മുലച്ചിപ്പറമ്പ് (*)

ആലപ്പുഴ ജില്ല പൊതുവെ ബൗദ്ധമാണെന്ന് പ്രബല വാദം. ആലപ്പുഴയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ബുദ്ധ വിഗ്രഹങ്ങള്‍ കിട്ടിയിട്ടുളളതെന്നത് ഈ വാദത്തിനുപോദ്ബലകമായി പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടുന്നു. കരുമാടിക്കുട്ടന്‍, മാവേലിക്കരയിലെ ബുദ്ധ ജംങ്ഷനിലെ ബുദ്ധ പ്രതിമ, കറ്റാനം പള്ളിക്കലെ പുത്തരച്ചന്‍ തുടങ്ങിയവയെല്ലാം ഈ അഭിപ്രായക്കാര്‍ എടുത്തു പറയുന്നു.

എന്നാല്‍ ബുദ്ധമതത്തെപോലെയോ, അതില്‍ കൂടുതലോ ജൈനമതം ആലപ്പുഴയെ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് വസ്തുത. കുട്ടനാട്ടിലെ ഉഷ്ണീഷമില്ലാതെ കാണപ്പെടുന്ന കരുമാടിക്കുട്ടന്‍ ബൗദ്ധമല്ല, ജൈനം തന്നെ.

 പ്രാചീന രേഖകളില്‍, ടി. മാധവറാവു, പി. ഏ. സെയ്തുമുഹമ്മദ് തുടങ്ങി ഒരുപിടി പഴയ രചയിതാക്കള്‍ ഈ അഭിപ്രായം അടിവരയിടുന്നു. പില്‍ക്കാലത്ത് ബൗദ്ധതയോടു കെട്ടിവെക്കപ്പെട്ടതാണ് കരുമാടിക്കുട്ടന്‍.
ബുദ്ധന് മേല്‍വസ്ത്രം വലതു വശത്തേക്ക് കൊത്തിയിരക്കും. ജൈന വിഗ്രഹങ്ങളില്‍ അവിടം നഗ്നമായിരിക്കും. കരുമാടിക്കുട്ടന് മേല്‍വസ്ത്രം ഇല്ല. കരുമാടിക്കുട്ടന്‍റെ വിഗ്രഹവും ജൈന തീര്‍ത്ഥങ്കരനായ
പാർശ്വനാഥ വിഗ്രഹവും തമ്മിൽ നല്ല സാമ്യം കാണാവുന്നതാണ്. ബുദ്ധവിഗ്രഹം എന്ന് പറയുന്ന കരുമാടിക്കുട്ടന്റെ നിർമ്മിതി ജൈന വിഗ്രഹങ്ങൾക്ക് സമാനമായിട്ടാണ് പ്രതീതമാകുന്നത്.

സാധാരണയായി ബുദ്ധ വിഗ്രഹങ്ങള്‍ക്ക് മേൽവസ്ത്രം ശരീരത്തില്‍
വശത്തോട്ട്  കിടക്കുന്നതായാണ്
കൊത്തിയിട്ടുണ്ടാവുക. കണ്ടെടുക്കപ്പെട്ട ബൗദ്ധ പ്രതിമകളില്‍ എല്ലാം ഇവ കാണാം. ജൈന പ്രതിമയിലാകട്ടെ  ഉടല്‍ പൂര്‍ണ്ണമായും നഗ്നമായിരിക്കും. കരുമാടികുട്ടന് മേൽവസ്ത്രം ഇല്ല എന്നതിന്‍റെ പ്രസക്തി ഇവിടെയാണ്.

സാധാരണ രീതിയിൽ പത്മാസനത്തിൽ ഇരിക്കുന്ന ജൈന ബൌദ്ധപ്രതിമകൾക്ക് സാമ്യത കൂടുതലാണ്. ബൗദ്ധ പ്രതിമകളില്‍ വ്യാപകമായി കാണുന്ന,
ഇരുചെവികളുടെയും നീളവും കീഴെ അറ്റത്തുള്ള വലിയ ദ്വാരവും, ജെെനപ്രതിമയിൽ അത് അധികമായിട്ടില്ലെന്നാണ്.

മധ്യതിരുവിതാംകൂറിന്‍റെ ബൗദ്ധ പാരമ്പര്യത്തിന് തെളിവായി
പലരും മുന്നോട്ട് വയ്ക്കുന്ന കരുമാടിക്കുട്ടന്റെ പ്രതിമ ബുദ്ധന്റേതല്ല എന്നാണ് ഇവയൊക്കെ വ്യക്തമാക്കുന്നത്. പൊതുവെ ബുദ്ധന്റെ പ്രതിമ നിർമ്മിച്ചിട്ടുളള രീതിയിലല്ല അതിന്‍റെ ഘടന. ബുദ്ധന്റെ ശാരീരിക സവിശേഷതകളോട് ആ വിഗ്രഹത്തിന് യാതൊരു സാമ്യവുമില്ല.

ഒരുവേള ജൈനവും ബൗദ്ധവും വേര്‍തിരിച്ചറിയാനാവാത്തവിധം ഇടകലര്‍ന്നും ചേര്‍ത്തല പോലുളളഭാഗത്ത് അധിവാസം ഉണ്ടായിട്ടുണ്ട്.  ഇവിടുത്തെ ചില സ്ഥലനാമങ്ങളില്‍ അതിന്‍റെ അടരുകള്‍ കാണാം.



അച്ചിയും മുലച്ചിയും

തമിഴില്‍ അച്ചന്‍റെ സഹോദരിയെന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന പദമായിരുന്നു അച്ചി എന്നത്. മലയാളത്തില്‍ അത് ഭാര്യയെന്ന അര്‍ത്ഥത്തിലാണ് നായര്‍ വിഭാഗങ്ങള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നത്. സ്ത്രീ കേന്ദ്രിത കുടുംബ വ്യവസ്ഥിതിയില്‍ അത് ആദരണീയമായ ഒരു വ്യവഹാരവുമായിരുന്നു. മാതൃദായ സമ്പ്രദായം ക്രമേണ പിതൃദായക്രമത്തിലേക്കു മാറിയ ചരിത്ര സന്ധിയിലാണ് ആ പദം അശ്ലീലച്ചുവയുളളതോ ആക്ഷേപാര്‍ഹമോ ആയി അധ:പതിച്ചത്.

അച്ചി - (നായര്‍) സ്ത്രീ (ഭാര്യ)
അച്ചിവീട് - ഭാര്യവീട് (ഭാഷയിലെ തമിഴ് സ്വാധീനം ഇതില്‍ പ്രസ്ഫുരിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ ഭാഷയില്‍ ഈ സ്വാധീനം സുലഭം)                                         • അമ്മച്ചി, അപ്പച്ചി, തങ്കച്ചി തുടങ്ങിയരൂപങ്ങള്‍ ആദര സൂചകമായി ഇന്നും ഭാഷയില്‍ നിലനില്‍ക്കുന്നു, തമിഴിന്‍റെ അവശേഷിപ്പുകളായി.
മറ്റൊരു പ്രയോഗമാണ് 'കൂത്തച്ചി'. കൂത്തിന് സാമൂഹികാംഗീകാരമുളള പ്രാചീന ശതകങ്ങളില്‍ അവള്‍ ക്ഷേത്രത്തിലും രാജധാനികളിലും ബഹുമാനിക്കപ്പെട്ടു. കൂത്തച്ചി, നര്‍ത്തകി എന്ന ബഹുമാന സൂചക പദമായിരുന്നു അക്കാലത്ത്. പേരെടുത്ത മണിപ്രവാളസാഹിത്യങ്ങളിലെ നായികമാരെ പ്രകീര്‍ത്തിക്കുന്ന
ഉണ്ണിയച്ചി, ഉണ്ണിയാടി, ഉണ്ണിച്ചിരുതേവി, ഉണ്ണുനീലി തുടങ്ങിയ അച്ചീചരിതങ്ങള്‍ അതിന്‍റെ നിദര്‍ശനങ്ങളാണ്.

പില്‍ക്കാലത്ത്,  തേവിടിച്ചി അഥവാ - കൂത്തച്ചി - അഭിസാരിക എന്ന മോശം അവസ്ഥയിലേക്ക്, അര്‍ത്ഥത്തിലേക്ക്,
 അധ:പതിക്കുന്നു. നിത്യ വ്യവഹാരത്തില്‍, തമിഴിനെ പിന്തളളി മലയാളത്തിന് സ്വാധീനം കൂടുന്നു. കേരളീയന്‍റെ ഭാഷയിലും ജീവിതത്തിലും തമിഴ് സംസ്കാരം പതിയെ
വിട്ടൊഴിയുന്നു. അതോടെ, 'അച്ചി' സംജ്ഞക്ക് പിന്നീട് പതനം സംഭവിച്ച് അത്
അശ്ലീലമായിത്തീരുന്നു.

ഈ മാറ്റങ്ങള്‍ക്കിടയില്‍ 'മുലൈ' (തമിഴ്) - മലയാളത്തില്‍ മുലയായി മാറി. അത് സ്ത്രീസൂചകമായ ശബ്ദമായതിനാല്‍ ആദരം സൂചിപ്പിക്കുന്ന പ്രത്യയം 'ച്ചി' അതിനോട് ചേര്‍ന്ന് മുലച്ചിയാവുന്നു. സ്ത്രീയെന്ന് പ്രാഗര്‍ത്ഥം (പതിനെട്ടാം നൂറ്റാണ്ടില്‍).

മറ്റൊരുദാഹരണം:
അച്ചി - പുണ്ടച്ചി - പുണ്ഡ (പുണ്ഡ്രം - ആന്ധ്ര - തമിള്‍ - കന്നട) ദേശക്കാരി (പില്‍ക്കാലത്ത് തെറിയായി അധ:പതിച്ച വാക്ക്)
ചേര്‍ത്തലയിലെ നാട്ടുവഴക്കങ്ങളില്‍ ഇന്നും അവശേഷിക്കുന്ന 'ശൂദ്രേച്ചി' പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാന പാദങ്ങളില്‍ ആദരണീയ സംബോധനയും ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകങ്ങളില്‍ അശ്ലീലവുമായിമാറി. ഇന്നത് തേവിടിച്ചിയെന്ന മോശം അര്‍ത്ഥമുറച്ച് വിലകെട്ട പദമായിരിക്കുന്നു.

ജൈനമതത്തിലെ സ്ത്രീ ദേവതയുടെ പേരാണ് യക്ഷി. പത്തിനിദേവിതന്നെ. പിന്നീട് അത് കാളിയായി. ബുദ്ധമതവും പത്തിനീ ദേവിയെ ആരാധിച്ചു. ഭദ്രകാളിയോ ശാകംബരിയായോ അന്നപൂര്‍ണ്ണയായോ ആ ദേവതാസങ്കല്പം ഹൈന്ദവീകരിക്കപ്പെട്ടു. ചിലയിടങ്ങളില്‍ ദുര്‍ഗ്ഗയായും അവള്‍ ആരാധിക്കപ്പെട്ടു. പില്‍ക്കാലത്ത് അത്തരം ദേവതളുടെ ആരാധനയ്ക്കായി ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. ദേവതമാര്‍ക്ക് ക്ഷേത്ര പ്രവേശം ലഭിച്ചതോടെ പറമ്പ് ആരാധനയറ്റ് അനാഥമായി.
അത്തരം ആരാധനാകേന്ദ്രങ്ങളുടെ മൂലസ്ഥാനങ്ങളെ 'മൂലേച്ചി' എന്ന്
ഭാഷയാല്‍ മുദ്രപ്പെടുത്തുന്നു. മൂലയക്ഷിയാണ് മുലച്ചിയായി നാട്ടുവഴക്കങ്ങളില്‍ വ്യവഹാരപ്പെടുന്നത്. ചേര്‍ത്തല കുറുപ്പം കുളങ്ങര കവലയിലെ വീട്ടുപേര് ഇത്തരം സൂചന നല്‍കുന്നുണ്ട്. മുലച്ചിവീട് എന്ന് ഇന്ന് പരക്കെ വ്യവഹരിക്കപ്പെടുന്ന ആ വീട്ടുപേര് മുന്‍ പ്രമാണങ്ങളില്‍ മൂലേച്ചിവീടാവുന്നത് പഠനനാര്‍ഹമാണ്.            

യക്ഷി > യച്ചി> ലച്ചി
മൂലയക്ഷി  > മൂലേച്ചി > മുലച്ചി. എന്നിങ്ങനെ പദ നിരുക്തി പറയാം.

ആലപ്പുഴയിലെ / ചേര്‍ത്തലയിലെ ജൈനമത സ്വാധീവുമായി ബന്ധപ്പെടുത്തി ആലോചിക്കുമ്പോള്‍ അര്‍ത്ഥം സുവ്യക്തമാവുകയും ചെയ്യും.

Comments