പത്തിയൂര്‍: നാട്ടുപേരും വീട്ടുപേരും

• അയ്യത്തിന്‍റെ അകപ്പൊരുള്‍

നമ്മുടെ വീടുകള്‍ നിര്‍മ്മിക്കുന്ന പറമ്പുകള്‍ക്ക് പുരയിടം എന്നും പറഞ്ഞു വരുന്നു. പുരവെയ്ക്കാനായി പറ്റിയ ഇടത്തെയാണ് പുരയിടം എന്നതുകൊണ്ട് വ്യവക്ഷിക്കുന്നത്. അല്ലാത്തത് കൃഷിയിടം. കൃഷിയിടത്തെ കണ്ടം എന്നും വിളിച്ചു. താമസവും കൃഷിയുമായിരുന്നു പ്രാചീന മനുഷ്യന്‍റെ ജീവിതത്തെ മണ്ണിലുറപ്പിച്ചു നിര്‍ത്തിയത്.

പുരയിടത്തിനു പറഞ്ഞു വന്ന മറ്റൊരു പേരാണ് അയ്യം എന്നത്. അയ്യന്‍ എന്നതില്‍ നിന്നാണ് അയ്യം ഉണ്ടായത്. അയ്യന്‍ ബുദ്ധ ഭഗവാനാണെന്ന് ചരിത്രമതം. ഒരുകാലത്ത് കേരളക്കരയെ മുഴുവന്‍ സ്വാധീനിച്ചിരുന്നത് ബുദ്ധമതമായിരുന്നല്ലോ. ബുദ്ധമതം പിന്നീട് തിരശ്ശീലയ്ക്കു പിന്നിലേക്കു മാറിയിട്ടും അതിന്‍റെ അടരുകള്‍ 'അയ്യ'ങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നു.

അതുപോലെ തന്നെയാണ് അയ്യോ എന്ന വ്യാക്ഷേപകവും. അപ്രതീക്ഷിതമായ ആഘാതമോ, ആഹ്ലാദമോ, ആത്മവേദനയോ വരുമ്പോള്‍ അറിയാതെ മലയാളി പുറപ്പെടുവിക്കുന്ന ശബ്ദമാണ് അയ്യോ എന്നത്. ഹിന്ദുവെന്നോ, ക്രൈസ്തവനെന്നോ, ഇസ്ലാമെന്നോ അതിനു വ്യത്യാസമില്ല. എല്ലാവരും അറിയാതെ ആ ശബ്ദം പുറപ്പെടുവിക്കുന്നു. ബുദ്ധമതം  കേരളീയന്‍റെ ജീനുകളെ ആഴത്തില്‍ സ്വാധീനിച്ചതിന്‍റെ അറിവടയാളമായാണ് ചരിത്രകാരന്മാര്‍ അതിനെ വ്യാഖ്യാനിക്കുന്നത്.

നമ്മുടെ ചുറ്റുവട്ടത്ത് വല്യയ്യത്തും കൊച്ചയ്യത്തും മേലയ്യത്തും മറ്റും വെരകി വിളയുന്നത് ഈ പശ്ചാത്തലത്തിലാണ് മനസ്സിലാക്കേണ്ടത്. നാണയങ്ങള്‍ക്കും ശിലാശാസനങ്ങള്‍ക്കും പൗരാണിക സാഹിത്യത്തിനും മാത്രമല്ല, പറമ്പുകള്‍ക്കും പുതിയ തലമുറയിലെ മനുഷ്യരോട് പലതും പറയാനുണ്ടാകും. അതിനാല്‍ പറമ്പുപേരുകള്‍ ചരിത്രപഠനത്തിലെ പ്രധാന ഉപാദാനങ്ങളിലൊന്നായി മാറുന്നു. 'മരിച്ചവരുടെ ഭൂമി' എന്ന അര്‍ത്ഥത്തില്‍ നാട്ടുകാര്‍ 'മൊഹന്‍ജെ ദാരോ' എന്ന് പറഞ്ഞു വന്ന നാട്ടുപേരു കേട്ടാണ് മോട്ടിമര്‍ വീലര്‍ അവിടെ ഖനനത്തിന് താല്പര്യമെടുത്തതന്നോര്‍ക്കുക. അവിടെ കുന്നുകൂടിക്കിടന്ന ഇഷ്ടികക്കഷണങ്ങള്‍, അതിന്‍റെ മൂല്യമറിയാതെ, ആളുകള്‍ അടുപ്പു കൂട്ടാനും കക്കൂസാക്കാനും എടുത്തുകൊണ്ടു പോവുകയായിരുന്നു. അവിടെയാണ് സിന്ധു നദീതട സംസ്കാരത്തിന്‍റെ വിലപ്പെട്ട വിവരങ്ങള്‍ കുഴിച്ചെടുക്കപ്പെട്ടത്. പറഞ്ഞു വന്നത് പറമ്പുപേരുകളെ നിസ്സാരമായി തളളിക്കളയരുതെന്നാണ്.
(തുടരും)

• നിങ്ങളുടെ പഴയ പറമ്പുപേര് പറഞ്ഞു തരണേ.

| ഹരികുമാര്‍ ഇളയിടത്ത്
Feedback: 9061108334(വാട്സാപ്പ്)

Comments

  1. നന്നായിട്ടുണ്ട്. ബാക്കി ഭാഗങ്ങളും ചേർത്ത് എഴുതണം

    ReplyDelete

Post a Comment