• ഓണാട്ടുകരയിലെ സ്ഥലനാമങ്ങള്‍

മുതുകുളം | Muthukulam

മുതുകുളം ആലപ്പുഴ ജില്ലയിലെ ഒരു പഞ്ചായത്താണ് മുതുകുളം. കൂടാതെ, ബ്ലോക്ക് പഞ്ചായത്തിന്‍റെ പേരും മുതുകുളമെന്നുതന്നെയാണ്. ദേശീയപാത 66ല്‍ രാമപുരം ജംങ്ഷനില്‍ നിന്നും രണ്ടുകിലോമീറ്ററും കായംകുളത്തുനിന്നും ഏഴു കിലോമീറ്ററുമാണ് ഇവിടേക്കുളള ദൂരം.ഇതുകൂടാതെ കോട്ടയം ജില്ലയിലെ ഉഴവൂര്‍ പഞ്ചായത്തിലും മലപ്പുറം ജില്ലയിലെ പോത്തുകല്‍ പഞ്ചായത്തിലും മുതുകുളം എന്നപേരില്‍ ഓരോ സ്ഥലങ്ങളുണ്ട്.


മുതു - ആദരണീയം, ബഹുമാന്യം, പഴക്കമേറിയ ഇങ്ങനെ പല അര്‍ത്ഥങ്ങള്‍ കാണാം.

മുതുക്കന്‍ - പ്രായംചെന്ന ആള്‍
മുതു മുത്തി- പ്രായംചെന്ന മുത്തശ്ശി
മുതുച്ചൊല്‍ - പഴമൊഴി
(പഴയ കാലത്ത് ആ പ്രയോഗം കളിയാക്കലോ, ആക്ഷേപിക്കലോ ആയിരിക്കില്ല. അന്ന് 'തന്തക്കും തളളയ്ക്കും' വിലയുളള കാലം കൂടിയായിരുന്നു)

കുളം - ജല സാന്നിധ്യത്തെ കുറിക്കുന്ന ശബ്ദമാണ്. ദേവികുളം (കുളത്തെയല്ല, അവിടെ ആറിനെയാണ് കുറിക്കുന്നത്), കായംകുളം, എറണാകുളം തുടങ്ങിയവയില്‍ കുളം ജലസാമീപ്യത്തെ (കായല്‍ക്കര) കാണിക്കുന്നു(*). കടല്‍ പണ്ടുകാലത്ത് കുളത്തിന്‍റെ പ്രതീതി ജനിപ്പിച്ചിരുന്നു. കുളത്തിനു മാത്രമല്ല, ഈര്‍പ്പമുളള, ജലസാമീപ്യമുളള സ്ഥലത്തിനെല്ലാം 'കുളം' ചേര്‍ന്ന,  കുളത്തിലവസാനിക്കുന്ന സ്ഥലനാമങ്ങളുണ്ടായി.

മുതുകുളം - വലിയ കായലിനെയോ കടലിനെത്തന്നെയോ (ഒരുകാലത്ത് കടല്‍കൂടിയായിരുന്ന പ്രദേശമായിരുന്നല്ലോ ഇവിടെല്ലാം. പിന്നീട് കടല്‍ പിന്‍വലിഞ്ഞ് കരവെച്ചു. അങ്ങനെ കായല്‍ രൂപപ്പെട്ടു) സൂചിപ്പിക്കുന്നതാണ് ഈ പദം.

'മുത' എന്നൊരു വാക്ക് തമിഴിലും മലയാളത്തിലും പ്രചാരത്തിരുണ്ടായിരുന്നു. അതിന്‍റെ മറ്റൊരു രൂപമായി 'മുതു' ശൈലീകരിക്കപ്പെട്ടിരുന്നു. കാട് വെട്ടിത്തെളിച്ച് കൃഷിക്ക് ആദ്യമായി രൂപപ്പെടുത്തിയൊരുക്കുന്ന നിലത്തെയും മുത അഥവാ 'മുതു' എന്ന് ഗുണ്ടര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. ആ നിലയ്ക്ക് ആ പ്രദേശങ്ങളിലെ ആദ്യത്തെ താമസക്കാരുടെ ആദ്യത്തെ കൃഷിയിടം എന്ന നിലയിലാണ് മുതു പ്രസക്തമാകുന്നത്. മുതുകുളം എന്നതിലെ ഉത്തരപദമായ 'കുളം' നല്‍കുന്ന ജലസാന്നിധ്യത്തിന്‍റെ സൂചന കാര്‍ഷിക വൃത്തിയെ അടിവരയിടുന്നു. ‘മുത’ അഥവാ മുതു എന്നതിനു ചുരുക്കത്തില്‍ കൃഷിയിടം എന്നു പറയാം.

‘മുതു’ എന്ന വിശേഷണത്തിനു ‘പഴക്കമേറിയ’ എന്നാണു പൊതുവെ അര്‍ത്ഥം നല്‍കാറ്. മുതുക് എന്ന വാക്കില്‍ നിന്നു വരുന്ന നടുഭാഗം, മുഴച്ചു നില്‍ക്കുന്ന ഭാഗം എന്നീ അര്‍ത്ഥങ്ങളും ഉണ്ട്. ചിലപ്പോള്‍ ‘പഴയ’ എന്ന വാക്കുമായി ഒരു ബന്ധവുമില്ലാത്ത അര്‍ത്ഥവും കണ്ടെത്താം. മുതുനിലം, ഉവരുള്ള ചതുപ്പുനിലം ആണ്. മുതുകാട്, ചുടുകാടാണ്.

'മുതു' - പിന്‍ഭാഗം എന്നൊരര്‍ത്ഥവും കാണുന്നുണ്ട്. അങ്ങനെയായാല്‍, ആദ്യമായി അവിടെ താമസിക്കാനത്തിയവരുടെ കുടിയുടെയോ കുടിലിന്‍റെയോ വീടിന്‍റെയോ അതുമല്ലെങ്കില്‍, താമസിക്കുന്നതിന്‍റെയോ പിന്നില്‍ അഥവാ പുറകു (പിറകില്‍) ഭാഗത്തായി കാണുന്ന വളരെ വലിയ ജലാശയത്തെ, അത് കടലോ കായലോ ആവാം, പ്രാക്തന ജീവിതങ്ങള്‍ക്ക് അത്, അക്കാലത്ത് ഏറ്റവും വലുതായി തോന്നിയിരിക്കാം. അതിനെ അവര്‍ 'മുതു' എന്നതു ചേര്‍ത്തു വിശേഷിപ്പിച്ചു. കായലും കടലും അവരുടെ കണ്ണില്‍ 'വലിയ കുള'മായും അനുഭവിച്ചിരിക്കാം. അതില്‍ നിന്നാണ് ഈ പ്രയോഗം വ്യവഹാരത്തിലേക്കു വരുന്നത്.

മലയാള ദേശത്ത് നിലനിന്നിരുന്ന ഭാഷയില്‍ നിറയെ ഉണ്ടായിരുന്ന പഴയ തമിഴ് സ്വാധീനവും ഓര്‍ക്കാം.

'വഞ്ചിമുതൂര്‍' എന്ന പഴയ പ്രയോഗം ശ്രദ്ധിക്കുക.
__________________________
* എറണാകുളവും കായംകുളവും കായല്‍ തീരത്താണെല്ലോ. ദേവികുളം പര്‍വ്വത പ്രദേശമാണെങ്കിലും ആ സ്ഥലത്തുകൂടി അരുവി ഒഴുകുന്നു (വി. വി. കെ. വാലത്ത്, തിരുവനന്തപുരം ജില്ല, പേജ് 29)

Comments

Post a Comment