ആറാട്ടുപുഴ വേലായുധപ്പണിക്കരും 
കേരള നവോത്ഥാനവും *

നവോത്ഥാനം എന്നത് തികച്ചും, പാശ്ചാത്യ പരിപ്രേക്ഷ്യത്തിലുളള ഒരു പരികല്പനയാണ്. ഇരുണ്ടയുഗം എന്നു വിശേഷിപ്പിക്കപ്പെടുന്ന കെട്ടകാലത്തിന്‍റെ പ്രത്യയശാസ്ത്രങ്ങളെ മുഴുവന്‍ തച്ചു തകര്‍ക്കുകയും തല്‍സ്ഥാനത്ത് തികച്ചും പുതിയ ആശയസംഹിതകളെ പ്രതിഷ്ഠിക്കുകയും ചെയ്തുകൊണ്ടാണ് നവോത്ഥാനം അവിടെ യാഥാര്‍ത്ഥ്യമായത്. മതത്തിനെതിരായ പോരാട്ടമായിരുന്നു അവിടെ നവോത്ഥാനത്തിന്‍റെ ഉളളടക്കത്തെ നിര്‍ണ്ണയിച്ചത്. ക്രൈസ്തവ മതം അത്രമേല്‍ ക്രൗര്യം അക്കാലത്തെ ജീവിതങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചിരുന്നു. അതിനാല്‍ത്തന്നെ, മതവിരുദ്ധമായ ആശയമുന്നേറ്റത്തിന്‍റെ വേദികൂടിയായി അവിടുത്തെ നവോത്ഥാനം. എന്നാല്‍, അത്തരം സമ്പൂര്‍ണ്ണമായ പരിവര്‍ത്തനത്തെ അടയാളപ്പെടുത്തുന്ന പ്രയോഗം എന്ന നിലയില്‍ ഉപയോഗിക്കപ്പെട്ട 'റിനൈസന്‍സ്' അഥവാ 'റീബെര്‍ത്ത്' എന്ന സംജ്ഞയാകട്ടെ, തീര്‍ച്ചയായും ബൈബിളിനെ അംഗീകരിക്കുന്നതുമായിരുന്നു എന്നതാണ് അവിടുത്തെ നവോത്ഥാനത്തിന്‍റെ ഏറ്റവും വലിയ വൈരുദ്ധ്യം. ക്രിസ്തുവിന്‍റെ ഉയിര്‍ത്തെഴുന്നേല്പില്‍ നിന്നാണ് റിനൈസന്‍സ് ( നവോത്ഥാനം) എന്ന പരികല്പന ഉരുവം കൊണ്ടിരിക്കുന്നത്.

നവോത്ഥാന നായകരുടെ സംഭാവനകള്‍ വിലയിരുത്തുകയും അവരുടെ പ്രസക്തി സമൂഹത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരികയും തലമുറകള്‍ക്കു കൈമാറി അവരുടെ ഓര്‍മ്മകളെയും സംഭാവനകളെയും ചിരന്തനമായി നിലനിര്‍ത്തുകയും ചെയ്യുന്നതിനു പകരം, നിര്‍ഭാഗ്യവശാല്‍ നമ്മുടെ ചരിത്രകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളും, സമൂഹത്തെ സവര്‍ണ്ണ / അവര്‍ണ്ണ കളളികള്‍ തിരിച്ച് സ്ഥിരം ശത്രുക്കളാക്കി നിര്‍ത്താനാണ് പരിശ്രമിക്കുന്നത്.

Comments