മനുസ്മൃതിയുടെ കര്‍ത്താവ് *

പൂർവ്വഭാരതത്തിന് ഇരുളടഞ്ഞ നിരവധി നൂറ്റാണ്ടുകൾ സംഭാനയായി നൽകിയ ഹിന്ദു നിയമസംഹിതയായ 'മനുസ്മൃതി' രചിച്ചതാരാണ്. കെ. പി ജയ്സ്വാൾ പറയുന്നതിപ്രകാരം.                                                  
മനുസ്മൃതി രചിച്ചെന്നു പറയുന്ന  മനു ഒരു സാങ്കല്പിക കഥാപാത്രമാണ് എന്നാണ് ജെയ്സ്വാൾ പറയുന്നത്. മനുസ്മൃതിയുടെ രചയിതാവ് 'സുമതി ഭാർഗ്ഗവൻ' എന്നൊരാളാണെന്നും അദ്ദേഹം പറയുന്നു.    
ക്രിസ്തുവിന് പിൻപ് നാലാം ശതകത്തിൽ രചിച്ചതെന്ന് കരുതപ്പെടുന്ന നാരദസ്മൃതിയിൽ സുമതിഭാർഗ്ഗവനാണ് ഈ നിയമ പുസ്തകം എഴുതിയതെന്ന് പ്രതിപാദിച്ചിട്ടുണ്ടെന്ന്, നിയമത്തിലും സംസ്കൃതത്തിലും ഒരുപോലെ പാണ്ഡിത്യമുള്ള ജെയ്സ്വാൾ 1917 ൽ കൽക്കത്താ സർവ്വകലാശാലയിൽ നടത്തിയ ടാഗോർ നിയമപ്രഭാഷണ പരമ്പരയിൽ പറയുകയുണ്ടായി.                        
ഈ കൃതിയുടെ പേര് മാനവധർമ്മശാസ്ത്രം എന്നാണ്. ആ കാലത്തെ രചനയുടെ രീതിയനുസരിച്ച് രചയിതാവ് തൻെറ കുടുംബത്തിൻെറ പേര് ഭൃഗു എന്നാണ് അതിൽ രേഖപ്പെടുത്തിയത്. മർത്ത്യർക്ക് ധർമ്മശാസ്ത്രങ്ങളുടെ കർത്തൃത്വം നിഷേധിക്കുന്ന പിൽകാല രീതി സ്വീകരിച്ച നാരദൻ മനു രചിച്ച ഒരു ലക്ഷം അദ്ധ്യായങ്ങൾ സംഗ്രഹിക്കുകയാണ് സുമതി ഭാർഗ്ഗവൻ ചെയ്തതെന്ന് അവകാശപ്പെടുന്നു. കൃഷ്ണ യജുർവേദിയായ സുമതി ഭാർഗ്ഗവൻ മാനവൻ എന്ന വൈദിക ശാഖയിലെ അംഗമായതുകൊണ്ടാണ് കൃതിക്ക് മാനവ ധർമ്മശാസ്ത്രം എന്ന പേര് നൽകിയതെന്ന് ജെയ്സ്വാൾ കരുതുന്നു.                                            
മനുസ്മൃതി രചിക്കപ്പെട്ടത് ക്രി. മു 150 നോടടുപ്പിച്ചാണെന്നും ക്രി. പിൻപ് രണ്ടാം ശതകത്തിനു മുൻപായി  അതിൽ ചില മാറ്റങ്ങൾ  വരുത്തപ്പെട്ടെന്നും അദ്ദേഹം തെളിവുകൾ നിരത്തി വാദിച്ചിരുന്നു.              
മേൽപറഞ്ഞത് അനുമാനങ്ങളും ഊഹങ്ങളുമാണ്. ഈ കൃതി ആദ്യം സംസ്കൃതഭാഷയിലാണൊ രചിച്ചത്? അതൊ വാമൊഴികളിലൂടെ പ്രചരണം നേടി പിന്നീട് സംസ്കൃത ഭാഷ വന്നതോടുകൂടി രചിക്കപ്പെട്ടതോ? അതുമല്ലെങ്കില്‍
രചനാകാലഘട്ടത്തിൽ സംസ്കൃത ഭാഷയുണ്ടായിരുന്നോ, എന്നതെല്ലാം കഴഞ്ഞു മറിഞ്ഞു കിടക്കുന്നതു തന്നെയാണ്.                      

ഏതായാലും മനുസ്മൃതിയിൽ പറയുന്നത് ഈ ഗ്രന്ഥം ബ്രാഹ്മണനെ എല്ലാറ്റിന്‍റെയും അധിപനാക്കാൻ തന്നെയാണ്. ബ്രാഹ്മണനെ ആയുധം ധരിക്കാനും ഭരണാധികാരിയും സേനാപതിയുമാക്കാനും പറയുന്നു.              

മൗര്യ സാമ്രാജ്യത്തിൻെറ പതനത്തെ തുടർന്ന് സുംഗവംശം ഒരു ബ്രാഹ്മണ സാമ്രാജ്യം സ്ഥാപിച്ച കാലഘട്ടമായിരുന്നു ഇത്. ബുദ്ധമത സ്വാധീനത്താൽ മൗര്യവംശം ജാതിയുടെ അടിസ്ഥാനത്തിലുള്ള പരമ്പരാഗത നീതിന്യായ വ്യവസ്ഥയുടെ സ്ഥാനത്ത് തുല്യനീതി ഉറപ്പാക്കുന്ന വ്യവസ്ഥ ഉണ്ടാക്കിയിരുന്നു. അത് സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ സ്ഥാനം നൽകുകയും ചെയ്തു. ഈ രീതികൾ അവസാനിപ്പിച്ച് വേദത്തിലെ ആശയങ്ങൾക്കനുസൃതമായി സമൂഹത്തിനെ ക്രമീകരിക്കുകയായിരിക്കാം മാനവധർമ്മ ശാസ്ത്രത്തിൽക്കൂടി സുമതി ഭാർഗ്ഗവൻ ഉദ്ദേശിച്ചിട്ടുണ്ടാവുക.

Comments