തമിഴകവും കേരളവും

ഒരുകാലത്ത് കേരളം തമിഴ്ദേശമായിരുന്നു. 'ദ്രാവിഡം' എന്നു വിളിക്കപ്പെട്ടു. 'പ്രാചീന തമിഴകം' എന്നും പറയും. ഏതാണ്ട് പതിനഞ്ചാം നൂറ്റാണ്ടിന്‍റെ പൂര്‍വ്വാര്‍ത്ഥം വരെ നമ്മളും പറഞ്ഞത് തമിഴുതന്നെ. കിഴക്കും, മേക്കും അങ്ങനെയാണ് നമ്മുടെ വ്യവഹാരത്തില്‍ വരുന്നത്. കീഴേക്കര = കിഴക്ക്, മേലേക്കര = മേക്ക്.  ഇവ സഹ്യ പര്‍വ്വതത്തിനു കിഴക്കു താമസിച്ചവര്‍ അവിടെ നിന്നും സൂര്യനെ നോക്കി (ദിക്കു നോക്കി) പറഞ്ഞതാവണം. സഹ്യനു പടിഞ്ഞാറെപ്പുറം വരെയുണ്ടായിരുന്ന കടല്‍ പടിഞ്ഞാറേക്ക് നീങ്ങിത്തുടങ്ങിയപ്പോള്‍ അതിനപ്പുറത്തെ ജനത ഇവിടേക്കിറങ്ങി വന്നു. അപ്പോഴും അവര്‍ സൂര്യന്‍ ഉദിക്കുന്ന ദിക്കിനെ കിഴക്കെന്നു തന്നെ വിളിച്ചു.

കൊല്ല എന്ന തമിഴ് ധാതുവിന് എക്കല്‍ നിറഞ്ഞ പ്രദേശം എന്നര്‍ത്ഥം. കൊല്ല കടവ് എന്ന സ്ഥലപ്പേര് കടല്‍ പടിഞ്ഞാറേക്ക് വന്നു തുടങ്ങിയ സൂചനയാണ്. തട്ടാരമ്പലം പുതുശ്ശേരി ജംഗ്ഷനടുത്തുളള കൊല്ലക, മുതുകുളം കൊല്ലക എന്നിവയെല്ലാം കാലക്രമേണ കടല്‍ പടിഞ്ഞാറേക്ക് നീങ്ങി വരുന്നതിന്‍റെ അടയാളമാണ്. കരുനാഗപ്പളളി കന്നേറ്റിയിലെ കൊല്ലക, കൊല്ലം, കൊടുംകൊല്ലയൂരെന്ന കൊടുങ്ങല്ലൂര്‍, വടകരയിലെ പന്തലായനി കൊല്ലം എന്നിവയും നമ്മുടെ മുന്നിലുണ്ട്. ആലം( വെളളം) തുരുത്തി, തൃപ്പെരുംതുറ, മുട്ടാര്‍, നിരണം, നീരേറ്റുപുറം, കടപ്ര എന്നിവയും കടലിന്‍റെ സാന്നിധ്യം കാണിക്കുന്നു. 'മഹാവേലൈക്കര'യാണ് മാവേലിക്കരയായത് ( മഹാ/ വലിയ സമുദ്രത്തിന്‍റെ തീരം) എന്നു ചട്ടമ്പിസ്വാമികള്‍ എഴുതിയത് വെറുതെയല്ല. 

Comments