ഓണാട്ടുകരയിലെ സ്ഥലനാമങ്ങള്‍

പൊത്തപ്പളളി

ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പളളി താലൂക്കില്‍ കുമാരപുരം പഞ്ചായത്തിലുളള ഒരു സ്ഥലം


പൊത്ത + പളളി = പൊത്തപ്പളളി

പൊത്ത = പൊന്തിയ, പൊങ്ങിയ
'പൊത്ത' ചിലയിടത്ത് 'പത്ത'യായും കാണാം. പത്തനംതിട്ട, പത്തനാപുരം തുടങ്ങിയവ ഉദാഹരണം.

പളളം = വക്ക്, തീരം, അരിക്
പളളി > പളളം ഉളളത് പളളി
പളളിക്ക് ഗ്രാമമെന്നും, താഴ്ന്ന സ്ഥലമെന്നും കൃഷിഭൂമിയെന്നും അര്‍ത്ഥമുണ്ട്. കാര്‍ഷിക പ്രധാനമായ ഗ്രാമത്തിനും പട്ടണത്തിനും പളളിചേര്‍ന്ന  സ്ഥലപ്പേര്‍ വീഴാമെന്ന് കാഡ്വല്‍ പറയുന്നുണ്ട്. അദ്ദേഹം എഴുതുന്നു: Palli - a city, a town, a village especially an agricultural village (Rt. Rev. Robert Caldwell. DD, LLD: A Comparative Grammar of the Dravidian or South Indian Family of Languages, University of Madras, 1956, p. 372)

ആറ്റുവക്കോ (ആറുചേര്‍ന്നോ), തോട്ടുവക്കോ (തോടുചേര്‍ന്നോ/ തോട്ടരികിലോ) ഉളളസ്ഥലത്തെ ചുറ്റുപാടിനെ അപേക്ഷിച്ച് അല്പം ഉയര്‍ന്നു കാണുന്ന കൃഷിയിടം (വയല്‍)

ഇപ്പോള്‍ ഭൂപ്രകൃതിയില്‍ പഴയതില്‍നിന്ന് വളരെയേറെ മാറ്റമുണ്ടാകാം. എങ്കിലും, ആ പേരുണ്ടായ കാലത്തെ ഭൂപ്രകൃതി സ്ഥലപ്പേരില്‍ അന്തര്‍ലീനമായിരിക്കുന്നു. ഒരുപക്ഷേ, അന്നത്തെ ആറോ, തോടോ അപ്രത്യക്ഷമായെന്നും വരാം. പൊത്തപ്പളളിയുടെ കിഴക്കു ഭാഗത്തായി,
കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍റെ മയൂരസന്ദേശം പ്രഘോഷിക്കുന്ന അനന്തപുരം തോട് ഒഴുകുന്നു.
പൊത്തപ്പളളിയുടെ പടിഞ്ഞാറുഭാഗമായ
എരിക്കാവിനടുത്ത് വട്ടക്കായല്‍ എന്നറിയപ്പെടുന്ന ചെറിയ കായല്‍ ഉണ്ട്. അവിടെ പണ്ട് വളളം കളിയും മറ്റും നടന്നിരുന്നു. ഇപ്പോള്‍ ആളുകള്‍ അവിടെ തൊണ്ട് മൂടുന്നു.


കേരളത്തില്‍ പൊതുവെയും അത്യുത്തര കേരളത്തില്‍ പ്രത്യേകിച്ചും അനേകം സ്ഥലനാമങ്ങള്‍ 'പളളി' കൊണ്ടു തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്നതായി കാണാം. ക്രിസ്ത്യാനികളും മുസ്ലീമിങ്ങളും ഇന്നാട്ടില്‍ പെരുകിവരുന്നതിനുമുമ്പേതന്നെ അത്തരം സ്ഥലനാമങ്ങള്‍ വേരുറച്ചിരുന്നു. പളളിക്കുളം, പളളിക്കുന്ന്, പളളിക്കര, കടന്നപ്പളളി, കാട്ടാമ്പളളി, കീഴ്പളളി മുതലായ പേരുകളിലുളള 'പളളി' കന്നട ഭാഷയിലുളള ഹളളി (ഗ്രാമം അഥവാ ഊര്) യോടു ബന്ധപ്പെട്ടതാണ്. ( തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, ചിറക്കല്‍ ടി ബാലകൃഷ്ണന്‍ നായര്‍, പേജ് 30, കേരള സാഹിത്യ അക്കാദമി, 1981)

ചുരുക്കത്തില്‍ നീര്‍വാര്‍ച്ചയുളള, ചുറ്റുപാടുകളെ അപേക്ഷിച്ച്, അല്പം പൊക്കമുളള വയലേലകളുളള കാര്‍ഷിക ഭൂമിയാണ് പൊത്തപ്പളളി.

| ഹരികുമാര്‍ ഇളയിടത്ത്
Feedback: elayidam@gmail.com

Comments