• പത്തിയൂര്‍: നാട്ടുപേരും വീട്ടുപേരും

മൂടാംപാടിയില്‍ ഒരു ശ്രമണ ശേഷിപ്പ്.?


മൂടാംപാടിയില്‍ ക്ഷേത്രം

| സ്ഥപ്പേരുകള്‍ ചരിത്രത്തിന്‍റെ അജ്ഞാത മേഖലകളിലേക്കുളള കവാടങ്ങളാണ്. ചരിത്രപഠനത്തില്‍ അതുപോലെ പ്രാധാന്യമുളളവയാണ് പറമ്പുപേരുകളും വീട്ടുപേരുകളും. ഓണാട്ടുകരയിലെ പത്തിയൂര്‍ ദേശത്തെ  ഒരു പറമ്പുപേരിനെക്കുറിച്ചുളള വിചാരങ്ങള്‍ |


പത്തിയൂര്‍ ഗ്രാമ കേന്ദ്രത്തില്‍ത്തന്നെയുളള ഒരു പറമ്പുപേരാണ് മൂടാംപാടിയില്‍. ഇന്നവിടെ ഒരു ശിവക്ഷേത്രം ആദരപൂര്‍വ്വം സംരക്ഷിക്കപ്പെട്ട് നിലനല്‍ക്കുന്നുണ്ട്. അധിഷ്ഠാനം മുതല്‍ മേല്‍ക്കൂരവരെയും എന്തിന്, താഴികക്കുടം പോലും,  ശിലാപാളികള്‍കൊണ്ടു നിര്‍മ്മിച്ചിട്ടുളള ഒരു ചെറിയ ക്ഷേത്രമാണത്. പണ്ടിവിടം കാടുകയറിക്കിടക്കുകയായിരുന്നു. അന്ന്, ഏതാണ്ട് 1988 കാലത്ത്, ആ ക്ഷേത്രത്തിന്‍റെ വാതില്‍പ്പാളികളും അവിടെ കണ്ടിരുന്നു. അതും ശിലാപാളികള്‍ കൊണ്ട് നിര്‍മ്മിച്ചവയായിരുന്നു. ദ്വാരപാലകരുടെ രണ്ട് ശിലാവിഗ്രഹങ്ങള്‍, ചില്ലറ അംഗഭംഗങ്ങളോടെ ക്ഷേത്ര കവാടത്തില്‍ ചാരിവെച്ച നിലയില്‍ കണ്ടിരുന്നു. വളരെ അപൂര്‍വ്വമായൊരു നിര്‍മ്മിതിയായിരുന്നു ആ ക്ഷേത്രം. ഇന്നത് പുനരുദ്ധരിക്കപ്പെട്ട നിലയിലാണ്. ഒമ്പതു വര്‍ഷം മുമ്പായിരുന്നു പുനരുദ്ധാരണം നടന്നത്. അന്ന് വാതില്‍ ശിലാപാളികള്‍ (കതകു പലകകള്‍) വീണ്ടും ഉറപ്പിക്കാനാകാതെ വന്നപ്പോള്‍ പകരം മരപ്പലകകള്‍ വന്നതൊഴിച്ചാല്‍ പഴയ നിര്‍മ്മിതി അതേപടി നിലനില്‍ക്കുന്നു. ദ്വാരപാലകരുടെ അംഗഭംഗം വന്ന പ്രതിമകള്‍ പുനപ്രതിഷ്ഠയോടനുബന്ധിച്ച് കടലില്‍ നിമഞ്ജനം ചെയ്തു.

ഏതുകാലത്താണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിട്ടുണ്ടാവുകയെന്നറിയാന്‍ രേഖകള്‍ എന്തെങ്കിലും അവശേഷിക്കുന്നതായി അറിവില്ല. പരിസര പ്രദേശങ്ങളിലെ ഏറ്റവും പ്രായം കൂടിയ ആളിനും കാടുകയറിക്കിടന്ന ആ ക്ഷേത്രം, 'ചെറുപ്പം മുതല്‍ തങ്ങള്‍ കാണുന്നതാണെന്നു' മാത്രമാണ് പറയാനുളളത്. പക്ഷേ, ആ ക്ഷേത്രത്തെക്കുറിച്ച് വാമൊഴിയായി പകര്‍ന്നു കിട്ടിയ ഒരു പുരാവൃത്തം ഏതൊരാളിനും ഇപ്പോഴും പറയാനുണ്ട്.

'ഒറ്റരാത്രികൊണ്ട് ഭൂതത്താന്മാര്‍ കെട്ടിയ ക്ഷേത്രമാണിത്' - ഇതാണ് തലമുറകളായി പകര്‍ന്നു കിട്ടുന്ന ഒരറിവ്. ചരിത്ര പഠനത്തിലാകട്ടെ, ഈയൊരു ചെറിയ സൂചന പോലും വളരെ പ്രധാനപ്പെട്ടതുമാണ്. അന്നു ക്ഷേത്രം നിര്‍മ്മിച്ചത് 'ശിവഭൂതഗണങ്ങളാണ്' വിശ്വാസികള്‍ക്ക്. അവരാണ് ഭൂതത്താന്മാരെന്നാണ് വിശ്വാസ പക്ഷം. മുഖ്യ പ്രതിഷ്ഠ ശിവനാണ്. സ്വയംഭൂവായ ഭഗവാന്‍ എന്നാണ് നാട്ടുമൊഴി.

ഇക്കാര്യത്തെക്കുറിച്ച് വിശദമായി ആലോചിക്കുന്നതിനുമുമ്പ് നമുക്ക് പറമ്പു പേരിന്‍റെ വേരുകളെ ഇഴവിടര്‍ത്തി നോക്കാം.
'മൂടാം പാടി'യില്‍ എന്ന നാമശബ്ദത്തിന് രണ്ടു ഘടക പദങ്ങളുണ്ട്; മൂടാം + പാടി എന്നിങ്ങനെ അതിനെ വേര്‍തിരിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കാം.ഇവിടെ,  'മൂടുക' എന്നര്‍ത്ഥത്തിലാണ് പൂര്‍വ്വ പദത്തിന്‍റെ സൂചിതാര്‍ത്ഥം. 'പാടി' എന്നത് 'വയലാ'ണ്. വയല്‍ നികത്തിയാണ് ആ പറമ്പ് ഉണ്ടാക്കിയത് എന്ന അര്‍ത്ഥം പേരില്‍നിന്നും ലഭിക്കുന്നു. ക്ഷേത്ര പരിസരത്തിന്‍റെ അവസ്ഥയും ഭൂമിയുടെ കിടപ്പും ഇന്നും നിലനില്‍ക്കുന്ന, വലിയ മാറ്റങ്ങളില്ലാത്ത ചുറ്റുപാടുകളും നമ്മുടെ നിഗമനത്തെ അടിവരയിടുന്നു.

ക്ഷേത്രത്തിനു മുന്നിലൂടെയാണ് കരിപ്പുഴ തോട് ഒഴുകുന്നത്. ഇതൊരു പഴയ ജലപാതയാണ്. പഴയ കാലത്ത് നദികളും തോടുകളുമായിരുന്നു ഗതാഗതത്തിന് ഉപയോഗപ്പെട്ടിരുന്നത്. മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് രാമയ്യന്‍ താല്പര്യമെടുത്ത് ഈ തോട് ഗതാഗതയോഗ്യമാക്കിയിരുന്നതായി പി. ശങ്കുണ്ണിമേനോന്‍ തിരുവിതാംകൂര്‍ ചരിത്രം എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.

പുരാതനകാലത്തുതന്നെ ഒരു കച്ചവട കേന്ദ്രമെന്ന നിലയില്‍ കായംകുളം കമ്പോളത്തിന് പ്രസിദ്ധിയുണ്ട്. ഈ കമ്പോളത്തിന്‍റെ ജീവനാഡിയായിരുന്നു കരിപ്പുഴ തോട്. തട്ടാരമ്പലത്തിനടുത്തുണ്ടായിരുന്നതായി മനസ്സിലാക്കപ്പെടുന്ന ശ്രീപര്‍വ്വതം അങ്ങാടിയും കച്ചവടകേന്ദ്രമെന്ന നിലയില്‍ പണ്ടേ അറിയപ്പെടുന്നതാണ്. ഉണ്ണുനീലി സന്ദേശം, ശിവവിലാസം, ഉണ്ണിയാടി ചരിതം തുടങ്ങിയ മണിപ്രവാള കൃതികള്‍ അങ്ങാടിയെക്കുറിച്ച് വിസ്തരിക്കുന്നുണ്ട്. ശ്രീപര്‍വ്വതം അങ്ങാടിയെയും കായംകുളത്തെയും ബന്ധിപ്പിക്കുന്ന കരിപ്പുഴ തോടിന്‍റെ കരയിലാണ് മൂടാംപാടിയില്‍. അതിന്‍റെ കിഴക്കേക്കര ഒരു പ്രധാന കടവാണ്. ചെറിയ തുറമുഖമെന്നുതന്നെ പറയാം. കുറ്റിക്കുളങ്ങര എന്നറിയപ്പെട്ട ഈ കടവില്‍ നിന്ന് ചെറിയപത്തിയൂര്‍ - ചെട്ടികുളങ്ങര ഭാഗത്തേക്ക് നീളുന്ന ചുമടുതാങ്ങികള്‍ (അത്താണി) തലച്ചുമടായി ചരക്കുകള്‍ വിനിമയം ചെയ്തിരുന്ന പോയകാലത്തെ അടയാളപ്പെടുത്തുന്നു. മലയില്‍ മുക്കിനു കിഴക്കുളള 'ചന്തയ്യത്ത്' പറമ്പ്, ചെട്ടികുളങ്ങര പഞ്ചായത്തിലെ കൈത തെക്കുമായി അതിരു പങ്കുവെക്കുന്ന 'പൊരുനിലച്ചന്ത', ചെട്ട്യാരേത്ത്, ചെട്ടികുളങ്ങര തുടങ്ങിയ പഴയകാല ചന്തകള്‍ എന്നിവയെ ബന്ധിപ്പിക്കുന്നതാണ് ഈ ചുമടുതാങ്ങികള്‍ ചേര്‍ന്ന് വരച്ചുവെയ്ക്കുന്ന വ്യാപാരപാത. ഈ പശ്ചാത്തലത്തില്‍ മൂടാംപാടിയില്‍ പറമ്പിന് പത്തിയൂരിന്‍റെ ചരിത്ര ചര്‍ച്ചയില്‍ വളരെ പ്രാധാന്യമുണ്ട്.


നാട്ടുവഴക്കങ്ങളില്‍ നിറഞ്ഞു വിളങ്ങുന്ന മൂടാംപാടിയിലെ ഭൂതത്താന്‍മാരെക്കുറിച്ചുളള പുരാവൃത്തത്തെ ഇതള്‍ വിടര്‍ത്തി മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍, അത് നമ്മെ കൊണ്ടെത്തിക്കുന്നത് ഏതാണ്ട് 1750 വരെയും ഓണാട്ടുകരയില്‍ പ്രബലമായിരുന്ന ബൗദ്ധ സ്വാധീനങ്ങളിലേക്കാണ്. ജലപാതകളെ കച്ചവടത്തിനുളള ചരക്കു നീക്കത്തിന് സമര്‍ത്ഥമായി ഉപയോഗച്ച കൂട്ടരായാണ് ചരിത്രത്തില്‍ ബൗദ്ധ വണിക്കുകള്‍ ഇടം പിടിക്കുന്നത്. ബൗദ്ധരും ജൈനരും പരസ്പരം തിരിച്ചറിയാനാവാത്തവിധം ഇടകലര്‍ന്ന് ജീവിച്ചതിന്‍റെ സൂചനകള്‍ ആലപ്പുഴജില്ലയില്‍ ധാരാളമായുണ്ടെന്ന ചരിത്രപക്ഷം ഇപ്പോള്‍ത്തന്നെയുണ്ട്. ബൗദ്ധര്‍ക്കു സമാനമായി ചരക്കു നീക്കത്തിന് തലച്ചുമടിനെയാണ് ജൈനര്‍ ആശ്രയിച്ചതെന്നാണ് ചരിത്ര ഗവേഷകനായ ഡോ. ടി. ആര്‍. മനോജ് അഭിപ്രായപ്പെടുന്നത്. കായംകുളം കമ്പോളത്തില്‍ നിന്നും പത്തിയൂര്‍ വഴി, ചെട്ടികുളങ്ങരയിലേക്കും, വലിയപെരുമ്പുഴകന്ന് മാന്നാറിലേക്കും നീളുന്ന അത്താണികളുടെ നീണ്ട നിരകള്‍ ഭൂപടത്തില്‍ വരഞ്ഞിടുന്നത് ഒരു പ്രാചീന ട്രേഡ് റൂട്ടിനെത്തന്നെയാണ്.

സൂക്ഷ്മമായി വിലയിരുത്തിയാല്‍ ഈ റൂട്ടുകള്‍ ജൈനമെന്നോ ബൗദ്ധമെന്നോ കൃത്യമായി നിര്‍വ്വചിക്കാനാവാത്ത വിധം സങ്കീര്‍ണ്ണമാണെന്നു കാണാം. അതിനാല്‍ നമുക്ക് ഈ വഴിത്താരയെ ശ്രമണപാതകള്‍ എന്ന് സൗകര്യപൂര്‍വ്വം വിളിക്കാം.      
               
കായംകുളത്തിനെയും അച്ചന്‍ കോവിലിനെയും ബന്ധിപ്പിക്കുന്ന കരിപ്പുഴ തോട് ഒരു ശ്രമണ പാതയാണെന്നു നാം നേരത്തേ മനസ്സിലാക്കി. ഈ പാതയിലെ ഒരു മൈനര്‍ തുറമുഖമായാവണം മൂടാം പാടിയില്‍ കടവ് അഥവാ കുറ്റിക്കുളങ്ങര കടവ് ചരിത്രത്തില്‍ ഇടം പിടിക്കുന്നത്. ചരക്കു നീക്കവും വിശ്രമവും തോടിന്‍റെ ഇരുകരകളെയും ആശ്രയിച്ചായിരിക്കും. ഇത്തരം കടവുകള്‍ വണികസംഘങ്ങളുടെ വിശ്രമ കേന്ദ്രങ്ങള്‍ കൂടിയായിരിക്കും. ഒപ്പം കച്ചവട സംഘങ്ങളുടെ ചെറിയ ചേരിയും അതോടൊപ്പം ചുറ്റുപാടും രൂപപ്പെട്ടുവരും. അതോടെ ആ ചെറു സംഘങ്ങളുടെ ആരാധനാ കേന്ദ്രങ്ങളും അവിടെ ഉയര്‍ന്നു വരുന്നു. ഇപ്രകാരം ഉയര്‍ന്നു വന്ന രണ്ടു ക്ഷേത്ര സങ്കേതങ്ങളാണ് പടിഞ്ഞാറേക്കരയിലെ മൂടാമ്പാടിയില്‍ ക്ഷേത്രവും കിഴക്കേക്കരയിലെ വടക്കോട്ടു ദര്‍ശനമുളള ഭദ്രകാളിയുടെ ക്ഷേത്രവും. ആരംഭകാലത്ത് അത് ബൗദ്ധ ദേവതയും പില്‍ക്കാലത്ത്, അതായത് ഹൈന്ദവ ധര്‍മ്മ പുനരുദ്ധാന കാലത്ത്, ഹൈന്ദവ ദേവതയായ കാളിയായും പരിവര്‍ത്തനം സംഭവിച്ചതാകണം.

ബൗദ്ധന്മാരുടെ അസാധാരണ വാസ്തു ശില്പവേലകള്‍ക്ക് ലോകത്തെവിടെയും സാക്ഷ്യങ്ങളുണ്ട്. അത്ത സിദ്ധന്മാരായ ബുദ്ധന്മാരാണ് നാട്ടുകാരുടെ നാവിന്‍ തുമ്പിലെ ഭൂതന്‍. പുത്തന്‍, പൂതന്‍, ഭൂതന്‍, ഭൂതത്താന്‍ എന്നിങ്ങനെയെല്ലാം നാട്ടുനന്മൊഴികളില്‍ അമരത്വം നേടിയിരിക്കുന്നത് 'ബുദ്ധത്താന്മാരാ'ണെന്താണ് വാസ്തവം.

സാധാരണയായി അധിഷ്ഠാനവും ഭിത്തികളും മേല്‍ക്കൂരയും വാതിലും മകുടവും ശിലയില്‍ത്തന്നെ തീര്‍ക്കുന്ന നിര്‍മ്മാണരീതി ജൈനമതത്തിന്‍റേതായാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ഉദാഹരണമായി അവര്‍ചൂണ്ടിക്കാട്ടുന്ന പല ക്ഷേത്രങ്ങളും ഗുഹാക്ഷേത്രങ്ങളോ അനുബന്ധ നിര്‍മ്മിതികളോ ആണ്. കര്‍ണ്ണാടക അതിര്‍ത്തികളിലെ ചിലക്ഷേത്രങ്ങള്‍ പക്ഷേ, പത്തിയൂരിലെ മൂടാംപാടിയില്‍ ക്ഷേത്രത്തിന്‍റെ മാതൃകയിലുളളവയാണ്. അതിനാല്‍ത്തന്നെ ഈ ക്ഷേത്രം ഒരു ജൈന നിര്‍മ്മിതിയോ എന്ന സന്ദേഹവും ബാക്കിയാണ്. ജൈനരും ബുദ്ധരും സാധാരണക്കാര്‍ക്ക് ഒന്നായിത്തോന്നുകയാല്‍, പൊതുവില്‍ 'ബുദ്ധത്താന്മാര്‍' എന്നു വിളിച്ചു വന്നതില്‍ നിന്നാവും 'ഭൂതത്താന്മാര്‍' എന്ന രൂപകം രൂപപ്പെട്ടുവന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. ഒരുപക്ഷേ, ആ പഠനങ്ങള്‍ പത്തിയൂരിന്‍റെ പേരിന്‍റെ വേരിനെക്കുറിച്ചും നിഷ്പത്തിയെക്കുറിച്ചും പുതിയ കാഴ്ചകള്‍ തന്നുകൂടായ്കയില്ല.

അമ്പലപ്പുഴ രാജ്യത്തുനിന്ന് കായംകുളം രാജ്യത്തേക്ക് കുടിയേറിയ ഒരു നമ്പൂതിരി കുടുബത്തിന്  രാജാനുകൂല്യത്താല്‍ പലവക ഭൂമി ലഭിച്ചപ്പോള്‍ മൂടാംപാടിയില്‍ പറമ്പും, പില്‍ക്കാലത്ത്, അവരുടെ അധീനതയാലായി. ജനായത്തഭരണത്തില്‍ ഈഎംഎസ്സ് മന്ത്രിസഭ ജന്മി / കുടിയാന്‍ നിയമം (ഭൂപരിഷ്കരണ നിയമം) പാസാക്കിയപ്പോള്‍ ഈ ഭൂമി പാട്ടക്കാരുടെ കൈവശമായി. കായംകുളംകാരനായ ഒരാളുടെ കൈവശം അങ്ങനെ ഭൂമി എത്തപ്പെട്ടു. അവരില്‍നിന്നും പലരും തുണ്ടു തുണ്ടായി ഭൂമികള്‍ വാങ്ങി. അതോടെ മൂടാംപാടിയില്‍ ക്ഷേത്രഭൂമി ശോഷിച്ചു.

______________________________________
1. ഭാരതീയ സംസ്കാരത്തിന് ജൈനമതത്തിന്‍റെ സംഭാവനകള്‍
2. ജൈനമതം കേരളത്തില്‍
3.ബുദ്ധമതവും ജാതിവ്യവസ്ഥയും
4.ഡോ. ടി. ആര്‍. മനോജ്
5. ഡോ. സുരേഷ്കുമാര്‍

• ഹരികുമാര്‍ ഇളയിടത്ത്
elayidam@gmail.com

Comments