അദ്ധ്യായം 1
മുലച്ചിപ്പറമ്പ്
മുലച്ചിപ്പറമ്പ് എന്നൊരു പറമ്പ് ചേര്‍ത്തലയിലുണ്ട്. ഇന്നത്തെ മനോരമക്കവലയിലാണത്. വടക്കേഅങ്ങാടിക്കവല എന്നായിരുന്നു അവിടുത്തെ പഴയ പേര്. പിന്നീട് അവിടെ മലയാള മനോരമ പത്രത്തിന്‍റെ ബ്യൂറോ വന്നതോടെ 'മനോരമക്കവല'യെന്നു,പേരായി.
മുന്‍ പതിരോധമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ ശ്രീ. എ. കെ. ആന്‍റണിയുടെ വീടിനോടു ചേര്‍ന്ന പറമ്പാണ് മുലച്ചിപ്പറമ്പ് എന്നപേരില്‍ അറിയപ്പെടുന്നത്. അതിനെപ്പറ്റി 1960ല്‍ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തില്‍ പരാമര്‍ശമുണ്ട്.
'കരം പിരിവ് ഉദ്യോഗസ്ഥരുടെ ശല്യം സഹിക്കവയ്യാതെ ചേര്‍ത്തല ടൗണില്‍ ഒരു ധീരവനിത (ഈഴവസ്ത്രീ) അവളുടെ മുല ഛേദിച്ച് ഈ ഉദ്യോഗസ്ഥന്മാരുടെ മുമ്പില്‍ കാഴ്ച വെക്കുകയുണ്ടായി. ആ വീട് മുലച്ചിപ്പറമ്പ് എന്ന പേരിനാല്‍ ഇന്നും അറിയപ്പെട്ടു പോരുന്നു' (ഈഴവര്‍ അന്നും ഇന്നും, പേജ് 175-76).
ഇതാണ് മുലച്ചിപ്പറമ്പിനെക്കുറിച്ച് ആകെയുളള പരാമര്‍ശം. ഇത്രയുമെയുളളൂ അതിന്‍റെ ചരിത്രബന്ധം.
ചേര്‍ത്തലയിലെ പ്രമുഖ സംഘാടകനും ശ്രീമൂലം പ്രജാസഭയില്‍അംഗവും പില്‍ക്കാലത്ത് എംഎല്‍എയുമായിരുന്ന എന്‍.ആര്‍ കൃഷണനാണ് പ്രസ്തുത ഗ്രന്ഥത്തിന്‍റെ രചയിതാവ്. അദ്ദേഹം അക്കാലത്ത് അവിടെ അറിയപ്പെടുന്ന വക്കീലുമായിരുന്നു.
കൃഷ്ണന്‍ വക്കീലിന്‍റെ പുസ്തകത്തിലെ മേല്പറഞ്ഞ പരാമര്‍ശത്തെ വലിച്ചു നീട്ടി ആദിമധ്യാന്തപ്പൊരുത്തമുളള ഒരു കഥയാക്കി വികസിപ്പിച്ചത് 2009ലാണ്. ചേര്‍ത്തലയിലെ മൂന്നു പത്രപ്രവര്‍ത്തകര്‍ ഒരുമിച്ചിരുന്ന് ഉണ്ടാക്കിയതാണ് ആ കഥ. പ്രസിദ്ധമായ ഒരു മലയാള പത്രത്തിന്‍റെ ഓഫീസില്‍ കഥക്ക് പൂര്‍ണ്ണത കൈവന്നു. കഥയിലെ നായികക്ക് നങ്ങേലിയെന്ന പേരുവീണത്, വാര്‍ത്ത (സ്റ്റോറി, എത്ര ഉചിതമായപേര്) ഡസ്കിലേക്ക് അയക്കാനുളള സമയപരിധിക്ക് തൊട്ടുമുമ്പ്. അവള്‍ക്കൊരു നായകനുമുണ്ടായി. അയാള്‍ക്കും പേരു നല്‍കി. കണ്ടപ്പനെന്നും ചിരുകണ്ടെനെന്നും അവരുതന്നെ മാറിത്തെറ്റിച്ചു.
2009 മാര്‍ച്ച് 8ന് വനിതാദിനത്തില്‍ 'ദ പയനിയര്‍' എന്ന ഇംഗ്ലീഷ് ദിനപത്രത്തിലും മലയാളത്തിലെ മാതൃഭൂമിയിലും മലയാള മനോരമയിലും അതു വന്നു. ബൈലൈനോടെ.!
• അദ്ധ്യായം 2
അന്‍പതുകളിലാണ്, അന്ന്
ചേര്‍ത്തലയിലെ ഒരു പ്രമുഖ കമ്യൂണിസ്സ് നേതാവിന് പ്രമാദമായ ഒരു കേസ്സുമായി ബന്ധപ്പെട്ട് ഒളിവില്‍ പാര്‍ക്കേണ്ടിവന്നു. അദ്ദേഹം ഇന്നും ബഹുമാന്യനാണ്. ഉന്നതനിലയില്‍ വിരാജിക്കുന്നു. അച്യുതാനന്ദനൊടൊപ്പം പ്രവര്‍ത്തിച്ചയാളാണദ്ദേഹം.
വളരെ ദൂരെയുളള ആറന്മുളയിലെ ഒരു ഗാന്ധിയന്‍റെ വീട്ടിലാണ് അദ്ദേഹം ഒളിവില്‍ താമസിച്ചത്. ആളിന്‍റെ നിരപരാധിത്വം ബോധ്യമുളളതിനാലാണ് ഗാന്ധിയന്‍ അയാള്‍ക്ക് അഭയം നല്‍കിയത്. അദ്ദേഹം ധാരാളം അനുഭവങ്ങള്‍ ഇടവേളകളില്‍ പങ്കുവെച്ചിരുന്നു. രസകരങ്ങളായിരുന്നു അവയില്‍ പലതും.
അക്കാലത്ത് ജനങ്ങളെ ആവേശം കൊളളിക്കാനും മറ്റുമായി ധാരാളം കെട്ടുകഥകള്‍ ഉണ്ടാക്കി പാര്‍ട്ടി യോഗങ്ങളിലും തൊഴില്‍ക്കൂട്ടായ്മകളിലും മറ്റു ചെറിയ ചെറിയ ഗ്രൂപ്പു യോഗങ്ങളിലും പറയാറുളളതിനെപ്പറ്റിയൊക്കെ അദ്ദേഹം മനസ്സുതുറന്നിരുന്നു.
നേതാവ് പറഞ്ഞ അത്തരം കഥകളെപ്പറ്റി ആ കുടുബത്തിലെ ഒരാള്‍ പങ്കുവെച്ച ഓര്‍മ്മകളില്‍ മുലമുറിച്ചു കാഴ്ചവെച്ച സ്ത്രീയെക്കുറിച്ചുളള കഥയുമുണ്ട്.!
അന്ന് പാര്‍ട്ടിക്ക് അത്തരം കഥകളുടെ ആവശ്യം ധാരാളമായുണ്ടായിരുന്നു. കാരണം, വയാറിലെ വെടിവെയ്പിനു കാരണം പാര്‍ട്ടിയാണെന്നുളള ധാരണ അവിടുത്തെ പ്രാദേശിക ജനതയുടെ ബോധ്യമായിരുന്നു. പുറമേയ്ക്ക് അതിനെ പണ്ഡിതോചിതമായി ന്യായീകരിച്ചിരുന്നെങ്കിലും ജീവിച്ചിരിക്കുന്ന രക്തസാക്ഷികളെയെങ്കിലും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ അവര്‍ക്ക് പരാജയം സംഭവിച്ചിരുന്നു. ഈഴവരും പുലയരുമായിരുന്നു വയലാര്‍ വെടിവെയ്പിലെ പ്രധാന ഇരകള്‍. ഔദ്യോഗികമായി മൂവായിരം പേരെങ്കിലും അതില്‍ കൊല്ലപ്പെട്ടിട്ടുണ്ടായിരുന്നു. ഈ യാഥാര്‍ത്ഥ്യങ്ങളെ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞവരെ വൈകാരികമായി ഒപ്പം കൂട്ടാനും കൊണ്ടുപോകാനും അവര്‍ക്ക് ഇത്തരം കഥകള്‍ വേണമായിരുന്നു. പ്രത്യേകിച്ചും, എസ്എന്‍ഡിപി നേതൃത്വം, ആര്‍. ശങ്കറിന്‍റെ നേരിട്ട് ചേര്‍ത്തലയിലെത്തി സമരത്തിന്‍റെ വരുംവരായ്കകളെക്കുറിച്ച് അണികളെ ബോധ്യപ്പെടുത്തിയിട്ടും, അത് അനുസരിക്കാതെ വന്നതിന്‍റെ ദുര്യോഗമാണ് സമുദായത്തിന് അനുഭവിക്കേണ്ടിവന്നതെന്ന തോന്നല്‍ താഴേക്കിടയിലുളള ഈഴവരില്‍ രൂഢമൂലമായസാഹചര്യത്തില്‍, വ്യാജ കഥനങ്ങളും ആഖ്യാനങ്ങളുമായാണ് പാര്‍ട്ടി നേതൃത്വം അണികളെ നേരിട്ടത്.
അന്‍പതുകളില്‍, ഈ പശ്ചാത്തലത്തില്‍, തൊഴിലാളികളുടെയിടയില്‍ പാര്‍ട്ടി പറഞ്ഞു പ്രചരിപ്പിച്ചിരുന്ന അത്തരം കഥകളുടെ പ്രചോദനത്തില്‍ നിന്നാവാം കൃഷ്ണന്‍ വക്കീല്‍ ചേര്‍ത്തലയിലെ ഈഴവ ധീരവനിതയുടെ ഇതിവൃത്തത്തെ, പണ്ടേ പറഞ്ഞു കേട്ട മുലച്ചിപ്പറമ്പിനോട് ചേര്‍ത്തുവെയ്ക്കാനിടയാക്കിയത്.
Comments
Post a Comment