ആമചാടിത്തേവന്‍ | Notes


ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍പ്പെട്ട ക്ഷേത്രങ്ങളുടെ നാടെന്നറിയപ്പെടുന്ന പെരുമ്പളം ദ്വീപാണ്‌ തേവണ്റ്റെ ജന്‍മസ്ഥലം. ൧൯൬൮ വരെ ജീവിച്ചിരുന്നിരുന്ന തേവന്‍റെ ജനനത്തിയതിയെപ്പറ്റി വ്യക്തമായ രേഖകളില്ല. പെരുമ്പളത്തുനിന്നും പത്തുമിനിട്ട്‌ ബോട്ടില്‍ യാത്രചെയ്താല്‍ എറണാകുളം വൈക്കം റോഡ്‌ കടന്നുപോകുന്ന പൂത്തോട്ടയിലെത്താം. കോട്ടയം, ആലപ്പുഴ, എറണാകുളം, എന്നീ ജില്ലകളുടെ സംഗമസ്ഥാനമാണ്‌ പൂത്തോട്ട. വിനയധികാരിയായ തേവന്‍റെ യാത്രയും ഈ വഴിയായിരുന്നു. കണ്ണന്‍റെയും കാളിയുടേയും മകനായ്‌ പിറന്ന തേവന്‌ നാലുവയസ്സുള്ളപ്പോള്‍തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ടു.

പകലന്തിയോളം വെയിലേറ്റു പൊള്ളിയ മനസ്സുമായി രണ്ടോ മൂന്നോ കൂലിയാന്‍ നെല്ലിനുവേണ്ടി കൂലിപ്പടിക്കല്‍ നൊന്തുനരച്ച കീഴാളര്‍ക്കിടയില്‍ ആരോരുമില്ലാത്ത കുട്ടിയായ തേവന്‌ എന്തുപറ്റി എന്നുള്ളത്‌ അത്ഭൂതമെന്നേ പറയേണ്ടൂ. പെരുമ്പളം ദ്വീപില്‍ ഭൂരിപക്ഷവും നായര്‍ കുടുംബങ്ങളായിരുന്നു. അക്കാലത്തെ പ്രശസ്തമായ നായര്‍ തറവാടായിരുന്നു കണ്ണേത്തുവീട്‌. കണ്ണേത്തുവീട്ടിലെ ഗൃഹനാഥ അച്ചുക്കുട്ടിയമ്മ ബന്ധുക്കളുടെ എതിര്‍പ്പുകള്‍ വകവയ്ക്കാതെ തേവനെ വീട്ടിലേയ്ക്ക്‌ കൂട്ടിക്കൊണ്ടുപോന്നു. സ്വന്തം മക്കള്‍ക്കൊപ്പം അവനെ വളര്‍ത്തി. അവിടെ നിന്നാണ്‌ തേവന്‍ എഴുത്തും വായനയും പഠിച്ചതും. തേവന്‍ വളര്‍ന്നു. അവന്‍ ജാതി ചിന്തയുടെ ദുര്‍ഗന്ധം വമിക്കുന്ന സമൂഹത്തിലേയ്ക്ക്‌ ഇറങ്ങിനടന്നു. ഈ കാലത്ത്‌ ധാരാളം വായിക്കാനുള്ള സൗകര്യം തേവനുണ്ടായി. അത്‌ നെറികേടുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുവാനുള്ള ഊര്‍ജ്ജമായി തേവനില്‍ നിറഞ്ഞു. കണ്ണേത്തുവീടിന്‌ ഭാവിയില്‍ ഒരു കളങ്കമായി നിലകൊള്ളാന്‍ ആഗ്രഹിക്കാത്ത അദ്ദേഹം അവിടുത്തെ ധന്യയായ അമ്മയോട്‌ യാത്രപറഞ്ഞിറങ്ങി.

പിന്നീട്‌ പൊന്നാച്ചിയെ വിവാഹം കഴിച്ച്‌ ആമചാടിത്തുരുത്തില്‍ താമസമാക്കി. പെരുമ്പളത്തിനും പൂത്തോട്ടയ്ക്കുമിടയില്‍ വേമ്പനാട്ടുകായലില്‍ ചിന്നിച്ചിതറിക്കിടക്കുന്ന ആറേഴു തുരുത്തുകളില്‍ പ്രധാനപ്പെട്ട ദ്വീപാണ്‌ ആമചാടിത്തുരുത്ത്‌. പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രത്തിന്‍റെ പ്രതിഷ്ഠയ്ക്കുശേഷം ഒരിക്കല്‍ ശ്രീനാരായണഗുരു എത്തിയപ്പോള്‍ തേവനെ അരികില്‍വിളിച്ച്‌ കല്‍ക്കണ്ടവും മുന്തിരിങ്ങയും കൊടുത്ത്‌ ഉപദേശങ്ങള്‍ നല്‍കി അനുഗ്രഹിച്ചു. അത്‌ തേവന്‍റെ പ്രതീക്ഷകള്‍ക്ക്‌ പിന്‍ബലമായി. തനി ഗാന്ധനിയനായിരുന്ന തേവന്‍റെ പ്രവര്‍ത്തനങ്ങള്‍ ഒരു വിഭാഗം സവര്‍ണ്ണരെ അലോസരപ്പെടുത്തി. ഒരു ദിവസം പൂത്തോട്ട കടത്തുവഞ്ചിയിലിരിക്കെ അദ്ദേഹത്തിന്‍റെ വെളുത്ത വസ്ത്രങ്ങളിലേയ്ക്ക്‌ അവര്‍ ചളിവാരിയെറിഞ്ഞു. അതുകൊണ്ടൊന്നും തേവന്‍ ഭയന്നില്ല. അയാള്‍ ഒറ്റയാള്‍ വിപ്ളവകാരിയെപ്പോലെ നിഷേധത്തിന്‍റെയും തിരസ്ക്കാരത്തിന്‍റെയും കരുത്തോടെ നിരന്തരം സവര്‍ണ്ണാധിപത്യത്തിനെതിരെ ശ്രേഷ്ഠമായി കലഹിച്ചു. ഇതിനിടയില്‍ ചില സവര്‍ണ്ണര്‍ തേവനെതിരെ ഒരു കള്ളക്കേസും കൊടുത്തു. ഇന്‍സ്പെക്ടറും കുറച്ചു പോലീസുകാരും ആമചാടിത്തുരുത്തിലെത്തി. തലേ ദിവസത്തെ മഴയുടെ തിമിര്‍പ്പില്‍ കുടിലിനുള്ളിലേയ്ക്ക്‌ ചോര്‍ന്നൊലിച്ചു നനഞ്ഞ പുസ്തകങ്ങള്‍ ഒരു തഴപ്പായിട്ട്‌ ഉണക്കുകയായിരുന്നു തേവനപ്പോള്‍. പോലീസുകാരുടെ വരവില്‍ ഒട്ടും പരിഭ്രമിക്കാതെ ഇറയത്ത്‌ ഒരു പായ വിരിച്ചിട്ട്‌ അവരോട്‌ ഇരിക്കുവാന്‍ പറഞ്ഞു. വായനയില്‍ കമ്പമുണ്ടായിരുന്ന ഇന്‍സ്പെക്ടറുടെ കണ്ണ്‌ പുസ്തകങ്ങളിലേക്കായിരുന്നു.

ശ്രീനാരായണ കൃതികള്‍, കുമാരനാശാന്‍റെ കവിതകള്‍, ഉള്ളൂരിന്‍റെ കവിതകള്‍, ഭഗവത്‌ ഗീത, ബൈബിള്‍ തുടങ്ങി വരേണ്യരെന്ന്‌ അഭിമാനിക്കുന്ന പലരും വായിച്ചിട്ടില്ലാത്ത പുസ്തകങ്ങള്‍ നിരന്നു കിടക്കുന്നു. അത്ഭുതത്തോടെ നിന്നുപോയ പോലീസ്‌ ഉദ്യോഗസ്ഥന്‌ പരാതിയുടെ പൊള്ളത്തരം പിടികിട്ടിയിട്ടായിരിക്കും ആമചാടിത്തേവനോട്‌ വിവരങ്ങള്‍ പറഞ്ഞ്‌ ഉടനെതന്നെ മടങ്ങി. പിന്നീട്‌ പരാതിക്കാരനെ കയ്യോടെ പിടികൂടിയെന്നുള്ളത്‌ ഇന്നും കൗതുകത്തോടെ മക്കള്‍ ഓര്‍മ്മിക്കുന്നു. വൈകാതെ മഹാത്മ ഗാന്ധിയുടെ അയിത്തോച്ചാടന സമര പ്രക്ഷോഭങ്ങളുടെ അലയടികള്‍ തിരുവിതാംകൂറിലേയ്ക്കും പടര്‍ന്നു. വൈക്കം സത്യാഗ്രഹപ്രചരണത്തിന്‍റെ ഭാഗമായി നേതാക്കള്‍ തിരുവിതാംകൂറില്‍ ഇരുപത്തിനാലുദിവസത്തെ പര്യടനത്തിനുശേഷം ൧൯൨൪ ല്‍ വൈക്കത്ത്‌ എത്തിച്ചേര്‍ന്നു. ഇതിനിടയില്‍ പൂത്തോട്ടയില്‍വച്ച്‌ ടി. കെ. മാധവന്‍ ആമചാടിത്തേവനെ കണ്ടുമുട്ടി. അത്‌ മറ്റൊരു സമര സന്നാഹത്തിന്‍റെ തമരിന്‌ തീ കൊളുത്തി. പൂത്തോട്ട ശിവക്ഷേത്രത്തലേയ്ക്ക്‌ ആമചാടിത്തേവനും ടി.കെ. മാധവനും ഓടിക്കയറി. രണ്ടുപേരെയും പോലിസ്‌ അറസ്റ്റ്‌ ചെയ്ത്‌ പൊതിരെ തല്ലി. ഇത്‌ വൈക്കം സത്യാഗ്രഹത്തിന്‍റെ ട്രയല്‍ റണ്‍ ആയിരുന്നിരിക്കാം. ൧൯൨൪ മാര്‍ച്ച്‌ ൩൦ ന്‌ ആരംഭിച്ച വൈക്കം സത്യാഗ്രഹത്തില്‍ ആദ്യം മുതല്‍തന്നെ തേവനുമുണ്ടായിരുന്നു. കെ. പി. കേശവമേനോന്‌ തേവനോട്‌ ഒരു പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നു.

അതുകൊണ്ടായിരിക്കാം മഹാത്മജിക്ക്‌ തേവനെ പരിചയപ്പെടുത്തിക്കൊടുത്തത്‌. മദ്യപിക്കരുതെന്നും ഹരിജനങ്ങളെ മദ്യപാന ശീലത്തില്‍ നിന്നും പിന്‍തിരിപ്പിക്കണമെന്നും വൃത്തിയുള്ള വസ്ത്രം ധരിക്കണമെന്നും ഓലകൊണ്ടുള്ള ആഭരണം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കണമെന്നും (അന്നത്തെക്കാലത്ത്‌ ദളിതര്‍ ഓലകൊണ്ടുള്ള ഒരുതരം ആഭരണം ഉപയോഗിച്ചിരുന്നു.) ഗാന്ധിജി തേവനെ അടുത്തുവിളിച്ചിരുത്തി ഉപദേശിച്ചു. മഹാത്മജിയുടെ വാക്കുകള്‍ സാരോപദേശം പോലെയാണ്‌ തേവന്‌ അനുഭവപ്പെട്ടത്‌. തീണ്ടല്‍പ്പലകയുടെ അതിര്‍ത്തി ലംഘിച്ച്‌ നടന്നുപോകാന്‍ ഒരുമ്പെട്ട കുഞ്ഞാപ്പി, ബാഹുലേയന്‍, ഗോവിന്ദപണിക്കര്‍ എന്നിവര്‍ അറസ്റ്റുചെയ്യപ്പെടുമ്പോള്‍ മഹാത്മാഗാന്ധിക്ക്‌ ജയ്‌ വിളിച്ചുകൊണ്ടു നിന്ന സമരക്കാരില്‍ ഒരാള്‍ തേവനായിരുന്നു. ഒരു ദിവസം സത്യാഗ്രഹപന്തലില്‍നിന്നും വൈകി മടങ്ങിയ ആമചാടിത്തേവനെ ഇണ്ടന്‍തുരുത്തി നമ്പ്യാതിരിയുടെ ഗുണ്ടകള്‍ പിടിച്ചു നിര്‍ത്തി കണ്ണിലേയ്ക്ക്‌ ചുണ്ണാമ്പും കമ്മട്ടിപ്പാലും ചേര്‍ന്ന മിശ്രിതം ഒഴിച്ചു. പാലക്കുഴ രാമനിളയതിന്‍റെയും കണ്ണില്‍ ഇതേ മിശ്രിതമാണ്‌ ഒഴിച്ചത്‌. ചുണ്ണാമ്പിനൊപ്പം കമ്മട്ടിപ്പാലും ഉണ്ടായിരുന്നെന്ന്‌ ബോദ്ധ്യപ്പെട്ടത്‌ കേസരിയുടെ ലേഖനത്തില്‍ നിന്നാണ്‌. നേതാക്കള്‍ക്കൊപ്പം അറസ്റ്റുചെയ്യപ്പെട്ട ആമചാടിത്തേവനെ കോട്ടയം ജയിലിലേയ്ക്ക്‌ കൊണ്ടുപോയി. ജയിലിലെ ക്രൂരമര്‍ദ്ദനവും കാഴ്ചയുടെ മങ്ങലും തേവനെ ആരോഗ്യപരമായി തളര്‍ത്തിക്കളഞ്ഞു. ഇക്കാലമത്രയും തേവന്‍റെ കൂട്ടുകാരി പൊന്നാച്ചിയും കുട്ടികളും വൈക്കം ആശ്രമത്തിലാണ്‌ താമസിച്ചിരുന്നത്‌.

ജയില്‍വാസത്തിനുശേഷം ആമചാടിത്തുരുത്തിലെത്തിയ തേവനും കുടുംബത്തിനും സ്വന്തം കുടിലിന്‍റെ അവശിഷ്ടംപോലും അവിടെ കാണാനായില്ല. വിവരമറിഞ്ഞ ടി. കെ. മാധവന്‍ തേവനെ സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്‍റെ ശ്രമഫലമായി ഒരേക്കര്‍ സ്ഥലം തേവന്‍റെ പേരില്‍ പതിച്ചു കൊടുക്കുകയും ചെയ്തു. ഇപ്പോള്‍ ഒരേക്കറില്‍ നാല്‍പതു സെന്‍റ് മാത്രമേ ഇവരുടെ കൈവശമുള്ളു. ബാക്കി ൬൦ സെന്‍റും അയല്‍പക്കത്തെ സമ്പന്നന്‍റെ വേലിയേറ്റത്തില്‍ കുടുങ്ങി. അയാള്‍ ഒരു വ്യാജ വില്‍പത്രം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണെന്ന്‌ തേവന്‍റ മകന്‍ എ.ടി. പ്രഭാകരന്‍ പറയുന്നു. യഥാര്‍ത്ഥ വില്‍പ്പത്രവുമായി മക്കള്‍ കോടതി വരാന്തയില്‍ നെട്ടോട്ടമോടി വിയര്‍ക്കുകയാണ്‌. വൈക്കം സത്യാഗ്രഹസമരഭടനായ തേവന്‍റെ പേരും ആധാരവും അധികാരവര്‍ഗ്ഗത്തിന്‍റെ പ്രജ്ഞയുടെ അറയില്‍ ഇരുന്ന്‌ ദ്രവിച്ചുപോയിരിക്കുന്നു. സ്വപനകൂമ്പാരത്തിന്‌ മുകളില്‍ കുടുംബത്തിന്‍റെ കൊടിയും കുത്തി മതിലിനപ്പുറം പുളിപ്പോടെ നോക്കിയിരിക്കുന്ന ദുര്‍മ്മേദസ്സിന്‍റെ കുടവയറുകള്‍ക്കിടയില്‍ ഈ പട്ടിണിക്കാര്‍ക്ക്‌ എവിടെയാണ്‌ കനിവിന്‍റെ തണല്‍? മഹാത്മാഗാന്ധി ദില്ലിയില്‍ നിന്നും തേവന്‌ കണ്ണിലൊഴിക്കാന്‍ മരുന്ന്‌ അയച്ചുകൊടുത്തിരുന്നു.

അന്ധതയ്ക്ക്‌ പറയത്തക്ക മാറ്റങ്ങള്‍ ഒന്നും വന്നില്ലെങ്കിലും ആ ഓര്‍മ്മ അദ്ദേഹത്തിന്‍റെ മനകണ്ണിന്‌ മരണംവരെ പ്രകാശം ചോരിഞ്ഞിരുന്നു എന്ന്‌ മകന്‍ എ. റ്റി. നാരായണന്‍ സാക്ഷ്യപ്പെടുത്തുന്നു. നാടിനും കോണ്‍ഗ്രസ്സിനുമായി ജീവിതം സമര്‍പ്പിച്ച തേവന്‍റെ സഹധര്‍മ്മിണി പൊന്നാച്ചിയുടെ ചരമ വാര്‍ത്തയറിഞ്ഞ്‌ ഒരു കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകന്‍പോലും ആ വഴിക്കു വന്നിട്ടില്ലെന്നു തേവന്‍റെ മക്കള്‍ പറയുന്നു. എങ്കിലും കെ. പി. കേശവമേനോന്‍ പൂത്തോട്ടവഴി കടന്നു പോകുമ്പോഴൊക്കെ വിവരങ്ങള്‍ തിരക്കാറുണ്ടായിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്‌. ഒരിക്കല്‍ മാതൃഭൂമി ഓഫീസിലെത്തിയ തേവനെ ദേവനെന്നാണ്‌ കേശവമേനോന്‍ സംബോധന ചെയ്തത്‌.

ആമചാടിത്തുരുത്ത്‌ പറഞ്ഞു പറഞ്ഞ്‌ ആമയാടിത്തുരുത്ത്‌ എന്നായിട്ടുണ്ട്‌. ആമയാടി എന്ന വാക്കില്‍ അല്‍പം കവിത ഒളിഞ്ഞുകിടപ്പുണ്ട്‌. സവര്‍ണ്ണ ഹുങ്കിന്‍റെ തമ്പ്രാക്കന്‍മാരുടെ നെഞ്ചിലേയ്ക്ക്‌ തേവന്‍ വലിച്ചെറിഞ്ഞ അമര്‍ഷപ്പന്തങ്ങളിലൊന്ന്‌ പുതിയ തലമുറയുടെ നെഞ്ചിലേയ്ക്ക്‌ വരുന്നുണ്ടെന്നുള്ളത്‌ മറ്റൊരു വാസ്തവം. നാലഞ്ചു വര്‍ഷം മുന്‍പ്‌ പൂത്തോട്ട ഗ്രന്ഥശാല നടത്തിയ കുട്ടികളുടെ ക്യാമ്പിന്‍റെ പഠനയാത്ര ആമയാടിത്തുരുത്തിലേക്കായിരുന്നു
. തേവന്‍റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി നമ്രശിരസ്ക്കരായി നിന്ന കുട്ടികളുടെ ചെവിച്ചെണ്ടയില്‍ തേവന്‍റെ ശബ്ദം കലിക്കാറ്റായി വന്നടിച്ചു; 'കറുപ്പിന്‍റെ കരുത്ത്‌ ഈ തുരുത്തില്‍ അവസാനിക്കുന്നില്ല മക്കളെ '. ചരിത്രം ഭ്രഷ്ട്കല്‍പ്പിച്ചെങ്കിലും ആമയാടിത്തേവനോട്‌ ഇന്നും ജനങ്ങള്‍ക്കാദരവുണ്ട്‌. പൂത്തോട്ട ഗ്രന്ഥശാല ആമയാടിത്തേവനെ പ്രധാന കഥാപാത്രമാക്കി ഒരു നാടകം എറണാകുളം ടൌണ്‍ഹാളില്‍ അരങ്ങേറുകയുണ്ടായി.
വൈക്കം വടക്കേകവലയില്‍ പ്രതിമകള്‍ എത്രയെന്നോ? വൈക്കം സത്യാഗ്രഹത്തിന്‍റെ ഓര്‍മ്മ പുതുക്കിക്കൊണ്ട്‌ ടി. കെ. മാധവന്‍, മന്നത്ത്‌ പത്മനാഭന്‍, ഇ. വി. രാമസ്വാമി കൂടാതെ മറ്റു രണ്ടുപേരും. ഇവര്‍ക്ക്‌ സത്യാഗ്രഹ ബന്ധമില്ല. ജാനകിയുടെ വീടിനുമുന്‍പില്‍ എം. ജി. രാമചന്ദ്രനോടൊപ്പം ജാനകിയും അങ്ങനെ നില്‍ക്കുന്നതേയുള്ളു. പക്ഷെ, ഈ നാട്ടുകാരനായിരുന്ന തേവന്‌ സ്പോണ്‍സര്‍മാര്‍ ആരും ഉണ്ടായിരുന്നില്ല. പ്രതിമയ്ക്കല്ല, ഏതെങ്കിലും ചരിത്രത്താളുകളില്‍ മേലാളരുടെ ക്രൂരവിനോദം കൊണ്ട്‌ അന്ധനായിപ്പോയ ഈ കറുത്ത മനുഷ്യനെപ്പറ്റി ഒരു പത്തുവാക്ക്‌, അങ്ങനെയും ഉണ്ടായില്ല.

Comments