പത്തിയൂര്‍: നാട്ടറിവും കേട്ടറിവും

ചുമടുതാങ്ങികള്‍


ചെറിയപത്തിയൂര്‍ ക്ഷേത്രവളപ്പിലെ 
വര്‍ഷങ്ങള്‍ പഴക്കമുളള ചുമടുതാങ്ങി

നൂറ്റാണ്ടുകള്‍ക്കുമുമ്പേ കായംകുളം പേരെടുത്ത കമ്പോളമായിരുന്നു. ഓണാട്ടുകരയിലെ ഇതര പ്രദേശങ്ങളിലേക്കും പുനലൂര്‍, ചെങ്കോട്ട ഭാഗങ്ങളിലേക്കും ചരക്കുകള്‍ കൊണ്ടുപോയിരുന്നത് കായംകുളത്തെ കേന്ദ്രീകരിച്ചാണ്. കായംകുളത്തിന് വടക്കോട്ട് രണ്ടു സമാന്തര പാതകള്‍വഴിയാണ് ചരക്കുകള്‍ കൊണ്ടുപോയിരുന്നത്. അച്ചന്‍ കോവിലാറിനോടും തുടര്‍ന്ന്, അതുവഴി പൊന്നാനി വരെയും ജലഗതാഗതത്തിനു സഹായകമായിരുന്ന കരിപ്പുഴ തോട് ഒരു ജലപാതയെന്ന നിലയിലാണ് ചരക്കു നീക്കത്തെ സഹായിച്ചിരുന്നത്. എന്നാല്‍, ഈ ജലപാതക്കു സമാന്തരമായി മറ്റൊരു വ്യവസായ / വാണിജ്യപാത കരമാര്‍ഗ്ഗമുണ്ടായിരുന്നു. അതിന്‍റെ അതിരടയാളമായാണ് കായംകുളം കമ്പോളത്തില്‍ നിന്നും വിവിധ സ്ഥലങ്ങളിലേക്കു നീളുന്ന ചുമടുതാങ്ങികള്‍.

 • ചുമടുതാങ്ങികള്‍ / അത്താണികള്‍

 കുറ്റിക്കുളങ്ങരയിലെ ചുമടുതാങ്ങി 

ആള്‍പ്പൊക്കമുളള രണ്ടു വലിയ കരിങ്കല്‍ കുറ്റികള്‍ തൂണുപോലെ മണ്ണില്‍ കുഴിച്ചിട്ടുറപ്പിക്കും. അത്രതന്നെ വലിപ്പമുളള മറ്റൊന്ന് ആ തൂണുകള്‍ക്ക് മുകളില്‍ കുറുകെ ഉറപ്പിക്കും. സാധാരണയായി വഴിയരികിലാണ് ഇവ സ്ഥാപച്ചിരിക്കുക. ചുമടുതാങ്ങികള്‍ / അത്താണികള്‍ എന്നാണ് അവയെ പറയുന്നത്. ഓണാട്ടുകരയില്‍ ചുമടുതാങ്ങികള്‍ എന്ന പരിലാണ് ഇവ അറിയപ്പെടുന്നത്.

മിക്കസ്ഥലങ്ങളിലും തണല്‍ വൃക്ഷങ്ങളും ചുമടുതാങ്ങികള്‍ക്കൊപ്പം കാണാമായിരുന്നു. ആല്‍മരമാണ് പ്രധാനമായും ഇങ്ങനെ അത്താണികള്‍ക്കരികില്‍ കാണപ്പെടുന്ന വൃക്ഷം. ഇവയ്ക്കു തൊട്ടടുത്തായി വലിയ കുളങ്ങളും ഉണ്ടായിരിക്കും. നടന്നു തളര്‍ന്നവര്‍ക്ക് ശീതളച്ഛായയും കുടിവെളളവും ഇങ്ങനെയാണ് പണ്ടുകാലത്ത് ലഭ്യമായിരുന്നത്.

തലച്ചുമടുമായി പോകുന്നവര്‍ക്ക് പരസഹായം കൂടാതെ ഭാരം ഇറക്കിവെച്ച് വിശ്രമിക്കാനും, തിരികെ ഭാരംതലയിലേറ്റി സഞ്ചാരം തുടരാനും ഇവ ഉപകാരപ്പെട്ടിരുന്നു. വഴിയോരങ്ങളില്‍ അത്താണികള്‍ സ്ഥാപിക്കുന്നതും ദാഹജലം ഏര്‍പ്പെടുത്തുന്നതും പുണ്യ പ്രവൃത്തിയായി പണ്ടുളളവര്‍ കരുതിയിരുന്നു. അതിനാല്‍ പല പ്രഭുകുടുംബങ്ങളും അത്താണികള്‍ സ്ഥാപിക്കുന്നതിന് താല്പര്യം കാട്ടി. മാത്രമല്ല, അത്തരം ചുമടുതാങ്ങികള്‍ സ്ഥാപിച്ചിരുന്നവരുടെ പേരുകള്‍, സ്ഥാപിച്ച വര്‍ഷം തുടങ്ങിയവ അവയില്‍ കൊത്തിവെച്ചിരുന്നു.

കുറ്റിക്കുളങ്ങര അത്താണിയിലെ എഴുത്ത്. ഒരുപക്ഷേ,
സ്ഥാപകന്‍റെ പേരാവാം ഇതില്‍ രേഖപ്പെടുത്തിയിട്ടുളളത്. ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നീളുന്നതാണ് എഴുത്തുകള്‍. ഭാഷയും ലിപിയും വ്യക്തമല്ല. എങ്കിലും, വട്ടെഴുത്താവാനുളള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. കാലാന്തരത്തില്‍ സംഭവിച്ചതും മനുഷ്യന്‍ ഏല്‍പ്പിച്ചതുമായ പരിക്കുകള്‍ അതില്‍ കാണാം

ആധുനികകാലത്തിന്‍റെ അധികപ്പറ്റെന്നോണം ഇന്നും അപൂര്‍വ്വമായി വഴിവക്കുകളില്‍ അനാഥമായ ഈ കരിങ്കല്‍ പ്രേതങ്ങളെ കാണാം. പ്രാചീന വാണിജ്യ സമ്പ്രദായത്തിന്‍റെ മൂകസാക്ഷികളെപ്പോലെ. എന്നാല്‍ ഒരുകാര്യം ഇവിടെ ഓര്‍ക്കണം. ഈ അത്താണികള്‍ നമ്മുടെ ഇന്നത്തെ പല സ്ഥലനാമങ്ങള്‍ക്കും കാരണമായിട്ടുണ്ട്. അത്താണി പോയിട്ടും ഇന്നും സ്ഥലം അത്താണിയാണ്. തൃക്കാക്കരയ്ക്കടുത്തുണ്ട് ഒന്ന്. ചെങ്ങമനാട്ടടുത്തും കാണാം. അങ്ങനെഎത്രയെത്ര! വാജിജ്യത്തിന്‍റെ സംഭാവനയായ ഈ വാക്ക് സ്ഥലനാമത്തിനെന്നപോലെ മലയാളഭാഷയിലെ ഒരു ശൈലിയായും വര്‍ത്തിക്കുന്നു. ക്രിസ്തുവിനെ, 'ഭാരം ചുമക്കുവോര്‍ക്കത്താണിതാനെന്ന്' (വളളത്തോള്‍ - മഗ്ദലനമറിയത്തില്‍) വിശേഷിപ്പിക്കുന്നു (വി. വി. കെ വാലത്ത്, ചരിത്ര കവാടങ്ങള്‍, പേജ് 47, NBS, 1977).
ചുമടുതാങ്ങികള്‍ ഉളളതിനാല്‍ പല സ്ഥലങ്ങളുടെയും പേരുകള്‍ അതിന്‍റെ പേരിലാണ് പില്ക്കാലത്ത് അറിയപ്പെടുന്നത്. പല സ്ഥപ്പേരുകളും 'അത്താണി' എന്നായത് ഈ കാരണത്താലാണ്. നൂറനാടിനും പളളിക്കലിനും ഇടയില്‍ ഊന്നുകല്ല് എന്ന പേരില്‍ ഒരു ചെറിയ സ്ഥലമുണ്ട്. അവിടുത്തെ ആളുകള്‍ ചുമടുതാങ്ങിയെ
ഊന്നുകല്ലെന്നു വിളിക്കുന്നതില്‍ നിന്നാണ് ആ സ്ഥലപ്പേരുണ്ടായത്. ചെങ്ങന്നൂരുനിന്നും പത്തനംതിട്ടയിലെ ഓമല്ലൂരിനു പോകുന്ന വഴിക്കും 'ഊന്നുകല്ല്' എന്നൊരു സ്ഥലമുണ്ട്. ഇത്തരം ഒറ്റക്കല്ലുകള്‍ ഒരു കാലത്ത് കണ്ണൂർ ജില്ലയിൽ ധാരാളമുണ്ടായിരുന്നു. കൂടുതലും ചുമടെടുക്കുന്ന സ്ത്രീകളാണ് അതുപയോഗിച്ചിരുന്നത്. പരസഹായം കൂടാതെ ചാക്കുകെട്ടും മറ്റും 'ഇളയ്ക്കാ'നും വീണ്ടും തോളിലേറ്റാനും കഴിഞ്ഞിരുന്നു. പിന്നീട് റോഡിനു നടുക്കായിപ്പോയി. ചുമടുതാങ്ങികള്‍ ഉളള സ്ഥലങ്ങളുടെ സമീപം പിന്നീട് ചെറിയ ചന്ത രൂപ്പെടാറുമുണ്ടായിരുന്നു.

കേരളത്തിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് ഓണാട്ടുകരയിലാണ് ചുമടുതാങ്ങികള്‍ ഏറ്റവുമധികം കാണപ്പെടുന്നത് എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പത്തിയൂര്‍ കുറ്റിക്കുളങ്ങര കടവ് (മൂടാംപാടിയില്‍ കടവ്) ഒരു ചെറിയ തുറമുഖം പോലെ പ്രവര്‍ത്തിച്ചിരുന്നതായി മനസ്സിലാക്കാം. കായംകുളത്തുനിന്നും ചരക്കുവളളങ്ങള്‍ വഴിയെത്തുന്ന സാമഗ്രികള്‍ തലച്ചുമടായി പലവഴിക്ക് കൊണ്ടുപോയിരുന്നതിന്‍റെ സൂചനയാണ് കറ്റിക്കുളങ്ങരയില്‍ നിന്നും ആറാട്ടുകുളങ്ങര, മലയില്‍മുക്ക്, ചെറിയപത്തിയൂര്‍ വഴി ചെട്ട്യാരേത്ത് ചെട്ടികുളങ്ങര വഴി വെട്ടിയാര്‍ - പന്തളം ഭാഗങ്ങളിലേക്ക് നീങ്ങുന്ന ചുമടുതാങ്ങികള്‍. ഭഗവതിപ്പടി വഴി മുളളിക്കുളങ്ങര ഭാഗത്തേക്കു നീങ്ങുന്ന മറ്റൊരു വ്യാവസായികപാതയും ചുമടുതാങ്ങികള്‍ കാട്ടിത്തരുന്നുണ്ട്. പത്തിയൂര്‍ ചന്ത, (ചെറിയപത്തിയൂര്‍ ക്ഷേത്രത്തിനു പടിഞ്ഞാറേ പുരയിടത്തിലുണ്ടായിരുന്ന ചന്ത (ഇന്ന് ചന്തയ്യത്ത്), ചെറിയപത്തിയൂര്‍ ക്ഷേത്രത്തിനുവടക്കുളള പൊരുനിലചന്ത, ചെട്ട്യാരേത്ത്, ചെട്ടികുളങ്ങര, കണ്ടിയൂര്‍ തുടങ്ങി നിരവധി ചന്തകളും അവയോടനുബന്ധിച്ചുളള 'വെച്ചുവാണിഭ'ങ്ങളും എന്നോ അസ്തമിച്ചു  പോയെങ്കിലും  നാശോന്മുഖമായ നിലയില്‍ സാംസ്കാരിക അവശേഷിപ്പുകളായി ചുമടുതാങ്ങികള്‍ ചിലതെങ്കിലും അവിടവിടെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. ചരിത്രത്തിന്‍റെ ശേഷിപ്പെന്ന നിലയില്‍ അവ സംരക്ഷണവും കരുതലും അര്‍ഹിക്കുന്നുണ്ട്. പ്രദേശിക ഭരണകൂടങ്ങളുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും സത്വരശ്രദ്ധ അവയിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കാം.

                                       നൂറനാടിനും പളളിക്കലിനും 
                                            ഇടയിലെ ഊന്നുകല്ല്

• അവശേഷിപ്പുകള്‍

രാമപുരം ദേവീക്ഷേത്രത്തിന്‍റ വടക്കേ നടയ്ക്കു സമീപം ഒരു ചുമടുതാങ്ങി ഉണ്ടായിരുന്നു. ഇപ്പോൾ മുകളിലെ കല്ല് താഴെ വീണു കിടക്കുന്ന നിലയിലാണ്. അതിന്‍റെ ചില കല്ലുകൾ കിഴക്കേ ആൽചുവട്ടിലും കാണാമായിരുന്നു. റോഡ് പുനർനിമാണത്തിൽ പലതും നശിപ്പിക്കപെട്ട അവസ്തയിലാണ്. രാമപുരം ഹൈസ്കൂള്‍ ജംഗ്ഷനിൽ ഉണ്ടായിരുന്ന ചുമടുതാങ്ങിയുടെ കല്ലെടുത്ത് വെയ്റ്റിംഗ് ഷെഡിൽ വെടിവട്ടത്തിനായി ഇട്ടിരുന്നു. ഇപ്പോൾ ഹൈവേ നവീകരണത്തോടെ ബാക്കിയുളള കല്ലുകൾ എല്ലാം കാണാതായിരിക്കുന്നു. മാളിയേക്കൽ ജംഗ്ഷനിലും ഒരുചുമടുതാങ്ങി ഉണ്ടായിരുന്നു. അതിന്റെ കല്ല് വെയ്റ്റിംഗ് ഷെഡിലോ പരിസരത്തോ കണ്ടേക്കാം. മാളികയ്ക്കൽ ജംങ്ഷനില്‍ നിന്നും പടിഞ്ഞാറേക്കു പോകുമ്പോൾ മുതുകുളം ക്ഷീര കര്‍ഷക സംഘത്തിനു തൊട്ടടുത്തായി ഇപ്പോഴും കേടുപാടുകള്‍ കൂടാതെ നിൽക്കുന്ന ഒരു ചുമടുതാങ്ങിയുണ്ട്.

ചെട്ടികുളങ്ങര കിഴക്കേ നടയില്‍ മണ്ഡപത്തിന്‍റെ തൊട്ടുകിഴക്കു വശത്തായി ഡ്രൈവിംഗ് സ്കൂളിന്‍റെ മതിലിനോടു ചേര്‍ന്ന്, നെല്ലിക്കോമത്ത് വീടിന്റെ വടക്ക് അതിരിന്, ഒരു ചുമടുതാങ്ങി ചിരകാലമായി നിലനില്‍ക്കുന്നുണ്ട്. കൈതതെക്ക് ചെട്ട്യാരേത്ത് ആലുംമൂട്ടില്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ വീണുപോയിരിക്കുന്നു.

കണ്ണമംഗലം തെക്ക്  മഹാദേവ ക്ഷേത്രത്തിനു മുന്നില്‍ ഇടതുവശത്ത് ഒരു ചുമടുതാങ്ങിയുണ്ട്. കൂടാതെ, കിഴക്കേ ആല്‍ത്തറയുടെ തെക്കേവശത്ത് കളക്കരയില്‍ ഒരെണ്ണവും ഉണ്ടായിരുന്നു.
അവിടുത്തെ കുളം നികത്തും വരെ അത് അവിടെ ഉണ്ടായിരുന്നു.

പാട്ടത്തിൽ റേഷൻ കടയുടെ എതിർവശത്തും ഒരു ചുമടുതാങ്ങി ഉണ്ടായിരുന്നു. അരിയും ഗോതമ്പും അവിടെ താങ്ങി വെച്ചു കിതപ്പാറ്റി നില്‍ക്കുന്ന പ്രായമായവരെ പണ്ടു കാണാമായിരുന്നു.

കാട്ടുവളളില്‍ ക്ഷേത്രത്തിനു കിഴക്ക് തെക്കോട്ടുളള കായംകുളം റോഡില്‍ ഇപ്പോഴുളള കുരിശിന്‍മൂടിന് എതിര്‍വശത്ത് ഒരു ചുമടുതാങ്ങിയുണ്ട്.

നങ്ങ്യാർകുളങ്ങര മുട്ടം റോഡിൽ പള്ളിപ്പാട് മുക്കിൽ ഒരു ചുമടുതാങ്ങി ഉണ്ടായിരുന്നു. അതിനോട് ചേർന്ന് കിഴക്കുവശത്താണ് സുധാകരൻ ജഡ്ജിയുടെ വീട്. വീട്ടുപേര് കല്ലിന്റെ കിഴക്കതിൽ എന്നാണ്.

മുളളിക്കുളങ്ങര അമ്പലത്തിന്‍റെ കിഴക്കേ നടയില്‍ തെക്കോട്ട് കനാൽ കഴിഞ്ഞ് കുറച്ച് മുൻപോട്ട് പോകുംവഴി റോഡിന് കിഴക്ക് (ഇടത്) വശത്തായി ഒരെണ്ണം കാണാം.

| ഹരികുമാര്‍ ഇളയിടത്ത്
Feedback: elayidam@gmail.com

Comments