പത്തയൂര്‍: നാട്ടുപേരും വീട്ടുപേരും  

• പ്രിയദര്‍ശിനി ജംങ്ഷന്‍

പത്തിയൂര്‍ - കായംകുളം റോഡില്‍ എരുവ ക്ഷേത്രത്തിനു വടക്കു പടിഞ്ഞാറായി മാവോലില്‍  ജംങ്ഷനിലേക്കു തിരിയുന്ന ഒരു റോഡുണ്ട്. എം. ജി. റോഡ് എന്നാണ് അതിനെ അന്നേ അറിയപ്പെട്ടിരുന്നത്. ദേശരാഷ്ട്രവുമായി ഗ്രാമജീവിതത്തെ ചേര്‍ത്തു നിര്‍ത്തുന്നൊരു പേരായി അത് ഇന്നും നിലനില്‍ക്കുന്നു. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ പേരിലുളള റോഡാണത്. ആ വഴിലേക്കുളള വളവിനെ പ്രിയദര്‍ശിനി ജംങ്ഷന്‍ എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. 1984ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ പ്രിയദര്‍ശിനി അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചു. അത് ഭാരതീയരെയാകെമാനം ദുഃഖത്തിലാഴ്ത്തിയ ഒരു സംഭവമായിരുന്നു. ധീരയായ ഒരു വനിത എന്ന നിലയില്‍ അവര്‍ ഏവരാലും സ്നേഹിക്കപ്പെട്ടിരുന്നു. അന്തരിച്ച ഇന്ദിരാജിയോടുളള പ്രാദേശിക ജനതയുടെ ആദരവാണ് പത്തിയൂരിലെ ഒരു പൊതു ഇടത്തിന്‍റെ നാമകരണത്തിലേക്ക് നയിച്ചത്. പ്രാദേശിക കോണ്‍ഗ്രസ്സ് നേതാക്കള്‍ മുന്‍കൈയെടുത്ത് മനോഹരമായ ഒരു സ്മാരകവും തീര്‍ത്ത് കവലയെ ജനകീയമാക്കി. ഒരുപക്ഷേ, മഹാത്മാ ഗാന്ധിക്കൊപ്പം ഇന്ദിരാജിയും ജനഹൃദയങ്ങളില്‍ അനശ്വരമാകട്ടെയെന്ന് അവര്‍ ആഗ്രഹിച്ചിരിക്കാം.

ആമ്പക്കാട്ട് പുരുഷോത്തമൻ പിള്ള, കുരുക്കശ്ശേരിൽ കരുണാകരൻ, മങ്ങാട്ട് ശ്രീധരൻപിള്ള, വാണിയത്തില്‍ സി. ജി. നാരായണന്‍, നീലത്തില്‍ ഗോപാലന്‍, കോമച്ചേത്ത് രാമചന്ദ്രന്‍ നായര്‍, മംഗലശ്ശേരില്‍ ജി. മോഹനന്‍ പിളള തുടങ്ങി നിരവധിപേര്‍ ഇക്കാര്യത്തില്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചു. മുന്‍ ധനമന്ത്രിയും നാട്ടുകാരനുമായ തച്ചടി പ്രഭാകരന്‍ ഇന്ദിരാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. പിന്നീട്, ഒരു നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് സ്മാരകം തകര്‍ക്കപ്പെട്ടു. അതിനുശേഷം അത് പുനര്‍ നിര്‍മ്മിക്കപ്പെടുകയും അതില്‍ രാജീവ് ഗാന്ധിയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തി ഭംഗിയാക്കുകയും ചെയ്തു. അന്നത്തെ മന്ത്രി എന്‍. രാമകൃഷ്ണന്‍ പുനര്‍നിര്‍മ്മിച്ച സ്മാരകം നാടിനു സമര്‍പ്പിച്ചു.

പ്രിയദര്‍ശിനി ജംങ്ഷന്‍ ആകുന്നതിനുമുമ്പ് കൊച്ചുവീട്ടില്‍ മുക്ക് എന്നായിരുന്നു ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. അതിനും മുമ്പ് കോട്ടമുറിക്കല്‍ എന്നും കവലയ്ക്ക് പ്രചാരമുണ്ടായിരുന്നു. 'കൊച്ചുവീട്ടിലും', 'കോട്ടമുറിക്കലും' ഇന്ന് വീട്ടു പേരുകളാണ്. വീട്ടു പേരുകള്‍ സ്ഥലപ്പേരുകളായി പരിവര്‍ത്തിക്കപ്പെട്ട ധാരാളം പ്രദേശങ്ങള്‍ പത്തിയൂരിലുണ്ട്. ഇടക്കാലത്ത് 'സ്വ.ലേ'മുക്ക് എന്നും ഈ സ്ഥലം അറിയപ്പെട്ടു. ഇപ്പോള്‍ അത് തോപ്പില്‍ മുക്കായും വിളിക്കപ്പെടുന്നു.

കോട്ടമുറിക്കല്‍ എന്ന പേര് കായംകുളം രാജ്യവുമായും രാജാവുമായും തീര്‍ച്ചയായും ബന്ധപ്പെട്ടിരിക്കുന്നു. എരുവ കോയിക്കല്‍ പടിക്കല്‍ പടിഞ്ഞാറേ പുരയിടത്തില്‍ കായംകുളം രാജാവിന്‍റെ ഒരു കൊട്ടാരം നിലനിന്നിരുന്നു. കൊട്ടാരത്തിലെ സ്ത്രീജനങ്ങളെ പാര്‍പ്പിക്കുന്നതിനായാണ് എരുവയിലെ കൊട്ടാരം പണിതതെന്നാണ് പ്രബലമായ ഒരു ചരിത്രവാദം. അതുമായി താരതമ്യവിചാരം ചെയ്യുമ്പോള്‍ കോട്ടമുറിക്കല്‍ പുരയിടം ചരിത്ര പ്രാധാന്യമുളളതാകുന്നു.

മാര്‍ത്താണ്ഡവര്‍മ്മയുടെ അന്തിമപ്പോരാട്ടത്തില്‍ കായംകുളത്തെ നിസ്തേജമാക്കുന്നതിന്‍റെ ഭാഗമായി, ഒരു കല്ലുപോലും അവശേഷിപ്പിക്കാതെ, എരുവയിലെ കൊട്ടാരം അദ്ദേഹം തകര്‍ത്തു തരിപ്പണമാക്കിയിരുന്നു. അതിന്‍റെ നിത്യ സ്മാരകമായി പറമ്പിന് കോട്ടമുറക്കല്‍ എന്ന പേരു വന്നതാകാനിടയുണ്ട്. കോട്ടയുടെ അവശിഷ്ടങ്ങള്‍ ഏറെക്കാലം ആ പറമ്പില്‍ ചരിത്ര സ്മരണകളുണര്‍ത്തി വീണുകിടന്നതില്‍ നിന്നാവാം, നാട്ടുവഴക്കങ്ങളിലെ 'മുറിഞ്ഞകോട്ട' കോട്ടമുറിക്കലായി വേരുറച്ചത്. പിന്നീട് അവിടെ വീടും താമസവുമായപ്പോള്‍ പറമ്പുപേര് വീട്ടുപേരായും പരിണമിച്ചു. കൊട്ടാരത്തിനു തൊട്ടുളള എത്രവലിയ വീടും 'കൊച്ചുവീടാ'കുന്നത് ഭാഷയിലൂടെ വെളിപ്പെടുന്ന കോയ്മബന്ധങ്ങളുടെ ഫോസിലായി മനസ്സിലാക്കാം. പിന്നീട് അവിടെ പ്രതാപികള്‍ വാണാലും പഴയ പേര് ചരിത്രത്തിലേക്കുളള ചൂണ്ടുപലകയായി നിലനില്‍ക്കും.

• ഹരികുമാര്‍ ഇളയിടത്ത്

Comments