ആഗോളീകരണത്തിന്‍റ സ്വാധീനം അനുഷ്ഠാനത്തില്‍
••
ജീവിതത്തിന്‍റെ സമസ്ത മേഖലകളെയും സ്വാധീനിച്ചുകൊണ്ടാണ് ആഗോളീകരണം സമൂഹത്തില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്നത്. 

അടുത്ത കാലത്ത് മറ്റു പലതിലുമെന്നപോലെ, വിശ്വാസവും കച്ചവടവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. 90 കള്‍ക്ക് ശേഷം ആ മാറ്റം പ്രകടവും ആക്രാമികവുമാണ്. ആഗോളീകരണം ആചാരത്തെയും അനുഷ്ഠാനത്തെയും എങ്ങനെ സ്വാധീനിക്കുന്നുവെന്നും നിയന്ത്രിക്കുന്നുവെന്നും മനസ്സിലാക്കാന്‍ ഏറ്റവും നല്ല ഉദാഹരണമാണ് ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കില്‍ സ്ഥിതിചെയ്യുന്ന ചെട്ടികുളങ്ങര ശ്രീഭദ്രകാളിക്ഷേത്രം.  ചെട്ടികുളങ്ങരയില്‍ അത് ഏറ്റവും സമര്‍ത്ഥമായി പരീക്ഷിക്കപ്പെടുകയും പരിരക്ഷിക്കപ്പെടുകയും ചെയ്യുന്നുവെന്നുളള  അന്വേഷണം കൗതുകകരമാണ്.

ചെട്ടികുളങ്ങര ഭഗവതി  ക്ഷേത്രത്തിന്‍റെ ശരിയായ പേര്, ഔദ്യോഗിക നാമം, ( Recordical Name ) ചെട്ടികുളങ്ങര ശ്രീഭദ്രകാളി ക്ഷേത്രം എന്നാണ്. പഴയ കാല ഉത്സവ നോട്ടീസ് , പറയെഴുന്നളളത്ത് നോട്ടീസ്, പടിഞ്ഞാറെ നടയിലെ റോഡു വക്കില്‍ സ്ഥലസൂചകമായി വെച്ചിരുന്ന ബോര്‍ഡുകള്‍, മറ്റ് പരസ്യ പ്രചരണങ്ങള്‍ എന്നിവയിലെല്ലാം ഭദ്രകാളി ക്ഷേത്രമെന്നു തന്നെയാണ് സൂചിപ്പിച്ചിരുന്നു. ആഗോളീകരണാന്തര കാലത്തെ വ്യാവസായികവല്‍ക്കരണത്തിന്‍റെ ഭാഗമായി, ക്ഷേത്രോത്സവ നോട്ടീസ്, റോഡരികില്‍ ഭക്തരെ സ്വാഗതം ചെയ്തുകൊണ്ടുളള പരസ്യ ബോര്‍ഡുകള്‍ എന്നിവകളില്‍ നിന്നും പൊടുന്നനെ 'ഭദ്രകാളി ക്ഷേത്ര'മെന്നുളള പേര് മാറുകയും, പകരം 'ഭഗവതി ക്ഷേത്രം' എന്നാവുകയും ചെയ്തു. പത്രമാധ്യമങ്ങളിലെ ഫീച്ചറുകളിലൂടെയും പെയ്ഡ് ന്യൂസുകളിലൂടെയും ഫ്ലക്സ് ബോര്‍ഡുകളിലൂടെയും ഭക്തി പ്രചാരണത്തിന്‍റെ മാന്യമായ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍  വിജയകരമായി നടപ്പാക്കാന്‍ ക്ഷേത്ര നടത്തിപ്പുകാര്‍ / മാനേജുമെന്‍റെകള്‍ മുന്നോട്ടു വന്നത് ഇക്കാലത്താണ്.
അക്കാലത്തെ പ്രചാരണ മാമാങ്കങ്ങള്‍, ഓണാട്ടുകരയിലെ ഇതര ക്ഷേത്രങ്ങളെ അപേക്ഷിച്ച് ചക്കുളത്തു കാവ് എന്ന താരതമ്യേന പഴക്കം കുറഞ്ഞ ക്ഷേത്രത്തെ  പ്രശസ്തിയുടെ നിറുകയിലെത്തിക്കുകയും ചെട്ടികുളങ്ങര പോലുളള പാരമ്പര്യ  ക്ഷേത്രങ്ങളേക്കാള്‍ ജനപ്രീതി നേടുകയും ചെയ്ത പശ്ചാത്തലവും ഇതോടു ചേര്‍ത്തു വായിക്കണം. പുതിയ ഐതിഹ്യങ്ങളും വിളിച്ചുചൊല്ലി പ്രാര്‍ത്ഥനയും വാള്‍തൊട്ടു സത്യം ചെയ്യിക്കലുമൊക്കെയടങ്ങുന്ന ആകര്‍ഷണീയമായ ബാഹ്യാചാരങ്ങളുടെ വിസ്മയ ഭംഗി സാധാരണ കുടുംബിനികളെ ചക്കുളത്തു കാവിലെ സ്ഥിരം സന്ദര്‍ശകരാക്കി. വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ചക്കുളത്തു ഭഗവതിയുടെ ഭംഗിയുളള ചിത്രങ്ങള്‍ വീടുകളിലും വാഹനങ്ങളിലും ഒപ്പം നാരീ ഹൃദയങ്ങളിലും ഇടം നേടി. ഇത്തരം നിര്‍മ്മിത പൊതുസമ്മിതിയും പ്രചാരവും ചെലുത്തിയ സ്വാധീനത്താല്‍, ചെട്ടികുളങ്ങരയിലെ ആരാധനാമൂര്‍ത്തിയായ  ശ്രീഭദ്രകാളിയുടെ തലയോട്ടികള്‍ ധരിച്ച, ചോരകിനിയുന്ന നീണ്ട നാവും, ചുവന്ന കണ്ണുകളും, വാളും ദാരിക ശിരസ്സും ധരിച്ച കാളീരൂപം നോട്ടീസുകളില്‍ നിന്നും പ്രചാരണ ബോര്‍ഡുകളില്‍ നിന്നും അപ്രത്യക്ഷമാവാനിടയാക്കുകയും, പകരം, കേവലം 'ജീവത' എന്ന ഐക്കണിലേക്ക് മൂര്‍ത്തിയെ  ചുരുക്കിയെടുപ്പെടുകയും ചെയ്തു.

ഒപ്പം, പുതിയ ഐതിഹ്യങ്ങളും അകമ്പടിയായെത്തി.
' പ്രഭാതത്തില്‍ ലക്ഷ്മി, മധ്യാഹ്ന്നത്തില്‍ സരസ്വതി ,സായാഹ്നത്തില്‍ ദുര്‍ഗ്ഗ' എന്നിങ്ങനെ വിഗ്രഹ / ചൈതന്യ / പ്രതിഷ്ഠാ വിശേഷങ്ങള്‍ പാടി, ആധുനിക പാണന്മാര്‍ സപ്ളിമെന്‍റുകളില്‍ പുതിയ ഐതിഹ്യം വിളമ്പി. അങ്ങനെ, ചിരപുരാതനമായ  ഭദ്രകാളി എന്ന പരദേവതയെ ഭക്തരുടെ കണ്ണില്‍ നിന്നും മായ്ക്കപ്പെട്ടു.
••

വിലക്കുകളിലൂടെ ആചാരങ്ങളുടെ 'ആധുനികവല്‍ക്കരണം' എന്നതാണ് പിന്നീട് നാം കാണുന്നത്. കുത്തിയോട്ട വഴുപാട് എന്ന അനുഷ്ഠാന കലാരൂപത്തിനുവേണ്ടിയുളള മാര്‍ഗ്ഗദര്‍ശനമെന്ന പേരില്‍ ഇറങ്ങിയ നിയമാവലി ഇതാണ് സൂചിപ്പിക്കുന്നത്. അതിലെ നിര്‍ദ്ദേശങ്ങള്‍ ജനകലയില്‍ നിന്നും ജനതയെ (folk) അടര്‍ത്തിക്കളയുന്നതാണ്. അതിനര്‍ത്ഥം ആ കലയുടെ യഥാര്‍ത്ഥ പ്രയോക്താക്കളെ അനുഷ്ഠാനത്തിന്‍റെ 
പടിക്കു പുറത്തു നിര്‍ത്തുകയും അതിനെ പൗരോഹിത്യത്തിന് അടിയറവെക്കുകയും ചെയ്യുക എന്നതാണ്. കുത്തിയോട്ട വീടുകളില്‍ കൊഞ്ചും മാങ്ങയും കറി പാടില്ലെന്ന നിര്‍ദ്ദേശത്തിന്‍റെ പൊരുളിലെ പതിരാണിത്.

കൊഞ്ചും മാങ്ങയുംകറി ഭഗവതിയുടെ കൈകൊണ്ട് ഉണ്ടാക്കിയെന്ന ഐതിഹ്യം  ചെട്ടികുളങ്ങരയില്‍ മാത്രമല്ല ഉളളത്. അത് പ്രാചീന ഗോത്രപാരമ്പര്യം പറയാവുന്ന മിക്കവാറും എല്ലാ  കാളീക്ഷേത്രങ്ങളിലുമുണ്ട്. ചെട്ടികുളങ്ങരയില്‍ നിന്നും അധികദൂരമില്ലാത്ത കാര്‍ത്തികപ്പളളി താലൂക്കിലെ മഹാദേവികാട്ടും ഇതേ ഐതിഹ്യം നിലവില്‍ ഉണ്ട്. വരേണ്യരേക്കാള്‍, ഈ ഐതിഹ്യങ്ങളിലെ കീഴാള / സ്ത്രീ സാന്നിധ്യം പ്രത്യേകം ശ്രദ്ദേയമാണ്.
എന്നാല്‍, അനുഷ്ഠാനത്തോടനുബന്ധിച്ച് പറശ്ശിനിക്കടവിലേതുപോലെ 
ക്ഷേത്ര വളപ്പില്‍  കൊഞ്ചും മാങ്ങയും വിളമ്പുന്നില്ലെന്നത്, ഗോത്രപാരമ്പര്യത്തെ നിഷേധിക്കുവാനുളള കാരണമാകുന്നില്ല.

'തന്നന്നം താനന്നം' എന്ന താനവട്ട വായ്ത്താരിയുടെ പൊരുളകം പിടികിട്ടുമ്പോള്‍ ഗോത്ര പാരമ്പര്യം 'ഉളളി'ലാകും. 

തന്നന്നം = തന്‍ (തന്‍റെ ) + അന്നം (ഭക്ഷണം )
താനന്നം = താന്‍ + അന്നം (തന്നെ ഭഗവതിയുടെ അന്നം ).

'തന്‍റെ അന്നം തന്നെ ഭഗവതിയുടെ അന്നം' എന്നു വിശ്വസിക്കുന്ന നിഷ്കളങ്ക ഭക്തിയുടെ ശാരീരിക വ്യാഖ്യാനമാണ് കുത്തിയോട്ടം. തന്‍റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണ ഭൂതയായ ഭഗവതിയുടെ സംതൃപ്തിയാണ് ആ പ്രാക്തന മനുഷ്യന്‍റെ സന്തോഷം. അതിനു വെണ്ടി അവന്‍ തന്‍റെ കരുത്തിനു കാരണമായ രുധിരം തന്നെ സമര്‍പ്പിക്കുന്നു. എന്നല്ല, സ്വയം ബലിയാവുന്നു. തനിക്ക് ഇഷ്ടപ്പെട്ടതും പ്രിയപ്പെട്ടതുമെല്ലാം ഭഗവതിയുടെ സന്തോഷത്തിന് സമര്‍പ്പിക്കുന്നു. 

ഇവിടെ രാമായണത്തിലെ ശബരിയുടെ രാമഭക്തിയും ഓര്‍ക്കാം. സ്വയം രുചിച്ചു നോക്കിയ ശേഷമാണ് പഴങ്ങള്‍ അവള്‍ ഭഗവാനു നല്‍കുന്നത്. കൊഞ്ചും മാങ്ങയും ഈ പശ്ചാത്തലത്തിലാണ് പ്രസക്തമാവുന്നത്. എന്തെന്നാല്‍, ചെട്ടികുളങ്ങരയില്‍ ഭക്തിയും ഭുക്തിയും അനുഷഠാനവും പ്രാകൃതമാവുന്നതിന്‍റെ നേര്‍ക്കാഴ്ചയിലേക്കാണ് മിത്തിന്‍റെ മിഴി തുറക്കുന്നത്. (പ്രാകൃതം = പ്രകൃതിയോടിണങ്ങിയത്.)

വേണ്ടത് ചരിത്രത്തെ ശരിയായി മനസ്സിലാക്കലാണ്.
••
ഐതിഹ്യം മുതല്‍, അടിമുടി അധിനിവേശമുദ്രകള്‍ പേറുന്നതാണ് ചെട്ടികുളങ്ങരയിലെ ക്ഷേത്രചരിത്രം. എന്നിട്ടും, അടിസ്ഥാന വര്‍ഗ്ഗങ്ങളുമായാണ് ക്ഷേത്രത്തിന് ജൈവബന്ധമുളളതെന്ന് ഇന്നും തുടരുന്ന ആചാരാനുഷ്ഠാനങ്ങള്‍ വെളിപ്പെടുത്തുന്നുവെന്നത് ഒളിച്ചുവെക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടുതന്നെ അവയ്ക്കുനേരെ വിലക്കുകളുടെ ഒളിപ്പോരും പതിവായിരിക്കുന്നു.

ചെട്ടികുളങ്ങരയിലെ, പ്രാചീന ഗോത്രപാരമ്പര്യമുളള സമൂഹങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന ഒരു വിശ്വാസമാണ്, കൊടുങ്ങല്ലൂരിലെ കുരുംബ ഭഗവതി തങ്ങളുടെ അപ്പൂപ്പന്‍റെ കൂടെ ഈ പ്രദേശത്തേക്കു വന്നു വെന്നത്. മാത്രമല്ല, ആ അപ്പൂപ്പന്‍ വലിയ ദേവീഭക്തനും ഭഗവതി അദ്ദേഹത്തിന്‍റെ വിളിപ്പുറത്തും ആയിരുന്നുവത്രേ. പറയ, കുറവ, പുലയ വിഭാഗത്തില്‍ പ്പെട്ട പലരുടെയും ഓര്‍മ്മകളില്‍ ഇന്നും മായാതെ ഈ അപ്പൂപ്പനും അപ്പൂപ്പന്‍ കാവും കുരുംബ ഭഗവതിയുമുണ്ട്. എന്നാല്‍, പില്‍ക്കാലത്ത് ഇതേ കഥ, ചിലവ്യത്യാസങ്ങളോടെ പ്രബല സമുദായങ്ങള്‍ സ്വന്തമാക്കിയപ്പോള്‍, മറ്റു പലതും പോലെ ഭഗവതിയുടെ പൈതൃകവും അവരെ കൈവിട്ടു. മാത്രമല്ല, ഭഗവതിയും കാവും ഐതിഹ്യവുമെല്ലാം തങ്ങളുടെതാണെന്ന് ലോകത്തോടു വിളിച്ചു പറയാനുളള ആത്മധൈര്യവും അപ്പോഴേക്കും ആ സമൂഹങ്ങള്‍ക്കു നഷ്ടപ്പെട്ടിരുന്നു.

എന്തുകൊണ്ടാവാം പറയരും, കുറവരും, പുലയരും ഒരുപോലെ ഈ ആഗമ കഥയുടെ പൈതൃകം തങ്ങളുടെ സ്വന്തം അപ്പൂപ്പന്‍റെമേല്‍ ചാര്‍ത്തുന്നത്.? അവര്‍ക്കെല്ലാവര്‍ക്കും കൂടി ഒരാള്‍ ആരാധ്യനായും അപ്പൂപ്പനായും മാറുന്നതെങ്ങനെ.? അതിനര്‍ത്ഥം,  സംഘകാലത്തെ ആ 
ജനത ഏക സമുദായമായിരുന്നുവെന്നും അവര്‍ക്കിടയില്‍ ജാതിവ്യവസ്ഥ അക്കാലത്ത് രൂപപ്പെട്ടിരുന്നില്ലെന്നുമാണ് നാം തിരിച്ചറിയേണ്ടത്.
പറയരും, പുലയരും, കുറവരും സംഘകാലത്തെ പ്രബല സമുദായങ്ങളുമായിരുന്നുവെന്നതും നാം മറന്നുകൂടാ.

പില്‍ക്കാലത്ത്, ഒന്‍പതാം നൂറ്റാണ്ടിലെ ഹൈന്ദവ പുനരുദ്ധാനത്തോടെ,  ബൗദ്ധ പാരമ്പര്യത്തെ മുറുകെ പ്പിടിക്കുകയും, ഹൈന്ദവ മുന്നേറ്റത്തെ ശക്തമായി ചെറുക്കുകയും ചെയ്തവരെ  അകറ്റിനിര്‍ത്തിയും (അയിത്തം കല്പിച്ചും) പുതിയ ഐതിഹ്യങ്ങള്‍ ചമച്ചും അവരുടെ കാവുകളെയും ദേവതകളെയും വസ്തുവകകളെയും കവര്‍ന്നെടുത്തും ചിലര്‍ പ്രമാണികളായതിന്‍റെ നേരടയാളങ്ങള്‍  ചെട്ടികുളങ്ങരയിലെ ഐതിഹ്യത്തില്‍ നിന്നും വായിച്ചെടുക്കാം.

എത്ര കാലമായി ചെട്ടികുളങ്ങര ഭദ്രകാളി ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ പൂജാരിമാരായിട്ട്.? ഇനിയും ഓര്‍മ്മകളില്‍ ഉടവുതട്ടാത്ത എത്രയോപേര്‍ നമ്പൂതിരിമാരല്ലാത്തവര്‍ ചെട്ടികുളങ്ങരയില്‍ ശാന്തി ചെയ്തിരുന്ന  അക്കാലങ്ങളെ  ഓര്‍ക്കാനുളളപ്പോഴാണ്, ബ്രാഹ്മണര്‍ മാത്രമാണ് ചരിത്രം എത്തിനോക്കാത്ത  ഏതോ കാലം മുതല്‍ ഇവിടെ ശ്രീകോവിലില്‍ പൂജാദികള്‍ ചെയ്തിരുന്നതെന്നമട്ടിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍, വാസ്തവമെന്താണ്.? 
പാണര്‍ വിഭാഗത്തില്‍പ്പെട്ടവരും (അവര്‍ സംഘകാല വൈദിക സമൂഹമായിരുന്നു) കുറുപ്പന്മാരും, ഒടുവിലായി, നമ്പ്യാതിരികളുമായിരുന്നു, സ്വാതന്ത്രാനന്തര കാലത്തുപോലും ഇവിടെ ശാന്തിക്കാരായിരുന്നതെന്ന് അറിയുന്നവര്‍ ഇന്നും പരിസരങ്ങളില്‍ ജീവിച്ചിരിക്കുന്നുണ്ട്. അത്തരം ഒരറിവ് ചെട്ടികുളങ്ങര ഭദ്രാ ഭഗവതിയുടെ മഹത്വത്തിനോ,  പ്രചാരത്തിനോ, വൈശിഷ്ട്യത്തിനോ എന്തെങ്കിലും തരത്തില്‍ കുറവുണ്ടാക്കുകയല്ല, പ്രത്യുത, അതിന്‍റെ പ്രാഗ് പൈതൃകത്തെക്കുറിച്ച് മതിപ്പുളവാക്കുകയേ ചെയ്യുകയുളളൂ. മാത്രമല്ല, ഈഴവരും നായരും പാണനും പറയരും കുറുപ്പുമൊക്കെയായിരുന്നു ഒരുകാലത്ത് മധ്യ തിരുവിതാംകൂറിലെ കാളീക്ഷേത്രങ്ങളില്‍ പ്രധാന പുരോഹിതരായിരുന്നതെന്ന കേവലജ്ഞാനം പോലുമില്ലത്തവരാണ് നമ്മുടെ ക്ഷേത്ര പരിപാലകരെന്നുവരുന്നത് ആര്‍ക്കാണ് ഗുണം ചെയ്യുന്നത്.? 

പാണന്മാരുടെ വിഭാഗത്തില്‍പ്പെട്ടവര്‍ പൂജകരായിരുന്ന കാലത്താണ് ചെട്ടികുളങ്ങരയിലെ ഈഴവ കുടുംബമായ കോമലേഴത്ത് കുഞ്ഞു ശങ്കരച്ചേകവന്‍ ക്ഷേത്രത്തിലേക്ക് ഊട്ടുപുര പണികഴിപ്പിച്ചു നല്‍കുന്നത്. നൂറ്റാണ്ടുകള്‍ പിന്നിട്ട ആ ഊട്ടുപുരയെ ചരിത്രസ്മാരകം എന്ന നിലയില്‍ സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡിനും ക്ഷേത്ര ഭരണാധികാരികള്‍ക്കും മറ്റ് ജനകീയ സമിതികള്‍ക്കും ബാധ്യതയുണ്ടായിരുന്നു. അത് ആരുടെയും ഔദാര്യമല്ല. ഭാരതീയ നിയമം നല്‍കു പിന്‍ബലവും അതിനുണ്ടായിരുന്നു. നൂറു വര്‍ഷം പിന്നിട്ട നിര്‍മ്മിതികള്‍, അവയില്‍ കെട്ടിടങ്ങളും ഉള്‍പ്പെടുന്നു, ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനെപ്പോലെ പരിഗണിക്കപ്പെടേണ്ടതാണെന്നാണ് നിയമം. അവര്‍ണ്ണരെന്നു മുദ്രയടിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ക്ഷേത്രവുമായുളള വൈകാരികാടുപ്പത്തിന്‍റെ നിത്യ സ്മാരകം കൂടിയായിരുന്നു പ്രസ്തുത ഉൗട്ടുപുര. എന്നാല്‍, അസൗകര്യത്തിന്‍റെയും, പഴക്കത്തിന്‍റെയും, പുനരുദ്ധാരണത്തിന്‍റെയും പുരോഗതിയുടെയും പേരില്‍ ആ ചരിത്ര സ്മാരകത്തെ ജനങ്ങളുടെ ഓര്‍മ്മകളില്‍ നിന്നും തുടച്ചുമാറ്റാനാണ് എല്ലാ ദേവസ്വം ബോര്‍ഡും, ഭക്തജന കൂട്ടായ്മയിലുളള ജനായത്ത ഭരണസമിതിയായ  ശ്രീദേവിവിലാസം ഹിന്ദുമത കണ്‍വന്‍ഷനും  അടക്കമുളള എല്ലാ സംരക്ഷകരും, പരിശ്രമിച്ചത്.

കുത്തിയോട്ടമായാലും ഭഗവതിയായാലും കെട്ടുകാഴ്ചയായാലും നിന്നതല്ല, വന്നതാണ്. കുത്തിയോട്ടം മുതുകുളം ആശാന്മാരിലൂടെയാണ് ചെട്ടികുളങ്ങരയില്‍ എത്തിയത്. ഈഴവരുടെ കല എന്നാണ് അതിന് ഒരു പഴയ കലാനിഘണ്ടുവില്‍ കൊടുത്തിരിക്കുന്ന ഒറ്റവാക്കിലെ അര്‍ത്ഥം. തികച്ചും ബൗദ്ധവും ഗോത്ര സ്മൃതി ഉണര്‍ത്തുന്നതുമായ ആചാരവും അനുഷ്ഠാനവുമാണത്. ഈഴവര്‍ എന്ന അര്‍ത്ഥത്തില്‍ കുഞ്ചന്‍നമ്പ്യാര്‍ ബൗദ്ധര്‍ എന്ന് പ്രയോഗിക്കുന്നുണ്ട് ,15-ാം നൂറ്റാണ്ടില്‍. ചെട്ടിയാന്മാര്‍ നടത്തുന്ന വില്ലടിച്ചാം പാട്ടില്‍ കുത്തിയോട്ടത്തിന്‍റേ താനവട്ടം ഉറങ്ങിക്കിടപ്പുണ്ട്. സ്ഘകാല സമൂഹങ്ങളുടെ പൈതൃകം പേറുന്ന കുത്തിയോട്ടം ഇന്നും തമിഴ് ഭാഷയില്‍ വന്ദികപ്പളളിയിലെ അമ്മന്‍കോവിലില്‍ അരങ്ങറുന്നുണ്ട്. വില്‍പ്പാട്ടില്‍ കണ്ണകി മധുരയിലേക്കു മടങ്ങുന്നതിന്‍റെ ഓര്‍മ്മകളില്‍ നിന്നാണ് ചെട്ടികുളങ്ങരയിലെ
ഭഗവതി  കൊടുങ്ങല്ലൂരിലേക്കു പോകുന്ന മീനഭരണി  ദിവസം ക്ഷേത്ര നട അടച്ചിടുന്നത്. അത് മിക്കവാറും ഭരണി ഉത്സവങ്ങള്‍ നടത്തുന്ന ദ്രാവിഡ ക്ഷേത്രങ്ങളുടെ പതിവാണ്. വില്‍പ്പാട്ടില്‍, യാത്രക്കും തിരിച്ചു ശരവിനുംകൂടി  ഏഴുദിവസത്തെ കാലമാണ് പറയുന്നത്. അതുകൊണ്ടാവണം പല അമ്മന്‍ കോവിലുകളിലും മീനഭരണിക്കു ശേഷം ഏഴുദിവസം കഴിഞ്ഞ് നട തുറക്കുന്നത്.

• കെട്ടുകാഴ്ചയുടെ കഥ

ഉത്സവാദികളുള്‍പ്പെടെയുളള
ആഘോഷങ്ങളുടെ 
ആകര്‍ഷണീയതയാണ് കെട്ടുകാഴ്ചകളെന്ന ഉരുക്കളുടെ നിര്‍മ്മാണം. ഭാവന, കലാപരത, കായികക്ഷമത, കൂട്ടായ്മ, ക്ഷമാ പൂര്‍വ്വമായ കാത്തിരിപ്പ് എന്നിവയെല്ലാം കെട്ടുകാഴ്ചകളുടെ വിവിധ ഘട്ടങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ആ നിലക്ക് സാമൂഹികമായ മാനങ്ങളും കുഭഭരണി ഉത്സവത്തിലെ കെട്ടുകാഴ്ചകള്‍ക്കുണ്ട്. 

ചെട്ടികുളങ്ങരയില്‍ പതിമൂന്നു കരകളാണ് ഇപ്പോഴുളളത്. അതില്‍, യഥാര്‍ത്ഥ കുതിരയുമായി യാതൊരു സാമ്യവുമില്ലെങ്കിലും,  'കുതിരകള്‍' എന്നു വിളിക്കപ്പെടുന്ന, 'എടുപ്പു കുതിരകള്‍' എന്ന് ചിലദിക്കുകളില്‍ അറിയപ്പെടുന്ന, ആറു കരകളിലെ ഉയരം കൂടിയ ചേതോഹര നിര്‍മ്മിതികള്‍, കണ്ണമംഗലം തെക്ക് / വടക്ക്, കടവൂര്‍, ആഞ്ഞിലിപ്ര, മേനാമ്പളളി  കരകളില്‍ നിന്നെത്തുന്ന തേരുകള്‍ എന്നു വിളിപ്പേരുളള അഞ്ച് കാഴ്ച ഭംഗിയുളള ഉരുക്കള്‍, മറ്റം വടക്കു കരയുടെ ബകവധത്തിനു പോകുന്ന ഭീമന്‍റെ കഥകളി വേഷത്തെ അനുഭവിപ്പിക്കുന്ന മിഴിവാര്‍ന്ന രൂപം, മറ്റം തെക്കു കരയുടെ ഹനുമാനും പാഞ്ചാലിയും എന്നിങ്ങനെ ആകെക്കൂടി പതിമൂന്നു കെട്ടുകാഴ്ചകളാണ് കുംഭഭരണി ദിവസം ഭഗവതിയുടെ മുമ്പില്‍ അണിനിരത്തുന്നത്. മീന ഭരണി ദിവസമാകട്ടെ നാനാദിക്കില്‍ നിന്നുമായി, കൈക്കുമ്പിളില്‍ ഒതുങ്ങുന്നതു മുതല്‍ ആകാശചുംബികള്‍ വരെ ചെറുതും വലുതുമായി  ആയിരക്കണക്കിന് കെട്ടുകാഴ്ചകളാണ് എത്തുന്നത്. ഇത് കാഴ്ചക്കാരില്‍ ഉണര്‍ത്തിവിടുന്ന ആഹ്ലാദം അനുഭവിച്ചറിയുകതന്നെ വേണം.

'കടൂര്‍ക്കചന്‍' എന്ന് വാമൊഴിവഴക്കത്തില്‍ പറയുന്ന ഘടോല്‍ക്കചന്‍റെ നില്‍ക്കുന്ന രൂപമായിരുന്നു മറ്റം തെക്കുകാരുടേത്.  മഹാഭാരതത്തിലെ ഭീമന് ഹിഡുംബിയില്‍ ജനിച്ച ദളിത് പുത്രന്‍. മറ്റം തെക്കുകര ഉപരിവര്‍ഗ്ഗ ആധിപത്യത്തിലേക്കു വരുന്ന ചരിത്ര സന്ദര്‍ഭത്തിലാണ് പുതുക്കിപ്പണിയുടെ പേരില്‍ ദളിതന്‍പുറത്തായി വായുപുത്രനായ ഹനുമാന്‍ വരുന്നത്. പുത്തന്‍ അധീശവര്‍ഗ്ഗത്തിന്‍റെ ജാതീയമായ കോംപ്ലക്സാണ് ഇവിടെ പ്രകടമാകുന്നത്.

പറയെടുപ്പുത്സവത്തിന്, തട്ടാരമ്പലത്തിനടുത്തുളള പുതുശ്ശേരി അമ്പലത്തിന്‍റെ പടിഞ്ഞാറെ നടയിലുളള പതിയാര്‍ഭവനത്തിലെ അവകാശിയായ സ്ത്രീ ( ഇപ്പോള്‍ ഭര്‍ത്താവും മക്കളുമില്ലാതെ ഏകയായികഴിയുന്നു) യില്‍ നിന്ന് 
, അവര്‍ തയ്ചു തയ്യാറായ പട്ടുടയാട ധരിച്ചാണ് ഭഗവതിയുടെ ചൈതന്യം വഹിച്ച ജീവത ആഞ്ഞിലിപ്ര കരയില്‍ പറയെടുപ്പു തുടങ്ങുന്നത്. മുഷിഞ്ഞ ഉടയാടകള്‍ ധരിച്ചാണ് ഭഗവതി ഇവരുടെ വീട്ടില്‍ എഴുന്നളളുന്നത്.


• ഹരികുമാര്‍ ഇളയിടത്ത്

Comments