.
മുകുന്ദപുരം

പരശുരാമന്‍ തീര്‍ത്തു എന്നുപറയുന്ന 64 ഗ്രാമങ്ങളില്‍ പ്രധാനപ്പെട്ട ഒരു ഗ്രാമമായിരുന്നു പെരുവനം ഗ്രാമം. പരശുരാമനു മുമ്പും ഈ ഗ്രാമം നിലനിന്നിരുന്നു -പെരും മനം ഗ്രാമം - പെരിയ മനസ്സുള്ളവരുടെ ഗ്രാമം. ഈ ഗ്രാമത്തിന്റെ ഭരണാധികാരം ചെറുമര്‍ക്കായിരുന്നു. വടക്ക് അകമല ശാസ്ത്രാ ക്ഷേത്രവും, തെക്ക് കൊടുങ്ങല്ലൂര്‍ ഊഴത്ത് ശാസ്താ ക്ഷേത്രവും, കിഴക്ക് കുതിരാന്‍ മുടിയിലെ അയ്യപ്പ ക്ഷേത്രവും, പടിഞ്ഞാറ് സാക്ഷാല്‍ തൃപ്രയാര്‍ ക്ഷേത്രവും ആയിരുന്നു ഈ ഗ്രാമത്തിന്റെ നാല് അതിര്‍ത്തികള്‍. ഇതാണ് നാലമ്പലം.

പുലയരാജാവിനെ വെട്ടിക്കൊന്നതിനുശേഷം സവര്‍ണര്‍ ഈ ഗ്രാമം കയ്യടക്കുകയാണുണ്ടായത്. ആറാട്ടുപുഴ പൂരത്തിന്റെ ചടങ്ങുകള്‍ പരിശോധിച്ചാല്‍ വലിയൊരു സംസ്‌കാരത്തിന്റെ വസ്തുനിഷ്ഠമായ ചരിത്രം നമുക്കു കിട്ടുന്നതാണ്. ഇത് ഒരു സവര്‍ണ സംസ്‌കാരമല്ലെന്നു മനസ്സിലാക്കാന്‍ വലിയ വിശേഷ ബുദ്ധിയൊന്നും വേണ്ട.

മുകുന്ദപുരം തൃശൂര്‍ ജില്ലയിലെ ഒരു താലൂക്കാണ്. ഇറിങ്ങാലക്കുടയാണ് മുകുന്ദപുരത്തിന്റെ ആസ്ഥാനം. (ഇരുശാല കൂടിയത് ഇരിങ്ങാലക്കുട) ഇരിങ്ങാലക്കുടക്ക് തെക്ക് നടവരമ്പിനു കിഴക്കു ഭാഗത്തായി ഈ താലൂക്കിന്റെ പേരിനെ നിലനിര്‍ത്തുന്ന മുകുന്ദപുരം ക്ഷേത്രവും പ്രദേശവും കിടക്കുന്നു. പെരുമനം ഗ്രാമത്തിന്റെ ഒരു ഭാഗമാണ് പിന്നീട് മുകുന്ദപുരം താലൂക്കായി മാറിയത്. എന്നും ചെറുമര്‍ക്കായിരുന്നു പെരുമനം ഗ്രാമത്തിന്റെ ഭരണാധികാരം.

ഈ വംശത്തിലെ ഒടുവിലത്തെ രാജാവായിരുന്നു അയ്യന്‍ ചിരുകണ്ഠന്‍! അല്ല! അയ്യ ചിരുകണ്ഠന്‍ (തിരുകണ്ഠന്‍)

കേരള ചരിത്രത്തില്‍, ചേരന്മാരുടെ കാലത്തും പിന്നീടും ചെറുമസ്ത്രീകള്‍ നാടുഭരിച്ചിരുന്നതായി കാണാം. ഉദാ: കാളി, കുറുമ്പ, കോത, ചക്കി, അയ്യ, പുലയനാര്‍ മണിയമ്മ. അപ്രകാരം പെരുമനം ഗ്രാമം ഭരിച്ചിരുന്ന അവസാനത്തെ പുലയ രാജകുടുംബമായിരുന്നു അയ്യയുടേത്. ഭരണകാര്യങ്ങളില്‍ അയ്യുടെ ഉപദേഷ്ടാവും മാര്‍ഗദര്‍ശിയും മന്ത്രിയും താന്ത്രികനും രാജഗുരുവുമായിരുന്നു ചിരുകണ്ഠന്‍. ഇദ്ദേഹം ചെറുമരിലെ പറയവംശജനായിരുന്നു.

ദേവിയെ പരാശക്തിയായി ആരാധിച്ചിരുന്ന ചെറുമര്‍ സ്ത്രീകള്‍ക്ക് സമുന്നതമായ സ്ഥാനമാണ് സമൂഹത്തില്‍ നല്‍കിയിരുന്നത്. ശാക്തേയമാണ് ഇവരുടെ ആദ്യമതം. പിന്നീടാണ് താന്ത്രികമതത്തിന്റെ വകഭേദങ്ങളായ ജൈന, ബുദ്ധമത വിശ്വാസികളായി ചെറുമര്‍ മാറിയത്.

സ്ത്രീകളെ ആരാധിക്കുന്നതിന്റെ ഭാഗമായി ചെറുമരുടെ ഇടയില്‍ നിലനിന്നിരുന്ന ആചാരങ്ങളായിരുന്നു കോണകമുടുപ്പു കല്യാണം, കാതുകുത്തുകല്യാണം, തിരണ്ടുകല്യാണം, മിന്നുകെട്ടുകല്യാണം തുടങ്ങിയവ.

രാജകുടുംബത്തിലെ ഒരു രാജകുമാരിയുടെ കാതുകുത്തു കല്യാണത്തിന് കൊച്ചി രാജാവിനെ ക്ഷണിക്കുവാന്‍ അയ്യ ഭരണകൂടം തീരുമാനിച്ചു. അതിന്‍പ്രകാരം കൊച്ചി രാജാവ് സര്‍വസന്നാഹങ്ങളോടും കൂടി എഴുന്നെള്ളി.

സമ്പത്സമൃദ്ധവും ഫലഭൂയിഷ്ഠവും കലാസമ്പന്നവും ഐശ്വര്യപൂര്‍ണ വുമായ ചെറുമനാടുകണ്ട് കൊച്ചി രാജാവ് അന്തംവിട്ടു. ഇന്നത്തെ കല്ലേറ്റുംകരയിലെ കാലിത്തീറ്റ കമ്പനി നിലനില്‍ക്കുന്ന പന്തലിപ്പാടത്തു വെച്ച് (പന്തലിട്ടപാടം) ചെറുമര്‍ അവരുടെ പൈതൃക പാരമ്പര്യം വിളംബരം ചെയ്യുന്ന 64 കലകളും സമന്വയിപ്പിച്ചുകൊണ്ട് കൊച്ചി രാജാവിന് അതിഗംഭീരമായ ഒരു സ്വീകരണം നല്‍കി. ചേരന്മാരുടെ സ്ഥിരോത്സാഹവും കഠിനാധ്വാനവും കലാവിരുതും കണ്ട് കൊച്ചിരാജാവ് അത്ഭുതസ്തബ്ധനായി. ഒപ്പം അസൂയയും തലപൊക്കി. സര്‍ണപ്പറയും, സദ്യക്കുവേണ്ട എല്ലാ വിഭവങ്ങളും ഒരുമിച്ചു പാചകം ചെയ്യാവുന്ന ഉരുളിയും, കല്ലേറ്റുംകര മുതല്‍ ആറാട്ടുപുഴ ശാസ്ത്രാ ക്ഷേത്രം വരെയുള്ള വെറ്റിലപ്പന്തലും കണ്ട് കൊച്ചിരാജാവ് അസ്വസ്ഥനായി. ഏതുവിധേനയും ഈ രാജ്യം i ഒരു ഗൂഢചിന്ത കൊച്ചിരാജാവിന്റേയും അനുയായികളുടേയും ഉള്ളില്‍ ഉടലെടുത്തു. അണിയറയില്‍ ഇതിനുള്ള ഒരുക്കങ്ങളും നടത്തി.

കൊച്ചിരാജാവിനെ എഴുന്നെള്ളിച്ച് ആറാട്ടുപുഴ ശാസ്ത്രാക്ഷേത്ര ത്തിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് ചെറുമരാജ്ഞി കൊച്ചി രാജാവിനെ കുമ്പിട്ടു വണങ്ങി. ഭക്ത്യാദരപൂര്‍വം കുമ്പിട്ടു വണങ്ങുന്ന അയ്യ രാജ്ഞിയുടെ കഴുത്ത്, രാജാവുമായുള്ള മുന്‍ധാരണ പ്രകാരം ഒരു ചെത്തുകാരന്‍ നിര്‍ദാക്ഷ്ിണ്യം വെട്ടിമാറ്റി. കാലം സ്തംഭിച്ചു നിന്ന നിമിഷത്തില്‍ ആറാട്ടുപുഴ ശാസ്താവും ഞെട്ടിവിറച്ചു. ജനം അന്താളിച്ച് നാലുപാടും ഓടി. കലാപം പൊട്ടിപ്പുറപ്പെട്ടു. ആഹ്ലാദം അലയടിച്ചുനിന്ന ആ പുണ്യഭൂമിയില്‍ ചോരപ്പുഴകള്‍ ഒഴുകി. നൂറുകണക്കിനു ചെറുമപ്പെണ്‍കിടാങ്ങള്‍ ബലാത്സംഗത്തിനു ഇരകളായി. ബാല്യം പോലും കടന്നിട്ടില്ലാത്ത ആ കൊച്ചു രാജകുമാരിയെ കടലാശ്ശേരി പിടിക്കാപ്പറമ്പ് (പിടിച്ച പറമ്പ്) ക്ഷേത്രവളപ്പില്‍ വെച്ചു അതിനിഷ്ഠൂരമായി പീഡിപ്പിച്ചു കൊന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മന്ത്രി ചിരുകണ്ഠനെ പാടത്തിട്ടു തുരുതുരാ വെട്ടി. കാലൊടിയന്‍കണ്ടം, കൈവെട്ടികണ്ടം എന്നീ പേരുകളാല്‍ ആ പാടങ്ങളിന്നും നിലനില്‍ക്കുന്നു.

ആര്യന്മാര്‍ ഭാരതത്തില്‍ നടത്തിയ ക്രൂരമായ അധിനിവേശ ത്തിന്റെ മറ്റൊരു പതിപ്പായിരുന്നു ഈ സംഭവം. നിഷ്ഠൂരമായ കൊള്ളയിലൂടെ പെരുമനം ഗ്രാമം സ്വന്തമാക്കിയ കൊച്ചിരാജാവ് അയ്യാ രാജ്ഞിയെ വെട്ടിവീഴ്ത്തിയ ചെത്തുകാരനേയും കുടുംബങ്ങളേയും മുമ്പേവെട്ടികള്‍ എന്ന സ്ഥാനപ്പേരു നല്‍കി കാക്കാത്തിരുത്തിപ്പുഴ കടത്തിവിട്ടു. ഈ കുടുംബക്കാരുടെ പിന്‍മുറകള്‍ മുന്‍പില്‍ വീട്ടുകാര്‍ എന്ന പേരില്‍ ഇന്നും പെരിഞ്ഞനത്തു താമസിച്ചുവരുന്നു. ഇവരുടെ കുടുംബക്ഷേത്ര ത്തില്‍ അയ്യാ - ചിരുകണ്ഠനെ പ്രതിഷ്ഠിച്ചു പൂജിച്ചുവരുന്നുണ്ട്. ആറാട്ടുപുഴ ക്ഷേത്ര പരിസരത്ത് ഇന്നും ഒറ്റ ഈഴവരില്ല.

പവിത്രകളായ സ്ത്രീകളോട് കൊടും ക്രൂരത ചെയ്തതുമൂലം ഭ്രഷ്ടനായ കൊച്ചിരാജാവിന് തിരിച്ചുപോകാന്‍ കഴിയാതെ കുറേക്കാലം മുരിയാടുള്ള കുന്നത്തുതറ ശിവക്ഷേത്രത്തില്‍ ഒളിച്ചു താമസിക്കേണ്ടി വന്നു. ആകെ തകര്‍ന്നുപോയ രാജാവിന് പല ദുര്‍നിമിത്തങ്ങളും ഉണ്ടായി. ചെറുമക്കള്‍ കലാപവും തുടങ്ങി. കൊച്ചിയില്‍ നിന്നും ചങ്കരംകണ്ടത്തു കര്‍ത്താക്കന്മാരുടെ പിന്മുറക്കാരെ വരുത്തി രാജാവ് കലാപം അടിച്ചമര്‍ത്തി. ഈ കര്‍ത്താക്കന്മാര്‍ താവളമടിച്ച പാളയങ്ങളാണ് നെടുമ്പാളയം = നെടുമ്പാള്‍, തോട്ടുപാളയം = തോട്ടിപ്പാള്‍, രാത്രിപാളയം = രാപ്പാള്‍, ചെറുപാളയം = ചെറുവാള്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നത്. ഈ കര്‍ത്താക്കന്മാരുടെ പിന്മുറകളെ ഇന്നും ഈ പ്രദേശങ്ങളില്‍ കാണാം.ചെറുമരുടെ സ്ഥാവരജംഗമവസ്തു ക്കളൊക്കെ കൊച്ചിരാജാവ് നമ്പൂതിരിമാര്‍ക്കും കര്‍ത്താക്കന്മാര്‍ക്കും മറ്റു വിഭാഗങ്ങള്‍ക്കും വീതിച്ചു കൊടുത്തു. അതോടെ ചെറുമര്‍ അധഃസ്ഥിതരായി. ഈ ചെറുമരുടെ പിന്മുറകളാണ് വിവിധ കോളനികളില്‍ തീരാദുഃഖങ്ങളുമായി തിങ്ങിപ്പാര്‍ക്കുന്ന പട്ടികജാതി ജനവിഭാഗങ്ങള്‍. (ചെറുമര്‍ 37 ജാതികളുണ്ട്)

ചെറുമരാജ്യം സ്വന്തമാക്കിയെങ്കിലും കൊച്ചി രാജാവിനും കുടുംബത്തിനും പല ദുര്‍വിധികളേയും നേരിടേണ്ടിവന്നു. പേരെടുത്ത പല മനകളും കത്തിനശിച്ചു. കൊച്ചി രാജ്യം ആക്രമിക്കപ്പെട്ടു. ഇതിന്റെ കാരണം ചെറുമരുടെ ഭരണം എന്നും ശാസ്താക്കന്മാരെ (ചാത്തന്മാരെ) മുന്‍നിറുത്തിയായിരുന്നു. ചാത്തന്മാരുടെ കലാപം മൂലം നാടാകെ വറുതിയിലായി. ഇതിന്റെയെല്ലാം പ്രശ്‌നപരിഹാരം തേടിയാണ് രാജാവ് താന്ത്രികനായിരുന്ന, ലോനപ്പന്‍ നമ്പാടന്‍ മാഷുടെ പിതാമഹനെ സമീപിക്കുന്നത്.. അയ്യന്‍ തിരുകണ്ടന്‍ എന്ന സാംബവരാജാവിനെ ഗളഛേദം ചെയ്യുവാന്‍ കൊച്ചിമഹാരാജാവുപ യോഗിച്ച വാള്‍ ഇന്നും സുരക്ഷിതമായിരിക്കുന്നുണ്ട്. ഏതോ പ്രത്യേകതരം കൂട്ടലോഹംകൊണ്ടു നിര്‍മ്മിച്ച ആ വാളിന് ഇന്നും പറയത്തക്ക കേടുപാടുകളൊന്നും ഇല്ല. ആ വാളിന്റെ പിന്നിലെ സംഭവങ്ങളും രസാവഹമാണ്. രാജാവ് മുകുന്ദപുരം വാസം തുടരവേ, ആ സ്ഥലത്തൊരു സര്‍പ്പം പ്രത്യക്ഷപ്പെട്ടു. സര്‍പ്പം രാജാവിനു ഭീഷണിയായി. ആരു ശ്രമിച്ചിട്ടും സര്‍പ്പത്തെ വകവരുത്താന്‍ കഴിഞ്ഞില്ല. സര്‍പ്പശല്യം കൂടിക്കൂടിവന്നു. രാജാവിന് ഊണും ഉറക്കവും നഷ്ടപ്പെട്ടു. അന്നു പുത്തന്‍ചിറയില്‍  നമ്പാടന്‍ തറവാട്ടില്‍ സര്‍പ്പത്തെ പേടിയില്ലാത്ത, കൈവശം നാടന്‍ തോക്കുള്ള ഒരു കാരണവരുണ്ടാ യിരുന്നു. കാരണവര്‍ സര്‍പ്പബാധയെപ്പറ്റി കേട്ടറിഞ്ഞു. ഇതു സര്‍പ്പമല്ലെന്നും തിരുകണ്ടന്റെ ശാപരൂപമാണെന്നും കാരണവര്‍ സംഭാഷണമധ്യേ പറഞ്ഞു. ഇതു രാജാവിന്റെ ചെവിയിലെത്തി. രാജാവ് കാരണവരെ വിളിപ്പിച്ചു. ഈ ബാധയില്‍ നിന്നും തന്നെ രക്ഷിക്കാന്‍ കാരണവര്‍ക്ക് ആകുമോ എന്നാരാഞ്ഞു. കാരണവര്‍ തന്റെ പഴയ നാടന്‍ തോക്കില്‍ വിരലിലെ സ്വര്‍ണമോതിരം തിരയാക്കി സര്‍പ്പത്തിനെതിരേ നിറയൊഴിച്ചു. സര്‍പ്പം കഥാവശേഷനായി. രാജാവിനു തൃപ്തിയായി. പാരിതോഷികമായി കാരണവര്‍ക്ക് രാജാവ് കരമൊഴിവായി 200 പറ നിലം പതിച്ചു നല്‍കി, കൂടെ ഈ വാളും. നിലത്തിലൊരു ഭാഗം പാരമ്പര്യമായി കിട്ടിയത് ഇന്നും പുത്തന്‍ചിറ നമ്പാടന്‍ തറവാട്ടുകാരുടെ കൈവശമുണ്ട്. വാള് തലമുറകള്‍ കൈമാറി ഇന്നും കൈമോശം വരാതെ  സൂക്ഷിക്കുന്നുണ്ട്.

 അനേകവര്‍ഷക്കാലം മുടങ്ങിക്കിടന്നിരുന്ന പെരുമനം ഉത്സവം, മധ്യകേരളത്തിലെ മാമാങ്കമായ ആറാട്ടുപുഴ പൂരമാക്കി പുനഃസ്ഥാപിച്ചാണ് അദ്ദേഹം ഇതിന് പരിഹാരം കണ്ടെത്തിയത്. കുന്നത്തുതറ ശാസ്താ ക്ഷേത്രത്തില്‍ അയ്യാ - ചിരുകണ്ഠനെ പ്രതിഷ്ഠിച്ചും പിടിക്കാപ്പറമ്പു ക്ഷേത്രത്തില്‍ നിന്നു ആറാട്ടുപുഴ പൂരംവരവ് ഉള്‍പ്പെടുത്തിയും 108 ദേവീദേവന്മാരെ പങ്കെടുപ്പിച്ചു കൊണ്ടും തൃപ്രയാര്‍ ക്ഷേത്രത്തില്‍ നിന്നും സാക്ഷാല്‍ ചാത്തന് പൂരത്തിന് നെടുനായകത്വം നല്‍കിയുമാണ് ആ താന്ത്രികന്‍ ആറാട്ടുപുഴ പൂരം ചിട്ടപ്പെടുത്തിയത്. (തേവരല്ല, ശാസ്താവാണ് - ചാത്തനാണ് ആറാട്ടുപുഴ പൂരത്തിന് തൃപ്രയാറില്‍ നിന്നും എഴുന്നെള്ളുന്നത്.)

Comments