തിരുപുറത്ത് വെക്കൽ *

കാളി കുടിയിരിക്കുന്നതായി സങ്കല്പമുളള കാവുകളിൽ ഉണ്ടായിരുന്നതും ഇപ്പോഴും ചില കാവുകളിലെങ്കിലും നിലവിലുള്ളതുമായ ഒരു വഴിപാടാണ് തിരുപുറത്തു വെക്കൽ അഥവാ തിരോർത്ത് വെക്കൽ.

ജാതീയത കൊടിക്കുത്തി വാണിരുന്ന
കാലത്ത് തീണ്ടാപ്പാടകലെ നിൽക്കേണ്ട ജനവിഭാഗം ഒരു മധ്യസ്ഥന്റെ സാന്നിദ്ധ്യമില്ലാതെ തങ്ങളുടെ  ഭഗവതി ക്കുള്ള നൈവേദ്യം ഭഗവതിക്ക് നേരിട്ട് അമ്പലക്കെട്ടിന് പുറത്തു വെച്ചു പാകം ചെയ്തു സമർപ്പിക്കുന്നതിനെയാണ് പുറത്തു വെക്കൽ എന്ന് പറയുന്നത്.
ഇത് ഒരു സമർപ്പണമായിരിന്നു. നിലനിൽപ്പിന്റെ ദേവതയായിട്ടുള്ള കാളിക്ക് മക്കൾ സമർപ്പിക്കുന്ന നൈവേദ്യം.

വള്ളുവനാട്ടിലെ കേളിക്കേട്ട പരിയാനമ്പറ്റ കാവുൾപ്പടെ പല കാവുകളിലും ഇതിന് പ്രത്യേക സ്ഥലങ്ങൾ ഉണ്ടായിരുന്നു.
അമ്പലക്കെട്ടിന്റെ പുറത്തുള്ള പറമ്പിൽ വന്ന് ഇവർ അടുപ്പു കൂട്ടി പായസം വെച്ച് അമ്മക്ക് നേദിക്കും. പല കാവുകളിലും ഇതിനോടനുബന്ധിച്ച് പണ്ട് കോഴിയറവും ഉണ്ടായിരുന്നു.
കാളിയുടെ ആരാധനയിൽ രക്തത്തിന് അതീവ പ്രാധാന്യമുണ്ടായിരുന്നു.
പൊതുവേ ധനു മകരം കുംഭം മാസക്കാലങ്ങളിലാണ് ഈ ചടങ്ങുകൾ ഭദ്രകാളിക്കാവുകളിൽ നടത്തിയിരുന്നത്.
 
ഈ ചടങ്ങുകളിൽ കാവിലെ പൂജാരിമാരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല.

ഇത് കൂടാതെ
കാവുകളിലെ ഉച്ചാറൽ വേലകൾക്കും പൂരത്തിനുമൊക്കെ ദേശദേവതക്ക് മുറ്റത്ത് ചാണകം മെഴുകി അരിമാവു കൊണ്ട്
അണിഞ്ഞ് അവിടെ പായസം വെച്ചു നേദിച്ചു. പരിയാനമ്പറ്റ പതിനാലു ദേശത്ത്,
ചിനക്കത്തൂര്, അങ്ങനെ തുടങ്ങി പല സ്ഥലങ്ങളിലും കോഴിയെ അറുത്ത് ചോര കാളിക്ക് കാട്ടുമായിരുന്നു. മുളയംകാവിൽ ഈ വെച്ചു നിവേദ്യച്ചടങ്ങിനുളള പൂജയിൽ ചന്ദനത്തിന് പകരം പായസം പാകം ചെയ്ത അടുപ്പിലെ വെണ്ണീറായിരുന്നു ഉപയോഗിച്ചിരുന്നുവെന്ന് കേൾവി ഉണ്ട്. മുളഞ്ഞൂർ കാവിലും എലമ്പുലാശ്ശേരി വലിയ നാലിശ്ശേരിക്കാവിന്റെ ദേശങ്ങളിലൊക്കെയും ഈ ചടങ്ങ് വിപുല മായിരുന്നു. പൂക്കോട്ടു കാളികാവിലെ പൂരത്തിന് കന്നുകാലികൾ ഉള്ള വീട്ടുകാർ അവയുടെ അഭിവൃദ്ധിക്കായി പായസത്തോടൊപ്പം അപ്പം നേദിക്കുന്ന പതിവുമുണ്ടായിരുന്നു.

കാവുകളിൽ അബ്രാഹ്മണ ശാന്തിക്കാർക്ക് തിരസ്കരണം വരുകയും, ക്ഷേത്രങ്ങളിൽ മൃഗബലി നിരോധനം വരികയും ചെയ്തതോടു കൂടി ഈ ചടങ്ങുകൾക്ക് മാറ്റം വന്നു. എങ്കിലും പലവീടുകളിലും ഈ ചടങ്ങ് വിപുലമായി ആ ലോഷിക്കുന്നു. അധികപക്ഷവും കോഴി അറവും നടത്താറുണ്ട്. ഇന്ന് പൊങ്കാല എന്ന പേരിൽ നമ്മുടെ കാവുകളിൽ ഇപ്പോൾ ഈ ചടങ്ങുകൾ പുനരാരംഭിച്ചിട്ടുണ്ട്. പക്ഷേ ചില ഭേദ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. അത് ഈ ചടങ്ങിന്റെ പൂർണ്ണമായ സമർപ്പണത്തിനെ ബാധിക്കും. കോഴി അറവും മൃഗബലിയും പൂർണ്ണമായി നിരോധിച്ചതോടുകൂടി കാളിക്കുള്ള ബലിയും കാവുകളിൽ  നിന്നു പോയി. പണ്ട് പല കാവുകളിലും പൂരത്തോടനുബന്ധിച്ച് പൂതൻ തിറ കെട്ടുമ്പോൾ തിറയുടെ  പൂജയിൽ കോഴിയെ അറുത്തിരുന്നു. ചിനക്കത്തൂർ കാവിൽ ഇന്നും ഈ പതിവുണ്ട്.


Comments