കൊഞ്ചുംമാങ്ങയും: ഒരു രുചിക്കൂട്ടിന്‍റെ സാംസ്കാരിക വ്യവക്ഷകള്‍

ഓണാട്ടുകരക്കാര്‍ക്ക് രണ്ടോണമാണെന്ന് പറയാറുണ്ട്. ചിങ്ങമാസത്തിലെ തിരുവോണമാണ് ആദ്യത്തേത്. കുഭമാസത്തിലെ 'ഓണമാണ്' ചെട്ടികുളങ്ങര കുംഭഭരണിയുത്സവം.

കുംഭഭരണി നാളുകളിൽ ചെട്ടികുളങ്ങരയിലും സമീപ പ്രദേശങ്ങളിലും ഏറ്റവും അധികം വിറ്റുപോകുന്നത് കൊഞ്ചും മാങ്ങയുമാണ്. വഴിയോരങ്ങളിൽ ഉരുട്ടുവണ്ടികളിലും പെട്ടിവണ്ടികളിലുമായി കൊഞ്ചും മാങ്ങയും വിൽപ്പന ഇക്കാലയളവില്‍ പൊടിപൊടിക്കുക തന്നെയാണ്. ചില വണ്ടികളിൽ കൊഞ്ച് മാത്രമാണ് കാണുക. മറ്റു ചിലതിൽ രണ്ടും കിട്ടും. മാങ്ങയും മുരിങ്ങക്കായും വിൽക്കുന്നവരെയും ഇവിടെ കണ്ടുമുട്ടും.

കായംകുളത്തുനിന്നും തട്ടാരമ്പലം വഴി മാവേലിക്കരയിലേക്കുളള റോഡരികിൽ, തെക്ക് നടയ്ക്കാവ് മുതൽ തട്ടാരമ്പലം വരെയാണ് ഇതിന്‍റെ പ്രധാന വിപണി. മാവേലിക്കര നിന്നും ഓലകെട്ടിയിലേക്കു പോകുന്ന റോഡരികിലും നാട്ടുവഴികളിലുമെല്ലാം കൊഞ്ചും മാങ്ങയും വിൽപ്പനക്കാർ ഭരണിക്കാലത്ത് ഏറെയാണ്. ഇതിനൊപ്പം ഉൾപ്രദേശങ്ങളിൽ വാഹനങ്ങളിൽ എത്തിച്ച് വിൽക്കുന്ന ധാരാളം കച്ചവടക്കാരുമുണ്ട്.

ഉണങ്ങിയ ചെമ്മീനാണ് (1) ഇവിടെ കൊഞ്ച് എന്ന് അറിയപ്പെടുന്നത്. സാധാരണയായി മത്സ്യമാംസാദികൾ ഒഴിവാക്കിയിരിക്കുന്ന ക്ഷേത്രോത്സവത്തിന് കൊഞ്ച് വിശിഷ്ട വിഭവമായി മാറിയതിന് പിന്നിൽ ചെട്ടികുളങ്ങര അമ്പലത്തിലേക്കുളള വഴിപാടു കുത്തിയോട്ടം വരവുമായി ബന്ധപ്പെടുത്തിയുളള ഒരു കഥ നിലവിലുണ്ട്.

• ഐതിഹ്യം

കുംഭഭരണി നാളിൽ കൊഞ്ചും മാങ്ങയും ചേര്‍ത്തുളള കറി പാകംചെയ്യുന്ന തിരക്കിലായിരുന്നു ഒരു വീട്ടമ്മ.
അതിനിടെ വീടിനടുത്തുകൂടി കുത്തിയോട്ട ഘോഷയാത്ര കടന്നുപോയപ്പോൾ അവര്‍ ആകെ സങ്കടത്തിലായി. ഘോഷയാത്ര കാണാൻ അവര്‍ക്കും ആഗ്രഹമുണ്ടായിരുന്നു. കാണാന്‍ പോയാൽ  പാകം കാത്ത് അടുപ്പത്തിരിക്കുന്ന കൊഞ്ചുംമാങ്ങയും ചേര്‍ത്തുളള കറി കരിഞ്ഞുപോകും. അതോടെ ആ വീട്ടമ്മ ധര്‍മ്മസങ്കടത്തിലായി.

ഒടുവിൽ അവരുടെ ആഗ്രഹം തന്നെ ജയിച്ചു. 'കറി കരിയരുതേ' എന്ന് ഭഗവതിയെ വിളിച്ച് കേണപേക്ഷിച്ച് വീട്ടമ്മ കുത്തിയോട്ട ഘോഷയാത്ര കാണാൻ പോയി. മടങ്ങി എത്തിയപ്പോൾ കറി കരിഞ്ഞു ചീത്തയാകാതെ തയ്യാറായിരുന്നു. ഇത്
ഭഗവതിയുടെ അനുഗ്രഹമായി അവര്‍ കരുതി. സംഭവം നാട്ടിലാകെ പരന്നു. കറി കരിഞ്ഞു പോകാതെ പാകം നോക്കിയത് ചെട്ടികുളങ്ങര അമ്മയാണെന്നു ജനങ്ങള്‍ വിശ്വസിച്ചു തുടങ്ങി. കാലാന്തരത്തിൽ 'കൊഞ്ചുംമാങ്ങ' എന്ന വിഭവം കുംഭഭരണിയുത്സവത്തിന്
ചെട്ടികുളങ്ങരക്കാർക്ക് ഒഴിച്ചു കൂടാനാവാത്തതായി. ഏതായാലും കുംഭഭരണി നാളിൽ കൊഞ്ചുംമാങ്ങയും തയ്യാറാക്കാത്ത ഒരുവീടും ചെട്ടികുളങ്ങര കരകളിലുണ്ടാകില്ല. വര്‍ഷങ്ങളായി ഈ പതിവ് തുടരുന്നു.

• വലിയകുളങ്ങരയിലും സമാനവിശ്വാസം

കുത്തിയോട്ടവുമായി ബന്ധപ്പെടുത്തിയുളള ഈ വിശ്വാസം ചെട്ടികുളങ്ങരയില്‍ മാത്രം ഒതുങ്ങുന്നതല്ല. ഈ അനുഷ്ഠാനവുമായി നാഭീനാള ബന്ധമുളള ഓണാട്ടുകരയിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും ഭഗവതിയുടെ സാന്നിധ്യം പേറുന്ന ഈ ഐതിഹ്യം പലരൂപത്തില്‍ നിലനില്‍ക്കുന്നുണ്ട്. എങ്കിലും, ചെട്ടികുളങ്ങര പ്രദേശത്തിനു പത്തു കിലോമീറ്ററിനുളളില്‍ പടിഞ്ഞാറേക്കു മാറിയുളള കാര്‍ത്തികപ്പളളി ദേശത്തെ
വലിയകുളങ്ങര ക്ഷേത്ര പരിധിയുള്‍ക്കൊളളുന്ന വിശ്വാസി സമൂഹത്തിലും ചുറ്റുവട്ടത്തും ഏതാണ്ട് സമാനമായ രീതിയിലാണ് ഇതേ
ഐതിഹ്യം ഇപ്പോഴുമുളളത്
എന്നതാണ് രസകരമായ വസ്തുത. അവിടെയും കുത്തിയോട്ടം കാണാന്‍ പോയ അമ്മയുടെ കൊഞ്ചുംമാങ്ങയും കറി കരിഞ്ഞു കേടാകാതെ കാത്തത് ഭഗവതിയായ വലിയകുളങ്ങര അമ്മയാണ്.!

• ഐതിഹ്യത്തോട്
വിയോജിപ്പ്

എന്നാല്‍ അടുത്ത കാലത്തായി, ചെട്ടികുളങ്ങരയില്‍ ഇതിനെതിരെ ചില അപസ്വരങ്ങളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഹൈന്ദവ കരയോഗം എന്നപേരില്‍ അറിയപ്പെടുന്ന ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വം യോഗം ചേര്‍ന്ന് കുത്തിയോട്ട വഴിപാടുകാരായ വീട്ടുകാര്‍ക്കുളള മാര്‍ഗ്ഗദര്‍ശനമെന്ന നിലയില്‍ ഏതാനും വര്‍ഷംമുമ്പ് അച്ചടിച്ചു വിതരണം ചെയ്ത കൈപ്പുസ്തകത്തില്‍ 'കൊഞ്ചുംമാങ്ങയും' അസ്വീകാര്യമായ വിഭവമെന്നനിലയില്‍ പരാമര്‍ശം ഉണ്ടായിരുന്നു. നിര്‍ദ്ദേശങ്ങളോട് യോജിച്ചും വിയോജിച്ചും ജനങ്ങള്‍ പരസ്യമായി അഭിപ്രായങ്ങള്‍ക്ക് മുതിര്‍ന്നത്.

ക്ഷേത്രങ്ങളില്‍ മത്സ്യമാംസാദികള്‍ വര്‍ജ്ജ്യമാണെന്ന ബ്രാഹ്മണ പൗരോഹിത്യ താല്പര്യത്തില്‍ നിന്നാണ് 'കൊഞ്ചുംമാങ്ങ' വിശ്വാസപരമായ അശ്ലീലമായിത്തീരുന്നത്. എന്നാല്‍ ഹിന്ദുവിന്‍റെ ബഹുവിധമായ ആരാധനാക്രമങ്ങളില്‍ മത്സ്യമാംസാദികള്‍ വര്‍ജ്ജ്യമല്ലാത്ത ദേവസ്ഥാനങ്ങളുയുണ്ട്. കണ്ണൂരിലെ മുത്തപ്പന്‍ ക്ഷേത്രത്തില്‍ ഉണക്കമീനും മുതിരപ്പുഴുക്കും പ്രസാദമാണ്. അത്തരം പല ക്ഷേത്രങ്ങളും കേരളത്തില്‍ത്തന്നെയുണ്ട്.

• പുരാവൃത്ത സൂചന

ഓരോ പുരാവൃത്തത്തിനും  ഓരോ അര്‍ത്ഥമുണ്ട്. വിശേഷിച്ചും ജനവിജ്ഞാനീയത്തില്‍. അതതു കാലത്ത് ക്ഷേത്രത്തിന്‍റെ ഭരണപരമായ കാര്യങ്ങളില്‍ അധീശത്തം കയ്യാളിയവരുടെ താല്പര്യങ്ങള്‍ ക്ഷേത്രാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പ്രതിഫലിച്ചുകാണാം. ഇന്നത്തെ നിലയില്‍ ക്ഷേത്രഭരണവും പൗരോഹിത്യവും വരേണ്യവത്കരിക്കപ്പെടുന്നതിനുമുമ്പ് ക്ഷേത്ര ഉടമസ്ഥത കൈകാര്യം ചെയ്യപ്പെട്ട ജനതയുടെ ചരിത്രപരമായ അവശേഷിപ്പുകളാണ് 'കൊഞ്ചും മാങ്ങ'യുടെയും പുരാവൃത്തം അനാവൃതമാക്കുന്നത്.

'കടല്‍പ്പുഴു' എന്നു പേരിട്ടു വിളിച്ചിരുന്ന ചെമ്മീന്‍ തെങ്ങിനു വളമായാണ് പുരാതനകാലത്ത് കേരളത്തില്‍ ഉപയോഗിച്ചു വന്നത്. അക്കാലത്ത് അത് മുഖ്യധാരയിലെ അടുക്കളവിഭവങ്ങളില്‍ ഒട്ടുമേ ഇടം പിടിക്കാത്ത ഒന്നായിരുന്നു. ഉണക്കമീന്‍ വറുതിയുടെ കാലത്തെ സാധാരണ ജനതയുടെ കരുതല്‍ കൂടിയാണ്. അതിനും പാങ്ങില്ലാത്തവരാവണം കടല്‍പ്പുഴുവിനെ ആഹാരമാക്കുന്നത്. ഓണാട്ടുകരയുടെ പരിസരം ഒരുകാലത്ത് കടല്‍ത്തീരമായിരുന്നുവെന്നതിന് ഗവേഷണത്തിന്‍റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. തൃപ്പെരുന്തുറ, കാക്കനാട്, മാവേലിക്കര, മാവേലിച്ചിറ തുടങ്ങിയ ഇവിടുത്തെ സ്ഥലപ്പേരുകളിലുറഞ്ഞിരിക്കുന്ന ചരിത്ര സൂചനകള്‍തന്നെ കടലിന്‍റെ സാന്നിധ്യം സ്ഥാപിക്കുന്നുണ്ട്.

ഭാഷയും വേഷവും ആചാരങ്ങളും പോലെതന്നെ കേരളീയ ഭക്ഷണവും ജാതിയെ അടയാളപ്പെടുത്തുന്നുണ്ട്. ചത്തതും പഴകിയതും പതിത്വം പറഞ്ഞു പാര്‍ശ്വവത്ക്കരിക്കപ്പെട്ടതുമായ പാഴ് വസ്തുക്കള്‍ ആഹാരമാക്കാന്‍ വിധിക്കപ്പെട്ടവര്‍ ഇവിടെയുണ്ടായിരുന്നു. അവരെ അധ:കൃതരെന്നും അവര്‍ണ്ണരെന്നും പെറുക്കിത്തീനികളെന്നും മറ്റുമാണ് നമ്മുടെ അക്കാദമിക / ചരിത്രവ്യവഹാരങ്ങളില്‍ രേഖപ്പെടുത്തിയിട്ടുളളത്. അതിനാല്‍ത്തന്നെ ഒരു തേജോമയമായ ഭൂതകാലം അത്തരം ജനതക്കുമുണ്ടെന്നു നമുക്ക് സങ്കല്പിക്കുകവയ്യ. നമ്മുടെ വിദ്യാഭ്യാസത്തിലൂടെ വേരുറച്ചുപോയ ചരിത്രബോധം അതിനനുവദിക്കും വിധമല്ല വാര്‍ത്തെടുക്കപ്പെട്ടിട്ടുളളത്. അതിനാനാലാണ് ഇന്നത്തെ ചില മുഖ്യധാരാ ക്ഷേത്രങ്ങളില്‍ പോലും അത്തരം പ്രാചീന ജീവിതങ്ങള്‍ക്കുളള ഉടമസ്ഥാവകാശം ഗുപ്തമാക്കപ്പെട്ട രീതിയിലെങ്കിലും, വാമൊഴിയിലും പുരാവൃത്തങ്ങളിലും, ഉണ്ടെന്നു വിശ്വസിക്കുവാന്‍ തയ്യാറുളള മാനസികാവസ്ഥയില്ലാത്തത്.

• നിഷ്കളങ്ക ഭക്തി

ഇതിനു പൗരാണികമായ മറ്റൊരു ആഖ്യാനവും നിലവിലുണ്ട്. ശ്രീരാമന്‍ ശബരിയുടെ ആശ്രമത്തില്‍ ചെല്ലുമ്പോള്‍, പഴവര്‍ഗ്ഗങ്ങള്‍ രുചിച്ചു നോക്കിയശേഷം നല്ലതുമാത്രം ഭഗവാനു നല്‍കുന്ന നിഷ്കളങ്ക ഭക്തിയുമായും ഈ പുരാവൃത്തത്തെ ബന്ധപ്പെടുത്താം. ഈ  ക്ഷേത്രത്തോടു പൂര്‍വ്വികബന്ധമുളള പ്രാഗ് ജനതയുടെ നിഷ്കപട ഭക്തിയുടെകൂടി അടയാളപ്പെടുത്തലാണ് പുരാവൃത്ത ശേഷിപ്പ്. ഗോത്രത്തനിമയുളള അനുഷ്ഠാനവും കൂടിയാണത്. കുത്തിയോട്ടത്തിലെ 'തന്നന്നം താനന്നം' എന്ന വായ്ത്താരിയില്‍ ഈ പൊരുളടങ്ങിയിരിക്കുന്നുണ്ട്. 'തന്‍റെ അന്നം തന്നെയാണ് ഭഗവാന്‍റെ / ഭഗവതിയുടെ അന്നം' എന്ന പ്രാക്തന മനുഷ്യന്‍റെ നിഷ്കളങ്ക സമര്‍പ്പണം കൂടിയാണത്.

• കര്‍തൃത്ത്വ സൂചന

പായസം ഉണ്ടാക്കുന്നവരല്ല ക്ഷേത്രത്തിന്‍റെ ആദ്യകാല പരിപാലകരും ഭക്തരുമെന്നാണ് ഇത്തരം പുരാവൃത്തം സൂചിപ്പിക്കുന്നത്. അവര്‍ സാധാരണയില്‍ സാധാരണക്കാരും, ഇന്നത്തെ ഭാഷയില്‍ അവര്‍ണ്ണരും പാര്‍ശ്വവത്കൃതരും ഒക്കെയാണെന്ന സൂചനകള്‍ കൊഞ്ചുകറിയെന്ന രൂപകത്തില്‍ ഉളളടങ്ങിയിട്ടുണ്ട്. അവര്‍ പായസമുണ്ണികളായിരുന്നെങ്കില്‍ പുരാവൃത്തത്തില്‍ പായസം ഉണ്ടാക്കുന്ന അമ്മ കര്‍തൃത്ത്വത്തില്‍ പ്രത്യക്ഷമായേനെ. പകരം, കുത്തിയോട്ടം വരുമ്പോള്‍ അവര്‍ അടുക്കളയില്‍ കൊഞ്ചാണ് കറിവെച്ചത്. പദാര്‍ത്ഥവിശ്ലേഷണത്തില്‍ ഇത് വളരെ പ്രധാനമാണ്.

• നാടിന്‍റെ തുടിപ്പ്

മാത്രമല്ല, ഈ പുരാവൃത്തത്തില്‍ ഈ നാടും, കാര്‍ഷിക ജീവിതവും തുടിച്ചു നില്‍ക്കുന്നുണ്ട്. മാങ്ങയും മുരിങ്ങയും സുലഭമായ ഓണാട്ടുകരയിലെ ആദ്യ ജനതതിയെ നമുക്ക് അതില്‍കാണാം.
കൊഞ്ചു നിഷിദ്ധമായികാണാത്ത ജനതയുടെ വൈകാരികാംശമുണ്ട് കുത്തിയോട്ടത്തില്‍ എന്നതാണ് ഈ പുരാവൃത്തത്തിന്‍റെ ഉളളടക്കം.

• ജാതീയ അര്‍ത്ഥകല്പനകള്‍

ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്ന മറ്റു ചില പുരാവൃത്തങ്ങളും പ്രചാരത്തിലുണ്ട്. ഓണാട്ടുകരയിലെ ജാതി ശ്രേണിയിലധിഷ്ഠിതമായ സാമൂഹിക ഘടനയെക്കുറിച്ച് അറിവുതരാന്‍ പര്യാപ്തമായ മികച്ച ഉപാദാനങ്ങളാണവ.
കണ്ടിയൂരമ്പലത്തില്‍ ചെട്ടികുളങ്ങര
ഭഗവതിയെ പ്രദക്ഷിണവഴിക്കകത്തു കയറ്റാത്തതും, അതുപോലെ തന്നെ,
കായംകുളം മുക്കാലിവട്ടം (വിഠോബ) ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തതും ഓരോ കഥയാല്‍ നിബന്ധിതമാണ്‌. 'ഒരിക്കല്‍ ഈ ക്ഷേത്രങ്ങളിലെത്തിയ ചെട്ടികുളങ്ങരയമ്മ അവിടങ്ങളില്‍ നിന്നും സ്വര്‍ണ്ണക്കൊരണ്ടി മോഷ്ടിച്ചതിനാലാണത്രേ' കണ്ടിയൂരിലും വിഠോബയിലും അകത്തും പ്രദക്ഷിണവഴിയിലും പ്രവേശിപ്പിക്കാത്തത്.! അക്കാലത്തെ ജാതീയവിവേചനങ്ങളുടെ തീഷ്ണതയേറിയകഥകള്‍ പലതും കെട്ടുകഥകളായിത്തോന്നുന്ന കാലത്ത്, ഇന്ന്, ഭക്തിപാരവശ്യത്തിന്‍റെ നടുവില്‍ അത്തരം കഥകള്‍ നമുക്ക് ലജ്ജാകരമായിത്തോന്നാം. എന്നാല്‍, ജാതീയതയുടെ അപ്രമാദിത്തമുളള ഫ്യൂഡല്‍ കാലത്ത്, ചെട്ടികുളങ്ങര ഭഗവതീക്ഷേത്രത്തിന്‍റെ ഉടമകളെക്കാള്‍, ഉപരിവര്‍ഗ്ഗ അധികാര / സാമ്പത്തിക കേന്ദ്രങ്ങളായിരുന്നു കണ്ടിയൂരിലെയും വിഠോബയിലേയും ക്ഷേത്ര പാലകരും അവകാശികളുമെന്നാണിതു സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ് ഭഗവതിയെ പുരാവൃത്താഖ്യാനത്തിലൂടെ അകറ്റി നിറുത്തിയത്. ജാതീയമായ വേര്‍തിരിവ് ഇവിടെ സ്പഷ്ടമാണ്. 'പുതിയകാവിലമ്മ'ക്ക് ഈ വേര്‍തിരിവ് കണ്ടിയൂരിലില്ലാത്തതും അതുകൊണ്ടാണ്.

പല പുതിയ ആചാരങ്ങളും അനുഷ്ഠാനങ്ങളും ദേവഹിതത്തിന്‍റെ പട്ടുകുപ്പായമിടുവിച്ച് ആവിഷ്കരിക്കുകയും പുരാതനമായ പലതിനെയും തുടച്ചു നീക്കുകയും ചെയ്യുന്നതില്‍ ചിലതെല്ലാം ഒളിഞ്ഞിരിക്കുന്നുണ്ട്. കുത്തിയോട്ടമെന്ന അനുഷ്ഠാന കലാരൂപത്തിന്‍റെ വക്താക്കളും പ്രയോക്താക്കളുമായ ഒരു ജനതയുടെ ഓര്‍മ്മകളെ ചരിത്രത്തില്‍ നിന്നു തുടച്ചു നീക്കാനുളള ബോധപൂര്‍വ്വമായ പരിശ്രമമായേ ഇതിനെ കാണാനാകൂ. സാംസ്കാരികമായ ജാഗ്രതയാണ്, അതുമാത്രമാണ്, ഇതിനു പ്രതിവിധി.
____________________
1. ചെമ്മീൻ എന്ന വാക്കിന്റെ അർത്ഥം
ചുവന്ന മീൻ എന്നാണ്. ചെം + മീൻ എന്ന് പദം പിരിക്കാം. രണ്ടു ഘടക പദങ്ങള്‍ കിട്ടും. മീനിന് നക്ഷത്രം എന്നും അർത്ഥമുണ്ട്. കൊള്ളിമീൻ (Shooting star )എന്ന വാക്ക് ഓർമ്മിച്ചാലും ചുവന്ന നക്ഷത്രം അരുന്ധതീ നക്ഷത്രമാണ്. അരുന്ധതി ചാരിത്ര്യത്തിന്റെ പര്യായം, വസിഷ്ഠന്റെ ഭാര്യ.  വിവാഹശേഷം വധൂവരൻമാർ ഒരുമിച്ച് അരുന്ധതീ നക്ഷത്രം കാണുന്ന ചടങ്ങ് പല സമുദായത്തിലുമുണ്ട്.

• ഹരികുമാര്‍ ഇളയിടത്ത്

Comments