• പുസ്തകം
മാന്നാറിലെ നായന്മാര്‍
ഒരു ചരിത്ര പഠനം
ഡോ. കെ. ബാലകൃഷ്ണപിളള
ചാലകം ബുക്സ്, ചെന്നിത്തല
₹ 90
9400612354
••
ഗ്രന്ഥകാരനായ ഡോ. ബാലകൃഷ്ണപിളള തന്‍റെ ഓര്‍മ്മകളുടെ കുമ്പിളില്‍നിന്ന് ഒരു തുടം പകര്‍ന്നു നല്‍കുകയാണ് 'മാന്നാറിലെ നായന്മാര്‍ - ഒരു ചരിത്ര പഠനം' എന്ന  ഈ പുസ്തകത്തിലൂടെ.

ഐതിഹ്യങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും കെട്ടുപിണഞ്ഞ ഒരു സംസ്കാരം മാന്നാറിനുണ്ട്. മറ്റു സ്ഥലങ്ങളില്‍ നിന്നും വിഭിന്നമായിരുന്നു മാന്നാറിലെ നായര്‍ ജീവതം. ജാതി - മത ചിന്തകള്‍ വെടിഞ്ഞ, തീണ്ടല്‍ തൊടീലിനെതിരായി പ്രവര്‍ത്തിച്ച മഹത്തായ പാരമ്പര്യമാണ് മാന്നാറിലെ നായര്‍ ജനതയുടേത്. ദലിതരെ വിളിപ്പാടകലെ നിര്‍ത്തിയിരുന്ന ഒരു കാലഘട്ടത്തില്‍ അവരെ പൊതു നിരത്തിലൂടെ നടത്താനും അവരുമായി ഒന്നിച്ചുണ്ണാനും അയിത്തം  ഇല്ലാതാക്കാനുമുളള ആര്‍ജ്ജവം നൂറ്റാണ്ടിനു മുന്നേ ഇവിടുത്തെ നായന്മാര്‍ കാണിച്ചു. വിമോചന സമരകാലത്ത് നിരണം വരെയെത്തിയ തൊപ്പിപ്പടയുടെ കാടത്തം മാന്നാറില്‍ മുളക്കാതെപോയത് ഇത്തരം പാരമ്പര്യത്തിന്‍റെ കരുത്താലാണ്.

തന്‍റെ അമ്മയുടെ ചെറുപ്പത്തില്‍ ശുഭാനന്ദ ഗുരുവും അയ്യന്‍കാളിയുമൊക്കെ വെച്ചൂരേത്ത് വീട്ടില്‍ അതിഥികളായി എത്തിയിരുന്നു. അവരുടെ അമ്മാവന്‍ കൃഷ്ണപിളള മലയാള മനോരമയുടെ മാമ്മന്‍മാപ്പിളയെ തോല്പിച്ച് MLC ആയ ആളാണ്. അദ്ദേഹമാണ് കുട്ടിക്കാലത്ത് അമ്മയെ ജാത്യതീതമായി ആതിഥ്യ സല്‍ക്കാരത്തിന് ചുമതലപ്പെടുത്തിയത്. അവിടുത്തെ വീട്ടുവേലക്കാര്‍ക്ക് അക്കാലത്ത് അവര്‍ണ്ണരായ അതിഥികള്‍ക്ക്  ചായകൊടുക്കാന്‍ മടിയായിരുന്നു. എന്നാല്‍  മടികൂടാതെ അവര്‍ണ്ണായ അതിഥികളെ സല്‍ക്കരിച്ച തന്‍റെ അമ്മയില്‍നിന്നാണ് ചെറുപ്പത്തിലേ മാനവികബോധം തന്‍റെ മനസ്സിലും കടന്നുവന്നതെന്ന് ലേഖകന്‍ അനുസ്മരിക്കുന്നു. നവോത്ഥാന ചരിത്രത്തിലെ അവഗണിക്കപ്പെട്ട സത്യങ്ങളിലേക്ക് വായനക്കാരനെ കൈപിടിച്ചു നടത്താന്‍ പുസ്തകം ശ്രമിക്കുന്നുണ്ട്.

മാന്നാറിന്‍റെ നാട്ടുചരിത്രത്തോടൊപ്പം ഇതള്‍ വിരിയുന്ന നായര്‍ സമുദായത്തിന്‍റെ വളര്‍ച്ചയും പരിണാമവും വിശദമാക്കുന്ന ചരിത്ര പഠനം.

Comments