'മുലച്ചിപ്പറമ്പും' 'നങ്ങേലിയും'.. ചരിത്രത്തില്‍ ചേര്‍ത്തലക്ക് ജീവന്‍റെ തുടിപ്പ് - കെ. ആര്‍ സേതുരാമന്‍ (മാതൃഭൂമി, 2007 മാര്‍ച്ച് 8, വ്യാഴാഴ്ച)

ചേര്‍ത്തല: സ്ത്രീ ശാക്തീകരണത്തിന്‍റേയും സ്വാതന്ത്ര്യത്തിന്‍റെയും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഒരു വനിതാദിനംകൂടി കടക്കുമ്പോള്‍ ചേര്‍ത്തലയ്ക്ക് ചരിത്രപ്രാധാന്യമേറുന്നു.


രാജഭരണകാലത്തുണ്ടായിരുന്ന മുലക്കരം നിര്‍ത്തലാക്കാന്‍ കാരണമായ വിപ്ലവം നടന്നത് ഈ മണ്ണിലായിരുന്നു - ചേര്‍ത്തല നഗരത്തിലെ മുലച്ചിപ്പറമ്പ് എന്നറിയപ്പെടുന്ന ഈ മണ്ണില്‍.

ചരിത്രത്തില്‍ ജീവന്‍റെ തുടിപ്പുമായി ഇന്നും ജീവിക്കുന്ന നങ്ങേലിയെന്ന സ്ത്രീയെ പക്ഷേ സ്ത്രീ സംഘടനകളും സ്ത്രീപക്ഷവാദികളും അധികം ഓര്‍ക്കാറില്ല. ഇതില്‍ വേദനിക്കാതെ നങ്ങേലിയുടെ അഞ്ചാം തലമുറ ഇന്നും ജീവിക്കുന്നു.

താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ മാറ് മറയ്ക്കണമെങ്കില്‍ കരം നല്‍കണമെന്ന വ്യവസ്ത നിലനിന്നിരുന്ന കാലം. ചേര്‍ത്തല വടക്കേ അങ്ങാടിക്കു സമീപത്തെ വീട്ടിലെ സ്ത്രീയായ നങ്ങേലി തന്‍റെ മാറു മറച്ചു. അതിസുന്ദരിയായ സ്ത്രീ മാറുമറച്ച വിവരമറിഞ്ഞ പ്രവൃത്തിയാര്‍ (ഇന്നത്തെ വില്ലേജ് ഓഫീസര്‍) കരം പിരിക്കാന്‍വീട്ടിലെത്തി. തൊട്ടുകൂടായ്മയുംതീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന സമയം. നങ്ങേലി നിലവിളക്കു കത്തിച്ചു വെച്ചു. വിളക്കിനു മുന്നില്‍ ഇലയിട്ടശേഷം അകത്തേക്കുകയറി. കരപ്പണം എടുക്കാന്‍ പോയതാണെന്നു ധരിച്ച പ്രവൃത്തിയാര്‍ക്കു മുന്നില്‍ തന്‍റെ ഒരു മാറിടം മുറിച്ചുവെച്ചുകൊണ്ടാണ് മുപ്പത്തിയഞ്ചു വയസ്സുളള നങ്ങേലി പ്രതികരിച്ചത്.

ചോരവാര്‍ന്ന് നങ്ങേലി മരണത്തെ വരിച്ചു. വൈകിട്ട് നങ്ങേലിയുടെ മൃതദേഹം ചിതയില്‍ വെച്ചപ്പോള്‍ ഭര്‍ത്താവായ കണ്ടപ്പന്‍ ഭാര്യയുടെ ചിതയില്‍ച്ചാടി ആത്മാഹുതിചെയ്തു. ചരിത്രത്തില്‍ സതിയനുഷ്ഠിച്ച ഏകഭര്‍ത്താവാകാം കണ്ടപ്പന്‍. എന്തായാലും ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ അന്നത്തെ തിരുവിതാംകൂര്‍ രാജാവ് ശ്രീമൂലം തിരുനാള്‍ അറിഞ്ഞു. നങ്ങേലി മരിച്ച പിറ്റേന്നുതന്നെ രാജാവ് മുലക്കരം നിര്‍ത്തലാക്കുകയും ചെയ്തു. ഇതൊക്കെ ചരിത്ര പുസ്തകങ്ങളും സാക്ഷ്യപ്പെടുത്തുന്നു.


സാമൂഹിക അനീതിക്കു നേരെ ഒരു സ്ത്രീ ഉയര്‍ത്തിയ ഏറ്റവും വിപ്ലവകരമായ സമരം തന്നെയായിരിക്കുമിത്.  എന്തായാലും നങ്ങേലി മരിച്ചുവീണമണ്ണ് അന്നുമുതല്‍ മുലച്ചിപ്പറമ്പ് എന്നറിയാന്‍ തുടങ്ങി. പിന്നീട് ഈ സ്ഥലം (മുലച്ചിപ്പറമ്പ്) വിറ്റ് പിന്മുറക്കാര്‍ മറ്റു സ്ഥലങ്ങളിലേക്ക് ചേക്കേറി. ചേര്‍ത്തല വടക്കേ അങ്ങാടിക്ക് തൊട്ടു കിഴക്ക്-വടക്കുഭാഗത്ത് ഇന്നും മുലച്ചിപ്പറമ്പ് എന്ന നാമത്തില്‍ ഈ സ്ഥലം അറിയപ്പെടുന്നു.

നങ്ങേലിയുടെ അഞ്ചാം തലമുറയില്‍പ്പെട്ട ലീല ഇന്നും ചേര്‍ത്തല നഗരാതിര്‍ത്തിക്കുളളില്‍ താമസിക്കുന്നു. നഗരസഭ എട്ടാം വാര്‍ഡ് നെടുമ്പ്രക്കാട്ട് വെളിയില്‍ വീട്ടില്‍ ലീലയ്ക്ക് ഇന്ന് 61 വയസ്സായി. പറഞ്ഞു കേട്ട ഓര്‍മ്മകള്‍ വെച്ചുകൊണ്ട് ഇവര്‍ പറയുന്നു: 'അമ്മയായ നാരായണി തന്നെ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് മുലച്ചിപ്പറമ്പ് വിറ്റ് ഇപ്പോള്‍ താമസിക്കുന്ന നെടുമ്പ്രക്കാട്ടേക്ക് പോന്നത്. അമ്മ പറഞ്ഞാണ് മുലച്ചിപ്പറമ്പിന്‍റെയും നങ്ങേലിയുടെയും ഒക്കെ കഥകള്‍ കേട്ടത്'. അമ്മയുടെ അമ്മ (അമ്മൂമ്മ)യുടെ പേര് ചക്കി എന്നായിരുന്നു എന്നും ലീല പറയുന്നു.

                   
നങ്ങേലിയുടെ അഞ്ചാം തലമുറയില്‍പ്പെട്ട തനിക്കും മുലച്ചിപ്പറമ്പിന്‍റെ ഒരു വിഹിതം കിട്ടിയിരുന്നതായി ഇവര്‍ പറയുന്നു. ചരിത്രത്തില്‍ ഒരു സ്ത്രീ നടത്തിയ ധീരോദാത്ത പ്രവൃത്തി പക്ഷേ എല്ലാവരും മറക്കുന്നു - കുറിയേടത്ത് മനയിലെ താത്രിക്കുട്ടി എന്ന അന്തര്‍ജ്ജനത്തെ സ്മാര്‍ത്തവിചാരം ചെയ്തകാര്യം പാടിനടക്കുന്ന സ്ത്രീ സംഘടനകള്‍ പോലും.            
മുലച്ചിപ്പറമ്പും നങ്ങേലിയും വാണിരുന്ന ചേര്‍ത്തലയ്ക്ക് ചോരചിന്തിയ ഒരു വിപ്ലവത്തിന്‍റെ മണമുണ്ട്. അതില്‍ മരണം വരിച്ച നങ്ങേലിയാകട്ടെ ഇന്നും ചരിത്രത്തില്‍ ജീവന്‍റെ തുടിപ്പുമായി നില്‍ക്കുകയും ചെയ്യുന്നു.
_________________
* മലയാളത്തില്‍ മുലച്ചിപ്പറമ്പ് ആദ്യമായി വാര്‍ത്തയില്‍ ഇടം നേടിയത് ഇതിലൂടെയാണ്


Comments