ഹരിപ്പാടിന്‍റെ പഴയ പേരാണ് കരിമ്പാലി എന്നത്. കാർത്തികപ്പള്ളി ആസ്ഥാനമായ ഒരു നാട്ടുരാജ്യം ആയിരുന്നു കരിമ്പാലി. തൊട്ടടുത്ത സാമന്ത രാജ്യമായ ബെട്ടിമന (വെട്ടുവേനി) കൂട്ടിച്ചേർത്ത ശേഷം ആ പേരിലും ഈ ദേശം അറിയപ്പെട്ടിരുന്നു. ഡച്ചുകാർക്കൊപ്പം നിന്ന ഈ രാജ്യം ബ്രട്ടീഷ് ആക്രമണം നേരിട്ടിട്ടുണ്ട്. പിന്നീട് മാർത്താണ്ഡവർമ്മ പിടിച്ചടക്കി തിരുവിതാംകൂറിനോട് ചേർത്തു.
കരിമ്പാലിൽ കോയിക്കൽ കൊട്ടാരം ഇപ്പോഴുമുണ്ട്. പക്ഷേ 1754 ല്‍ മാർത്താണ്ഡവർമ്മ കീഴ്പ്പെടുത്തുന്ന സമയത്ത് ഇത് ഓണാട്ടുകര ആയിമാറിയിരുന്നു.
എന്നാല്‍ 'ഏകചക്ര' എന്നാണ് ഹരിപ്പാടിന്‍റെ പഴയ പേര് എന്നു ചിലര്‍ കരുതുന്നു. മഹാഭാരതകഥയിൽ പരാമർശിക്കുന്ന ഏകചക്ര തന്നെയാണിതെന്നവര്‍ ഉറപ്പിച്ചു പറയുന്നു. വനവാസക്കാലത്ത് പാണ്ഡവർ താമസിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന ഇന്നത്തെ പാണ്ഡവർകാവ്, ഹരിപ്പാട്ടെ നഗരിക്ഷേത്രം എന്നിവ ഏകചക്ര നഗരത്തിലുള്ളതാണ് എന്ന് സൂചിപ്പിച്ച് അവര്‍ ഐതിഹ്യത്തെ ആധികാരികമായി ഉറപ്പിയ്ക്കുന്നു.
മഹാഭാരതത്തിലെ പാണ്ഡവകുടുംബം അരക്കില്ലത്തില്‍ നിന്നും രക്ഷപ്പെട്ട് ഹിഡുംബ വനത്തിലൂടെ ഏകചക്രം എന്ന ഗ്രാമത്തിലെത്തുകയും അവിടെ വച്ച് ബകനെ കൊല്ലുകയും ചെയ്തു. ഈ പറഞ്ഞിരിക്കുന്ന ഏക ചക്ര ഗ്രാമമാണ് ഇന്നത്തെ ഹരിപ്പാട് എന്നാണ് പരക്കെ പ്രചരിക്കപ്പെട്ടിരിക്കുന്ന ഐതിഹ്യം. ബകപുരമാണ് വീയപുരമായ തെന്നും കണക്കാക്കുന്നു. അതല്ല, ബകനെ പരാജയപ്പെടുത്തി ഭീമന്‍ വിജയം നേടിയ സ്ഥലം ആദ്യം വിജയപുരമായി അറിയപ്പെടുകയും പിന്നീടത് വീയപുരമായി മാറുകയും ചെയ്തുവെന്നും പക്ഷമുണ്ട്.
എന്നാല്‍, ഇതിഹാസത്തില്‍ ഏകചക്ര എന്നറിയപ്പെടുന്ന ദേശം മലപ്പുറം ജില്ലയിലാണ് എന്നാണ് അവിടത്തുകാര്‍ വിശ്വസിക്കുന്നത്. അതിപ്പോൾ എടക്കര എന്നാണു അറിയപ്പെടുന്നത് എന്നാണ് അവര്‍ പറയുന്നത്. ഏകചക്രക്ക് പത്തനംതിട്ടയിലും അവകാശികളുണ്ട്. പാണ്ഡവന്‍ പാറയും നൂറ്റുവന്‍ പാറയും മറ്റും അവര്‍ തെളിവായിപറയുന്നു.
മഹാഭാരത ഇതിഹാസം നല്‍കുന്ന സൂചനപ്രകാരം
ഏകചക്ര എന്ന ഗ്രാമം ഇതൊന്നുമല്ല. അത് ഇന്നത്തെ ബീഹാറിലാണ്. ആരോ ഹരിപ്പാടിന്റെ തലയിൽ കെട്ടിവച്ച ഐതിഹ്യമാണ് ഏകചക്ര ഹരിപ്പാടാണ് എന്ന തെറ്റുദ്ധാരണക്കു കാരണം.
- Get link
- X
- Other Apps


Comments
Post a Comment