ഒരു യാത്ര കഴിഞ്ഞ് സർക്കാർ മന്ദിരത്തിൽ മടങ്ങിയെത്തിയപ്പോളാണ് ഗാന്ധിജിയെ ആരോ വെടിവെച്ചെന്ന വാർത്ത മൗണ്ട് ബാറ്റൺ പ്രഭു അറിയുന്നത്. തൊട്ടടുത്ത മണിക്കൂറുകളിൽ കോടിക്കണക്കിനാളുകൾ ചോദിച്ച അതേ ചോദ്യമാണ് അദ്ദേഹവും ഉന്നയിച്ചത് "ആരാണതു ചെയ്തത്?"

'ഞങ്ങൾക്കറിഞ്ഞു കൂടാ, സർ' അദ്ദേഹത്തെ വിവരം ധരിപ്പിച്ച അംഗരക്ഷകൻ മറുപടി നൽകി. നിമിഷങ്ങൾക്കകം അദ്ദേഹം അലൻ ക്യാംപ്ബെൽ ജോൺസൺ എന്ന പത്രക്കാരനോടൊപ്പം ബിർളാ ഹൗസിലെത്തി.

അവർ ബിർളാ ഹൗസിലെത്തിയപ്പോഴേക്കും
അവിടം ജനനിബിഡമായിക്കഴിഞ്ഞിരുന്നു. പൊതിഞ്ഞു നിന്ന ജനക്കൂട്ടത്തിനെ വകഞ്ഞുമാറ്റിയുണ്ടാക്കിയ പഴുതിലൂടെ അവർ അകത്തേക്കു നുഴഞ്ഞു കയറുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ നിന്നൊരാൾ ഉറക്കെ വിളിച്ചു പറഞ്ഞു: 'ഒരു മുസ്ലീമാണതു ചെയ്തത്'

മൗണ്ട് ബാറ്റൺ ആ മനുഷ്യന്റെ നേർക്കു തിരിഞ്ഞ്: 'എടോ വിഡ്ഢീ, അതൊരു ഹിന്ദുവാണെന്ന് തനിക്കറിഞ്ഞു കൂടേ?' എന്ന്  ആകാവുന്നത്ര ഉച്ചത്തിൽ അലറി.

നിമിഷങ്ങൾക്കു ശേഷം ജോൺസൺ ചോദിച്ചു, "അതൊരു ഹിന്ദുവാണെന്ന് അങ്ങേക്ക് എങ്ങനെയാണു മനസ്സിലായത്?"

'എനിക്കറിഞ്ഞു കൂടാ', മൗണ്ട് ബാറ്റൺ പറഞ്ഞു, 'അതൊരു മുസ്ലീം ആണെങ്കിൽ, ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കൂട്ടക്കൊലയാണ് ഇന്ത്യയിൽ നടക്കാൻ പോകുന്നത്'

നാല്പതു മിനിട്ടു കഴിഞ്ഞാണ്, ഗാന്ധിയെ വെടിവെച്ചു കൊന്നത് നാഥൂറാം ഗോഡ്സെ എന്ന പൂനക്കാരൻ ബ്രാഹ്മണനാണെന്ന് പോലീസ് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമാണ് റേഡിയോയിലൂടെ വളരെ കരുതലോടെ എഴുതപ്പെട്ട ആ സന്ദേശം ലോകമറിഞ്ഞത്. "ഇന്നു വൈകിട്ട് 5 മണി കഴിഞ്ഞ് 20 മിനിട്ടായപ്പോൾ ന്യൂഡൽഹിയിൽ വെച്ച് മഹാത്മാഗാന്ധി കൊല ചെയ്യപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ഘാതകൻ ഒരു ഹിന്ദുവാണ്".

പിറ്റേന്ന് വിവരമറിഞ്ഞ് ഗാന്ധിജിയുടെ പഴയ സുഹൃത്തായിരുന്ന ബർണാഡ്‌ ഷാ എഴുതി "നല്ലവനായിരിക്കുന്നത് എത്ര ആപത്കരമാണെന്ന് അദ്ദേഹത്തിന്റെ വധം തെളിയിക്കുന്നു".

Comments