പത്തിയൂര്‍: നാട്ടുപേരും വീട്ടുപേരും

• ചിത്തശ്ശേരിയും നീലത്തിലും

പത്തിയൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് ഗ്രാമത്തിന്‍റെ കിഴക്കേയറ്റമായ ഭഗവതിപ്പടി ജംങ്ഷന്‍റെ പേരിലാണ് അറിയപ്പെടുന്നത്. വാര്‍ഡിന്‍റെ കിഴക്കുവശവും വടക്കുവശവും ചെട്ടികുളങ്ങരയുമായി അതിരു പങ്കുവെയ്ക്കുന്നുണ്ട്. മാവേലിക്കര - തട്ടാരമ്പലം - കായംകുളം റോഡാണ് രണ്ടു പഞ്ചായത്തുകളെയും വേര്‍തിരിക്കുന്ന സ്വാഭാവിക അതിരായി വര്‍ത്തിക്കുന്നത്. പണ്ടു കാലത്ത് നടവഴികളും തോടുകളുമടങ്ങുന്ന ഇത്തരം സ്വാഭാവിക അതിരുകളായിരുന്നു ഗ്രാമങ്ങളെ വേര്‍തിരിച്ചിരുന്നത്. ഇന്നത് വികസിച്ച് രാജപാതകളും സംസ്ഥാന പാതകളുമൊക്കെയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു.

വാര്‍ഡിന്‍റെ ഒരു പ്രധാന ഭാഗമാണ് ചിത്തശ്ശേരില്‍ ഭാഗം. ഇന്ന് അതൊരു വീട്ടു പേരാണ്. ഒന്നിലധികം വീടുകള്‍ ആ പറമ്പുപേരില്‍ അറിയപ്പെടുന്നു. ചിത്തശ്ശേരി എന്ന വാക്കില്‍ രണ്ടു പദങ്ങള്‍ ഉണ്ട്. ഒന്ന് ചിത്തന്‍ എന്നതാണ്. ശേരി എന്നതാണ് രണ്ടാമത്തേത്. 'ഈഴവര്‍ക്ക് ചിത്തന്‍ എന്നും അരത്തന്‍ എന്നും രണ്ടു ദേവതകളുണ്ട്. ചിത്തന്‍ സിദ്ധനും അരത്തന്‍ അര്‍ഹതനും തന്നെയെന്നുളളതിനെപ്പറ്റി സംശയിപ്പാനില്ല'(1) എന്ന് പണ്ഡിതര്‍ പറയുന്നു. ഇതില്‍ 'സിദ്ധന്‍', ബുദ്ധമതത്തിലെ ഒരു വിഭാഗമായ വജ്രായനത്തിലെ സിദ്ധാര്‍ത്ഥനാണ്. 'അരത്തന്‍', തേരാവാദ ബുദ്ധവിഭാഗത്തിലെ അര്‍ഹതനുമാണ്. രണ്ടും ബുദ്ധന്‍റെ പര്യായമാണെന്നതില്‍ സംശയത്തിനിടയില്ല.

'പളളി' ബുദ്ധമതവുമായി ഗാഢമായി ബന്ധപ്പെട്ട ഒരു പദമാണ്. അതുപോലെ തന്നെയാണ് 'ശേരി'യും. പളളിക്ക് ബൗദ്ധ ആരാധനാലയമെന്നും ഗ്രാമമെന്നും അര്‍ത്ഥം പറയുന്നു. ബൗദ്ധപ്പളളിയില്‍ നിന്നാണ് മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങള്‍ തങ്ങളുടെ ആരാധനായങ്ങള്‍ക്കും പളളിയെന്ന പേര് സ്വീകരിക്കുന്നത്.

'ശ്ശേരി' എന്നത് ഒരു സെറ്റില്‍മെന്‍റാണ്. ബൗദ്ധ വണിക്കുകളോ കൂട്ടായ്മയോ ഒക്കെയാണത്. പുതുതായി അവര്‍ ഒരിടത്ത് താമസമാക്കുമ്പോഴാണ് അത് 'പുതുശ്ശേരി' എന്നറിയപ്പെട്ടു തുടങ്ങുന്നത്. ശേരി
എന്നത് ഇന്ന് ചേരിയായും അറിയപ്പെടുന്നു. ബൗദ്ധ ലാമമാരുടെ അധിവാസ കേന്ദ്രം എന്ന അര്‍ത്ഥത്തില്‍ ആ പദത്തെ ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷ്ണറി പരിചയപ്പെടുത്തുന്നുണ്ട്. നാം നേരത്തേ കണ്ട ചിത്തശ്ശേരിക്കു സമീപം ഒരു പളളിപ്പുറത്തുശ്ശേരിയും പുതുശ്ശേരിയും ചന്തയ്യത്തും വെറും വാക്കുകല്ലെന്നു സാരം.

കേരളത്തില്‍ ആദ്യമെത്തിയ ആദ്യകാലബുദ്ധ മതമായ 'തേരാവാദ'ത്തില്‍ പുത്തനും കുട്ടനും നീലനുമായി ബുദ്ധന്‍ പ്രത്യക്ഷപ്പെട്ടിരുന്നതായി ഡോ. പി. കെ പോക്കര്‍ പറയുന്നു.(2) പിന്നീട് അഞ്ച് ആറ് നൂറ്റാണ്ടുകളിലെ 'മായാന'ത്തിലെ മാതേവരും അയ്യപ്പനും കണ്ണനും മുരുകനും ഓണത്തപ്പനായ മൈത്രേയനുമെല്ലാമായി നീലന്‍ എന്ന ബുദ്ധന്‍ മാറി.

ബൗദ്ധരിലെ ഒരു ശാഖയായ തേരാവാദ വിഭാഗത്തിന്‍റെ സ്വാധീനം പ്രതീക്ഷിക്കാവുന്ന ഒരു പറമ്പുപേരായി പത്തിയൂര്‍ പഞ്ചായത്തിലെ സ്പിന്നിംഗ്മില്‍ വാര്‍ഡില്‍ (വാര്‍ഡ് 14) നിലനില്‍ക്കുന്ന ഒന്നാണ് നീലത്തില്‍. നീലത്തില്‍ നിലീനായത് ബുദ്ധന്‍ തന്നെ. കേരളത്തില്‍ നിരവധി സ്ഥപ്പേരുകള്‍ നീലനെ സൂചിപ്പിക്കുന്നതായുണ്ട്. ആലപ്പുഴ ജില്ലയിലെ നീലംപേരൂര്‍ ഒരുദാഹരണം മാത്രം. നീലന്‍ എന്ന പേരും, കുട്ടന്‍, പുത്തന്‍, അപ്പന്‍, അച്ചന്‍, അയ്യന്‍ എന്നിവപോലെ തന്നെയുളള ശാക്യമുനിയുടെ ഒരുഗ്രാമ്യ നാമമാണെന്നാണ് ഗവേഷകനായ പ്രൊഫ. പി. ഒാ. പുരുഷോത്തമന്‍ (3) നിരീക്ഷിക്കുന്നത്.

നമ്മുടെ പഞ്ചായത്തിലുളള ശേരികള്‍ എത്രയധികമാണ്. മൂലശ്ശേരില്‍, മുതലിശ്ശേരില്‍, തണ്ടാശ്ശേരില്‍, മങ്ങാട്ടേരില്‍ അങ്ങനെ ഈ പേരുകള്‍ എത്രവേണമെങ്കിലും നീട്ടാം. എത്ര കൂടുതല്‍ പേരുകളുണ്ടോ, അത്രയധികം സ്വാധീനം ആജീവകമതം പൂര്‍വ്വികരില്‍ ചെലുത്തായിരുന്നു എന്നുവേണം കരുതാന്‍. ഈ ശേരികളെല്ലാം ഒരുകാലത്ത് ബ്രാഹ്മണര്‍ താമസിച്ചിരുന്നവയാണെന്ന ഒരു സങ്കല്പം നാട്ടില്‍ നിലനില്ക്കുന്നുണ്ട്. 'നംബുതിരോ' എന്ന ബൗദ്ധ പുരോഹിതരുടെ പേരാണ് നമ്പൂതിരിമാര്‍ എന്ന തെറ്റുദ്ധാരണയിലേക്ക് നയിച്ചത്. മാത്രമല്ല, ഉദാത്തമായ ആത്മീയതയിലലിഞ്ഞവരെ ബ്രാഹ്മണര്‍ ആയിക്കാണാനാണ് സാധാരണക്കാരനിഷ്ടവും.
_________________________________
1. സി. വി കുഞ്ഞുരാമന്‍, ടി. കെ. മാധവന്‍റെ ദേശാഭിമാനി പത്രം, 1916 മാര്‍ച്ച് മിതവാദി
2. പി. കെ. പോക്കര്‍, അവതാരിക, പുത്തന്‍ കേരളം
3. ബുദ്ധന്‍റെ കാല്പാടുകള്‍, പ്രൊഫ. പി. ഓ. പുരുഷോത്തമന്‍

| ഹരികുമാര്‍ ഇളയിടത്ത്
Feedback: 9061108334(വാട്സാപ്പ്)
elayidam@gmail.com

Comments