങ്ങി / കളരിക്കോലായിലും ചെന്നുകേറി' എന്നിങ്ങനെ വടക്കന്‍ പാട്ടുകളില്‍ ഇത് രേഖപ്പെടുന്നു (തച്ചോളികുഞ്ഞിച്ചന്തുവിന്‍റെ പാട്ടുകഥ).

അയിരമലയുടെ ആരംഭം പാണ്ടിയിലെ പഴനിമലയില്‍ നിന്നാണ്. പഴനിമലക്കടുത്തുളള മറ്റൊരു മലയുടെ പേരാണ് അയിരമല. ഈമലയില്‍ കുടികൊണ്ടിരുന്ന ആദിദ്രാവിഡ യുദ്ധ ദേവതയായ കൊറ്റവൈയിനെ തമിഴ്നാട്ടിലെ ആദി ദ്രാവിഡര്‍ ആരാധിച്ചിരുന്നു. അത്രമേല്‍ പഴക്കമുളള ഒരു കാലത്തിന്‍റെ പ്രാതിനിധ്യമുളള ദേവതകൂടിയാണ് കൊറ്റവൈയും അയിരമലയും. പാണ്ടിമന്നന്മാരുടെ ആരാധനാ മൂര്‍ത്തിയും കൊറ്റവൈയായിരുന്നു. ബൗദ്ധമതങ്ങളുടെ കാലത്ത് ഈ ദ്രാവിഡ ജനത ആ മതങ്ങളില്‍ ചേരുകയും അവയുടെ അധ:പതനത്തിനുശേഷം ഹിന്ദു മതക്കാരാകുകയും ചെയ്തു. അതോടെ, കൊറ്റവൈ പേരുമാറി, കാളിയും പടകാളിയും മറ്റുമായി ഹിന്ദുമതത്തിലെ അമ്മദൈവമായിത്തീര്‍ന്നു.

കൊറ്റവൈയ്ക്കും മലദൈവമായ അയ്യപ്പനും വേണ്ടി നിര്‍മ്മിക്കുന്ന ആരാധനാലയമായിരുന്നു കാവ്. ഒരു വൃക്ഷവും കടയ്ക്കല്‍ ഒരു കല്ലും മാത്രമായിരുന്നു കാവ്. മിക്ക കാവുകളും ഇന്ന് കല്ലും മരവും കോണ്‍ക്രീറ്റും കൊണ്ടുപണിത ക്ഷേത്രങ്ങളായി പരിഷ്കരിക്കപ്പെട്ടിരിക്കുന്നു.


മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് കായംകുളത്തെ ഏതുവിധേനയും തുരത്താന്‍ രാമയ്യന്‍റെ ആവശ്യപ്രകാരം മറവപ്പട ധാരാളമായി മലയിറങ്ങിവന്നു. അവര്‍ ഈ നാട്ടില്‍ പലയിടങ്ങളിലും അധിവാസമുറപ്പിച്ചു. അവരുടെ ആരാധനാമൂര്‍ത്തിയുടെ ആലയങ്ങള്‍ അതോടനുബന്ധിച്ച് ഉയര്‍ന്നുവന്നു. കൊറ്റാര്‍കാവ് (മാവേലിക്കരയും മാന്നാറിലും), കൊറ്റംകുളങ്ങര (ചവറ, ആലപ്പുഴ) കൊറ്റുകുളങ്ങര (കായംകുളം) കൊറ്റംകര (കൊല്ലം ജില്ലയിലെ ഒരു പഞ്ചായത്ത്), കൊറ്റംകുളം (തൃശ്ശൂര്‍ ജില്ലയിലെ പെരിഞ്ഞനം പഞ്ചായത്തില്‍ കൊടുങ്ങല്ലൂരില്‍ നിന്ന് ചാവക്കാട് പോകുംവഴി) മുതലായ സ്ഥലപ്പേരുകള്‍ ഈ അധിനിവേശത്തിന്‍റെ അതിരടയാളങ്ങളാണ്. മാവേലിക്കരയിലെ കൊറ്റാര്‍കാവിനു വടക്ക് ഒരു 'പുതിയകാവു'ളളതിനാല്‍ അതിനേക്കാള്‍ വളരെ പഴയ കാവാണ് കൊറ്റാര്‍കാവെന്നും സിദ്ധിക്കുന്നു. ഒരുകാലത്തെ കുടിയേറ്റത്തെക്കൂടി ഈ സ്ഥപ്പേരുകള്‍ അടയാളപ്പെടുത്തുന്നു.

ഓണാട്ടുകരയില്‍, വിശേഷിച്ചു തിരുവിതാംകൂറിലും, മാര്‍ത്താണ്ഡ വര്‍മ്മയുടെ യുദ്ധ വിജയശേഷവും ഈ നാട്ടില്‍ നിന്നും മടങ്ങിപ്പോവാതിരുന്ന മറവവിഭാഗം ജനത പിന്നീട് നായര്‍ സമുദായത്തില്‍ ലയിച്ചു.
_________________________
1. ആലപ്പുഴ പുന്നമട കായലിനടുത്താണ്  കൊറ്റംകുളങ്ങര ദേവീക്ഷേത്രം. കരപ്പുരം ദേശത്തിന്റെ അതിർത്തിയിലാണ് ഇൗ ക്ഷേത്രമുളളത്. അവിടെ പൂജ കഴിഞ്ഞു മാത്രമായിരുന്നു കൊച്ചിയുടെ പട യുദ്ധത്തിന് തെക്കോട്ട് പോയിരുന്നത്. ഇന്ന് ആലപ്പുഴ ബോട്ട് ജെട്ടി ഉള്ള വാടത്തോട് തിരുവിതാംകൂർ അതിർത്തിയിലെ കോട്ടവാതിൽ ആയിരുന്നു. തോടിന് കുറുകെയുള്ള ജില്ലാ കോടതി പാലത്തിന് കോട്ടവാതിൽ പാലം എന്നും പേരുണ്ട്.

| ഹരികുമാര്‍ ഇളയിടത്ത്
Feedback: elayidam@gmail.com

Comments