മന്ദാരശാലയോ മണ്ണാറശ്ശാല?

തുലാമാസത്തിലെ, ആയില്യമാണ് മണ്ണാറശ്ശാലയില്‍ വിശേഷം. അതിനിനി രണ്ടു മൂന്നു നാള്‍കൂടിമാത്രം. ആചാരവിശേഷങ്ങള്‍ അറിയിച്ച് ദിനപത്രങ്ങള്‍ വിശേഷാല്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. 'മന്ദാരശാല'യെന്ന് വലിയ തലക്കെട്ടു നല്‍കി ഒരു പത്രം അരപ്പേജ് വാര്‍ത്ത ഇന്ന് (19 ഒക്ടോബര്‍, 2019) നല്‍കിയിട്ടുണ്ട്. മണ്ണാറശ്ശാല മന്ദാരശാലയാവുന്നത് എന്തുകൊണ്ടാവും.?

മണ്ണ്, ആറ് എന്നീ ശബ്ദങ്ങളാണ് മാന്നാര്‍, മണ്ണാറശ്ശാല തുടങ്ങിയ സ്ഥലനാമങ്ങളില്‍ തെളിഞ്ഞു നില്‍ക്കുന്നത്. ശ്രീലങ്കയിലെ മന്നാറിനും ഇതേ നിഷ്പത്തി യോജിക്കും. ആറ്റു തീരത്തെ മണല്‍ത്തിട്ടകളാണവ. കാലാന്തരത്തില്‍ ആറുകള്‍ വഴിമാറിയിട്ടും മെലിഞ്ഞു ശോഷിച്ചു പോയിട്ടും പഴയ ആറൊഴുക്കിന്‍റെ പ്രതാപങ്ങള്‍ മുഴുവന്‍ സ്ഥലപ്പേരില്‍ ഗുപ്തമായിരിക്കുന്നു. മണ്ണാന്‍ വിഭാഗം ജനങ്ങളുടെ അധിവാസമുളള സ്ഥലമായിരുന്നു ഇവിടമെന്നും ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

'മണ്ണാരശ്ശാല' എന്നാണ് ഈ നൂറ്റാണ്ടിന്‍റെ ആദ്യ പാദങ്ങളിലും ഈ സ്ഥലം പത്ര വാര്‍ത്തകളിലും പ്രമാണരേഖകളിലും ഇടം പിടിച്ചിരുന്നത്.

'അരിപ്പാട്: പ്രസിദ്ധമായ മണ്ണാരശ്ശാലിലായില്യം അടിയന്തിരം പ്രമാണിച്ചു വന്നുകൂടിയ ജനക്കൂട്ടത്തില്‍ വെച്ചു വഴക്കുണ്ടാക്കിയ ചിലരെ പോലീസ്സുകാര്‍ അറസ്റ്റു ചെയ്തു മജിസ്‌ട്രേട്ടില്‍ ചാര്‍ജ്ജു ചെയ്യുകയും പിറ്റേദിവസം നാലുപേരെ ശിക്ഷിക്കുകയും ചെയ്തിരിക്കുന്നു'.

നൂറു വര്‍ഷം മുമ്പുളള ഈ പത്രവാര്‍ത്തയിലൂടെ കടന്നു പോയാല്‍ നമ്മുടെ ഭാഷയുടെയും ശൈലിയുടെയും വാര്‍ത്താ അവതരണ രീതിയുടെയും വികാസ പരിണാമങ്ങളെ വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. മാത്രമല്ല, പുതിയ ഐതിഹ്യ ആഖ്യാനങ്ങളിലൂടെ സ്ഥാപിതമായ ഇന്നത്തെ ധാരണകള്‍ക്കും പൊതുബോധങ്ങള്‍ക്കുമപ്പുറം, ഏതോകാലത്ത് ഉന്മൂലനം ചെയ്യപ്പെട്ട ഒരു ജനതയുടെ വേരുകളും ചികഞ്ഞെടുക്കാന്‍ ഒരു ചരിത്രകുതുകിക്കു കഴിയും.

പരശരാമനുമായി ബന്ധപ്പെട്ട കേരളോല്പത്തിക്കഥയുടെ പ്രാചൂര്യം, കേരളത്തിലെ നാഗക്ഷേത്രങ്ങളുടെ പ്രാചീനതയെക്കുറിച്ചുളള അവകാശ വാദത്തിനു കൂടി ഉപയോപ്പെടുന്ന തരത്തില്‍ നാട്ടു നൈപുണികളാല്‍ വ്യാഖ്യാനിക്കപ്പെടുകയും വിശ്വാസത്തിന്‍റെ വേലിക്കെട്ടുകളിലേക്ക് സര്‍പ്പാരാധനയുടെ പൈതൃക കര്‍തൃത്വത്തെ വെട്ടിയൊതുക്കിയെടുക്കുകയും ചെയ്തതോടെ, ഏതാനും കുടുംബങ്ങളുടെ അധീനതയിലേക്ക് കേരളത്തിലെ നാഗക്കാവുകള്‍ പതിച്ചു നല്‍കപ്പെട്ടു.

മഹാഭാരതത്തിലെ ഖാണ്ഡവദഹനം നടന്ന സ്ഥലമെന്ന നിലയില്‍ നാട്ടു നിരുക്തികളില്‍ നിറഞ്ഞു കവിഞ്ഞ് 'അരിപ്പാടും' പരിസരങ്ങളും പ്രചലിതമായതോടെ, കാട്ടുതീ കെട്ടടങ്ങിയ ശേഷം, ആറിത്തണുത്ത മണ്ണെന്ന പരികല്പനയിലേക്ക് 'മണ്ണാരശ്ശാല'യെ പറിച്ചു നടുകയും, അത്, 'മണ്ണ് ആറിയ ശാല'യായി വിശദീകരിക്കുന്നതിന്, മഹാഭാരതത്തിലെ ഖാണ്ഡവദഹന കഥാപശ്ചാത്തലം സൗകര്യമായിത്തീരുകയും ചെയ്തു. അങ്ങനെ, വ്യാഖ്യാന വിരുതില്‍, മണ്ണ് ആറിയ ശാലയായിത്തീര്‍ന്ന്, നിത്യവ്യവഹാരത്തില്‍ 'മണ്ണാറശ്ശാല'യായി ഉറച്ചു പോയതാത് ഈ ദേശനാമം.

ഈ സ്ഥലനാമത്തിലെ 'ശാല' കൂടുതല്‍ പരിചരണവും ശ്രദ്ധയുമര്‍ഹിക്കുന്നു. പ്രാചീന വിദ്യാകേന്ദ്രങ്ങളെയാണ് ശാലകള്‍ എന്നു പറഞ്ഞു വന്നിരുന്നത്. ഇപ്പോള്‍ 'കലാലയങ്ങള്‍' എന്നു വിവക്ഷിക്കുന്നതിനും അപ്പുറം അര്‍ത്ഥവ്യാപ്തി ആ വാക്കിനുണ്ട്.

കാന്തളളൂര്‍ ശാല, മൂഴിക്കുളം ശാല, തിരുവല്ല ശാല, വലിയശാല, ഇന്ന് തിരുവനന്തപുരം നഗരത്തിലെ കമ്പോളമായിത്തീര്‍ന്ന ചാല, മണ്ണാറശ്ശാല തുടങ്ങിയവയെല്ലാം പ്രാചീന വിദ്യാഭ്യാസ കേന്ദ്രങ്ങളായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ക്കിടയില്‍ പരക്കെ സമ്മിതിയുണ്ട്.

കടല്‍ പിന്‍വാങ്ങി കരയായിത്തീര്‍ന്ന പ്രാചീന കേരളത്തില്‍ ജീവിതം കെട്ടിപ്പടുത്ത ആദിഗോത്ര സമൂഹത്തിന്‍റെ വിദ്യാകേന്ദ്രമെന്ന നിലയിലാണ് മണ്ണാറശ്ശാല ചരിത്രത്തില്‍ പ്രസക്തമായിത്തീരുന്നത്. ഏതാണ്ട് എട്ട് ഒന്‍പത് നൂറ്റാണ്ടിലെ ബ്രാഹ്മണാധിനിവേശത്തോടനുബന്ധിച്ച് മുഖ്യധാരയില്‍ നിന്നും തുടച്ചു നീക്കപ്പെട്ട ആദി ജീവിതങ്ങളുടെ ജൈവാവശിഷ്ടങ്ങളായ ഫോസിലുകളാണ് സ്ഥലനാമത്തെ വിടര്‍ത്തി നോക്കുമ്പോള്‍ കാണുന്ന മണ്ണും, ആറും, ശാലയുമെന്നു ചുരുക്കം.

മുഖ്യധാരയിൽനിന്ന് അകറ്റപ്പെട്ട് പാര്‍ശ്വവത്കൃത ജീവിതം നയിക്കുന്ന പ്രാചീന ഗോത്രജനതയുടെ പാരമ്പര്യത്തെ, മണ്ണാറശാലയുടെ മഹാ പൈതൃകത്തിൽ നിന്നും ഓർമ്മയിൽ നിന്നും അടർത്തിക്കളയുകയാണ് 'മന്ദാരശാല' എന്ന നവീനാഖ്യാനം ലക്ഷ്യമിടുന്നത്.

വരേണ്യമോ അതിവിശിഷ്ടമോ അല്ലാത്ത ഒരു മൂര്‍ത്തീസങ്കല്പത്തെ ഏതോകാലത്ത് തങ്ങളുടെ പൂര്‍വ്വികര്‍ കവർന്നെടുത്ത്, അവിടെ അധികാരവും ആധിപത്യവും പുലർത്തിയതാണ് ഇന്നത്തെ കാവും അവിടുത്തെ ചിത്രകൂടങ്ങളുമെന്ന ചരിത്രപാഠത്തെ തമസ്കരിക്കുകയും പകരം, അവിടെ പുതിയ, ഉപരിവര്‍ഗ്ഗ പാഠത്തെ പ്രതിഷ്ഠിച്ച് ചിരകാലമായുള്ള കര്‍തൃത്വം സ്ഥാപിച്ചെടുക്കുകയുമാണ്പുതിയ ഐതിഹ്യനിര്‍മ്മിതിയിലൂടെ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. പത്രങ്ങളിലെ മാര്‍ക്കറ്റിംഗ് ഫീച്ചറുകളാണ് ഇതിനുളള വേദിയായി പരിവര്‍ത്തിക്കപ്പെടുന്നത്. ഭാരതത്തില്‍ പുത്തന്‍ സാമ്പത്തിക നയങ്ങള്‍ക്കായി കവാടങ്ങള്‍ മലര്‍ക്കെതുറന്ന  തൊണ്ണൂറുകള്‍ക്ക് ശേഷമാണ് സ്വകാര്യക്ഷേത്രളിടക്കം ഇത്തരം പ്രവണതകള്‍ പ്രചാരം നേടുന്നത്.

തൊണ്ണൂറുകള്‍ ആദ്യം (1991) മണ്ണാറശ്ശാല ഭരണസമിതി അഥവാ കുടുംബ യോഗം ട്രസ്റ്റ് (മണ്ണാറശ്ശാല ശ്രീ നാഗരാജക്ഷേത്ര ട്രസ്റ്റ്) ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. 'മണ്ണാറശ്ശാല: ശ്രീ നാഗരാജ ക്ഷേത്ര ചരിത്രം സചിത്രവിവരണം' എന്നായിരുന്നു പുസ്തകത്തിനു നല്‍കിയിരുന്ന പേര്. മണ്ണാറശ്ശാല ഐതിഹ്യവും ചരിത്രവും ഉള്‍ക്കൊളളുന്ന ഈ കൃതിയില്‍ സംസ്കൃത ഭാഷയില്‍ രചിക്കപ്പെട്ട ഒരു ഐതിഹ്യ കഥനമുണ്ട്. രണ്ടു സര്‍ഗ്ഗങ്ങളായാണ് പ്രസ്തുത കാവ്യാഖ്യാനം. അതിലാണ് ആദ്യമായി മന്ദാരശാലയുടെ ഔദ്യോഗികമായ രംഗപ്രവേശം. അതിനുമുമ്പ് അത്തരം പ്രയോഗങ്ങള്‍ അച്ചടി / പത്ര മാധ്യമങ്ങളില്‍ അപരിചിതമായിരുന്നു. കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന്‍റെ, എം. ജി നാരായണന്‍ നമ്പൂതിരിയുടെ പേരില്‍, അദ്ദേഹത്തിന്‍റെ മരണശേഷമാണ് പുസ്തകം പുറത്തു വന്നത്.

കേരളത്തിലെ പ്രസിദ്ധരായ രണ്ടു സംസ്കൃത അദ്ധ്യാപകരാണ് (അമ്പലപ്പുഴ ഗണപതിശര്‍മ്മ, വിദ്വാന്‍ രാമപ്പണിക്കര്‍) അദ്ദേഹത്തിന്‍റെ പേരില്‍ പുസ്തകത്തിലെ കാവ്യഭാഷ ചിട്ടപ്പെടുത്തിയതെന്നും ട്രസ്റ്റ് പ്രസിഡന്‍റ് എം. വി. സുബ്രഹ്മണ്യന്‍ നമ്പൂതിരി പേരുവെച്ചെഴുതിയ ആമുഖത്തില്‍ സൂചനയുണ്ട്.

ബ്രാഹ്മണർ നാഗാരാധനക്കരല്ലെന്ന് 'കേരളോല്പത്തി'ക്കഥകൾ സൂചന നൽകുന്നുണ്ട്. സർപ്പങ്ങളെ പേടിച്ച് പലവട്ടം അവർ കേരളക്കരയിൽ നിന്നും മടങ്ങിയതായി പ്രസ്തുത കൃതികളിൽ പരാമർശിക്കുന്നുണ്ട്. പരശുരാമന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി പിന്നീട് മടങ്ങി വന്ന ബ്രാഹ്മണർ, ഇവിടുത്തെ അന്തേവാസികളുടെ ആരാധനാക്രമവുമായി സമരസപ്പെടുന്ന ചിത്രമാണ് മണ്ണാറശാലയിലും അതുപോലെയുള്ള, കേരളക്കരയിലെ പ്രസിദ്ധ നാഗാരാധനാ കേന്ദ്രങ്ങളിലും നമുക്ക് കാണാൻ കഴിയുന്നത്. മണ്ണാറശാല കാവിനുള്ളിൽ ഒരു 'പുലത്തറ' നമുക്കിന്നും കാണാന്‍ കഴിയും. വിളക്കോ പൂജയോ ആള്‍പ്പെരുമാറ്റമോ കൂടാതെ വിശാലമായ വിശുദ്ധവനത്തില്‍ അവഗണിക്കപ്പെട്ടു കിടക്കുന്ന 'പുലത്തറ' പുലനാഗങ്ങളുടെ  ഇരിപ്പിടമാണെന്നാണ് കുടുംബക്കാരുടെ ആഖ്യാനം. അധമ വീര്യമുളള നാഗങ്ങള്‍ക്ക് അവിടെ വലിയ പൂജയൊന്നുമില്ല. പക്ഷേ, 'പുലത്തറ' ചരിത്ര പഠിതാവിന് വലിയ സൂചനകള്‍ നല്‍കുന്ന മികച്ച ഉപാദാനമാണെന്നതാണ് വാസ്തവം.

മണ്ണാറശ്ശാലയിലെ പുലക്കാവ്, കിഴക്കുമാറിയുളള പറയങ്കേരി, പുലക്കടവ്, കരുവാറ്റയ്ക്കടുത്തുളള ഈഴങ്കേരി, രാമപുരം ക്ഷേത്രത്തിലെ പുലക്കാവ് (ഇപ്പോള്‍ പുലര്‍ത്തിക്കാവ്!) തുടങ്ങി നിരവധി സ്ഥലസൂചനകള്‍, മണ്ണാന്‍ എന്ന ജനതയുടെ സാന്നിധ്യം തുടങ്ങി പലതും സംഘകാല ജനതയുടെ സജീവ സാന്നിധ്യമുളള, അധിവാസമുളള,  കേന്ദ്രമായിരുന്നു മണ്ണാറശ്ശാലയും പരിസരവുമെന്ന് അടിവരയിടുന്നു. 'നകരി' അതില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.

മണ്ണാറശ്ശാല 'ഇല്ല'ത്തേത് യഥാര്‍ത്ഥ നമ്പൂതിരിമാരല്ല. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ അതേപ്പറ്റി വിവരണമുണ്ട്. അവര്‍ നമ്പ്യാതിമാരായിരുന്നു. നമ്പൂതിരിയായി അവര്‍ സ്വയം 'കണ്‍വര്‍ട്ട്' ചെയ്യപ്പെടുകയായിരുന്നു. ഇവരെപ്പറ്റി പ്രതിപാദിക്കുന്ന 'ഒറ്റതിരിഞ്ഞ കൊമ്പന്‍' എന്ന പേരില്‍ ഒരു കൃതി ആറന്മുള സ്വദേശിയായ ഇടയാനത്തു നമ്പ്യാതി എന്നയാള്‍ ഏകദേശം 120 വര്‍ഷം മുമ്പ് എഴുതിയിട്ടുണ്ട്. കോടതിയില്‍ ആ കൃതിയുടെ പേരില്‍ മാനനഷ്ടക്കേസ് നടന്നിരുന്നു.

1066 നു ശേഷം ഒരുകാലത്ത്,
ഹരിപ്പാട് സബ്ബ് രജിസ്ട്രാര്‍ ഓഫീസ് കത്തിയത് ധാരാളം രേഖകള്‍ നഷ്ടപ്പെടാനിടയാക്കി. ശേഷിച്ചവ കണ്ടെടുത്ത് അവകാശികള്‍ക്ക് നല്‍കാന്‍  തീരുമാനിച്ചു. ആധാരം ഇരുന്നത് ഉടമസ്ഥരെ അന്വേഷിച്ച് കണ്ടുപിടിച്ചു കൊടുത്തു.
അറിയിപ്പനുസരിച്ച് ഭൂവുടമകള്‍ എല്ലാവരും എത്തിച്ചേര്‍ന്നു. ലഭിച്ച ആധാരരേഖകള്‍ പ്രകാരം പേരുവിളിച്ച് ആധാരം പതിച്ചു നല്‍കി.

'മണ്ണാറശ്ശാല നമ്പ്യാതി ഹാജരുണ്ടോ' - എന്നു വിളിച്ചു ചോദിച്ചു. മണ്ണാറശ്ശാലയില്‍ നിന്നും വന്ന ആളുകള്‍ മുന്നോട്ട് വരാതെ മടിച്ചു നിന്നു. അവരുടെ കൂട്ടത്തില്‍ നിന്നും ആരും അവകാശം പറഞ്ഞു വരാതായപ്പോള്‍, ചെറുതനക്കാരനായ (ആയാപറമ്പ്) എടയാനത്തു നമ്പ്യാതി മുന്നോട്ടു വന്നു ആധാരം വാങ്ങി. അങ്ങനെ അവര്‍ക്ക് കുറെയേറെ ഭൂസ്വത്തുക്കളുടെ ഉടമസ്ഥാവകാശം പതിച്ചുകിട്ടി (വാര്യര്‍ ശ്രീരാമന്‍).

'ഒറ്റതിരിഞ്ഞ കൊമ്പന്‍' എന്നത് ഒരണക്കാവ്യമാണ്. അന്ന് മണ്ണാറശ്ശാല പരിസര പ്രദേശങ്ങളില്‍ നമ്പ്യാതിരിമാരുടെ ഒരുകുടുബമേയുണ്ടായിരുന്നുളളൂ. 'മണ്ണാറശ്ശാല നമ്പ്യാതി'യെന്ന് അവര്‍ വിളികൊണ്ടു. പഴമക്കാര്‍ക്ക് ഈ ശൈലിയാണ് വഴക്കം. ബ്രാഹ്മണരുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും ഒറ്റപ്പെട്ട കുടുബമാണെന്നും മറ്റുമുളള വിവരങ്ങള്‍ അടങ്ങിയതാണ് കാവ്യം. അതാണ് 'ഒറ്റതിരിഞ്ഞ കൊമ്പന്‍' എന്നു പേരു വന്നത് (കരുവാറ്റ പങ്കജാക്ഷന്‍).

മലബാര്‍ പ്രദേശങ്ങളില്‍ നിന്നാണ് ആദ്യകാലങ്ങളില്‍ വിവാഹബന്ധങ്ങള്‍ പോലും ലഭിച്ചിരുന്നത് (വാര്യര്‍ ശീരാമന്‍). ആയില്യമുള്‍പ്പെടെയുളള പ്രധാന ഉത്സവാഘോഷങ്ങള്‍ക്കുശേഷം ഇന്നും കിഴക്കേ പുല്ലാംവഴിക്കാരും പടിഞ്ഞാറെ പുല്ലാംവഴിക്കാരുമാണ് ശുദ്ധികലശം നടത്തുന്നത് (കരുവാറ്റ പങ്കജാക്ഷന്‍).

• (*)കാവുമാറ്റമെന്ന തിന്മ

ആലപ്പുഴ ജില്ലയിലെ വലിയ കാവാണ് മണ്ണാറശ്ശാലയെന്നത് നേരുതന്നെ. പക്ഷേ, നമ്മുടെ ആവാസവ്യവസ്ഥയെയും  ജൈവ വൈവിദ്ധ്യത്തെയും നിലനിര്‍ത്താനും സംരക്ഷിക്കാനുമുളള ജനകീയ ബാധ്യതയെ തുരങ്കം വെയ്ക്കാനും അവര്‍ അറിഞ്ഞോ അറിയാതെയോ അരു നില്‍ക്കുന്നു. നാട്ടുമ്പുറങ്ങളിലെ സര്‍പ്പക്കാവുകളെന്നറിയപ്പെടുന്ന ചെറു വനങ്ങളെ വെട്ടിവെളുപ്പിച്ച് ഭൂമാഫിയക്കു തീറെഴുതാന്‍, സ്വാര്‍ത്ഥമോഹാകള്‍ക്കൊപ്പം നില്‍ക്കുന്ന പൗരോഹിത്യം അപലപിക്കപ്പെടേണ്ടതാണ്. ഒരുലക്ഷം രൂപമുതല്‍ മണ്ണാറശ്ശാല ക്ഷേത്രത്തിനു കൊടുത്തു രസീതെഴുതിയാല്‍, ഏതു വീട്ടു വളപ്പിലെ ഏതു കാവും വെട്ടിത്തെളിക്കാം. ചില ജ്യോതിഷന്മാരുടെ ഒത്താശയോടെയാണ് സമൂഹത്തില്‍ ഇത്തരം പ്രതിലോമപരമായ വിശ്വാസം പ്രചരിപ്പിക്കപ്പെടുന്നത്. സാധാരണക്കാരന്‍റെ വിശ്വാസത്തെ ചൂഷണം ചെയ്യുന്നുവെന്നതല്ല, ഇതിലെ ഗൂരുതരമായ പ്രശ്നം, ആഗോളതാപനം കൊണ്ടു പൊറുതിമുട്ടുന്ന തലമുറയിലെ ഭാവിജീവിതങ്ങളോടു ചെയ്യുന്ന പാതകമെന്നനിലയിലാണ് ഇത് ചിന്തനീയമാവുന്നത്.

• മണ്ണാറശ്ശാല നാഗരാജ പുരസ്കാരം

നവരാത്രിയുടെ ഭാഗമായി അടുത്തകാലം മുതല്‍ (ഭാവിയില്‍  ആചാരമായേക്കാവുന്ന തരത്തില്‍) കലാകാരന്മാര്‍ക്ക് / സംഗീതജ്ഞര്‍ക്ക് / സിനിമക്കാര്‍ക്ക് പുരസ്കാരം നല്‍കുന്നത് പതിവുകാഴ്ചയായിരിക്കുന്നു. കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഇത്തരം ആശ്ലേഷണം ആശാസ്യവും അഭികാമ്യവുമാണ്. ചക്കുളത്തുകാവില്‍ നിന്നാവണം, ഒരനുകരണമെന്നോണം ഈ ചടങ്ങ് മറ്റു ദേവാലയങ്ങളിലേക്കും വ്യാപിച്ചത്. മണ്ണാറശാലയിലും അടുത്തകാലത്ത് അത്തരം അനുമോദനങ്ങള്‍ അഭിനന്ദനീയമാം വിധം നടന്നു വരുന്നു.

എന്നാല്‍, ഇതര ക്ഷേത്രങ്ങള്‍ സംഗീതജ്ഞര്‍ക്കും വാദന കലാകാരന്മാര്‍ക്കും നല്‍കുന്ന പ്രോത്സാഹനം അതേപടി അനുസരിച്ചോ അനുകരിച്ചോ ആണ് ഇവിടെയും പുരസ്കാരങ്ങള്‍ നിശ്ചയിച്ച് നല്‍കുന്നത്. ശ്രദ്ധേയമായ കാര്യം, ഇതര ക്ഷേത്രത്തില്‍ നിന്ന് വിഭിന്നമായി, സര്‍പ്പാരാധന എന്നത് ഒരേ സമയം അനുഷ്ഠാനവും കലയുമാണ് എന്നതാണ്. മണ്ണാറശാലയുടെ അനന്യതയും ശ്രേഷഠതയും അതാണ്. ഈ ആരാധനയോൊപ്പം ധൂളീചിത്രരചന (കളമെഴുത്ത്), പുളളുവ സംഗീതം എന്നീ തനിമയാര്‍ന്ന കലാരൂപങ്ങള്‍ തലമുറകളായി നിലനില്‍ക്കുന്നു. ഇന്ന് അംഗീകരിക്കപ്പെടുന്ന കഥകളി തുടങ്ങിയ പല കലാരൂപങ്ങളെക്കാള്‍ പഴക്കമേറിയതും നൈസര്‍ഗ്ഗികവും പ്രാകൃത (പ്രകൃതിയോടിണങ്ങിയത്) വുമാണ് ഈ കല. ആകയാല്‍ വലിയ കലകാരന്മാരെ ആദരിക്കുന്നതോടൊപ്പം ജീവിതം കൊണ്ട് സര്‍പ്പാരാധനയെ നിലനിര്‍ത്തുന്ന അത്തരം ഗ്രാമനൈപുണികളായ കലാകാരന്മാരെക്കൂടി അവാര്‍ഡിനായി പരിഗണിക്കണമെന്ന് പ്രാര്‍ത്ഥന.

മണ്ണാറശ്ശാലയെങ്കിലും ഇത്തരം ഗ്രാമ്യകലാ പ്രവീണരെ അറിഞ്ഞാദരിച്ചില്ലെങ്കില്‍ മറ്റാരും അവരെ കാണില്ല. ഇതര കലാകാരന്മാര്‍ക്കാകട്ടെ, വേദികളും അംഗീകാരങ്ങളും ആവോളം എവിടെനിന്നും കിട്ടുകയും ചെയ്യും.
___________________________________________
(*) കാവ് എന്നാല്‍ 'ചിറു തൈവങ്ങള്‍ക്കിടും പലി' എന്നാണ് തമിഴ് നിഘണ്ടുക്കള്‍ നല്‍കുന്ന അര്‍ത്ഥം. പൂര്‍വ്വികാരാധനയില്‍ നിന്നാണ് കാവാരാധന രൂപപ്പെട്ടു വരുന്നത്. ഗോത്ര കാലത്ത് തങ്ങളുടെ നേതാവ്, കുടുംബ മൂപ്പന്‍ അങ്ങനെയുളള ആദരണീയ വ്യക്തിത്വങ്ങളെ നനങ്ങാടിയിലോ, ശിലാഗുഹകളിലോ മറ്റോ അടക്കം ചെയ്യുന്നു. ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിക്കുവാന്‍ ആ സ്ഥലം തിരിച്ചറിയുന്നതിന് ഒരു കല്ലോ മറ്റോ അതിനു മുകളില്‍ വെയ്ക്കും. തിരി നനച്ചു തെളിക്കും. വിളക്കിന്‍റെ പ്രാഗ്രൂപം അങ്ങനെ രൂപപ്പെട്ടു വന്നു. ഈ സ്ഥലങ്ങള്‍ പവിത്രമായി കരുതി വന്നു. കയ്യേറ്റമില്ലാത്ത അവിടെ സസ്യ ജാലങ്ങള്‍ വളര്‍ന്നു വന്നു. ക്രമേണ ആ സ്ഥലം കാവെന്ന് പൊതുവെ വിളിക്കപ്പെട്ടു. കാവുകള്‍ പിന്നീട് നാഗക്കാവുകളും ശാസ്താംകാവുകളും (അയ്യപ്പന്‍കാവ്) അമ്മക്കാവുകളുമായി മാറി.

• ഹരികുമാര്‍ ഇളയിടത്ത്

Comments