അനുഷ്ഠാനവും നിയമാവലിയും
••
ഗോത്രപാരമ്പര്യമുളള അനുഷ്ഠാനത്തിന് നിയമാവലിയിലൂടെ വിലക്കുതീര്‍ക്കുന്നത് നമ്മുടെ അജ്ഞതയുടെ ആഴത്തെയും അഹന്തയെയും മാത്രമേ വെളിപ്പെടുത്തൂ. വിലക്കുകളെ കാലം പച്ഛിച്ചു തളളും
കവി കാലാതിവര്‍ത്തിയാകും.
ഈവരികളില്‍ ഭഗവതി തീര്‍ച്ചയായും കോരിത്തരിച്ചിട്ടുണ്ടാകും
••
ചേർത്ത് നിർത്തണെ ഏതു മോർത്തു നൊന്തിടാതെയെന്നെ നീ..
കാത്തിടേണമേ കൂർത്ത നാവുകൾക്കു പാത്രമാകവെ,
എത്രയെത്ര വാക് ശരങ്ങൾ എത്ര ഭത്സനങ്ങൾ ഒക്കെ ഇശ്ശിരസ്സിലേറ്റി ഇത്രനാൾ..!
എന്തു, മെന്നുമമ്മയെ സ്തുതിച്ചു നാമമാലപിച്ചു വെന്ന തെറ്റിനായിരുന്നുവൊ... !
തൃപ്പദങ്ങളേ.. എന്നുമെന്റെ രക്ഷ തൃക്കരങ്ങളേ..
ശക്തിയേകണേ.. തപ്ത ചിത്തമെത്ര നൊന്തറിഞ്ഞുവോ...
കുത്തിയോട്ട മെന്ന വാക്കു പോലുമുച്ചരിക്കുവാനിവന്നനുജ്ഞ മറ്റു വേണമെങ്കിലും..
ഇക്കളം വിലക്കിടാത്ത സത്യസ്നേഹ മൂർത്തിയമ്മ...
മക്കളിൽ കനിഞ്ഞു നിൽക്കണേ..'
••
കേരളത്തില്‍ മറ്റു പലേടത്തും കുത്തിയോട്ടമെന്ന അനുഷ്ഠാനം നടക്കുന്നുണ്ട്. ആറ്റുകാല്‍, പഴഞ്ചിറ, പഴവീട്, വലിയ കുളങ്ങര, മുതുകുളം, തിരുവിലഞ്ഞിയാല്‍, കരുവാറ്റ തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്നും ഈ അനുഷ്ഠാനം കുംഭഭരണി നാളിലെ സവിശേഷ ചടങ്ങാണ്.
എന്നാല്‍, ആറ്റുകാല്‍ പോലെ ചിലയിടങ്ങളില്‍ അനുഷ്ഠാനത്തില്‍ പെണ്‍കുട്ടികള്‍ വ്രതം അനുഷ്ഠിക്കുന്നുണ്ടാവാം. അവിടങ്ങളില്‍ പക്ഷേ, ചെട്ടികുളങ്ങരയിലേതുപോലെയല്ല ചടങ്ങുകള്‍. ചെട്ടികുളങ്ങരയിലേതില്‍നിന്നും ചില്ലറ വ്യത്യാസങ്ങള്‍ മറ്റിടങ്ങളില്‍ ഉണ്ട്. പുല്ലുകുളങ്ങരയില്‍ കുത്തിയോട്ടത്തില്‍ പെണ്‍കുട്ടികള്‍ പങ്കെടുത്തതായി ചിലര്‍ പറയുന്നുണ്ട്. അങ്ങനെ അവിടെ കണ്ടിട്ടുണ്ടാവാം. അവിടെ അതാവാമായിരിക്കും. അഥവാ, കുഭഭരണിക്ക് ആവണമെന്നുമില്ല. ആറ്റുകാലില്‍ പെണ്‍കുട്ടികള്‍ക്ക് പങ്കെടുക്കാവുന്ന വിധത്തിലാണ് വ്രതാനുഷ്ഠാനങ്ങള്‍ തുടര്‍ന്നു പോരുന്നത്.പത്തു വയസുവരെയുളള പെണ്‍കുട്ടികള്‍ അതില്‍ പങ്കെടുക്കുന്നുണ്ട്.
കൊല്ലത്ത് പലക്ഷേത്രങ്ങളിലും കുത്തിയോട്ടം നടക്കുന്നു. എന്നാല്‍ കാലംചെല്ലുന്തോറും പ്രായേണ കുറഞ്ഞു വരുന്നതായാണ് അനുഭവം. അവിടെ ചിലയിടങ്ങളില്‍ പഴയ സിനിമ പാട്ടുകള്‍ പോലും ചുവടുകള്‍ക്ക് കുത്തിയോട്ടമായി ആലപിക്കുന്നു. കൊല്ലം ഭാഗങ്ങളില്‍ കുത്തിയോട്ടം മുരടിച്ചതിന് അതും ഒരു കാരണമാവാം. ചെട്ടികുളങ്ങരയില്‍ തനിമയാര്‍ന്ന ശൈലി വികസിച്ചു വന്നിട്ടുണ്ട്. ചെട്ടികുളങ്ങര ശൈലി എന്നുതന്നെ പറയാവുന്നവിധം അത് വികസിച്ചിരുന്നു. മാറ്റങ്ങള്‍ ഇവിടെയും ഉണ്ടായിട്ടുണ്ട്. ഗഞ്ചിറമാത്രമായിരുന്നത് പല സംഗീതോപകരണങ്ങളിലേക്കും വിപുലപ്പെട്ടു. എന്നാലും ജാസും ട്രിപ്പിള്‍ഡ്രമ്മും വ്യാപകമായില്ല. ഒറ്റത്തോര്‍ത്ത് ഡബിള്‍ മുണ്ടായി. ഉടുത്തുകെട്ട് മാറി. അതൊക്കെ ആശാസ്യമായ വളര്‍ച്ചയാണ്. ഇവിടെ താണ്ഡവ പ്രധാനമാണ് കുത്തിയോട്ടം. പാട്ടും അങ്ങനെ തന്നെ. സംഗീതാത്മകതക്ക് അതില്‍ പ്രസക്തിയില്ല. മാത്രമല്ല, കുമ്മി ഇന്നത്തേതുപോലെ ഇത്ര വ്യാപകവുമായിരുന്നില്ല. ഒരു ദിവസം പാടുന്ന കഥകള്‍ക്കനുസരിച്ച് ഒന്നോ രണ്ടോ കുമ്മി ഉള്‍പ്പെടുത്തിയിരുന്നു. പുതിയ കാലത്തെ ആശാന്മാര്‍ പാട്ടിനേക്കാള്‍ കുമ്മിക്ക് പ്രാധാന്യം നല്‍കിത്തുടങ്ങിയതോടെ, കുമ്മികള്‍ പെരുകിപ്പെരുകി കുത്തിയോട്ടമെന്നത് കുമ്മിയാണെന്നുവരെ തോന്നുന്ന അവസ്ഥയായി. കുമ്മികളാകട്ടെ ശൃംഗാര രസപ്രധാനങ്ങളും. അതോടെ കുത്തിയോട്ടത്തിലെ സ്ഥായിയായ താണ്‌ഡവം ഇപ്പോള്‍ ലാസ്യത്തിലേക്ക് വന്നു. കുത്തിയോട്ടത്തിന്‍റെ ചുവടുകള്‍ കളരിയുടെ ചിട്ടവട്ടങ്ങളെ അനുസരിക്കുന്നതുതന്നെ താണ്ഡവമാണെന്നതുകൊണ്ടാണ്. ചടുലമാണ് അതിന്‍റെ ചുവടുകള്‍. ആയോധന കലാ പ്രകടനത്തിനോടാണ് ചുവടുകളുടെ ചടുലതകള്‍ക്ക് സാമ്യം. അതുകൊണ്ട് കൂടിയാണ് ചെട്ടികുളങ്ങരയില്‍ ബാലികമാര്‍ പാടില്ല എന്നു കരുതുന്നത്. 'പുംനൃത്യം താണ്ഡവം പ്രാഹു' എന്നതാണ് നാട്യശാസ്ത്രത്തിലെ പ്രമാണം. അനുഷ്ഠാനത്തിലെ ഈ പൗരുഷത്തെ സ്ത്രൈണവല്‍ക്കരിക്കുകയാണ് കുമ്മികളുടെ ആധിക്യത്തിലേക്ക് വന്നതുവഴി കുത്തിയോട്ടത്തിനു വന്നുപെട്ട അപചയം.
ഈ ആശാന്മാര്‍ (അവരുടെ ഭാഷയില്‍ ആചാര്യന്മാര്‍) ജനിക്കുന്നതിനുമുമ്പേ ചെട്ടികുളങ്ങരയില്‍ അവതരിപ്പിക്കപ്പെട്ട കലയും അനുഷ്ഠാനവുമല്ലേ. അതിനെ നിയമാവലിക്കുളളിലാക്കാന്‍ ആരുടെ വിഡ്ഢിത്തത്തിനാണു കഴിയുക? കേരളത്തില്‍ തെക്കുവടക്ക് അവതരിപ്പിക്കപ്പെടുന്ന കലയ്ക്ക് ഒരു പ്രത്യേകം ഏരിയയില്‍ മാത്രംനിയമമോ.? വഴക്കം എന്നു വിളിക്കാവുന്ന ഈഷല്‍ ഭേദങ്ങള്‍ ഏത് അനുഷ്ഠാനത്തിലും അനുവദനീയവും സ്വാഭാവികവുമാണ്.
ആരാണ് ഇത് ആദ്യം ചെട്ടികുളങ്ങരയില്‍ അവതരിപ്പിച്ചത്. അഥവാ ആരുടെ ആഭിമുഖ്യത്തിലാണ്.?
ചെട്ടികുളങ്ങരയില്‍ ഒരുകാലത്ത് നടന്നുവന്ന 'ഈഴവോത്സവ'ത്തിലാണ് ഈ കലാരൂപം ആദ്യം ഇവിടെ അവതരിപ്പിക്കപ്പെടുന്നത്.
മുതുകുളത്തു നിന്നുളള ആശാന്മാര്‍ വന്നു പഠിച്ചതിലൂടെയാണ് അത് ഇവിടെ വരുന്നത്.
മുതുകുളത്തു നിന്നാണ് ഈ കല ചെട്ടികുളങ്ങരയില്‍ ആദ്യം അവതരിപ്പിക്കപ്പെടുന്നത് എന്നതുപോലെ നാം മറയ്ക്കുന്ന ഒരു സത്യം ചെട്ടികുളങ്ങരയിലെ കുത്തിയോട്ടപ്പാട്ടില്‍ ഒളിഞ്ഞിരിക്കുന്നു.
'പ്രസിദ്ധമായ ചെട്ടികുളങ്ങര മാതേവിയമ്മക്കെന്‍ എട്ടുവയസ്സിലെ കുത്തിയോട്ടം പളളക്കിരുവശം ചൂരല്‍മുറിഞ്ഞിട്ടു എന്നെപ്പെടുത്തുന്നവേലകണ്ടോ' - എന്നു തുടങ്ങുന്ന കുത്തിയോട്ടപ്പാട്ട് എത്രയോ കാലങ്ങളായി ഇവിടെ പാടുന്നേയില്ല. എട്ടും പൊട്ടുതിരിയാത്ത കുട്ടിയുടെ ആത്മാലാപം പോലെ രചിക്കപ്പെട്ട പാട്ട് ഇന്നത്തെ തലമുറയ്ക്ക് പരിചിതം പോലുമല്ല. കാരണം അതില്‍ കുത്തിയോട്ടത്തിന്‍റെ അനുഷ്ഠാനത്തിനുമപ്പുറം ചിലതെല്ലാം ഉണ്ടെന്നതുതന്നെ.
ദക്ഷിണേന്ത്യയില്‍ ആകെ അവതരിപ്പിക്കപ്പെടുന്ന ചില അനുഷ്ഠാനങ്ങളുടെ വകഭേദവുമാണ് കുത്തിയോട്ടം. തമിഴ് ആയിരുന്നു ഇതിന്‍റെ ആദി ഭാഷ. ഇന്നും മുതുകുളം വന്ദികപ്പളളിയിലെ അമ്മന്‍ കോവിലില്‍ ചെന്നാല്‍ കുംഭഭരണിക്ക് തമിഴ് ഭാഷയില്‍ കുത്തിയോട്ട അവതരണം കാണാം. മാത്രമല്ല, വില്‍പ്പാട്ടില്‍ പല പാദങ്ങളും കുത്തിയോട്ടത്തിന്‍റെ താനവട്ടങ്ങള്‍ മുഴങ്ങി നില്‍പ്പുണ്ട്. അതിനെയെല്ലാം ഉള്‍ക്കൊണ്ട്, നൂറുവര്‍ഷം അപ്പുറം വടക്കന്കോയിക്കല്ക്ഷേത്രത്തി നടുത്തുളള മീനത്തേതില്‍ കേശവപിളള എന്ന പണ്ഡിതന്‍ മലയാള ഭാഷയില്‍ പാട്ടുണ്ടാക്കി. തമിഴ് നിലനിര്‍ത്താതെ മലയാളത്തിലാക്കിയത് അനുഷ്ഠാനത്തിലെ ഭ്രംശമല്ലേ.? എന്നല്ല, ഭദ്രേ ഭഗവതീ ഭക്താര്‍ത്തി ഭഞ്ജനീ' എന്നിങ്ങനെ നല്ല സംസ്കൃതവും ഇടയില്‍ തിരുകിവെച്ചു. അതും ഭ്രംശമല്ലേ.? അദ്ദേഹത്തിന്‍റെ പാട്ടാണ് മുതുകുളം, വലിയകുളങ്ങര, കരുവാറ്റ തുടങ്ങി ആലപ്പുഴ പഴവീട് ക്ഷേത്രത്തില്‍പ്പോലും ഇന്നു പാടുന്ന ദേവീ മാഹാത്മ്യം. അത് ചെട്ടികുളങ്ങരയില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ പിന്നെയും വ്യതിയാനങ്ങള്‍ സംഭവിച്ചു. അത് ഇവിടുത്തെ തനിമയെന്നു വാഴ്ത്തുപാട്ടുമായി.
- Get link
- X
- Other Apps
Comments
Post a Comment