പത്തിയൂര്‍: നാട്ടുപേരും വീട്ടുപേരും

എരുവ | Eruva

പ്രകൃതി സംബന്ധമായി ഉണ്ടായ സ്ഥലപ്പേരാണിത്.

ഏരി + വാ (വായ) ഏരിവാ
ഏരി = നീര്‍വാര്‍ച്ചയുളള സ്ഥലം, വെളളക്കെട്ടുളള സ്ഥലം (ജലാശയം)
വാ, വായ = വക്ക്, തിട്ട, തിണ്ട്
ഉദാ: ആറ്റുവാ - ആറ്റുവക്ക്
ഏരിവാ - വെളളക്കട്ടിലേക്ക് ഉന്തി നില്‍ക്കുന്ന സ്ഥലം (ജലാശയമുഖം)
ഏരിവാ ക്രമേണ ഉച്ചാരണത്തില്‍ എരുവയായിമാറും.

എരുവ എന്നതിന് വെളളത്തിലേക്ക് തളളി നില്‍ക്കുന്നത്, വെളളത്താല്‍ ചുറ്റപ്പെട്ടത് എന്നര്‍ത്ഥം. മുനമ്പ് എന്ന് സമാന്യമായി പറയാം.


എരുവ ക്ഷേത്രത്തിനു കിഴക്കേപ്പുറം കരിപ്പുഴ തോടാണ്. പടിഞ്ഞാറേപ്പുറം താഴ്ന്ന പ്രദേശമായിരുന്നതിന്‍റെ സൂചനകള്‍ ഇന്നുമുണ്ട്. വലിയ ആറാട്ടുകുളം കുത്തിയെടുത്ത മണ്ണിട്ട് നികത്തിയാണ്, തൊട്ടു തെക്കേ പറമ്പായ മൂടാംപാടിയില്‍ (വയല്‍ നികത്തിയത് എന്നര്‍ത്ഥം) പുരയിടം ഉണ്ടാക്കിയത്. അവിടെയാണ് കണ്ടിയൂരില്‍ നിന്നും പതിനഞ്ചാം നൂറ്റാണ്ടോടെ കണ്ടിയൂര്‍ മറ്റത്തുനിന്നും തലസ്ഥാനം എരുവയിലേക്കാക്കി ഓടനാട് രാജാവിന്‍റെ കൊട്ടാരം നിര്‍മ്മിച്ചത്. കായംകുളം എന്ന പേര് ഓടനാടിനു കൈവന്നത് അതിനുശേഷമാണ്.


എരുവയിലെ കൊട്ടാരം അമ്മമാരെയും (റാണി), അവിടുത്തെ ഇതര അന്ത:പ്പുര സ്ത്രീകളയുംപാര്‍പ്പിക്കാനായിരുന്നു എന്നൊരു ധാരണ പരക്കെയുണ്ട്. എന്നാല്‍, ഈ പ്രദേശങ്ങളിലെ സ്ഥലനാമ സൂചനകള്‍ രാജാധികാരത്തെ അടിവരയിടുന്നുണ്ട്. ഉദാഹരണം കൊട്ടാരം നിന്നതിനു മുന്‍വശമുളള 'കോയിക്കല്‍പ്പടി' ആല്‍ത്തറ തന്നെ. എരുവ കൊട്ടാരത്തിന്‍റെ കിഴക്കേ നടയാണിതെന്ന് കരുതുന്നു. കോയില്‍ എന്നത് കോവിലാണ്. കോവില്‍ കൊട്ടാരവുമാണ്. 'കോയ്മ' അഥവാ അധികാരം ഉളളിടമാണ് 'കോയില്‍'. അതിന്‍റെ വാതിലാണ് കോയിക്കല്‍പ്പടി. കോയിക്കല്‍പടിക്കു കിഴക്കാണ് നടക്കാവ്. രാജാവിന്‍റെ സായാഹ്ന സവാരിയ്ക്കുളള (ഉലാത്തല്‍) നടവഴിയാണിത്. ഉണ്ണുനീലി സന്ദേശത്തില്‍ നടക്കാവിന്‍റെ മനോഹാരിത വര്‍ണ്ണിക്കപ്പെട്ടിട്ടുണ്ട്. അതിസുന്ദരമായ പൂക്കളും വൃക്ഷങ്ങളും നിറഞ്ഞു നില്‍ക്കുന്നതായ വര്‍ണ്ണനകള്‍ അവിടെ കാണാം. മാത്രമല്ല, അന്ത:പ്പുരസ്ത്രീകളുടെ വാസസ്ഥലത്തെ 'കോയിക്കല്‍' എന്നു വിളിക്കാറില്ല. അതിനെ 'കോട്ടക്കകം' എന്നാണ് പറയുന്നത്. ഈ നിലയ്ക്കൊക്കെ എരുവയിലെ കൊട്ടാരം ഭരണസിരാ കേന്ദ്രമാണെന്നു വരുന്നു. മാത്രമല്ല, ഓടനാടിന്‍റെ ഭരണസിരാ കേന്ദ്രമായതിനാലാണ്, പ്രതികാരത്തിനു പേരുകേട്ട മാര്‍ത്താണ്ഡവര്‍മ്മയുടെ മൂന്നാമത്തെ ആക്രമണത്തിലെ വിജയോന്മാദം, ഒരു കല്ലുപോലും ചരിത്രത്തിനു നീക്കിവെക്കാതെ കൊട്ടാരത്തെ തച്ചുതകര്‍ക്കാന്‍ കാരണമായിത്തീര്‍ന്നത്. വെളളക്കെട്ടുളള ഒരു സ്ഥലത്തെ വാസയോഗ്യമായ സ്ഥലമാക്കിയെടുത്തതാണ് എരുവ എന്നതാണ് പൊതുവെ പറയാവുന്നത്.


എരുവ എന്നതിന് ഇല്ലിമുളങ്കൂട്ടം എന്നര്‍ത്ഥവും കാണാം. ഓണാട്ടുകരയില്‍ ഇല്ലിക്കൂട്ടം ഒരുകാലത്ത് ധാരാളമായിഉണ്ടായിരുന്നു. ഓടല്‍മുളകളാണ് എരുവ എന്നത്. ഉണ്ണുനീലി സന്ദേശത്തില്‍ ഓടല്‍ നാടെന്ന് പരാമര്‍ശം കാണാം. അതിന്‍റെ സംസ്കൃതരൂപം, പതിനഞ്ചാം നൂറ്റാണ്ടിലെ സന്ദേശകാവ്യമായ ഉദയനന്‍റെ മയൂരസന്ദേശത്തില്‍ 'ഇംഗുദീഭൂവിഭാഗഃ' എന്നാക്കി
പ്രയോഗിച്ചിട്ടുണ്ട്. ഓടനാടിന്‍റെ പേരിനുതന്നെ കാരണം ഇല്ലിമുളയാണെന്നു
ചില പണ്ഡിതന്മാര്‍ കരുതുന്നു. ഓടനാടിന്‍റെ പ്രവേശന കവാടമായ എരുവയിലെ ഓടല്‍മുളകളാവാം ആ പേരിനു കാരണം. ഓടല്‍നാടാണ് ഓടനാടായതെന്നാണ് അവരുടെ പക്ഷം.

                                 കോയിക്കല്‍ത്തറയില്‍ ആല്‍ത്തറ 

വേറൊരു നിരുക്തി സാധ്യതയും പരിഗണനാര്‍ഹമാണ്.
എരുവിയര്‍ = ഉപ്പുണ്ടാക്കുന്നവര്‍
എരുവ = ഉപ്പളം

ഒരു സംഘകാല ജനസമൂഹമാണ് എരുവിയര്‍. ഉപ്പളങ്ങളില്‍ കടല്‍വെളളം നിറച്ച് ഉപ്പു കുറുക്കുന്നവര്‍ എന്നാണ് ആ വാക്കിന്‍റെ പൊരുള്‍. അതിനാല്‍, എരുവ എന്നതിന് ഉപ്പളങ്ങള്‍ നിറഞ്ഞ പ്രദേശം എന്ന അര്‍ത്ഥം ലഭിക്കുന്നു. ഒരുകാലത്ത് ഈപ്രദേശങ്ങള്‍ കടലായിരുന്നുവെന്ന് ഭൂപരമായും സ്ഥലനാമപരമായും സൂചനകള്‍കാണാം.


വാങ്-ട-വാന്‍ എന്ന ചൈനീസ് വര്‍ത്തകന്‍ കപ്പല്‍ യാത്രാമധ്യേ സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ കായംകുളവും പെടുന്നുണ്ട്. എ.ഡി 1340 ആണ് കാലം(1). അപ്പോള്‍ പതിനാലാം നൂറ്റാണ്ടോടു വരെയെങ്കിലും ഇന്നത്തെ കായംകുളം പട്ടണം കടല്‍ത്തീര പ്രദേശമായിരുന്നു. കായംകുളം പട്ടണത്തിനും കായംകുളം കായലിനും ഇടക്കുളളവയും കായലിനു പടിഞ്ഞാറ് കടല്‍ത്തീരത്തുളളതുമായ നിരവധി ഗ്രാമങ്ങള്‍ അതിനു ശേഷമുളള കാലത്താണ്  രൂപം കൊണ്ടുതുടങ്ങിയതെന്നു സ്പഷ്ടമാണ്(2). എരുവയ്ക്കു കിഴക്കുമാറി
തൊട്ടടുത്തുതന്നെയുളള കാക്കനാട് എന്ന സ്ഥലപ്പേര് കടല്‍ സാന്നിധ്യം ഉള്‍ക്കൊളളുന്നു. കടല്‍ത്തീരത്തുളള നാടാണത് എന്നാണ് സ്ഥപ്പേരിലെ സൂചന. 'കടല്‍ക്കരൈ നാടാ'ണ് കാക്കനാടാവുന്നത്. എറണാകുളത്ത് അതേ പേരില്‍ ഒരു സ്ഥലം പ്രസിദ്ധമാണ്. അതും കടല്‍ത്തീരമായിരുന്നുവെന്ന് ചരിത്ര സമ്മിതിയുണ്ട്. ആ നിലക്ക്, ഉപ്പളങ്ങളില്‍ ഉപ്പു കുറുക്കിയിരുന്ന ഒരു വിഭാഗം ജനതയുടെ സാന്നിധ്യവും ഒപ്പം വളരെ പഴക്കമുളള ഒരു ജനാധിവാസസൂചനയും സ്ഥലപ്പേരില്‍ ഉളളടങ്ങിയിരിക്കുന്നു.

ചേര്‍ത്തലയിലും പരിസരങ്ങളിലുമുളള  പഴമക്കാര്‍ക്കിടയില്‍ പ്രചരിച്ചിരുന്ന ഒരു പഴമ്പാട്ടില്‍, 'ഉപ്പിനുപോകണ നാടേത് / കായംകുളത്തിനു തെക്കേത്' എന്നിങ്ങനെയുളള വായ്ത്താരിയുടെ ഈരടികള്‍ കാണാം(1). ചേര്‍ത്തലക്കാര്‍ക്ക് കായംകുളം തെക്കുദിക്കാണല്ലോ.?
കായംകുളത്തും ചുറ്റുവട്ടത്തും ഉപ്പുവ്യവസായം നിലനിന്നിരുന്നുവെന്ന സത്യം ഉറഞ്ഞുകിടക്കുന്നു.
______________________
. ചേര്‍ത്തലയിലെ കുട്ടികള്‍ക്കിടയിലെ ഒരു കളിയാണ് ഉപ്പുപാട്ട്. ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞും പകരം ചോദ്യമെറിഞ്ഞും കളിച്ചുകയറുന്ന രണ്ടു കുട്ടിക്കൂട്ടം. അവരുടെ ചോദ്യങ്ങളിലും ഉത്തരങ്ങളിലും ഒരുവലിയ ചരിത്രം ഉളളടങ്ങിയിരിക്കുന്നു.  'കരപ്പുറത്തേക്കും മറ്റു സ്ഥലങ്ങളിലേക്കും വേണ്ട ഉപ്പു കായംകുളത്തു നിന്നാണ് കയറ്റുമതി ചെയ്തിരുന്നത്. കായംകുളത്ത് ഉപ്പളമുണ്ടായിരുന്ന വസ്തുത ഇന്നും പരമ്പരയായി കൊച്ചുകുട്ടികള്‍ കളിച്ചുപോരുന്ന ഉപ്പുകളിയില്‍, 'ഉപ്പിനുപോകാന്‍ വഴിയേത്' എന്നുളള ചോദ്യത്തിന് 'കായംകുളത്തിനു തെക്കേത്' എന്നുളള മറുപടി സൂചിപ്പിക്കുന്നു'. (എന്‍ആര്‍ കൃഷ്ണന്‍, ഈഴവര്‍ അന്നും ഇന്നും, പുറം 36-39)

| ഹരികുമാര്‍ ഇളയിടത്ത്
Feedback: elayidam@gmail.com

Comments

  1. i follow your posts. useful. thanks.

    ReplyDelete
  2. നന്ദി,സര്‍.
    എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ പറയണേ. കൂടുതല്‍ പഠിക്കാന്‍ ഉപകാരമായിരുന്നു. സുഖം ആശംസിക്കുന്നു

    ReplyDelete
  3. നന്ദി വളരെ ഉപകാര പ്രധമാണ്

    ReplyDelete
  4. വേറിട്ട അറിവുകൾക്ക് നന്ദി വീണ്ടും പ്രതീക്ഷയോടെ...

    ReplyDelete

Post a Comment