കാവുകളുടെ ജീവശാസ്ത്രം

കാവുകൾക്ക് പരിസ്ഥിതിയുമായി അഭേദ്യമായ ബന്ധമാണുള്ളത്. കൂട്ടംകൂട്ടമായി പലതരത്തിലുള്ള വൃക്ഷങ്ങളും വള്ളികളും കുറ്റിച്ചെടികളും നിറഞ്ഞ് പലതരത്തിലുള്ള ജീവികളുടെ ആവാസകേന്ദ്രമായി നിലകൊള്ളുകയാണ് കാവുകൾ.പക്ഷെ കാവുകൾക്ക് മതങ്ങളുമായി ബന്ധപ്പെട്ട ഒരു കാഴ്ചയാണ് നമുക്ക് തരാനാവുന്നത്.മതങ്ങളെക്കാളും മനുഷ്യരുമായാണ് കാവുകളെ ബന്ധപ്പെടുത്തേണ്ടത്.


കാവുകൾ സംരക്ഷിത പ്രദേശങ്ങളാണ്.ഇന്ത്യയിൽ മാത്രമല്ല ലോകത്തിലെ ഒട്ടു മിക്ക രാജ്യങ്ങളിലും കാവുകൾ മതങ്ങളുമായി ബന്ധപ്പെടുത്തി സംരക്ഷിക്കപ്പെട്ടിരുന്നു.പാവനമായ പരിവേഷം നൽകപ്പെട്ടതു കൊണ്ട് കടന്നുകയറ്റം ഉണ്ടാകാതെ നിലകൊള്ളാൻ കാവുകൾക്കായി.

ചരിത്രരേഖകളിൽ യൂറോപ്പിലെ എസ്റ്റോണിയയിൽ 2500-ഓളം കാവുകളുണ്ടെന്ന് കണക്കു കാണുന്നു.സാങ്കേതികമായി വികസിതരാഷ്ട്രമാണെങ്കിലും പാവനപ്രദേശങ്ങൾ സംരക്ഷിക്കപ്പെടുകയും പ്രാദേശികാചാരങ്ങൾ പാലിക്കപ്പെടുകയും ചെയ്യുന്നുണ്ട് അവിടെ.2008-ൽ രൂപം നൽകിയ ഒരു ദേശീയ പദ്ധതിയിലൂടെ ഇത്തരം ഇടങ്ങൾ നിലനിർത്താനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു ഈ രാജ്യത്തെ ഭരണകൂടം.

ആഫ്രിക്കൻ രാജ്യമായ ഘാനയിലും നിരവധി കാവുകളുണ്ട്.ഈ കാവുകൾ അനേകം ജീവികളുടെ അഭയകേന്ദ്രമാണ്.ചരിത്രപ്രധാനമായ ഘാനാസാമ്രാജ്യതലസ്ഥാനത്ത് അൽ-ഗാബാ(അർഥം:വനം)എന്ന കാവ് ഒരു വിഭാഗം ജനങ്ങളുടെ മതപരമായ ചടങ്ങുകളുടെ അനുഷ്ഠാനകേന്ദ്രമായിരുന്നു.ഘാനയിലെ കാവുകളെല്ലാം തന്നെ ഇപ്പോൾ ജനാധിപത്യഭരണകൂടത്തിന്റെ സംരക്ഷണത്തിലാണ്.


ജപ്പാനിൽ കാവുകൾ പ്രധാനമായും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.ആരാധനാലയങ്ങളും ബലിപീഠങ്ങളുമൊക്കെ തന്നെ ഇത്തരം കാവുകൾക്കടുത്തോ കാവുകൾക്കുള്ളിലോ പണി കഴിപ്പിച്ചിരിക്കുന്നു.

മലേഷ്യയിൽ മരങ്ങൾ നടുന്ന ഒരാചാരം തന്നെ നിലനിന്നിരുന്നു.വീടുകൾക്കടുത്തും പരിസരങ്ങളിലും മരങ്ങൾ വളർത്തി അവർ പ്രകൃതിസ്നേഹം പ്രകടിപ്പിച്ചു.അങ്ങോളമിങ്ങോളം നിരവധി കാവുകൾ നിറഞ്ഞ ഒരു രാജ്യമാണ് മലേഷ്യ.ശ്മശാനഭൂമികൾ പരിശുദ്ധമെന്ന് കരുതിയതു കൊണ്ട് വൃക്ഷത്തൈകൾ നട്ടു വളർത്തുന്ന ശീലം നാട്ടുകാർക്കുണ്ടായി.ആ സ്ഥലങ്ങൾ ചെറുകാടുകളായി മാറുകയും ചെയ്തു.

ഇന്ത്യയിലാവട്ടെ രാജ്യത്താകമാനം അനവധി കാവു പ്രദേശങ്ങളുണ്ട്.2002-ന് മുമ്പ് കാവുകൾ സംരക്ഷണനിയമപരിധിക്കുള്ളിൽ ഉൾപ്പെട്ടിരുന്നില്ല.അതിനു ശേഷം കാവുകളേയും വനസംരക്ഷണ നിയമത്തിൽ ഉൾക്കൊള്ളിച്ചു.ഹിന്ദുമതം മാത്രമല്ല ബുദ്ധ,ജൈന,ഇസ്ലാമതങ്ങളുമായി ബന്ധപ്പെട്ട നിരവധി കാവുകൾ നമ്മുടെ നാട്ടിൽ കാണാം.എല്ലാ മതങ്ങളും പ്രകൃതിസംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നത് പ്രശംസനീയം തന്നെയാണ്.പക്ഷെ ഇക്കാര്യം വർത്തമാനകാലത്തിൽ എത്ര മതങ്ങൾ പ്രചരിപ്പിക്കുന്നുെണ്ടന്നത് ഒരു ചോദ്യം തന്നെയാണ്.


14000ത്തോളം കാവുകൾ ഇന്ത്യലൊട്ടാകെ ഉണ്ടെന്നാണ് കണക്ക്.ജീവജാലങ്ങളുടേയും സസ്യജാലങ്ങളുടേയും വൈവിധ്യം കാണപ്പെടുന്ന കാവുകൾ പ്രകൃതിയിൽ വലിയൊരു ആവാസവ്യവസ്ഥയാണ് പ്രദാനം ചെയ്യുന്നത്.

കേരളത്തിലെ കാവുകൾ
സംസ്ഥാന വനംവകുപ്പ് 300-ഓളം കാവുകളുടെ സംരക്ഷണം അതിന്റെ കീഴിലാക്കിയിട്ടുണ്ട്.കേരളത്തിൽ ഹിന്ദുമതവുമായുള്ള ബന്ധത്തിലാണ് കാവുകളുടെ നിലനിൽപ്പ്.മതവിശ്വാസങ്ങളുടെ വിലക്കുകൾ പ്രവേശനം നിരോധിച്ചത് കാവുകൾക്ക് രക്ഷയായി.വിശാലമായ അളവിൽ ഭൂമി സസ്യജാലങ്ങളാൽ നിറഞ്ഞ് സംരക്ഷിക്കപ്പെട്ടു.

കേരളത്തിലെ കാവുകളിലധികവും സർപ്പക്കാവുകളാണ്.പ്രകൃത്യാരാധന ലോകത്തിലെ മിക്കയിടത്തും നടത്തിയിരുന്നു.അതുകൊണ്ട് തന്നെ സർപ്പക്കാവുകൾ പല തരം പാമ്പുകളുടേയും പല്ലികളുടേയും പക്ഷികളുടേയും തവളകളുടേയും അഭയകേന്ദ്രമായി.


• കാവുകൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത

ഭൂമിയിലെ ജീവികളുടെ നിലനിൽപ്പ് പരസ്പരപൂരകമാണ്.എല്ലാ ജീവജാലങ്ങളും സംരക്ഷിക്കപ്പെടണം എന്നത് അനിവാര്യതയാണ്.കാവുകൾ ആ ആവശ്യം നിറവേറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ചുകൊണ്ട് നിലനിൽക്കുന്നു.അതു മാത്രമല്ല മണ്ണൊലിപ്പ് തടയുന്നതിൽ കാവുകളിലെ മരങ്ങൾ സഹായിക്കുന്നു.ഭൂമിയിലെ ജീവജാലങ്ങളുടെ ഒരു പ്രധാന ആവാസകേന്ദ്രം എന്ന നിലയിൽ കാവുകൾ നശിക്കാതെ നിലനിർത്തേണ്ടത് അത്യാവശ്യമാണ്.

Comments