• അനുസ്മരണം
മഹാമനീഷിയുടെചക്രവാളങ്ങള്
'ആശയങ്ങള്‍ സത്യത്തിന്‍ ശക്തികളല്ലോ
അനന്തങ്ങളത്രേ വ്യക്തിതവത്തിന്‍ ഗരിമയും
രണ്ടുംകൂടി ചേരുമ്പോഴെല്ലാം ചരിത്രം സൃഷ്ടിക്കപ്പെടുന്നു'
- ഹെന്‍റി ജെയിംസ്
ഭാരതത്തിന്‍റെ ദേശീയപ്രജ്ഞയെ ഗ്ലാനിയില്‍ നിന്നും വീണ്ടെടുത്തുതന്ന മഹാവ്യക്തിത്വമായിരുന്നു വിവേകാനന്ദ സ്വാമികള്‍. ഭാരതീയര്‍ക്ക് ദാര്‍ശനികാടിത്തറയുള്ളൊരു രാഷ്ടീയ പ്രത്യയശാസ്ത്രവും, അതിന്‍റെ സാകല്യമാര്‍ന്ന പ്രയോഗവും വേണ്ടിവന്നപ്പോള്‍ ദേശീയവാദികള്‍ക്ക് പ്രധാന ആശ്രയവും സ്രോതസ്സും അദ്ദേഹം തന്നെയായിരുന്നു. ഒപ്പം, അരവിന്ദന്‍ തുടങ്ങിയ ഋഷിവ്യക്തിത്വങ്ങളും ഭാരതത്തെ തിളക്കമുളളതാക്കിത്തീര്‍ക്കുന്നതിന് ഉജ്ജ്വലാശയങ്ങള്‍ പങ്കുവെച്ചു. ഇൗ മഹത്തുക്കള്‍ക്കെല്ലാം പ്രചോദനമായതാകട്ടെ, നമ്മുടെ പൗരാണിക സാഹിത്യങ്ങളായിരുന്നു. വാസ്തവത്തില്‍ അവയാണ് ഈ പറഞ്ഞവരെ രാഷ്ട്രത്തിന്‍റെ അസ്തിത്വത്തെ തിരിച്ചറിയുവാനും അതിന്‍റെ വേരുകളിലേക്ക് ആഴ്ന്നിറങ്ങുവാനും സഹായിച്ചത്. ഈ മഹാമനീഷികള്‍ക്കൊപ്പം ശ്രീനാരായണ ഗുരുവിനെപ്പോലുളള കേരളീയരായ മഹാഋഷികളും, ആദര്‍ശ രൂപീകരണത്തിലും സത്യാന്വേഷണത്തിലും സംഘാടനത്തിലും ഏറെ സ്വാധീനിച്ച അപൂര്‍വ്വവ്യക്തിത്വമായിരുന്നു പരമേശ്വര്‍ജിയുടെത്.
വിശേഷാന്വേഷണങ്ങളിലൂടെ സ്വന്തം ജ്ഞാനതൃഷ്ണയെ വിപുലപ്പെടുത്തുകയും അതിന്‍റെ സദ്ഫലങ്ങള്‍ പൂര്‍ണ്ണമായും സമാജത്തിനു സഹര്‍ഷം സമര്‍പ്പിക്കുകയു ചെയ്ത ജ്ഞാനതപസ്വികൂടിയായിരുന്നു പി. പരമേശ്വരന്‍ എന്ന, അടുപ്പക്കാരുടെയും പ്രിയപ്പെട്ടവരുടെയും പരമേശ്വര്‍ജി.
ദേശീയ ചിന്തയ്ക്ക് ദിക്കും
ദിശാബോധവും പകര്‍ന്നു തരികയും, നട്ടു നനച്ച ആശയവും ആദര്‍ശവും അനശ്വരമാക്കി അവശേഷിപ്പിക്കുകയും ചെയ്തുകൊണ്ടാണ് അദ്ദേഹം പരമേശ്വരപാദം പൂകിയത്.
• മാനവികതയുടെ മാനിഫെസ്റ്റോ
ഭഗവദ്ഗീതയെ വ്യക്തിസത്തയുടെ വികാസത്തിനും മാനവികതയുടെ പരിപോഷണത്തിനും ഉപയുക്തമാക്കാമെന്ന് പഠിപ്പിച്ച പ്രായോഗികമതിയും സൈദ്ധാന്തികനുമായിരുന്നു പി. പരമേശ്വരന്‍. ആധ്യാത്മികബോധനവും രാഷ്ട്രപുനര്‍ നിര്‍മ്മാണവും ജീവിതദൗത്യമായിക്കണ്ട സ്വാമി വിവേകാനന്ദന്‍റെ വഴികാട്ടിയായിരുന്നുവല്ലോ, ഭഗവത്ഗീത. സാമൂഹിക പരഷ്കരങ്ങള്‍ക്കുവേണ്ടി പോരാടിയ രാജാറാം മോഹന്‍ റോയിക്കും പ്രചോദനമായത് ഗീതതന്നെ. ദേശീയ നേതാവായിരുന്ന ബാലഗംഗാധരതിലകന്‍ രാഷ്ടീയത്തിന്‍റെ തീഷ്ണഭൂമിയിലേക്ക് ഗീതാസന്ദേശത്തെ എത്തിച്ചു. കര്‍മ്മത്തെ ശ്രഷ്ഠമാക്കാന്‍ ഗീതയെ എങ്ങനെ പ്രായോഗികമാക്കാമെന്നതായരുന്നു മഹര്‍ഷി അരവിന്ദന്‍റെ ആലോചനകള്‍.
മഹാത്മാഗാന്ധിയുള്‍പ്പെടെയുളള സ്വാതന്ത്ര്യ സമര നേതാക്കള്‍ രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിനായി ഭഗവത്ഗീതയെ ഉപജീവിച്ചിരുന്നു. മഹാത്മാഗാന്ധിയും വിനോബാജിയും ഗോപാലകൃഷ്ണ ഗോഖലെയും ബാലഗംഗാധര തിലകനും മറ്റു പല ദേശീയനേതാക്കളും വ്യത്യസ്ത പരിപ്രേക്ഷ്യത്തിലാണ് ഭഗവദ്ഗീതയെ സമീപിക്കുന്നതെങ്കിലും എല്ലാവരുടെയും ലക്ഷ്യം സാമൂഹികമായി ഭാരതീയ ജനതയുടെ ഏകീകരണമായിരുന്നു. ഭാഷ, ജാതി, മതം, വേഷം എന്നിങ്ങനെയുളള വിഭാഗീയതകള്‍ക്കപ്പുറം, ഓരോരുത്തരിലും ദേശീയബോധത്തെ ഉണര്‍ത്തിയുറപ്പിക്കുകയും ആന്തരികമായ ഉള്‍ക്കരുത്തു പകര്‍ന്ന് ജനതയെ അജയ്യരാക്കി പരിവര്‍ത്തിപ്പിക്കുകയും ചെയ്യുകയെന്ന ദൗത്യവും ഇത്തരം ഗീതാവാഖ്യാനങ്ങളിലൂടെ അവര്‍ ലക്ഷ്യം വെച്ചിരുന്നു. ഏതാണ്ട് അതേ പാതയിലാണ്, ദേശീയതയില്‍നിന്നു വഴുതിമാറിനടന്ന കേരള പരിസരത്ത്, ഇടക്കാലത്തെവിടെയോ കൈമോശം വന്ന നവോത്ഥാനത്തിനു തുടര്‍ച്ച നല്‍കിക്കൊണ്ട്, സമൂഹത്തെ രാഷ്ട്രോന്മുഖമാക്കാന്‍ പരമേശ്വര്‍ജി ഭഗവദ്ഗീതയുടെ ഉളളടക്കത്തെ പ്രയോജനപ്പെടുത്തിയത്.
ശങ്കരാചാര്യര്‍ക്കും ചട്ടമ്പിസ്വാമികള്‍ക്കും ശ്രീനാരായണഗുരുവിനും ഉത്തേജനമേകിയ അതേ മഹാഗ്രന്ഥമാണ്, അദ്ദേഹത്തിന്‍റെ ഗുരുസ്ഥാനീയനും ആരാധ്യ പുരുഷനുമായ സ്വാമി ആഗമാനന്ദയും സ്വാമി ചിന്മയാനന്ദനും നെഞ്ചേറ്റി നടന്നത്. അവര്‍ നടന്നുനീങ്ങിയ ചുവടടിപ്പാടുകളെ ഒരു പാതയാക്കി തെളിച്ചെടുക്കുക എന്ന സവിശേഷ ദൗത്യമാണ് അദ്ദേഹം ചരിത്രത്തില്‍ നിര്‍വ്വഹിച്ചതെന്ന് നിസ്സംശയം പറയാം. ചിന്മയാനന്ദസ്വാമികള്‍ക്കു ശേഷം,
ഭഗവദ്ഗീതയെക്കുറിച്ച് ഇത്രയേറെ എഴുതുകയും പറയുകയും ചെയ്തൊരാള്‍ സമകാലിക സമൂഹത്തില്‍ വേറെയില്ലാതായത് അതുകൊണ്ടാണ്.
• ഭഗവദ്ഗീത മാനവരാശിക്ക്
ഭഗവദ്ഗീത ജ്ഞാനികളുടെമാത്രം പുസ്തകമാണെന്ന് അദ്ദേഹം കരുതിയിരുന്നില്ല. ജ്ഞാനമാര്‍ഗ്ഗത്തില്‍ ചരിക്കാനാവാത്ത നിസ്വര്‍ക്ക് ഗീതയെ ജീവിതവിജയത്തിനെങ്ങനെ പ്രയോജനപ്പെടുത്താമെന്ന ചിന്തയാണ് 'ഉദ്ധരേതാത്മനാത്മാനം' എന്ന കൃതിയുടെ ഉളളടക്കം. അതുകൊണ്ടുതന്നെ ആ കൃതി, കൂലിത്തൊഴിലാളിയ്ക്കും സര്‍ക്കാര്‍ ജീവനക്കാരനും ഭരണകര്‍ത്താവിനും കര്‍ഷകനും എന്നുവേണ്ട, ഏതൊരു സാധാരണക്കാരനും പാതിവഴിയില്‍ ഇടറിവീഴാതെ, കര്‍മ്മമാര്‍ഗ്ഗത്തില്‍ മുന്നേറാനും ജീവിത വിജയം കണ്ടെത്താനുമുളള പാഠ പുസ്തകമായിത്തീരുന്നു. ലോകത്തിന് ഗീത വെളിച്ചമായിത്തീരുവാനും അദ്ദേഹം യത്നിച്ചു.
• സംയോഗീ പ്രസ്ഥാനം
ഇൗ ചിന്തയ്ക്കുളള ഏറ്റവും അനുയോജ്യമായ അനുബന്ധമെന്ന നിലയിലാണ് 'സംയോഗീ' പ്രസ്ഥാനം
ശ്രദ്ധേയമായത്. സംസ്കൃതം, യോഗ, ഭഗവദ്ഗീത എന്നിവയുടെ മേളനമാണത്. രാഷ്ട്ര പ്രജ്ഞയുടെ ഊര്‍ജ്ജപ്രവാഹം വ്യക്തിസത്തയിലേക്ക് സംക്രമിപ്പിക്കാന്‍ ഈ ത്രിത്വത്തിന് കഴിയുമെന്ന് അദ്ദേഹം കണക്കുകൂട്ടി. മാനവികതയുടെയും വ്യക്തിസത്തയുടെയും വികാസത്തിനായി അവയെ സമര്‍ത്ഥമായി സമന്വയിപ്പിച്ച വേദാന്തികൂടിയായിരുന്നു അദ്ദേഹം എന്നു മനസ്സിലാക്കാം. ഗീതാ സ്വാദ്ധ്യായ സമിതി, ഗീതാ ഇന്‍റര്‍ നാഷണല്‍, ഗീതാദിനാഘോഷം തുടങ്ങിയ പ്രസ്ഥാനങ്ങളുടെ ലക്ഷ്യം 'നവലോകക്രമത്തിന്‍റെ ദര്‍ശനം' എന്ന നിലയില്‍ ഭഗവദ്ഗീതയെ സാധാരണ ജീവിതങ്ങളോട് ചേര്‍ത്തുനിര്‍ത്തുക എന്നതായിരുന്നു. 'സംയോഗീ' പ്രസ്ഥാനമെന്നാണ് പരമേശ്വര്‍ജി അതിനെ നിര്‍വ്വചിച്ചത്. ഗീതയെ മാനേജുമെന്‍റുമായി ബന്ധപ്പെടുത്തി പഠിക്കാനും അദ്ദേഹം നിഷ്ഠവെച്ചു. മറ്റുളളവരെ അതിനു പ്രേരിപ്പിച്ചു.
• പ്രത്യയശാസ്ത്ര ബദല്‍
പ്രത്യയശാസ്ത്രപരമായും വിശ്വാസപരമായും സമൂഹത്തെയാകെ ഗ്രസിച്ചിരുന്ന വൈദേശിക ദാസ്യത്തിനും ദു:സ്വാധീനങ്ങള്‍ക്കുമെതിരെ ഭാരതീയ ബദലിനെ ദാര്‍ശനിക പുഷ്ടിയോടെ വൈചാരികരംഗത്ത് ആവിഷ്കരിച്ച കര്‍മ്മയോഗികൂടിയായിരുന്നു പരമേശ്വര്‍ജി. മറ്റൊരു തരത്തില്‍ സാഹിത്യരംഗത്തും, കലയുടെ മേഖലയിലും, സൗന്ദര്യശാസ്ത്ര രംഗത്തും, രാഷ്ടീയ രംഗത്തും, വൈചാരിക രംഗത്തും ദേശീയമായ 'ടൂളു'കള്‍ (tools) എങ്ങനെയാണ് സമര്‍ത്ഥമായി ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ രചനകള്‍. എന്നാല്‍ മാര്‍ക്സിസ്റ്റുകള്‍ക്ക് രീതിശാസ്ത്രത്തിനു (methodology) പഞ്ഞം അനുഭവപ്പെട്ടിരുന്നില്ല. ആന്‍റോണിയോ ഗ്രാംഷിയും, അല്‍ത്തൂസറും മറ്റനവധി വ്യാഖ്യാതാക്കളും തുറന്നിട്ടവഴിയേ വെറുതെ സഞ്ചരിച്ചാല്‍ മതിയായിരുന്നു അവര്‍ക്ക്. സാഹിത്യരംഗത്തെ ഇത്തരം കുറവുകളെ പരിഹരിക്കുകയും കൂടി ലക്ഷ്യമിട്ടാണ് അദ്ദേഹം മഹര്‍ഷി അരവിന്ദനെയും, വിവേകാനന്ദ സ്വാമിയെയും ശ്രീനാരായണ ഗുരുവിനെയും ദേശീയ വീക്ഷണത്തില്‍ മലയാളത്തിനു പരിചയപ്പെടുത്തുന്നതും പുനര്‍വായനക്കു പ്രേരിപ്പിക്കുന്നതും.
പരമേശ്വര്‍ജി എഴുത്തിനെ ഗൗരവതരമായ സര്‍ഗ്ഗവ്യാപാരമായിക്കണ്ട് ആശയ സംവാദമണ്ഡലത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍, നമ്മുടെ
കലാശാലകളിലും ഗവേഷണരംഗത്തും അപ്രമാദിത്തത്തോടെ നിലനിന്ന വിശ്ലേഷണ / വിചിന്തന രീതിശാസ്ത്രം മാര്‍ക്സിസ്റ്റത്തിന്‍റെതായിരുന്നു. 'കാര്യം പറയുന്നവന്‍ കമ്യൂണിസ്റ്റുകാരന്‍' എന്നതായിരുന്നു ചൊല്ലും വഴക്കവും. അതിനപ്പുറം ഒരുലോകമുണ്ടെന്ന് സമ്മതിക്കുക കൂടിയില്ല. കേരളത്തിന്‍റെ മാത്രം അവസ്‌ഥയായിരുന്നില്ല അത്. മുഴുവന്‍ ഭാരതത്തിന്‍റെയും, ലോകത്തിന്‍റെ തന്നെയും സ്ഥിതി അതായിരുന്നു. ഭാരതീയത, ഹിന്ദു, ഹിന്ദുത്വം എന്നിവയൊക്കെ നിരന്തരം അവഹേളിക്കപ്പെട്ടിരുന്ന കാലമായിരുന്നു അത്. 'ജടയുടെ സംസ്കാരപ്പനയോലക്കെട്ടൊക്കെ / പൊടിപറ്റി പുഴുകുത്തി ചിതലുമുറ്റി / ചികയുന്നോ ചിരിവരും ചിലതിനിയുണ്ടെന്നോ / ചിതയിലേക്കവയെടുത്തെറിയൂ വേഗം' എന്നിങ്ങനെ ചങ്ങമ്പുഴയെപ്പോലുളളവര്‍ പാടിനടന്നതിനെ തെരുവുകള്‍ ഏറ്റെടുത്ത കാലം കൂടിയായിരുന്നു അത്. അതുകൊണ്ടുതന്നെ ആത്മനിന്ദയുടെയും ആത്മഗ്ലാനിയുടെയും വല്ക്കലത്തിലേക്ക് സ്വയം ഒതുങ്ങാനായിരുന്നു ദേശീയ ജനതയുടെ വിധി.
എന്നല്ല, ക്ഷേത്രങ്ങളില്‍ 'കപ്പ നടാന്‍' ചിലര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്ന അക്കാലത്ത്, 'മാറി സ്ഥലം നോക്കൂ കമ്യൂണിസത്തിനു / കേറിക്കളിക്കുവാനുളളതല്ലമ്പലം' എന്നു ധൈര്യത്തോടെ വിളിച്ചു പറയാന്‍ ഹിന്ദുസമൂഹത്തില്‍ ആരുമില്ലാതിരുന്ന കെട്ട കാലത്ത്, കാലത്തിന്‍റെ ഇച്ഛയെ സ്വയമേറ്റെടുത്ത ആശയപ്പോരാളിയെന്ന നിലയില്‍ സമൂഹത്തിന്‍റെ നേതൃനിരയിലേക്ക് അദ്ദേഹം സ്വാഭാവിക വിശുദ്ധിയോടെ അവരോധിക്കപ്പെട്ടു.
ഹിന്ദുവെന്നു പറയാന്‍പോലും മടിച്ച ജനതയെ സ്വന്തം അസ്മിതയെ (identity) വീണ്ടെടുക്കാനും അഭിമാനത്തോടെ അത് തുറന്നു പറയാനും പ്രാപ്തമാക്കുകയെന്ന ദൗത്യം പരമേശ്വര്‍ജി വിനയപൂര്‍വ്വം ഏറ്റെടുത്തു.
'സനാതനധര്‍മ്മം തന്നെയാണ് ദേശീയത'യെന്ന് പണ്ഡിതോചിതമായി സ്ഥാപിക്കുന്നതായിരുന്നു മഹര്‍ഷി അരവിന്ദന്‍റെ വിഖ്യാതമായ ഉത്തരപ്പാറ പ്രസംഗം. മഹാകവി അക്കിത്തത്തെക്കൊണ്ട് വിവര്‍ത്തനം ചെയ്യിച്ച് പ്രസ്തുത പ്രഭാഷണത്തിന്‍റെ കോപ്പികള്‍ കേരളത്തിലുടനീളം വിതരണം ചെയ്യാനും സംശയഗ്രസ്തരായ അനേകങ്ങളെ ഭാരതീയതയോടടുപ്പിക്കാനും അദ്ദേഹം കേരളത്തിലുടനീളം സഞ്ചരിച്ചു(1989). ഹിന്ദുമതം, ഹിന്ദു സംസ്കാരം, ഹിന്ദു ദേശീയത എന്നവയെ വിശദീകരിക്കുന്ന ലഘു പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചു (1990). കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഇ. എം. എസ്സുമായി ശങ്കരദര്‍ശനത്തെ അധികരിച്ചു നടത്തിയ സംവാദം ഹിന്ദു സമൂഹത്തിനു നല്‍കിയ ആത്മവിശ്വാസം ചെറുതല്ല.
എതിരാളികളുടെ ആത്മാഭിമാനത്തെ മുറിവേല്പിക്കുന്നവിധം ഒരു വാക്കുപോലും അദ്ദേഹം എഴുതുകയോ പറയുകയോ ചെയ്തിരുന്നില്ല. കാള്‍മാര്‍ക്സിന്‍റെ വമര്‍ശകന്മാരായ ഒട്ടുമിക്കെ വിശ്വപ്രസിദ്ധ എഴുത്തുകാരും, അദ്ദേഹത്തിന്‍റെ വഴിവിട്ട വ്യക്തിജീവിത്തെക്കുറിച്ചും സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍, അദ്ദേഹത്തിന്‍റെ ആശയങ്ങളെ സയുക്തം നിശ്ശിതമായി എതിര്‍ക്കുമ്പോഴും,
പരമേശ്വര്‍ജി അതേപ്പറ്റി ഒരുവാക്കുപോലും പരാമര്‍ശിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. വ്യക്തിപരമായ ആക്ഷേപത്തെക്കാള്‍ അദ്ദേഹം ഊന്നല്‍ നല്‍കിയത് വസ്തുതാപരമായ നിരൂപണങ്ങള്‍ക്കാണ്.
മാര്‍ക്സിസത്തിന്‍റെ ശക്തി ദൗര്‍ബല്യങ്ങളെ അദ്ദേഹം ആഴത്തില്‍ മനസ്സിലാക്കിയിരുന്നു. 'പരിണിത പ്രജ്ഞനായ ഒരു സാംസ്കാരിക പ്രചാരകന്‍ എന്ന നിലയില്‍ ഇടതുപക്ഷ ചിന്തയുമായി പരിചിതനായ, എന്നാല്‍ അതിനു കീഴ്പ്പെടാത്ത ഗ്രന്ഥകര്‍ത്താവെ'ന്നാണ്, തികച്ചും ഇടതുപക്ഷ ചിന്തകനായിരുന്ന ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ പരമേശ്വര്‍ജിയെ അവതരിപ്പിച്ചു പറയുന്നത് (വിവേകാനന്ദനും മാര്‍ക്സും, അവതാരക). മാക്സിസത്തിന്‍റെ ദൗര്‍ബല്യങ്ങളെക്കുറിച്ച് വിവേകപൂര്‍വ്വം വിവരിക്കുമ്പോഴും അതിന്‍റെ നന്മകളെ കാണാത്ത അന്ധനായി അദ്ദേഹം സ്വയം അധപ്പതിക്കുന്നില്ല. സോവിയറ്റുയൂണിയന്‍റെ തകര്‍ച്ച കമ്യൂണിസ്റ്റു പ്രത്യയശാസ്തത്തിന്‍റെ പരാജയമാണെന്നു സമര്‍ത്ഥിക്കുമ്പോള്‍ പോലും, ആ തകര്‍ച്ച, അഫ്ഗാനിലും പരിസരങ്ങളിലും ഇസ്ലാമികതീവ്രവാദത്തിന് വഴിവെച്ചേക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു. പ്രവചന സ്വഭാവമുളള ആ വിലയിരുത്തല്‍ സത്യമായിരുന്നുവെന്ന് പിന്നീട്, താലിബാനിലൂടെ ലോകത്തിനു ബോധ്യപ്പെടുകയും ചെയ്തു.
അപരാജിതമെന്നു ഘോഷിക്കപ്പെട്ട മാര്‍ക്സിസ്റ്റു പ്രത്യയശാസ്ത്രങ്ങളുടെ അന്തസ്സാര ശൂന്യതയെ ശാസ്ത്രീയമായി തുറന്നു കാട്ടി. 'വിവേകാനന്ദനും മാര്‍ക്സും', 'ഗ്ലാസ്നോസ്തും പെരിസ്ട്രായിക്കയും', 'മാര്‍ക്സില്‍ നിന്നും മഹര്‍ഷിയിലേക്ക്', 'ഹിന്ദുധര്‍മ്മവും ഇന്ത്യന്‍ കമ്യൂണിസവും' തുടങ്ങിയ രചനകള്‍, അവമതിക്കപ്പെട്ട ഭാരതീയ മൂല്യങ്ങളുടെ കാലാതിവര്‍ത്തിത്വത്തെ ബോധ്യപ്പെടുത്തി സമൂഹമനസ്സില്‍ അവയെ പുന:പ്രതിഷ്ഠിച്ച്, ആത്മവിശ്വാസത്തോടെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ അദ്ദേഹം സമൂഹത്തെ പ്രരിപ്പിച്ചു. ഭാരതീയ തത്ത്വചിന്തയെ കാലാനുകൂലമായി വ്യാഖ്യാനിച്ച് നവ സമൂഹ നിര്‍മ്മിതിക്ക് ഉപയുക്തമാക്കുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചു. അദ്ദേഹത്തിന്‍റെ ശ്രീനാരായണപഠനം ഇത്തരം ശ്രദ്ധേയമായ ഒരു ചുവടുവെയ്പായിരുന്നു.
• ശ്രീനാരായണ പഠനത്തിന്‍റെ പ്രസക്തി
പ്രാദേശികതയുടെയും സാമുദായികതയുടെയും പരിമിതവൃത്തത്തില്‍ നിന്ന് ശ്രീനാരായണ ദര്‍ശനത്തെ ദേശീയ നവോത്ഥാനത്തിന്‍റെ പരിപ്രക്ഷ്യത്തില്‍ പുനര്‍വായിച്ച് പുതിയ പഠനങ്ങള്‍ക്ക് ദിശാബോധം നല്‍കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
പരമേശ്വര്‍ജിയെ വളരെ സ്വാധീനിച്ചിരുന്ന ഒരു മഹാവ്യക്തിത്വമായിരുന്നു സ്വാമി ആഗമാനന്ദയുടേത്. 'കേരള വിവേകാനന്ദന്‍' എന്ന വിളിപ്പേരുതന്നെ അദ്ദേഹത്തിന്‍റെ മഹത്ത്വത്തെ വിളംബരം ചെയ്യുന്നുണ്ട്.
തന്‍റെ ഉത്തരേന്ത്യന്‍ സഞ്ചാരത്തിനിടയില്‍ തദ്ദേശീയരായ ആളുകള്‍ അവരുടെ ഇടയിലെ ആദ്ധ്യാത്മികാചാര്യന്മാരെക്കുറിച്ച് ആവേശത്തോടെ പറഞ്ഞ് അഭിമാനം കൊളളുന്നതിനെക്കുറിച്ച് സ്വാമി ആഗമാനന്ദ പലവട്ടം പ്രഭാഷണങ്ങളില്‍ സൂചിപ്പിക്കുകയും എഴുതുകയും ചെയ്തിയിട്ടുളളതും അദ്ദേഹത്തിന്‍റെ ഓര്‍മ്മയില്‍ ഉണ്ടായിരുന്നിരിക്കണം. ഭാരതീയ ജനസംഘത്തിന്‍റെ നേതൃത്വത്തിനിടയില്‍ പരമേശ്വര്‍ജിക്കും ഭാരതത്തിലാകമാനം സഞ്ചരിക്കാനിടം കിട്ടി. ഈ വക അനുഭവങ്ങളുടെ കൂടെ പശ്ചാത്തലത്തിലാവണം ദേശീയ കാഴ്ചപ്പാടില്‍ ശ്രീനാരായണ ഗുരുവിനെ പഠിക്കാന്‍ അദ്ദേഹം തുനിഞ്ഞത്.
'ശ്രീനാരായണഗുരു: ദ പ്രോഫറ്റ് ഓഫ് റിനൈസാന്‍സ്'എന്ന പേരില്‍ 1969ല്‍ അദ്ദേഹം ഇംഗ്ലീഷ് ഭാഷയില്‍ പഠനം പുറത്തിറക്കി. കേരളത്തിനു പുറത്തുളളവര്‍ക്ക് ഗുരുദേവന്‍റെ മഹത്വം വെളിപ്പെടുത്തിക്കൊടുക്കാനാണ് അതെന്നു സ്പഷ്ടം. ഇന്ത്യയുടെ കള്‍ച്ചറല്‍ അംബാസഡര്‍ എന്ന് സ്വദേശികളും വിദേശികളും വിശേഷിപ്പിച്ഛിരുന്ന സ്വാമി രംഗനാഥയായിരുന്നു പുസ്തകത്തെ അവതാരികകൊണ്ടനുഗ്രഹിച്ചത്. പ്രസ്തുത പുസ്തകം പിന്നീട് 1971ല്‍ കോഴിക്കോട് ജയഭാരതം, 'ശ്രീനാരായണഗുരു നവോത്ഥാനത്തിന്‍റെ പ്രവാചകന്‍' എന്ന പേരില്‍ ഡോ. സുകുമാര്‍ അഴീക്കോടിന്‍റെ അവതാരികയോടെ മലയാളത്തില്‍ പ്രസിദ്ധീകരിച്ചു. ശ്രീനാരായണഗുരു ഉഴുതുമറിച്ചു പാകപ്പെടുത്തിയ കേരളത്തിന്‍റെ സാംസ്കാരിക ഭൂമികയില്‍ രാഷ്ടീയം വിളയിച്ച് നൂറുമേനി കൊയ്തുകൊണ്ടിരുന്നവരെ ആ പുസ്തകം വെകിളി പിടിപ്പിച്ചു. തങ്ങളുടെ കാല്‍ച്ചുവട്ടിലെ മണ്ണ് ഇളകുന്നത് അവരറിഞ്ഞു. പുസ്തകത്തിനെതിരെ ഇടതു ബുദ്ധിജീവികളുടെ ഉറഞ്ഞുതുളളല്‍ സ്വാഭാവികമായിരുന്നു. പരമേശ്വരന്‍ ഗുരുവിനെ കാവിവത്കരിച്ചുവെന്നായിരുന്നു അവരുടെ ആക്ഷേപം. തുടര്‍ന്ന് പുസ്തകത്തെ എതിര്‍ക്കാനായിമാത്രം ഗുരുവിനെക്കുറിച്ച് നിരവധി പഠനങ്ങള്‍ കേരളത്തില്‍ നടന്നു. 'ജാതിക്കും മദ്യത്തിനുമെയിരെ ഇത്ര ശക്തമായി ഉദ്ബോധിപ്പിച്ച മറ്റൊരു മഹാത്മാവ് ഉണ്ടായിട്ടില്ല. പക്ഷേ, ഇവരണ്ടും ആര്‍ഭാടത്തോടെ വരവേല്‍ക്കപ്പെടുന്ന അവസ്ഥാവിശേഷമാണിന്ന്. എന്തെന്തു നീതിമത്ക്കരണം നല്‍കാന്‍ സാധിച്ചാലും രാഷ്ട്രത്തിന്‍റെ പൊതുനന്മയ്ക്കും സമൂഹത്തിന്‍റെ സ്വൈരവും ഭദ്രവുമായ പുരോഗതിക്കും ആത്യന്തികമായി ഇവരണ്ടും വിഘാതമാണെന്ന തിരിച്ചറിവ് ഗുരുദേവപഠനത്തില്‍ക്കൂടി നാം സ്വായത്തമാക്കേണ്ടിയിരിക്കുന്നു. രാഷ്ടീയവും സാമ്പത്തികവുമായ ഹ്രസ്വകാല താല്പര്യങ്ങള്‍ സ്ഥായിയായ മുന്നേറ്റത്തിനു തടസ്സമായിക്കൂടാ' എന്നതായിരുന്നു പരമേശ്വര്‍ജിയുടെ നിലപാട് (ആമുഖം:2008). ഗുരുവിനോടുളള 'ആരാധകദൃഷ്ടി' മാത്രമാണ് അഴീക്കോട് പുസ്തകത്തിനുളള ന്യൂനതയായി അവതരിക്കുന്നത്. 'തന്‍റെ വ്യക്തിഗതങ്ങളായ സ്ഥൂലപക്ഷപാതങ്ങളെ ഉത്തമമായ ജീവചരിത്രങ്ങള്‍ക്കുതകുമാറ് സ്വയം നിയന്ത്രിച്ചുകൊണ്ട് വിഷയത്തിന്‍റെ ഭാവോന്മീലനത്തില്‍ അതിശ്രദ്ധാലുവായിക്കൊണ്ടുളള ശ്ലാഘ്യമായ ഒരു രചനാപരിപാടിയാണ് ഈ പുസ്തകം എഴുതുന്നതില്‍ ഗ്രന്ഥകാരന്‍ സ്വീകരിച്ചു കാണുന്നത്' എന്ന് അഴീക്കോട് അവതാരകയില്‍ അടിവരയിടുന്നു.
• ശ്രീ അരവിന്ദന്‍
പരിണാമവാദം ചാള്‍സ് ഡാര്‍വിന്‍ ലോകത്തിനു വെച്ചുനീട്ടിയശേഷം, വൈജ്ഞാനിക മേഖലയില്‍ അതൊരവിഭാജ്യ ഘടകമായിത്തീര്‍ന്നു. സമൂഹ പരിണാമത്തെക്കുറിച്ചുളള ധാരണകള്‍ മാര്‍ക്സിയന്‍ ചിന്തകള്‍മൂലം വ്യാപകമായി. അനുകൂലനപ്രക്രിയകള്‍ മൂലമുളള ജീവിവര്‍ഗ്ഗത്തിന്‍റെ ശാരീരിക പരിണാമമാണ് ഡാര്‍വിന്‍റെ ചിന്താവിഷയം. അടിമത്തം, ജന്മിത്തം, മുതലാളിത്തം തുടങ്ങിയ വ്യവസ്ഥിതികള്‍ കടന്ന് മനുഷ്യരാശി സോഷ്യലിസത്തെ പുല്‍കുന്നതിനെപ്പറ്റി മാര്‍ക്സ് സിദ്ധാന്തിക്കുന്നു.
എന്നാല്‍, ഇവയില്‍നിന്നൊക്കെ ഭിന്നമായി പരിണാമത്തെ മനുഷ്യ ചേതനയുടെ വീകാസത്തോടു ചേര്‍ത്തുവെച്ചുളള ആലോചനകളാണ് മഹര്‍ഷി അരവിന്ദന്‍ മുന്നോട്ട് വെച്ചത്. ഊര്‍ജ്ജത്തില്‍ നിന്നും പദാര്‍ത്ഥം ഉണ്ടാകുന്നുവെന്ന ആധുനികഭൗതികശാസ്ത്ര ദര്‍ശനവും സൂക്ഷ്മത്തില്‍ നിന്നും സ്ഥൂലപ്രപഞ്ചം നിഷ്പന്നമാവുന്നുവെന്ന ഭാരതീയ വീക്ഷണവും സന്ധിക്കുന്ന ഒരു വിജ്ഞാനബിന്ദു അരവിന്ദന്‍റെ ദര്‍ശനത്തിലുണ്ടെന്ന് പരമേശ്വര്‍ജി പറയുന്നു. 'കിഴക്കിന്‍റെയും പടിഞ്ഞാറിന്‍റെയും ഉള്‍ക്കാഴ്ചകളെ അതുള്‍ക്കൊളളുന്നു. രണ്ടിന്‍റെയും പ്രത്യേക ഊന്നലുകളെ അതു സംയോജിപ്പിക്കുന്നു. ഫലത്തില്‍ പൗരസ്ത്യരെയും പാശ്ചാത്യരെയും ഒരുമിച്ചു ചേര്‍ക്കുന്ന വിശ്വദര്‍ശനം പ്രദാനം ചെയ്യാന്‍ കഴിയുമാറ് പ്രപഞ്ചത്തിന്‍റെയും ജീവിതത്തിന്‍റെയും സമഗ്രവും സര്‍വ്വഗ്രാഹിയുമായ വീക്ഷണത്തില്‍ അരവിന്ദന്‍ എത്തിച്ചേര്‍ന്ന'തായി ( ഭാവിയുടെ ദാര്‍ശനികന്‍ ശ്രീ അരവിന്ദന്‍, പേജ് 170)
അദ്ദേഹം കണ്ടെത്തുന്നു.
• കവിത്വമെന്ന ഋഷിത്വം
കവിത്വത്തെ ഋഷിത്വത്തോടാണ് ഭാരതീയര്‍ ബന്ധപ്പെടുത്തിയിട്ടുളളത്. ഋഷകളാണ് കവികളായിത്തീരുന്നതെന്നാണ് നമ്മുടെ പൂര്‍വ്വികമതം. 'നാ ഋഷി കവി' എന്നവര്‍ നിരീക്ഷിച്ചു. എന്നല്ല, കവികളല്ലാത്തവര്‍ക്ക് ഋഷിത്വം അവകാശപ്പെടാനാവില്ലത്രേ.! ദീര്‍ഘ ദര്‍ശിത്വമാണ് ഈ കവിത്വത്തിന്‍റെ അഥവാ ഋഷിത്വത്തിന്‍റെ ഒരു പ്രധാന സവിശേഷത. അത്തരം ദീര്‍ഘദര്‍ശികളായ ഋഷിമാരാണ് രാഷ്ട്രത്തെ വിഭാവനം ചെയ്യുന്നത്. അവരാണ് നമ്മുടെ രാഷ്ട്ര നിര്‍മ്മാതാക്കളെന്ന് വേദങ്ങള്‍ ഉദ്ഘോഷിക്കുന്നു.
പരമേശ്വര്‍ജി മൗലികമായി കവിയായിരുന്നു. അതദ്ദേഹത്തിന്‍റെ വിദ്യാഭ്യാസകാലം തൊട്ടേ പ്രഫുല്ലവുമായിരുന്നു. അങ്ങനെയുളള പരമേശ്വര്‍ജിയുടെ ജീവിതം രാഷ്ട്രോന്മുഖമാവുക സ്വാഭാവികമാണ്. അദ്ദേഹത്തിന്‍റെ കവിതകള്‍ അതിനു നിദര്‍ശകങ്ങളാണ്. ഋഷികവിയുടെ വിഭാവനകളാണവ. അതിനാല്‍ അവ മന്ത്രസമാനമാണ്. 'ഉപനിഷത്തുക്കളില്‍ അവയുടെ രചയിതാക്കളുടെ വ്യക്തിത്വം അലിഞ്ഞു ചേര്‍ന്നിരിക്കും. അതിനാല്‍ കൃതിയെയും ഋഷയെയും വേര്‍തിരിച്ചു പഠിക്കുക സാധ്യമല്ല' എന്നിങ്ങനെ ഉപനിഷത്തുക്കളുടെ സന്ദേശം എന്ന കൃതിയില്‍ സ്വാമി രംഗനാഥാനന്ദ നിരീക്കുന്നുണ്ട്. പരമേശ്വര്‍ജിയുടെ കവിതയും ഗാനങ്ങളും ആ നിലയ്ക്ക് മനസ്സിലാക്കുമ്പോള്‍ മാത്രമേ കൂടുതല്‍ ആഴങ്ങളിലേക്കിറങ്ങാനും അനുഭവിക്കാനും അനുധാവനംചെയ്യാനും കഴിയുകയുളളൂ. ഋഷിത്വം ഉച്ചരിച്ചവാക്കുകള്‍ രാഷ്ട്ര ഗീതങ്ങളായി വേദങ്ങളില്‍ മുദ്രപ്പെട്ടതുപോലെ, പരമേശ്വര്‍ജിയുടെ സ്വപ്നങ്ങള്‍ രാഷ്ട്രമാതാവിന്‍റെ അര്‍ച്ചനാഗീതങ്ങളായി. അവകൊണ്ടാണ്, അദ്ദേഹം രാഷ്ട്രദേവതയെ ഉപാസിച്ചത്; അര്‍ച്ചിച്ചത്. അതിനാല്‍ അവ നമുക്ക് 'യജ്ഞപ്രസാദ'മാവുമായിത്തീര്‍ന്നു.
• സവര്‍ക്കറുടെ യാതന
ഹിന്ദു, ഹിന്ദുത്വം, ഹിന്ദുരാഷ്ട്രം എന്നിവയെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ക്ക് കൂടുതല്‍ മിഴിവും ഓജസ്സു നല്‍കിയ ചിന്തകന്‍ കൂടിയായിരുന്നു, വിനായക് ദാമോദര്‍ സവര്‍ക്കര്‍. ബ്രിട്ടീഷുകാരില്‍ നിന്ന് ക്രൂരമായ പീഡനങ്ങള്‍ക്ക് അദ്ദേഹം ഇരയായിരുന്നു.
സവര്‍ക്കറെ കാണാന്‍ ഭാഗ്യം സിദ്ധിച്ചവരില്‍ ഒരാളായിരുന്നു പരമേശ്വര്‍ജി. സവര്‍ക്കറെ സന്ദര്‍ശിച്ച് മടങ്ങിവന്ന ശേഷം, അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകളെക്കുറിച്ചും രാഷ്ടീയത്തെക്കുറിച്ചും വിശദീകരിച്ച് എഴുതിയിരുന്നു, സാമാന്യം ദീര്‍ഘമായിത്തന്നെ. സ്വാതന്ത്ര്യ സമരത്തിന്‍റെ ബലിപീഠത്തില്‍ സവര്‍ക്കര്‍ അനുഭവിച്ച തീഷ്ണ യാതനകളെയും തീവ്ര വേദനകളെയും ഹൃദയം തൊടുന്നവിധം അതില്‍ ആവിഷ്കരിച്ചിരുന്നു. അക്കാലത്ത് രണ്ടു ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച പ്രസ്തുത ലേഖനം, സവര്‍ക്കറുടെ ജയിലനുഭവങ്ങളെക്കുറിച്ചുളള പുസ്തകത്തിന്‍റെ മലയാള വിവര്‍ത്തനത്തിനൊപ്പം ആമുഖമായി നല്‍കിയിട്ടുണ്ട് ( ഇന്തോളജിക്കല്‍ ട്രസ്റ്റ്, കോഴിക്കോട്)
• ആഗോളീകരണത്തിന്‍റെ വിപത്തിനെതിരെ
ആഗോളീകരണത്തെക്കുറിച്ചും അതിന്‍റെ പ്രത്യാഖാതങ്ങളെക്കുറിച്ചും പരമേശ്വര്‍ജിക്ക് തന്‍റേതായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. ഭാരതത്തിന് അത് പുതുമയുളള കാഴ്ചപ്പാടല്ല. ലോകത്തെ ഒരുകിളിക്കൂടായി നാം സങ്കല്പിച്ചു (യത്ര വിശ്വം ഭവത്യേക നീഡം). 'സ്വദേശോ ഭുവനത്രയം' എന്നതായിരുന്നു പ്രാചീന വീക്ഷണം. അതുകൊണ്ട്, ആഗോളീകരണം ഇന്ന് ഒരു യാഥാര്‍ത്ഥ്യമാണെന്നും ആവുന്നത്ര അതിന്‍റെ നന്മകളെ സ്വാംശീകരിക്കുകയാണ് വികസ്വര സമൂഹത്തിനു കരണീയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദേശിയുടെ സാങ്കേതിക ജ്ഞാനത്തെ നാം നമ്മുടെ വികസനത്തിന് വിനിയോഗിക്കുന്നതില്‍ അപാകമില്ല. പക്ഷേ, അവരുടെ ഭക്ഷണം നമ്മുടെ ശീലമാവരുത്. പുറമേനിന്ന് 'ഐസി ചിപ്പുകള്‍' നമുക്ക് സ്വീകരിച്ചുകൊണ്ട്, അവരുടെ പൊട്ടറ്റോ ചിപ്സുകളെ നമുക്ക് ഉപേക്ഷിക്കേണ്ടതുണ്ട്' എന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചു. ആഗോളീകരണത്തിന്‍റെ ആക്രാമികതയില്‍ നിന്നും സനാതനധര്‍മ്മം അതിജീവിക്കേണ്ടതെങ്ങനെയെന്നും അദ്ദേഹം പഠിപ്പിച്ചുതന്നു. മാവേലിക്കര ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ 2013ല്‍ നടന്ന സ്കന്ധപുരാണ യജ്ഞത്തോടനുബന്ധിച്ചു നടന്ന വിജ്ഞാനസദസ്സില്‍ 'സനാതനധര്‍മ്മവും ആഗോളീകരണവും' എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണവും അനുബന്ധ പ്രഭാഷണങ്ങളും ഇത്തരം ആശയങ്ങള്‍ പങ്കുവെക്കുന്നു. പ്രാദേശിക ഭാഷകളുടെയും സംസ്കൃതിയുടെയും മരണം ആഗോളീകരണത്തിന്‍റെ ദൂഷ്യഫലങ്ങളില്‍ അതിപ്രധാനമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഭാരതീയവിചാരകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ ചിങ്ങം ഒന്ന് മലയാള ഭാഷാദിനമായി ആഘോഷിക്കുന്നതിനും ഭാഷ, സംസ്കാരം, ഭക്ഷണം തുടങ്ങിയവയിലെ അന്യവത്ക്കരത്തിനെതിരെ സമൂഹത്തെ ജാഗ്രത്താക്കുന്നതിനും അദ്ദേഹം മുന്‍കൈ എടുത്തു.
• കേരളത്തിന്‍റെ മാറുന്ന മുഖഛായ
കൊട്ടിഘോഷിക്കപ്പെട്ട കേരള മാതൃകയുടെ പൊളളത്തരത്തെയും പോരായ്മകളെയും വസ്തുതകളുടെ പിന്‍ബലത്തില്‍ തുറന്നുകാട്ടാനും കേരളത്തിന്‍റെ സമഗ്രവികസനത്തിന് മാര്‍ഗ്ഗരേഖ തയ്യാറാക്കാനും പരമേശ്വര്‍ജി മുന്‍കൈ എടുത്തു. കേരളത്തിലെ അറിയപ്പെടുന്ന ഗവേഷകരും പണ്ഡിതന്മാരും സാങ്കേതിക വിദഗ്ദ്ധരും പങ്കെടുത്ത 'കേരള വിചാരം സത്രങ്ങള്‍' അക്കാലത്ത് പുതിയ ചുവടുവെയ്പായിരുന്നു. പങ്കെടുത്ത പ്രതിഭകളുടെ രാഷ്ടീയമായിരുന്നില്ല ചര്‍ച്ചകളുടെ മാനദണ്ഡം. കേരളത്തിന് അത്തരം വിഷയനൈപുണികളുടെ അനുഭവപരിചയത്തെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതായിരുന്നു ആലോചന. കേരളത്തിലെ ബുദ്ധിജീവികളുടെയിടയില്‍ ചലനങ്ങളുണ്ടാക്കിയ സംരംഭമായിരുന്നു അത്. അവിടെ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കുകയും ചെയ്തു.
• 'വയറു നിറയെ തെറ്റുകാട്ടിയ വലിയ നേതാവ്'
പരമേശ്വര്‍ജി എഴുതുന്നു:
'Great leader! He made confusion worse confounded to his heart's content'
എന്‍റെ നേര്‍ക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് ശ്രീ ഗുരുജി പറഞ്ഞു. എന്നിട്ട്, അദ്ദേഹത്തിന്‍റെ സഹജമായ ആ ചിരി ഉറക്കെ ചിരിച്ചു.
1948ല്‍ തിരുവനന്തപുരത്താണ് സംഭവം. ശ്രീ ഗുരുജിയുടെ തിരുവനന്തപുരം സന്ദര്‍ശനാവസരത്തില്‍, സംഘ സ്വയംസേവകരുടെ സാമാന്യം വലിയ ഒരു പരിപാടി തൈക്കാട് മൈതാനിയില്‍ സംഘടിപ്പിച്ചിരുന്നു. അന്നു ഞാന്‍ അവിടെ ഓണേഴ്സ് വിദ്യാര്‍ത്ഥിയാണ്. നഗര്‍ മുഖ്യ ശിക്ഷകനെന്ന നിലയ്ക്ക് പരിപാടിയുടെ നടത്തിപ്പ് എന്‍റെ ചുമതലയാണ്.
അന്ന് സംഘത്തെക്കുറിച്ച് ഒരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ ഉഗ്രമായ എതിര്‍പ്പുണ്ടായിരുന്നു. അവര്‍ ഇളക്കിവിട്ടിട്ടാവണം, തിരുവനന്തപുരത്തെ കോളജ് വിദ്യാര്‍ത്ഥികള്‍ പരിപാടി അലങ്കോലപ്പെടുത്താന്‍ തീരുമാനിച്ചുകൊണ്ട് ഒരു പ്രതിഷേധ ജാഥയായി തൈക്കാടു മൈതാനിയിലേക്കു നീങ്ങി.
പരിപാടി ആരംഭിച്ചു. കായികവ്യായാമങ്ങളാണ്. നിശ്ചയിച്ച ക്രമത്തിനവ മുന്നോട്ട് നീങ്ങുകയാണ്. അപ്പോഴേക്കും മൈതാനത്തിനടുത്തെത്തിയ പ്രകടനക്കാരുടെ ഉഗ്രമായ 'ഗോള്‍വള്‍ക്കര്‍ ഗോബാക്കും' പതിഷേധ ശബ്ദങ്ങളും. ഞാനല്പം അന്തം വിട്ടുപോയി. കൊടുക്കുന്ന ഓര്‍ഡറുകള്‍ മുറതെറ്റി. ചിലവ മറന്നുപോയി. അപ്പോഴെല്ലാം അക്ഷോഭ്യനായി എല്ലാം വീക്ഷിച്ചുകൊണ്ടിരുന്ന ശ്രീ ഗുരുജി പ്രശാന്തനായി എല്ലാം തിരുത്തിക്കൊണ്ടിരുന്നു.
അടുത്തത് ശ്രീ ഗുരുജിയുടെ പ്രഭാഷണമാണ്. ശാന്ത ഗംഭീരനായി അദ്ദേഹം എഴുന്നേറ്റു നിന്നു. സ്വയം സേവകരെയും സദസ്സിനെയും അഭിസംബോധന ചെയ്തു. പ്രകടനക്കാരുടെ ബഹളം നിയന്ത്രണാതീതമായി. ശ്രീ ഗുരുജിയെക്കൊണ്ട് പ്രസംഗിപ്പിക്കരുതെന്നാണവരുടെ നിര്‍ബന്ധം. അവരെ തടഞ്ഞു നിറുത്തിയിരുന്ന സ്വയംസേവകരുടെ വലയം ഭേദിച്ച് അവര്‍ മൈതാനിയിലേക്കു തളളിക്കയറി. ശ്രീ ഗുരുജിയുടെ നേര്‍ക്ക് മുഷ്ടി ചുരുട്ടിക്കൊണ്ട് നീങ്ങി. അപ്പോഴേക്കും അതുവരെ സംയമനം പാലിച്ചുനിന്ന രക്ഷകന്മാര്‍, ദണ്ഡകളുമായി അവരെ നേരിട്ടു. അല്പനേരത്തേക്ക് ഉഗ്രമായ സംഘട്ടനത്തിന്‍റെ ശബ്ദം! പക്ഷേ, അപ്പോഴെല്ലാം യാതൊന്നും സംഭവിക്കാത്തതുപോലെ, അക്ഷോഭ്യനായി ശ്രീ ഗുരുജി പ്രസംഗിക്കുകയാണ്. സംഘട്ടനം അവസാനിപ്പിച്ച്, കിട്ടിയതും വാങ്ങിക്കൊണ്ട് പ്രകടനക്കാര്‍ നാനാവഴിക്കും ഓടി. അന്തരീക്ഷം വീണ്ടും ശാന്തമായി. അപ്പോഴും ശ്രീ ഗുരുജിയുടെ പ്രസംഗത്തിലെ ഏകാഗ്രത അണുവിട തെറ്റിയില്ല. ഒരു മണിക്കൂര്‍ നീണ്ടുനിന്ന ആ പ്രഭാഷണത്തില്‍ ഗുരുജി പറയേണ്ടതെല്ലാം നിര്‍വിഘ്നം പറഞ്ഞുതീര്‍ത്തു.
അന്നു രാത്രി, പതിവുപോലെ നടന്ന ശിക്ഷകന്മാരുടെ ബൈഠക്കില്‍ വെച്ചാണ്, എന്നെ കണക്കിനു പരിഹസിച്ചുകൊണ്ട്, എന്നാല്‍ സ്നേഹമസൃണമായ ഭാഷയില്‍ ശ്രീ ഗുരുജി പറഞ്ഞത്: 'വലിയ നേതാവ്! അന്തംവിട്ട് വയറുനിറയെ തെറ്റുകാട്ടി, കുഴപ്പം കൂടുതലാക്കി' (പി. പരമേശ്വരന്‍, ബാഷ്പ പുഷ്പാഞ്ജലി, കേസരി വാരിക, ജൂണ്‍ 17, 1973)
1948 ജനുവരി 28നായിരുന്നു ശ്രീ ഗുരുജിയുടെ തിരുവനന്തപുരം സന്ദര്‍ശനം. ഗുരുജിയുടെ നിര്യാണത്തെത്തുടര്‍ന്ന് പരമേശ്വര്‍ജി അദ്ദേഹത്തിന്‍റെ സന്ദര്‍ശനവും തുടര്‍ന്നുണ്ടായ സംഭവങ്ങളെയും അനുസ്മരിച്ചെഴുതിയ കുറിപ്പ് വസ്തുതകളെന്തെന്ന് വ്യക്തമായി പറയുന്നു. ഈ സംഭവത്തെക്കുറിച്ച് അന്തരിച്ച പ്രസിദ്ധ കവി ഓഎന്‍വിക്കുറുപ്പും എഴുതിയിട്ടുണ്ട്.
'ഗാന്ധിജി വെടിയേറ്റ് മരിക്കുന്നതിന് ഒരാഴ്ച മുമ്പ് തിരുവനന്തപുരം തൈക്കാട് മൈതാനിയില്‍ ആര്‍എസ്സ്എസ്സിന്റെ ഒരു യോഗം നടക്കുന്നു. ഗുരുജി ഗോള്‍വാള്‍ക്കര്‍ ആണ് പ്രഭാഷകന്‍. ദേശീയ ഐക്യത്തേയും സ്വാതന്ത്ര്യത്തേയും കുറിച്ച് അദ്ദേഹം എന്ത് പറയുന്നു എന്ന് കേള്‍ക്കാന്‍ കോളേജില്‍ നിന്ന് ഞാനുള്‍പ്പെടെ ഒരു ചെറിയ സംഘം തൈക്കാട്ടേക്ക് പോയി.
ഗോള്‍വാക്കര്‍ അതിനിശിതമായി ഗാന്ധിജിയെ വിമര്‍ശിച്ച് സംസാരിക്കുന്നു. എന്റെ ഓര്‍മ്മശരിയാണെങ്കില്‍ മലയാറ്റൂരും കരുനാഗപ്പള്ളി കാര്‍ത്തികേയനും യോഗാനന്തരം ചില ചോദ്യങ്ങള്‍ ഗോള്‍വാക്കറോട് ചോദിച്ചു ‘ ശാന്തമായി മറുപടി പറയുന്നതിന് പകരം അയാള്‍ ഞങ്ങളെ തല്ലാന്‍ മൗനാനുവാദം നല്‍കുകയാനുണ്ടായത്. യോഗത്തിലുണ്ടായിരന്നവര്‍ ഞങ്ങളെ തല്ലാന്‍ തുടങ്ങി. ഞങ്ങളും തിരിച്ചവരെ തല്ലി. രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം കോളേജില്‍ നിന്ന് ഹോസ്റ്റലില്‍ എത്തിയപ്പോഴാണ് ഗാന്ധിജി വെടിയേറ്റു മരിച്ച വിവരം അറിയുന്നത്.
കനത്ത ദു:ഖത്തോടെ തൈക്കാട് മൈതാനത്തിന് സമീപത്ത് കൂടെ ഞങ്ങള്‍ നടന്ന് പോകുമ്പോള്‍ അതിനടുത്ത് ഒരു ആര്‍എസ്സ്എസ്സുകാരന്റെ വീട്ടില്‍ മധുര പലഹാരം വിതരണം ചെയ്യുന്നത് കണ്ട് അക്രമത്തിന് തുനിഞ്ഞ ഞങ്ങളെ വരദരാജന്‍ നായര്‍ സമാധാനിപ്പിച്ച് കറുത്ത ബാഡ്ജ് ധരിപ്പിച്ച് ഒരു മൗന ജാഥയാക്കി മാറ്റി. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും ഗോള്‍വാക്കരുടെ പ്രസംഗവും മധുര പലഹാര വിതരണവും എന്റെ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയായി അവശേഷിക്കുന്നു' (കലാകൗമുദി 1991 ഫെബ്രുവരി 10).
ഈ കുറിപ്പില്‍ ഓഎന്‍വി പറയുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍ പില്‍ക്കാലത്തും അറിയപ്പെടുന്ന കമ്യൂണിസ്റ്റായിരുന്നു. മരണം വരെ അദ്ദേഹം മറ്റൊരു പ്രത്യയശാസ്ത്രത്തെയും പുല്‍കിയില്ല. അദ്ദേഹവും ഒരിക്കല്‍ തൈക്കാട്ട് സംഭവത്തെക്കുറിച്ച് എഴുതിയിരുന്നു. പക്ഷേ, ഓഎന്‍വിയുടേതില്‍ നിന്നും വ്യത്യസ്തമാണ് അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍.
'ഓര്‍മ്മകളുടെ ആല്‍ബം തുറക്കുമ്പോള്‍' എന്ന പേരില്‍ 1997 മെയ് 18 ഞായറാഴ്ച മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു: 'ലാകോളേജില്‍ പഠിക്കുന്ന കാലത്ത് ആര്‍എസ്സ്എസ്സിന്‍റെ ഒരു ജാഥ തകര്‍ക്കാന്‍ ഞങ്ങള്‍ പോയി. തൈക്കാട് പോലീസ് മൈതാനിയിലായിരുന്നു ജാഥ. ആര്‍എസ്സ്എസ്സ് നേതാവ് ഗോള്‍വള്‍ക്കറിനെതിരെ ഞങ്ങള്‍ മുദ്രാവാക്യം വിളിച്ചു ചെന്നതും അടിപൊട്ടി. പരപരാ അടി. വയ്യാത്ത ഞാന്‍ പോലും മതിലുചാടി ഓടിക്കളഞ്ഞു. നന്നായി അടികിട്ടി'.
അടികൊണ്ടോടിയ മലയാറ്റൂരിനെയും കൂട്ടുകാരെയും ഐജി ചന്ദ്രശേഖരന്‍ നായര്‍ പിടികൂടി ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയി ഒരുരാത്രി ഇരുത്തി.
'എനിക്കാകെ പേടിയായി. പത്രത്തില്‍ വായിച്ച് അച്ഛനെങ്ങാനുമറിഞ്ഞാലോ.? അടുത്ത ദിവസം ആശുപത്രിയില്‍ നിന്നിറങ്ങിയപ്പോള്‍ വീണേടം വിദ്യയാക്കാമെന്നായി. മുറിവൊക്കെ ബാന്‍റേജിട്ടു കെട്ടി സഹതാപം നേടാനായിശ്രമം'.
മൂന്നു പേരുടെ ഈ വിവരണങ്ങളില്‍ നിന്നും ആരാണ് വസ്തുതകളെ വളച്ചൊടിക്കുന്നതെന്ന് വായനക്കാര്‍ക്ക് തീര്‍ച്ചയായും ഗ്രഹിക്കാം.
ഈ സംഭവം നടന്ന് രണ്ടു ദിവസത്തിനു ശേഷം, അതായത് ജനുവരി മുപ്പതിന്, മഹാത്മാ ഗാന്ധിയെ ആരോ വെടിവെച്ചുവെന്ന വര്‍ത്തമാനം റേഡിയോയിലൂടെ പുറത്തു വന്നു. വാര്‍ത്ത വന്നശേഷം അധികം വൈകാതെ പതിനഞ്ചോളം വരുന്ന വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യങ്ങളോടെ അക്രമാസക്തരായി പുളിമൂടു ജംങ്ഷന്‍ വഴി നീങ്ങി. 'ഗാന്ധിയുടെ രക്തത്തിന് ആര്‍എസ്സ്എസ്സ് ഉത്തരം പറയണം' എന്നായിരുന്നു അവരുടെ അലര്‍ച്ച. എന്നാല്‍ ഈ പ്രകടനം നടക്കുന്ന സമയത്ത് ഗാന്ധിജി മരിച്ചതായി പ്രഖ്യാപനം വന്നിരുന്നില്ല. വളരെ വൈകി മാത്രമാണ് ആ മരണ വൃത്താന്തം പുറത്തു വന്നത്.! എന്നിട്ടും അവര്‍ ഗാന്ധി വധത്തിന്‍റെ ഉത്തരവാദിത്തം ആര്‍എസ്സ്എസ്സിന്‍റെ തലയില്‍ കെട്ടിവെച്ചു.
അക്രമാസക്തമായ ആ പ്രകടനത്തെക്കുറിച്ചും മലയാറ്റൂര്‍ തന്‍റെ ഓര്‍മ്മക്കുറിപ്പില്‍ പറയുന്നുണ്ട്. 'മഹാത്മാഗാന്ധിയുടെ വധത്തിന്‍റെ ഉത്തരവാദിത്തം ആര്‍എസ്സ്എസ്സിന്‍റെ തലയില്‍ കെട്ടിവെച്ച് തിരുവനന്തപുരം നഗരത്തില്‍ പ്രകടനം നടത്താന്‍ തീരുമാനമെടുത്തത് പേട്ടയിലെ കൗമുദി ഓഫീസില്‍ ചേര്‍ന്ന കമ്യൂണിസ്റ്റു സഹയാത്രികരായിരുന്നു' എന്നാണ് മലയാറ്റൂരിന്‍റെ വെളിപ്പെടുത്തല്‍.
• ഹൃദയത്തിലെ ഗാന്ധി ഭാരതീയ ദാര്‍ശനിക സത്തയുടെ രാജനൈതിക മാര്‍ഗ്ഗരേഖയായിരുന്നു (മാനിഫെസ്റ്റോ) ഏകാത്മമാനവ ദര്‍ശനം അഥവാ Integral Humanism. ഏകാത്മമാനവ ദര്‍ശനത്തിന് അനുപൂരകമോ അനുബന്ധമോ ആയി ഗാന്ധിയന്‍ വീക്ഷണങ്ങളെ സ്വാംശീകരിക്കാമെന്നും
പരമേശ്വര്‍ജി വിശദീകരിക്കുന്നു. ഗാന്ധിയന്‍ ദര്‍ശനത്തിന് എന്തെല്ലാം പോരായ്മകളുണ്ടായാലും അത് ഭാരതീയതയുടെ ഊര്‍ജ്ജത്തെ ഉള്‍ക്കൊളളുന്നതാണ്. ഇന്ന് 'മതേതരത്വ'മെന്ന് വിശേഷിപ്പിക്കുന്ന അതേ അര്‍ത്ഥത്തില്‍ത്തന്നെയാണ് 'ഹിന്ദു' ശബ്ദത്തെ മഹാത്മാഗാന്ധി ഉപയോഗിക്കുന്നത്. കേവല മതാടിസ്ഥാനത്തിലുളളതല്ല അദ്ദേഹം വിശദീകരിക്കുന്ന 'രാമരാജ്യം'. അത് ക്ഷേമരാഷ്ട്രത്തെക്കുറിക്കുന്ന ഭാരതീയമായ വ്യവക്ഷയാണ്. ത്യാഗവും സേവനവും അഹിംസയും ധാര്‍മ്മികതയും ഭാരതീയമൂല്യമായി ഗാന്ധി ലോകത്തെ പഠിപ്പിച്ചു. രാഷ്ടീയ സ്വയംസേവക്സംഘവും ഇത്തരം മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊളളുന്നു. അതിനാല്‍ എതിരാളികള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതുപോലെ, ചില വിയോജിപ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും, മഹാത്മാഗാന്ധി ഒരിക്കലും സംഘത്തിന്‍റെ ശത്രുവായിരുന്നില്ല.
ഗാന്ധി വധത്തിന്‍റെ പാപഭാരം ദുഷ്ടബുദ്ധികള്‍ സംഘത്തിനുമേല്‍ കെട്ടിവെക്കുകവഴി, സംഘത്തിന്‍റെ വളര്‍ച്ചയില്‍ ഇടക്കാലത്ത്
ഇടര്‍ച്ച സംവഭിച്ചുവെന്നതും അദ്ദേഹം മറയ്ക്കുന്നില്ല. ഗാന്ധിജിയുടെ ഹിന്ദു സ്വരാജിന്‍റെ ശതാബ്ദിയാഘോഷിക്കാന്‍ സംഘപ്രസ്ഥാനങ്ങളേയുണ്ടായിരുന്നുളളൂ. ഭാരതീയവിചാരകേന്ദ്രത്തിന്‍റെ സ്ഥാനീയ തലം മുതല്‍ ആ കൃതിയെക്കുറിച്ച് പഠിക്കാന്‍ അദ്ദേഹം നിര്‍ദ്ദശിച്ചു.
• സഫലമീയാത്ര
'കമ്യൂണിസ്റ്റു പാര്‍ട്ടി കേരളത്തില്‍ നിയമവിധേയമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് 1942ലാണ്. ഏതാണ്ട് അതേ കാലത്തുതന്നെ ചിലയിടങങളില്‍ ആര്‍എസ്സ്എസ്സും രൂപപ്പെട്ടുതുടങ്ങിയിരുന്നു. രണ്ടിന്‍റെയും പ്രപഞ്ചവീക്ഷണങ്ങള്‍ തമ്മില്‍, പ്രായോഗിക രാഷ്ടീയങ്ങള്‍ തമ്മില്‍, സംഘടിത പ്രവര്‍ത്തനങ്ങള്‍ തമ്മില്‍ നിരന്തരം ഏറ്റുമുട്ടി. ഫലമോ.? കേരളത്തിലെ ഏറ്റവും വലിയ രാഷ്ടീയ പ്രസ്ഥാനമാണ് കമ്യൂണിസ്റ്റുകാരുടെത്. ആര്‍എസ്സ്എസ്സാകട്ടെ ചിലയിടങ്ങളില്‍ പ്രാദേശികമായിമാത്രം നിലനില്‍ക്കുകയാണ്. ഈ അരനൂറ്റാണ്ടിനിടയ്ക്ക് ഒരൊറ്റ എംഎല്‍എയെപ്പോലും അവര്‍ക്കു കിട്ടിയില്ല; എംപിയുടെ കാര്യം പറയാനുമില്ല' - കോഴിക്കോട് ദര്‍ശന സംവാദത്തില്‍ ഇഎംഎസ്സ് അവകാശപ്പെട്ടു. അദ്ദേഹം തുടര്‍ന്നു: 'കേരളത്തില്‍ മാത്രമല്ല, പശ്ചിമബംഗാളിലും ത്രിപുരയിലും ഏറ്റവും വലിയ രാഷ്ടീയ പ്രസ്ഥാനം കമ്യൂണിസ്റ്റുകാരുടെതാണ്. അതായത്, മൂന്നു സംസ്ഥാനങ്ങളില്‍ കമ്യൂണിസ്റ്റുകാര്‍ക്കുളള സ്ഥാനം, ഇന്ത്യയില്‍ ഒരിടത്തും ആര്‍എസ്സ്എസ്സിനോ അതിന്‍റെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ബിജെപിക്കോ ഈ പദവിയില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല'.
ഇഎംഎസ്സിന്‍റെ ഈ അഭിപ്രായമനുസരിച്ച് ഒരു പ്രത്യയശാസ്ത്രത്തിന്‍റെ വിജയം നിശ്ചയിക്കുന്നത് അധികാരവും പാര്‍ലമെന്‍ററി വിജയങ്ങളുമാണ്. ആ നിലയ്ക്ക് ഏറ്റവും വിജയം വരിച്ച ജീവിതമാണ് പരമേശ്വര്‍ജിയുടേത്. ഭാരതത്തിലുടനീളം അദ്ദേഹം സഞ്ചരിച്ചതും പ്രവര്‍ത്തിച്ചതും ദേശീയാശയങ്ങളുടെ ജനകീയവത്കരണത്തിനായിരുന്നു. ഹൈന്ദവ ഏകീകരണത്തിനായിരുന്നു. അതേ പ്രത്യയശാസ്ത്രം പേറുന്നവര്‍ ഇപ്പോള്‍ തുടര്‍ച്ചയായി രാജ്യത്ത്
അധികാരം നേടുയും ചെയ്യുന്നു. എന്തിന്, താന്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ച, തട്ടകമായി നാല്പതാണ്ടു കഴിച്ചുകൂട്ടിയ
തിരുവനന്തപുരത്ത് നിയമസഭാ സാമാജികനായി ദേശീയതയുടെ തണലില്‍ നിന്നൊരാള്‍ വിജയിച്ചു വന്നത് പരമേശ്വര്‍ജിയുടെ ജീവിതത്തെ സാക്ഷിയാക്കിയാണ്.
• ഫലശ്രുതി
തിരുവനന്തപുരത്ത് ഏതാനും വര്‍ഷം മുമ്പ് ഭാരതത്തിന്‍റെ ഉപരാഷ്ട്രപതി വിവേകാനന്ദ പ്രതിമ അനാച്ഛാദനം ചെയ്തപ്പോള്‍ പാര്‍ട്ടി വിലക്കുകാരണം മേയര്‍ ചന്ദ്രിക പങ്കെടുക്കാതെ മാറിനിന്നു.
കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിന് അതിന്‍റെ നിര്‍മ്മാണ വേളയില്‍ ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാന സര്‍ക്കാരുകളും സാമ്പത്തിക സഹായം നല്‍കിയപ്പോള്‍, നല്‍കാതിരുന്ന ഒരേയൊരു സംസ്ഥാനം കേരളമായിരുന്നു.
സ്വാമി വിവേകാനന്ദനെയും ചട്ടമ്പി സ്വാമികളെയും ശ്രീനാരായണ ഗുരുവിനെയുമൊക്കെ 'കാഷായം ചുറ്റിയ കാപട്യ'ക്കാരെന്നും 'ബൂര്‍ഷ്വാ സന്യാസി'യെന്നും മറ്റും വിളിച്ചാക്ഷേപിക്കുകയും,
അയ്യന്‍കാളിയെപ്പോലുളളവരെ തമസ്കരിക്കുകയും, നേതാജിയെപ്പോലുളളവരെ 'ജപ്പാന്‍കാരുടെ കാല്‍നക്കി'യെന്നു വിളിക്കുകയും ചെയ്തവരാണ് ഇവിടുത്തെ ഇടതു പുരോഗമനപക്ഷമെന്നവകാശപ്പെടുന്നവര്‍. 'ചുരുങ്ങിയപക്ഷം ഇടതു വിദ്യാര്‍ത്ഥി / യുവജന സംഘടകള്‍ അവരുടെ പാര്‍ട്ടി പരിപാടികളുടെ ഫ്ലക്സുകളിലും പോസ്റ്ററുകളിലും ഈ നേതാക്കളുടെയും ആത്മീയാചാര്യന്മാരുടെയും ചിത്രങ്ങള്‍ പതിക്കാന്‍ തയ്യാറായതിനു കാരണം ഈഎംഎസ്സിന്‍റെ നിലപാടിന്‍റെ വിജയമല്ല, മറിച്ച്, പി. പരമേശ്വരനാണതിനു കാരണ'മെന്ന് ഇടതു ബുദ്ധിജീവികള്‍ മര്യാദയില്ലാത്ത ഭാഷയില്‍ പരമേശ്വര്‍ജിയെ ആക്ഷേപിച്ച സന്ദര്‍ഭത്തില്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകനും യോഗനാദം ദ്വൈവാരികയുടെ പത്രാധിപരുമായ ആര്‍. വി. വിജയറാം വജ്രം എന്നപേരില്‍ എഴുതിയിരുന്ന തന്‍റെ പംക്തിയില്‍ തുറന്നെഴുതി.
• ഹരികുമാര്‍ ഇളയിടത്ത്
Comments
Post a Comment