• ഓണാട്ടുകരയിലെ സ്ഥലനാമങ്ങള്‍

കരുനാഗപ്പളളി | Karunagappally



ഇന്നത്തെ കൊല്ലം ജില്ലയുടെ വടക്കേ അറ്റത്തുളള താലൂക്ക്. പഴയ ആലപ്പുഴയുടെ ഭാഗം. ഓണാട്ടുകരയുടെ തെക്കേയറ്റമായ കന്നേറ്റി ഈ താലൂക്കിലാണ്.

പദഛേദം:
കരി + നാഗ + പളളി
'കരി'യാണ് കരുവാകുന്നത് - വയല്‍ എന്നാണതിനര്‍ത്ഥം.
ഉദാ. കരുവാറ്റ / ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പളളി താലൂക്കിലും പത്തനംതിട്ടയിലെ അടൂര്‍ താലൂക്കിലും.
ആറ്റുതീരത്തെ വയ(ല്‍ക്കര)ലേലയാണ് രണ്ടും.
കരി - മുള്‍പ്പടര്‍പ്പ് എന്നൊരര്‍ത്ഥവും കാണുന്നു. കൃഷിക്കുപകരിക്കാത്ത നിലം
കരീരഃ എന്ന സംസ്കൃത ധാതുവില്‍ നിന്ന് കരി നിഷ്പദിച്ചു. അതുവഴി കരീരം എന്നപദം മലയാളത്തില്‍ ഉണ്ടായി. മുള്‍പ്പടര്‍പ്പ് എന്നാണ് രണ്ടുപദങ്ങളുടെയും പൊരുള്‍.

മുള്‍പ്പടര്‍പ്പ് വളര്‍ന്നു പടര്‍ന്ന് കൃഷി ചെയ്യാതെ, കൃഷിക്കുപകരിക്കാതെ, തരിശായിക്കിടക്കുന്ന നിലം അഥവാ മണ്ണ്. അതിനെ കരിയെന്നു വിളിച്ചു. അവയൊക്കെ വെട്ടി വെളുപ്പിച്ചു വേണ്ടിയിരുന്നു നിലത്തില്‍ കൃഷിചെയ്യാന്‍. 'കരിനീക്കി കൃഷി ചെയ്യുക' എന്ന ശൈലി ഈ അര്‍ത്ഥത്തെ ദ്യോതിപ്പിക്കുന്നു. കുട്ടനാടിനെ സംബന്ധിച്ച് ഒരുകാലത്ത് കൃഷിചെയ്യാതെ തരിശായിക്കിടന്ന നിലങ്ങളായിരുന്നു ഉണ്ടായിരുന്നത്. അങ്ങനെ കര്‍ഷകന്, പൊതുവെ മനുഷ്യന്, പ്രയോജനരഹിതമായി കിടക്കുന്ന മണ്ണിനെ, മരുഭൂമിയെന്നും വ്യവക്ഷിച്ചിരുന്നു. കുട്ടനാട്ടിലെ കുമരങ്കരി, രാമങ്കരി, മിത്രക്കരി, കരിപ്പുഴ തുടങ്ങി അസംഖ്യം 'കരികള്‍' ഒരുകാലത്ത് കൃഷിക്ക് ഒട്ടുമേ  ഉപയോഗിക്കാതെ കിടന്ന തരിശു നിലങ്ങളാണ്. ചുരുക്കത്തില്‍ കന്നിമണ്ണാണ് കരി.
നാഗപ്പളളി - ജൈനമതക്കാരുടെ ആരാധനാ കേന്ദ്രം. സ്ഥലപ്പേരുകളിലെ 'നാഗ'സാന്നിധ്യം ജൈനമത സ്വാധീനത്തെയാണ് കാണിക്കുന്നതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ഉദാ. നാഗര്‍കോവില്‍ / തമിഴ്നാട്
(തിരു)നാഗന്‍കുളങ്ങര / ചേര്‍ത്തല
നെടുനാഗപ്പളളി / എറണാകുളം - കണയന്നൂര്‍
നെടുനാഗപ്പളളി / പത്തിയൂര്‍ (രാമപുരം)

പളളി - പളളം(1) ഉളളത് പളളി (വയല്‍ എന്നര്‍ത്ഥം). കൂടാതെ ഗ്രാമം, ബുദ്ധ / ജൈന ആരാധനാലയം എന്നിങ്ങനെയും അര്‍ത്ഥം കല്പിക്കാം.

വയല്‍ക്കരയിലുണ്ടായിരുന്ന ജൈനമത ആരാധനാലയത്തിന്‍റെ സ്മരണയില്‍ നിന്നും ഉണ്ടായ പേരാണ് കരുനാഗപ്പളളി. 'ബ്രാഹ്മണ മേധാവിത്വത്തിന്‍കീഴില്‍ എല്ലാം കീഴ്മേല്‍ മറിയപ്പെട്ടെങ്കിലും നാഗസ്പര്‍ശിത സ്ഥലനാമങ്ങള്‍ മായാതെ നിന്നു' (വി. വി. കെ വാലത്ത്).

Papers Relating to the dispute between Travancore & Cochin on the Vadakode Desam, Trivandrum, 1928 ആധാരമാക്കി (p.186) അദ്ദേഹം എഴുതുന്നു:


'കണയന്നൂര്‍ പ്രവൃത്തിയില്‍ 1014 ചിങ്ങമാസം 1-ാംനു യിലെ പറമ്പുകണ്ടെഴുതിയ 'ഒഴുകു'രേഖയില്‍ നെടുനാഗപ്പളളി ഭട്ടതിരിവക ചെലവില്‍ കണ്ടത്തിനും തെക്ക്' എന്നു കാണുന്നു (കേരളത്തിലെ സ്ഥലനാമങ്ങള്‍ എറണാകുളം ജില്ല, കേരള സാഹിത്യ അക്കാദമി, പുറം.133). അദ്ദേഹം തുടരുന്നു: ഭട്ടതിരിയുടെ ആധിപത്യത്തില്‍ അകപ്പെടും മുമ്പ് സ്ഥലത്ത് ജൈനക്ഷേത്രം (പളളി) നിലനിന്നിരുന്നതിന്‍റെ സൂചനയാണ് 'നെടുനാഗപ്പളളി'. സ്ഥലനാമത്തെ മാത്രം അവശേഷിപ്പിച്ചുകൊണ്ട് പ്രത്യക്ഷ തെളിവുകളെല്ലാം മാഞ്ഞുപോയി. നെടുനാഗപ്പളളിയും, ഗോപിനാഥറാവു ഗവേഷണവഴി സ്ഥാപിച്ചതും ബുദ്ധ സ്മാരകമെന്ന് അദ്ദേഹം വിശേഷിപ്പിച്ചതുമായ ഇന്നത്തെ ആലപ്പുഴ ജില്ലയിലെ കരുനാഗപ്പളളിക്കു ശബ്ദസാമ്യം മാത്രമല്ല, ചരിത്ര വസ്തുതകളുടെ സാമ്യവുമുണ്ടെന്ന്' (ibid) വാലത്ത് കരുതുന്നു.

കരുനാഗപ്പള്ളി എന്ന സ്ഥലപ്പേരിലെ മുഖ്യ ഘടകം കരുനാഗം എന്നതു തന്നെയാണ്. ബുദ്ധമത ചരിതത്തിൽ കരുനാഗ പരാമർശം ധാരാളമുണ്ട്. കരുനാഗപ്പളളി താലൂക്കിലെ പടയനാർകുളങ്ങര ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ ശിവനാണ്. ബുദ്ധന്‍റെ വിഗ്രഹം അവിടെയുണ്ട്. നാഗപൂജ കരുനാഗപ്പള്ളി പ്രദേശങ്ങളിലെ പലേ ക്ഷേത്രങ്ങളിലും കാണുന്നുണ്ട്. നാഗാരാധനയും ശിവാരാധനയും ബുദ്ധവിഹാര സ്ഥാനവും കരുനാഗപ്പള്ളിയുടെ സവിശേഷതയാണ്. കരുമാടിക്കുട്ടൻ എന്ന പ്രാചീന ബുദ്ധ പ്രതിമ കിട്ടിയതും കരുനാഗപ്പള്ളികൂടി ഉള്‍പ്പെടുന്ന ആലപ്പുഴ പ്രദേശത്തു നിന്നുതന്നെയാണ്. കരുനാഗപ്പളളിയില്‍ തന്നെയുളള മരുതൂര്‍കുളങ്ങരയില്‍ നിന്നും ഒരു ബുദ്ധ വിഗ്രഹം ലഭിച്ചിരുന്നു. കരുനാഗദേവ സങ്കേതമാണ് കരുനാഗപ്പള്ളി. കരുനാഗൻ ശിവനാണ്.  അതേസമയം അത് ബുദ്ധനൂമാണ്. പടനായർകുളങ്ങര ക്ഷേത്ര സാന്നിധ്യം തന്നെയാകാം, കരുനാഗപള്ളി എന്ന സ്ഥലനാമത്തിന് കാരണം.
_____________________
1. പളളമെന്നാല്‍ താഴ്ന്ന സ്ഥലം എന്നാണര്‍ത്ഥം. Pallam - a low ground, a hollow (Manual of the Administration of the Madras Presidency, Vol.2, p.218)
നന്ദി: തേക്കുംമൂട് ബാലചന്ദ്രന്‍

| ഹരികുമാര്‍ ഇളയിടത്ത്
Feedback: elayidam@gmail.com

Comments