മൂടാമ്പാടി എന്നത് അമ്പലപ്പുഴ രാജ്യത്തുനിന്നും ഓണാട്ടുകരയിൽ കുടിയേറിയ ഒരു നമ്പൂതിരി കുടുംബമാണ്. ചെട്ടികുളങ്ങര ക്ഷേത്രം തന്ത്രിമാർ ഇവരായിരുന്നു. ഇവർക്ക് എരുവ മുതൽ കരിപ്പുഴവരെ നിരവധി പാടങ്ങളും പറമ്പുകളും രാജാവ് കല്പിച്ചു നൽകിയിരുന്നു. കണ്ടിയൂരിൽ നിന്നും രാജ്യ തലസ്ഥാനം എരുവയിലേക്ക് മാറ്റാൻ ഓടനാട്‌ രാജാവ് തീരുമാനിച്ചപ്പോൾ ഇവരോട് എരുവയിൽ നിന്നും ഒഴിയണമെന്നും മറ്റു സ്ഥലങ്ങൾ നൽകാം എന്നും രാജാവ് പറഞ്ഞിട്ടും ഇവർ വഴങ്ങിയില്ല. തുടർന്നു മന്ത്രിയുടെ ഉപദേശപ്രകാരം എരുവ മൂടാംപാടി ഇല്ലം കെട്ടിമേയുന്നതിന് നാട്ടുകാർ ആരും സഹായിക്കാൻ പാടില്ല എന്നും അന്യദേശക്കാരെ അനുവദിക്കരുതെന്നും രാജാവ് ഉത്തരവിറക്കി. തുടർന്ന് ഗത്യന്തരമില്ലാതെ അതിൽ ഒരു ശാഖ രാമപുരത്തും, ഒരു ശാഖ പത്തിയൂരും മറ്റൊരു ശാഖ കീരിക്കാട്ടും (പുല്ലു കുളങ്ങര) താമസമാക്കി. ഈ കുടുംബങ്ങൾ എല്ലാം ഇന്ന് അന്ന്യം നിന്നുപോയിരിക്കുന്നു. ഭൂപരിഷ്കരണകാലം വരെ കരിപ്പുഴ, ചെട്ടികുളങ്ങര ഭാഗത്തേത് ഉൾപ്പെടെ നിരവധി പാടങ്ങളും പറമ്പുകളും ഇവരുടെ ഉടമസ്ഥതയിൽ ആയിരുന്നു. രാമപുരം മൂടാമ്പാടി ഇല്ലത്തെ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ കാലത്താണ് ഇവയൊക്കെ കുടിയാൻമാർക്ക് സ്വന്തം ആകുന്നത്. പഴയ ആധാരങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം ബോദ്ധ്യമാകും. ഇപ്പോൾ രാമപുരം അയ്യപ്പക്ഷേത്രം നിൽക്കുന്ന സ്ഥലത്തായിരുന്നു പ്രസിദ്ധമായ മൂടാമ്പടി ഇല്ലം.

Comments