സീതകളി*

കേരളത്തിലെ ഒരു നാടൻ വിനോദമായിരുന്നു സീതക്കളി. കുറവ സമൂഹത്തിന്റെ അനുഷ്ഠാന കലാരൂപങ്ങളിലൊന്നാണിത്. കൊല്ലം, പത്തനംതിട്ട ജില്ലകളുടെ കിഴക്കൻ മേഖലകളിലാണ് സീതക്കളിയും ഭാരതക്കളിയും ആചരിക്കുന്നത്.

ഓണക്കാലത്ത് അത്തം മുതൽ തിരുവോണം വരെ അരങ്ങേറിയിരുന്ന സീതകളി ജാതി–മത വിവേചനങ്ങൾക്ക് അതീതമായി ജനകീയ കലാരൂപമെന്ന നിലയിലറിയപ്പെട്ടിരുന്നു. നാരദൻ‍, ശ്രീരാമൻ, ലക്ഷ്മണൻ, സീത, കൈകേയി, മന്ഥര, ദശരഥൻ, ശൂർപ്പണഖ, രാവണൻ, പൊന്മാൻ, ഹനുമാൻ തുടങ്ങിയ വേഷങ്ങൾ കളിയുടെ മാറ്റു കൂട്ടുന്നു.

വീടുകൾ തോറും കയറിയിറങ്ങിയാണ് ഇത് അവതരിപ്പിച്ചിരുന്നത്. രാമായണ കഥയിലെ വനയാത്ര മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കഥാഭാഗങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആശാൻമാർ എഴുതി ചിട്ടപ്പെടുത്തിയ പാട്ടിനും താളത്തിനുമൊത്ത് വേഷക്കാർ ഭാവ തീവ്രതയോടെ ചുവടുവച്ച് നൃത്തമാടുന്നതാണ് സീതക്കളി.

ദേശിംഗനാടിന്റെ ജനവാസ മേഖലകളിലൊക്കെ നിലനിന്നിരുന്ന അധഃസ്ഥിത ജനതയുടെ ഓണക്കളിയായിരുന്നു സീതകളി. വേടര്‍, പുലയര്‍ വിഭാഗങ്ങളില്‍പ്പെട്ടവരാണ് കളി, തലമുറകളിലൂടെ കൈമാറി വന്നത്. കമ്പരാമായണം, അദ്ധ്യാത്മ രാമായണം എന്നീ കൃതികളെ ആധാരമാക്കി ലളിത സുന്ദരമായ പദങ്ങളില്‍ എഴുതി ചിട്ടപ്പെടുത്തി വേഷപ്പകര്‍ച്ചയോടെ ചുവട് വച്ച് കളിച്ചു വന്ന സീതകളി അത്തം മുതല്‍ ഇരുപത്തിയെട്ടാം ഓണം വരെയുള്ള രാത്രികളില്‍ ഒരോ വീട്ടുമുറ്റങ്ങളിലുമെത്തി പഴമക്കാര്‍ അവതരിപ്പിച്ചിരുന്നു.
വനയാത്ര മുതല്‍ സീതയുടെ സ്വര്‍ഗാരോഹണം വരെയുള്ള കഥാഭാഗങ്ങളാണ് സീതകളിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വായ്‌മൊഴിയായി പകര്‍ന്നാടിവന്ന ഈ നാട്ടടവ് കലയില്‍ സീതയാണ് പ്രധാന കഥാപാത്രം. ദ്രാവിഡ ഭംഗിയില്‍ നിറഞ്ഞ, രാമായണത്തിലെ ഓരോ കഥാപാത്രങ്ങളുടെയും ചടുലമായ ചുവടുവെയ്പ്പുകള്‍ കളിയുടെ പ്രത്യേക ആകര്‍ഷണമാണ്. അധ:സ്ഥിത ജനതയുടെ അദ്ധ്വാനത്തിന്റെ ശൈലിയില്‍ നിന്നും ഉരുത്തിരിഞ്ഞ ഒരൊറ്റ ചുവട് വെയ്പ്പിലൂടെയാണ് കളി വിന്യസിക്കപ്പെടുന്നത്. ആദ്യകാലങ്ങളില്‍ പുരുഷന്മാരാണ് സ്ത്രീ വേഷങ്ങള്‍ കെട്ടിയിരുന്നത്. പില്‍ക്കാലത്ത് ബാല്യകാലം മുതല്‍ സ്ത്രീകള്‍ വേഷം കെട്ടിത്തുടങ്ങി.
പെട്രോമാക്‌സിന്റെയും തീപ്പന്തങ്ങളുടെയും വെളിച്ചത്തിലാണ് സംഘങ്ങള്‍ കളി അവതരിപ്പിച്ചിരുന്നത്. കേരളത്തിന്റെ അന്നത്തെ സാമൂഹിക ജീവിത ചുറ്റുപാടുകളില്‍ സീതകളിക്ക് വേണ്ടത്ര പ്രസക്തി കിട്ടാതെ കാലഹരണപ്പെടുകയാണുണ്ടായത്.

Comments