ചെട്ടികുളങ്ങര_കെട്ടുകാഴ്ചയും
അടിമവേലയും'
■
ലോകവിസ്മയമായി ചെട്ടികുളങ്ങരയുടെ കെട്ടുകാഴ്ചകള്‍ അംഗീകരിക്കപ്പെട്ടു കൊണ്ടിരിക്‌കുമ്പോള്‍, ഏത് ഓണാട്ടുകരക്കാരനാണ് ആഹ്ലാദിക്കാതിരിക്കാ നാവുക.? കലയും കരുത്തും കരവിരുതും ഇഴചേര്‍ത്ത് ഒരുമയുടെ അനുഭൂതി വിരിയിക്കുന്ന ഈ സര്‍ഗ്ഗ സന്നിവേശത്തിന്‍റെ പൈതൃകം ആരുടേതാവാം.?
■ ചരിത്ര വീക്ഷണം
കെട്ടുകാഴ്ചകള്‍
ബുദ്ധമത സംസ്കാരത്തിന്‍റെ തിരുശേഷിപ്പുകളാണെന്നാണ് ചരിത്രകാരന്മാരുടെ പൊതുനിഗമനം. ചൈനയില്‍ നിന്നുളള, പ്രമുഖ ബുദ്ധിസ്റ്റ് സഞ്ചാരിയായ ഫാഹിയാന്‍ പത്താം നൂറ്റാണ്ടിനടത്ത് ദക്ഷിണ ഭാരതത്തില്‍ ബുദ്ധിസ്റ്റ് പഗോഡകളുടെ മാതൃകയിലുളള കലാശില്പങ്ങള്‍ ക്ഷേത്രോത്സവങ്ങളില്‍ കണ്ടതായി രേഖപ്പെടുത്തുന്നുണ്ട്.(1)
ചരിത്രകാരന്മാരുടെ അഭിപ്രായങ്ങളെ ഇങ്ങനെ ക്രോഡീകരിക്കാം.
'ഒരു കാലത്ത് ഓാണാട്ടുകര ഒരു ബുദ്ധമത കേന്ദ്രമായിരുന്നു. പളളി, കര, കാവ് , കുളം തുടങ്ങിയവയിലുളള സ്ഥലനാമങ്ങള്‍ അതിനെ സാധൂകരിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നും
ലഭിച്ച ബുദ്ധ വിഗ്രഹത്തില്‍ സൂചിപ്പിക്കുന്ന, ബുദ്ധമത കേന്ദ്രമായിരുന്ന ശ്രീമൂലവാസം ചെട്ടികുളങ്ങരക്കടുത്ത തൃക്കുന്നപ്പുഴയാണ്. മാവേലിക്കരനിന്നും, പളളിക്കല്‍ നിന്നും ബുദ്ധ വിഗ്രഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ചെട്ടികുളങ്ങരയും ബുദ്ധമത കേന്ദ്രമായിരുന്നുവെന്നത് തീര്‍ച്ഛയാണ്. ബൗദ്ധപൗര്‍ണ്ണമി ആഘോഷങ്ങളില്‍ ബുദ്ധമത വിശ്വാസികള്‍ കെട്ടിഒരുക്കിയിരുന്ന രഥങ്ങളാണ് 'തേരായും കുതിരയായും' ഹൈന്ദവ ക്ഷേത്രങ്ങള്‍ കടം കൊണ്ടതെന്നാണ് പ്രമുഖ കേരളചരിത്രകാരന്മാരുടെ പക്ഷം.'ബുദ്ധമതക്കാരുടെ ആരാധനാലയങ്ങള്‍ ഹൈന്ദവ ക്ഷേത്രങ്ങളായി ത്തീര്‍ന്നതോടെ രഥങ്ങളും ഹൈന്ദവമായി'(2)
■ ഐതിഹ്യം
ഭൂതകാലത്തിന്‍റെ തിരുശേഷിപ്പുകളായ ഇത്തരം വിസ്മയം വിടര്‍ത്തുന്ന സര്‍ഗ്ഗവ്യാപാരങ്ങളുടെ സൂക്ഷ്മതലങ്ങളെക്കുറിച്ചുളള അറിവുതേടുമ്പോള്‍, അന്വേഷകര്‍ക്കു വഴികാട്ടിയാകുവാനുളള ദൗത്യവുമായി മുന്നിലെത്തുന്നത് ചില വാമൊഴി വഴക്കങ്ങളാവും. ചെട്ടികുളങ്ങര കെട്ടുകാഴ്ചകളുടെ ഉത്ഭവത്തെക്കുറിച്ചും അത്തരം ചില ഐതിഹ്യങ്ങള്‍ വാമൊഴി കളായി നിലവിലുണ്ട്.
'പണ്ട്, ഉമയമ്മ റാണിയുടെ കാലത്ത് കൊല്ലത്ത് ശക്തികുളങ്ങരയിലോമറ്റോ തോടുവെട്ടാന്‍ പോയവര്‍, അടുത്തുളള ഏതോ അമ്പലത്തില്‍ ഇത്തരം കെട്ടുകാഴ്ചകള്‍ കാണാനിടയായി. ഭരണിക്കുമുമ്പേ തങ്ങള്‍ക്ക് ജോലിതീര്‍ത്ത് നാട്ടില്‍ പോകാന്‍ കഴിഞ്ഞാല്‍, ചെട്ടികുളങ്ങരയമ്മക്കു മുമ്പില്‍ ഇതുപോലെ കെട്ടി കാഴ്ചവെക്കാമെന്നവര്‍ നേര്‍ന്നു വിളിച്ചു പ്രാര്‍ത്ഥിച്ചു. അതുപോലെ വല്യമ്മ സാധിച്ചു കൊടുത്തു. അങ്ങനെ അവരാ ഇവിടെ ആദ്യമായി കെട്ടുകാഴ്ച ഒരുക്കിയത്'
(ഓമനയമ്മ,57,പായനെയ്ത്ത്)
കെട്ടുകാഴ്ചകളുടെ ഉത്പത്തിയെകുറിക്കുന്ന പ്രസിദ്ധമായ ഇതേ കഥ/ ഐതിഹ്യം, വിദ്യാഭ്യാസമുളള ഒരു മുന്നാക്ക ആവേദകനിലൂടെ കേള്‍ക്കുമ്പോള്‍ കുറച്ചുകൂടി വ്യക്തത വരുന്നു. ചെട്ടികുളങ്ങര നിന്ന് പണിക്കാര്‍ പോയത് കൊല്ലം ചവറ തോടുവെട്ടാനാ. മുളങ്കാടകം ക്ഷേത്രത്തിലാ അവരു കെട്ടുകാഴ്ച കണ്ടത്'.
(രാമചന്ദ്രന്‍ നായര്‍, റിട്ട. എഞ്ചിനിയര്‍ )
■ സാമാന്യവല്‍ക്കരണം എന്ന ദൗര്‍ബല്യം
ഇവിടെ, ചെട്ടികുളങ്ങരയുടെ ബുദ്ധമത പാരമ്പര്യത്തെക്കുറിച്ച് ചരിത്രകാരന്മാര്‍ നല്‍കുന്ന സൂചനകളോട് യോജിക്കു മ്പോള്‍ത്തന്നെ, ചില വിയോജിപ്പുകള്‍ക്കും ഇടമുണ്ട്. സ്ഥലനാമ സൂചനകളും ഓണാട്ടുകരയിലെ വിവിധ ഇടങ്ങളില്‍ നിന്നും കണ്ടെടുക്കപ്പെട്ട വിഗ്രഹങ്ങളും ബുദ്ധസ്വാധീനത്തിന്‍റെ സാധുതയെ അടിവരയിടുമ്പോഴും ചെട്ടികുളങ്ങരയിലെ കെട്ടുകാഴ്ചകള്‍ ബൗദ്ധരില്‍ന്ന് നേരിട്ട് കവര്‍ന്നെടുത്തതന്നു വരുന്നില്ല. ക്ഷേത്രം ബൗദ്ധരുടേതായിരുന്നെങ്കിലേ അതിന് അല്പമെങ്കിലും പ്രസക്തിയുണ്ടാവൂ. എന്നു മാത്രമല്ല,ക്ഷേത്രം യാഥാര്‍ത്ഥ്യമായി വളരെ കഴിഞ്ഞാണ് കെട്ടുകാഴ്ചകള്‍ ഇവിടെ പതിവു കാഴ്ചയായതെന്ന പുരാവൃത്തത്തിലെ സൂചനകള്‍ യാഥാര്‍ത്ഥ്യത്തോടൊട്ടി നില്‍ക്കുന്നു. കാട്ടുവളളില്‍ ക്ഷേത്രത്തിലെ ആനപ്പൂരം അടുത്തിടെ മാത്രം തുടങ്ങിയതാണ്. എന്നാല്‍, ശാസ്താക്ഷേത്രമായതിനാലും, ബുദ്ധനെന്നത് ശാസ്താവിന്‍റെ പര്യായമായതുകൊണ്ടും, ആനകള്‍ക്ക് ബുദ്ധമതത്തില്‍ വളരെ പ്രാധാന്യമുളളതിനാലും, നൂറ്റാണ്ടുകള്‍ക്കു ശേഷം ഈ ആനപ്പൂരം ബുദ്ധമതത്തിന്‍റെ തുടര്‍ച്ചയാണെന്ന് ഒരു ഗവേഷകന് വാദിക്കാമെന്നതു പോലെയാണ് ചെട്ടികുളങ്ങരയിലെ കെട്ടുകാഴ്ചകളുടെകാര്യവും.
■ഊഴിയമെന്ന അടിമവേല
മറ്റാളുകള്‍ക്ക് ചെയ്യാന്‍ വളരെയേറെ പ്രയാസമേറിയ ജോലികള്‍ക്ക് രാജഭരണകാലത്ത് അടിമകളെ നിയോഗിച്ചിരുന്നു. സമൂഹത്തിന്‍റെ താഴേത്തട്ടില്‍ നിന്നുളളവരായിരുന്നു ഈ അടിമകള്‍. അവര്‍ക്ക് അതിന് മതിയായ കൂലിയോ, ഭക്ഷണം പോലുമോ, ലഭിച്ചിരുന്നില്ല. എന്നിട്ടും അവര്‍ മാടിനെപ്പോലെ പണിയെടുത്തു. ഊഴിയവേലയെന്നാണിതിനെ അറിയപ്പെട്ടിരുന്നത്. ഓണാട്ടുകരയില്‍ നിന്നും ധാരാളം പേര്‍ ഊഴിയമെന്ന അടിമപ്പണിക്ക് നിയോഗിക്കപ്പെട്ടിരുന്നു. അത്തരം ഊഴിയ വേലക്കാരാണ് ഉമയമ്മ റാണിക്കുവേണ്ടി കൊല്ലത്ത് തോടുവെട്ടുന്ന പണിയില്‍ ഏര്‍പ്പെട്ടിരുന്നത്.പുരാവൃത്തി ല്‍ (3)ഇതാണ് പരാമര്‍ശിക്കുന്നത്.
ഈ ഊഴിയവേലക്കാരുടെ മുഴുവന്‍ യാതനയും പുരാവൃത്തത്തില്‍ പ്രതിഫലിക്കുന്നത് ഒറ്റവാക്കിലാണ്, 'ഈ ഭരണിക്കു മുമ്പെങ്കിലും കഴിയണേ ഭഗവതീ' യെന്ന പ്രാര്‍ത്ഥനയാണത്.
പ്രാര്‍ത്ഥന ഭഗവതികേട്ടതു കൊണ്ടോ, എന്തോ, ജോലി തല്‍ക്കാലം നിറുത്തിവെക്കാന്‍ കല്പന വന്നുവെന്നതു ചരിത്രസത്യം.
ആ അടിമപ്പണിക്കാരാണ്/ തൊഴിലാളികളാണ്/ അടിത്തട്ടുകാരാണ് ചെട്ടികുളങ്ങരയില്‍ ആദ്യമായി കെട്ടുകാഴ്ചകള്‍ ഒരുക്കി സര്‍പ്പിച്ചതെന്നതാണ് യാഥാര്‍ത്ഥ്യം.
പില്‍ക്കാലത്ത് ധനവാന്മാര്‍ അവയുടെ പ്രോത്സാഹകന്മാരും പുരസ്കര്‍ത്താക്കളു മാവുകയും ക്രമേണ അവയുടെ സംരക്ഷണവും നേതൃത്വവും അവര്‍ കയ്യാളുകയും ചെയ്തു.
കാല്‍നൂറ്റാണ്ടു മുമ്പുവരെ രാത്രികാലങ്ങളില്‍ കുതിര/തേരിന്‍ ചോട്ടില്‍ കരയിലെ പ്രമാണിമാരെ കളിയാക്കിയും തെറിച്ചും അവര്‍ണ്ണജാതികള്‍ പാടിക്കളിച്ച നാടന്‍ കലാരൂപം അടിമവംശജര്‍ക്ക് കെട്ടുകാഴ്ചയുടെമേലുളള അര്‍ഹതയെ സൂചിപ്പിക്കുന്നു.
■ഹരികുമാര്‍ ഇളയിടത്ത്
Comments
Post a Comment