ബ്രഹ്മണരായ നാടുവാഴികളും പന്ത്രണ്ടാം നൂറ്റാണ്ടിനു ശേഷം ഉണ്ടായിട്ടുണ്ട്. ഇത് രണ്ടു രീതിയിലായിരുന്നു. ഒന്ന് മാടമ്പിമാരായ ബ്രാഹ്മണർ ദേശവാഴികളായും പിന്നീട് നാടുവാഴികളായും മാറി. അതുപോലെ രാജാവിൻെറ അംഗീകാരത്തോടെ ദേശവാഴിക്ക് നാടുവാഴിയും ആവാം.                    
സാമൂതിരിയുടെ അംഗീകാരത്തോടെ നാടുവാഴിയായ ബ്രാഹ്മണരാണ് ഇന്നത്തെ മലപ്പുറം ജില്ലയിലെ കോട്ടപ്പടി ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന നമ്പീശൻ കുടുംബവും, രായ്നെല്ലൂരിൽ ഭരണം നടത്തിയിരുന്ന നമ്പീശൻ കുടുബവും. ബ്രാഹ്മണരുടെ എല്ലാ ആചാരങ്ങളും അനുഷ്ഠിക്കുന്നവരാണെങ്കിലും നമ്പീശന്മാരായാണ് ഇവർ അറിയപ്പെടുന്നത്. ഇവരൂടെ മൂല ആസ്ഥാനം കോഴിക്കോട് വെസ്റ്റ്ഹില്ലിനടുത്തുള്ള വരക്കൽ ആണ്.          
കോലത്തിരി രാജ്യത്തിൻെറ ഭാഗമായിരുന്ന കടത്തനാടിൻെറ ആസ്ഥാനം വരക്കൽ ആയിരുന്നു. കേരളത്തിലെ പ്രധാന നാടുവാഴികളിൽ ഉൾപ്പെട്ടവരായിരുന്നു പോർളാതിരി സ്വരൂപം. കോഴിക്കോടും കടത്തനാടും ഉൾപ്പെട്ട പോളനാടിനെ നാല്പതിലേറെ വർഷത്തെ ഉപജാപങ്ങളിലൂടെയാണ് സാമൂതിരി കീഴ്പെടുത്തിയത്. പോർളാതിരിയുടെ അകമ്പടിക്കിരനായിരുന്നു പാറനമ്പി (നമ്പിമൂസ്സത്).                                        
 
സാമൂതിരിയുടെ വിശ്വസ്തർ പോർളാതിരിയുടെ കെട്ടിലമ്മയെ സ്വർണ്ണവും രത്നവും കൈക്കൂലിയായി നൽകി സ്വാധീനിച്ചു. പാറശങ്കരനമ്പിയെന്ന അകമ്പടിക്കാരനെയും സ്വാധീനിച്ച്  സാമൂതിരി പക്ഷത്താക്കി. ഒരിക്കൽ പോളാതിരി എണ്ണ തേച്ച് കുളിക്കാൻ കുളത്തിലിറങ്ങിയ നേരം കൂറുമാറിയ കാവൽക്കാർ കോവിലകത്തിൻെറ വാതിൽ തുറന്നു കൊടുക്കുകയും, അകത്തു കടന്ന നെടിയിരുപ്പ് സേന മൂന്നു കുറ്റി വെടിപൊട്ടിച്ച് കോട്ടക്കുള്ളിൽ ആധിപത്യം സ്ഥാപിച്ചു. വെടിയൊച്ച കേട്ട പോളാതിരി 'ചതിച്ചോ' എന്നു പറഞ്ഞുകൊണ്ട് ഉടുമുണ്ടോടെ കോലത്തിരിയുടെ കോവിലകത്തേക്ക് ഓടിപോയി എന്നുമാണ് കഥ.                                
സാമൂതിരി പോളനാട് പിടിച്ചടക്കിയതോടെ ഈ പ്രദേശം കോഴിക്കോടിൻെറ ഭാഗമായി. സാമൂതിരിയുടെ പണ്ടാരസൂക്ഷിപ്പു കാരനായിരുന്ന ശങ്കരനമ്പി വള്ളുവക്കോനാതിരിയിൽ നിന്നും മലപ്പുറം (മണ്ണൂർ) പിടിച്ചെടുക്കുകയായിരുന്നു. അങ്ങിനെ അദ്ദേഹത്തെ മണ്ണൂർ പാറനമ്പി (മലപ്പുറം പാറനമ്പി) എന്ന സ്ഥാനം നൽകി നാടുവാഴിയായി സാമൂതിരി നിയമിച്ചു.            

സാമൂതിരിയുടെ സൈനിക കേന്ദ്രങ്ങളായിരുന്നു മലപ്പുറം കോട്ടപ്പടിയും, കോട്ടകുന്നും. സാമൂതിരിയുടെ പൊതുകാര്യസ്ഥൻ പാറനമ്പി മലപ്പുറത്തെയും, കലവറകാര്യസ്ഥൻ രായിനെല്ലൂരെയും നാടുവാഴികളായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ വള്ളുവക്കോനാതിരിയും, സാമൂതിരിയും തമ്മിലുള്ള ശത്രുത വർദ്ധിക്കുകയും വില്ലാളിവീരനായ പാറനമ്പിയുടെ സഹായത്തോടെ സാമൂതിരി വള്ളുവക്കോനാതിരിയെ തോല്പിച്ചു. സന്തുഷ്ടനായ സാമൂതിരി പാറനമ്പിയോടു പറഞ്ഞു, 'സൂര്യോദയത്തിൽ എഴുന്നേറ്റ് അസ്തമിക്കുന്നതുവരെ നടക്കുക അസ്ഥമിക്കുമ്പോൾ എവിടെയാണൊ നിൽക്കുന്നത് അതുവരെയുള്ള സ്ഥലം പാറനമ്പിക്ക് സ്വന്തം'. ഇന്നത്തെ തൃക്കലങ്ങോട്ടു മുതൽ ഹാജിയാർ പള്ളിവരെയാണ് പാറനമ്പി നടന്നതെന്ന് വാമൊഴി.                                                                  
ഒരവസരത്തിൽ സാമൂതിരിയുടെ താക്കോൽ കൂട്ടം നഷ്ടപ്പെടുകയും അത് കണ്ടെടുത്ത് നൽകിയ ഇസ്ലാം മതവിശ്വാസിയായിരുന്ന കാര്യസ്ഥനോട് എന്താണ് പ്രതിഫലം വേണ്ടതെന്ന് ചോദിച്ചപ്പോൾ ആ കാര്യസ്ഥൻ പറഞ്ഞു, കരിങ്കാളിക്കാവ് ഭഗവതി ക്ഷേത്രം ഇരിക്കുന്നിടത്ത് ഒരു മുസ്ലീം പള്ളി  പണിയാനുള്ള അനുവാദമാണ് ആവശ്യപ്പെട്ടത്. വാക്കു പാലിക്കുന്നതിൽ കണിശക്കാരനായ സാമൂതിരി അപ്രകാരം തന്നെ ചെയ്തു കൊടുത്തു. ഇങ്ങനെയാണെത്ര ഇന്നത്തെ ഹാജിയാർ പള്ളിയുടെ ഉത്ഭവം (ഇന്നാണെങ്കിൽ തെരുവിൽ കുറച്ചെണ്ണം തീരുമായിരുന്നു.)                                    
     വിപുലമായ സ്വത്തും,അധികാരവുമുള്ള പാറനമ്പിക്ക് കുടിയാന്മാരായി ധാരാളം ജനങ്ങളുണ്ടായിരുന്നു.നികുതികളാണ് നാടു വാഴിയുടെ പ്രധാന വരുമാനമാർഗ്ഗം.നികൂതി പിരിക്കാനുള്ള ഉദ്യോഗസ്ഥനായിരുന്നു വള്ളുവനാട്ടുകാരനായ അലി മരക്കാർ എന്ന മുസ്ലിം യോദ്ധാവ്.ഇയാൾക്ക് നികുതിപിരിക്കാനുള്ള അവകാശത്തോടൊപ്പം നികുതി നൽകാത്തവരെ ചന്തയിൽ കൊണ്ടുപോയി വിൽക്കാനുള്ള അധികാരവും പാറനമ്പി നൽകിയിരുന്നു.അടിമയെ വിറ്റു ലഭിക്കുന്ന പണം രണ്ടുകൂട്ടർക്കും പപ്പാതിയായിരുന്നു. ഒരിക്കൽ അടിമയായി  വിറ്റതിൽ പാറനമ്പിയുടെ ബന്ധുക്കളും ഉൾപ്പെട്ടു.ഇതിൽ ക്ഷുഭിതരായ ബന്ധുക്കൾ പാറനമ്പിക്ക് പരാതി നൽകി.തുടർന്ന് അലിമരക്കാരുമായി ഇടഞ്ഞ  പാറനമ്പി യുദ്ധത്തിനു പുറപ്പെട്ടു.പാറമഠത്തിന് മുന്നിലുള്ള മൈതാനത്ത് വെച്ചു നടന്ന ഏറ്റു മുട്ടലിൽ  അലിമരക്കാർ മരണപ്പെട്ടു.തുടർന്ന് മറ്റു നാടുവാഴികളുമായി കൂടിയാലോചിച്ച് അലിമരക്കാരുടെയും  മറ്റുള്ളവരുടെയുമൊക്കെ ഭൂമി തിരിച്ചു പിടിക്കാൻ സൈന്യത്തെ ഇറക്കി.                        
     പാടങ്ങളിൽ പണിയെടൂക്കുന്ന പട്ടിണിപാവങ്ങൾ എന്നും അവഗണിക്കപ്പെട്ടവരായിരുന്നു.അവരുടെ ആവലാതി കേൾക്കാൻ ആരുമുണ്ടായില്ല.കുടിയാന്മാർ ഏറെയും അവർണ്ണരായ ഹിന്ദുക്കളും ,ഇസ്ലാം മതവിശ്വാസികളുമായിരുന്നു.നിരപരാധികളായ ഇവർ പാറനമ്പീയോട് തങ്ങൾ തെറ്റുകാല്ല തങ്ങളുടെ ഭൂമി പിടിച്ചെടുക്കരുത് എന്ന് താണുകേണപേക്ഷിച്ചു.പക്ഷെ ഫലമുണ്ടായില്ല.പടയാളികൾ കുടിയാന്മാരേയും ഒഴിപ്പിക്കാൻ തന്നെ തീരുമാനിച്ചു.അധികാരികളെ ഭയന്ന് മുസ്ലിംങ്ങൾ മലപ്പുറം വലിയങ്ങാടി പള്ളിയിൽ അഭയം തേടി.പട്ടാളം പള്ളി വളഞ്ഞു എന്ന വാർത്തകേട്ട് അയൽ ദേശക്കാരും മലപ്പുറത്തേക്ക് വരാൻ തുടങ്ങി.ഒരു ഭാഗത്ത് പാറനമ്പിയുടെ പടയാളികളും ,മറുഭാഗത്ത് എല്ലാം ദൈവത്തിൽ അർപ്പിച്ച് ശുഹദാക്കളാവാൻ തയ്യാറായി മുസ്ലിം പടയാളികളും.                                                              
     മങ്കരത്തൊടി യൂസുഫ് മുസ്സലിയാർ പള്ളിക്കകത്തുള്ളവർക്ക് ശക്തി പകർന്നു നല്കി.അങ്ങിനെ ഇരുപതോളം പേരടങ്ങുന്ന നാല് ഗ്രൂപ്പുകളായി പടയാളികളെ പള്ളികുള്ളിൽ വെച്ചവർ തരം തിരിച്ചു.രാത്രി തന്നെ പള്ളിയിലുണ്ടായിരുന്ന കുട്ടികളെയും സ്ത്രീകളെയും പുറത്തേക്ക് മാറ്റി.ശത്രുക്കളെ പിടിക്കാൻ പള്ളിക്ക് ചുറ്റും തമ്പടിച്ചിരുന്ന പാറനമ്പിയുടെ പടയാളികൾ രാത്രിയായപ്പോൾ ആയുധം താഴെ വെച്ച് കിടന്നുറങ്ങി.ഈ സമയം ശുഹദാക്കളാകാൻ തയ്യാറെടുത്ത് നിന്നിരുന്ന പുരുഷന്മാർ നമസ്കാരത്തിനു ശേഷം മൂർച്ചവരുത്തിയ ആയുധങ്ങളുമായി ശത്രുനിരയിലേക്ക് എടുത്ത് ചാടി തലങ്ങും വിലങ്ങും വെട്ടികൊണ്ടിരുന്നു.അതി ഭീകരമായ ആ ആക്രമണത്തിൽ ആയിരത്തിനു മുകളിൽ പടയാളികൾ മരണപ്പെട്ടു,നിരവധിയാളുകൾക്ക് കൈകാലുകൾ നഷ്ടപ്പെട്ടു.നാടുവാഴി കുടിയാൻമാരുടെ മുന്നിൽ പരാജയപ്പെടുക അപമാനിതനായ പാറനമ്പി ശരിതെറ്റുകൾ നോക്കാതെ പള്ളി കത്തിക്കാൻ തന്നെ തീരുമാനിച്ചു.                                                              
    ഈ യുദ്ധത്തിൽ ശുഹദാക്കളായവരുടെ ഓർമ്മക്കായി പ്രസിദ്ധമായ മലപ്പുറം നേർച്ച നടന്നു വരുന്നു.നേർച്ചയോടനുബന്ധിച്ച് ഓരോ ദേശത്തു നിന്നും പെട്ടിവരവ് ഉണ്ടാവും.പാറനമ്പിയുടെ സൈന്യത്തെ ഭയന്ന് വീടു വിട്ടുപോകുന്നതിന് മുൻപ് വീട്ടിൽ വളർത്തിയിരുന്ന കോഴിയെ അറുത്ത് കറിയുണ്ടാക്കി പത്തിരി ചുട്ട് കഴിച്ചതിന് ശേഷമാണ് എല്ലാവരും അന്ന് പള്ളിയിൽ അഭയം പ്രാപിച്ചത്.ഈ യുദ്ധത്തിൽ 44 പേർ ശുഹദാക്കളായി.അവരുടെ ഓർമ്മക്കായി  44 പത്തിരി ചുട്ട് പെട്ടിയിലാക്കി നേർച്ചയോടനുബന്ധിച്ച് ഓരോ ദേശത്തു നിന്നും കൊണ്ടു വരും.                                              
     അദ്ധ്വാനത്തിന് ന്യായമായ കൂലി ലഭിക്കാതെ പൊറുതി മുട്ടിയ കുടിയാന്മാരായ കർഷകരും ജന്മികളും തമ്മിൽ സംഘട്ടനം ഉണ്ടാവുക നാട്ടിൽ പതിവായിരുന്നു.എല്ലാ കലാപങ്ങളും ഇത്തരത്തിലായില്ലെങ്കിലും പാറനമ്പിയും കുടിയാന്മാരായ മാപ്പിളമാരും തമ്മിൽ നടന്നത് ജന്മികുടിയാൻ പ്രശ്നം തന്നെയായിരുന്നു.AD 1792 മുതൽ 1921 വരെ മലബാറിൽ നടന്ന മിക്ക സമരങ്ങളും ജന്മിത്തത്തിനും ബ്രിട്ടീഷ് ഭരണത്തിനുമെതി രായിരുന്നു.ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ മുഖ്യ പങ്കു വഹിച്ച പ്രദേശമാണ് മലപ്പുറം അനീതിക്കെതിരെ പടപൊരുതി ജീവൻ ബലിയർപ്പിച്ച നിരവധി ദേശാഭിമാനികൾക്ക് ജന്മം നൽകിയ നാട്.

Comments