ഓണാട്ടുകരയിലെ സ്ഥലനാമങ്ങള്‍ | ഭാഗം: ഒന്ന്  
                                   
ചരിത്രത്തില്‍ ഭഗവതിപ്പടി        
••

കായംകുളം - തട്ടാരമ്പലം സംസ്ഥാന പാതയില്‍  ചെട്ടികുളങ്ങരയ്ക്കും കാക്കനാടിനും ഇടയില്‍ സ്ഥിതിചെയ്യുന്ന പ്രധാന കവലയാണ് ഭഗവതിപ്പടി. ഇവിടെ നിന്നും നാലര കിലോമീറ്റര്‍ പടിഞ്ഞാറേക്കു പോകുമ്പാള്‍ ദേശീയപാത 66 ല്‍ എത്തിച്ചേരാം.

ചെറിയപത്തിയൂര്‍ ദേവീക്ഷേത്രം, മലമേല്‍ ശ്രീ ഭുവനേശ്വരിക്ഷേത്രം, പത്തിയൂര്‍ ശ്രീ ദുര്‍ഗ്ഗാദേവീക്ഷേത്രം, പത്തിയൂര്‍ വില്ലേജോഫീസ്, പഞ്ചായത്ത് ഓഫീസ്, ഗവ. ആശുപത്രി, കൃഷിഭവന്‍, ആയുര്‍വ്വേദ ആശുപത്രി, പത്തിയൂര്‍ ഫാര്‍മേഴ്സ് ബാങ്ക് മെയിന്‍ ഓഫീസ്, രജിസ്ട്രേഷന്‍ ഓഫീസ് എന്നിവിടങ്ങളിലേക്ക് ഈ റോഡിലൂടെയാണ് പോകേണ്ടത്. കരീലക്കുളങ്ങര, രാമപുരം, ഏവൂര്‍ ഭാഗങ്ങളിലേക്കും ഈ വഴിയാണ് താരതമ്യേന എളുപ്പം.

പ്രസിദ്ധമായ പത്തിയൂര്‍ ഭഗവതിയുമായി ബന്ധപ്പെട്ടാവാം ഈ ജംങ്ഷന്‍ ഭഗവതിപ്പടി എന്നറിയപ്പെടാന്‍ തുടങ്ങിയത്. പത്തിയൂര്‍ ഭഗവതീക്ഷേത്രത്തിലേക്ക് പ്രധാന വഴി തിരിയുന്നത് ഈ കവലയില്‍ നിന്നാണെല്ലോ. അതല്ല, ഭഗവതിപ്പടിയില്‍ എന്നൊരു വീട്ടുപേരില്‍ നിന്നാണ് ജംങ്ഷന് ആ പേരു ലഭിച്ചതെന്ന അഭിപ്രായവും നിലനില്‍ക്കുന്നു. വളരെ പഴക്കം ചെന്ന ഒരാല്‍മരം വഴിവക്കില്‍ തലയുയര്‍ത്തി നിന്നിരുന്നു ഇവിടെ. പില്‍ക്കാലത്ത് അതിനു ചുറ്റും തറകെട്ടി സംരക്ഷിച്ചിരുന്നു. കാലപ്പഴക്കം കൊണ്ട് പ്രസ്തുത ആല്‍മരം വാര്‍ദ്ധക്യം ബാധിച്ച് നിലം പതിച്ചു. അതിനുശേഷം സഹൃദയരായ നാട്ടുകാര്‍ പുതിയ മരം വെച്ചു പിടിപ്പിച്ചതാണ് ഇന്നു കാണുന്ന ആല്‍ത്തറയിലുളളത്.

പഴയ കാലത്ത് ഇത് തിരക്കുളള ഒരു നാട്ടുവഴിയായിരുന്നിരിക്കണം. ജംങ്ഷനോടു ചേര്‍ന്നുളള കളിത്തട്ടും അന്നുണ്ടായിരുന്ന ആല്‍ത്തറയും ഇതിന്‍റെ സൂചന തരുന്നു. ചെട്ടികുളങ്ങരയിലെ ക്ഷേത്രവളപ്പിലെ ആല്‍ത്തറയും കളിത്തട്ടും വടക്കു വശത്തെ കുളവും തെക്കുനിന്നും വടക്കോട്ടു നീളുന്ന പ്രാചീനമായ നടവഴിയുടെ സാന്നിധ്യം പേറുന്നുണ്ട്. ദീര്‍ഘദൂര സഞ്ചാരികള്‍ക്കുളള വിശ്രമ സ്ഥലമായി ഈ കളിത്തട്ടുകള്‍ അക്കാലത്ത്  ഉപകാരപ്പെട്ടിരിക്കാം. രാമയ്യന്‍ ദളവയുടെ കാലത്ത് യാത്രാ സൗകര്യങ്ങള്‍ക്കായി ധാരാളം തോടുകളും പാതകളും കളിത്തട്ടുകളും നിര്‍മ്മിച്ചിരുന്നതായി ചരിത്രം പറയുന്നു. കായംകുളം കമ്പോളത്തില്‍ നിന്നും പത്തിയൂര്‍ തോടുവഴിയും മറ്റും കൊണ്ടുവരുന്ന ചരക്കുകള്‍ ചെട്ടികുളങ്ങര ഓലകെട്ടിയമ്പലം, കുറത്തികാട് തുടങ്ങിയ പ്രദേശങ്ങളിലേക്ക് കൊണ്ടു പോകുന്നതിനിടയിലെ വിശ്രമസ്ഥലമെന്ന നിലയിലും കളിത്തട്ട് ചരിത്രപ്രാധാന്യമര്‍ഹിക്കുന്നു. ഇന്ന് അവശേഷിപ്പുകള്‍ പലതും നഷ്ടപ്പെട്ടു പോയെങ്കിലും കായംകുളം കമ്പോളം മുതല്‍ എരുവ, കുറ്റിക്കുളങ്ങര, പത്തിയൂര്‍ ആറാട്ടുകുളങ്ങര, മലയില്‍മുക്ക്,  ചെറിയപത്തിയൂര്‍, ചെട്ട്യാരേത്ത് വഴി ചെങ്ങന്നൂരില്‍ വരെ നീണ്ടുകിടക്കുന്ന അത്താണിയവശേഷിപ്പുകള്‍ ചേര്‍ത്തു രേഖവരച്ചാല്‍ പഴയകാല കച്ചവടപാതയെ (trade route) കണ്ടെത്താനാകും. അതുപോലെ ഭഗവതിപ്പടി മുതല്‍ കിഴക്കോട്ട് കൊയ്പളളികാരായ്മ തുടങ്ങി പലഭാഗത്തേക്കും നീണ്ടുകിടക്കുന്ന ചുമടു താങ്ങികള്‍ മറ്റൊരു കച്ചവടപാതയുടെ ഓര്‍മ്മപ്പെടുത്തലാണ്. ഇവയില്‍ പലേടത്തും ഇന്ന് അവശേഷിപ്പു കല്ലുകള്‍ ഒട്ടും ശേഷിക്കാതെ നഷ്ടപ്പെട്ടു പോയിട്ടുണ്ടെങ്കിലും ഓര്‍മ്മകളില്‍ പലേടത്തും അത്താണികള്‍ ജീവിക്കുന്നുണ്ട്.

കച്ചവടകേന്ദ്രവും കമ്പോളവുമായിരുന്ന കായംകുളത്തുനിന്നും കായല്‍ വഴി ബൗദ്ധ വര്‍ത്തക സംഘങ്ങള്‍ ചരക്കു കൈമാറ്റം നടത്തിയ വേളയില്‍, ഇവിടെ അക്കാലത്ത്  അവരെകൂടാതെ മറ്റുകച്ചവട സംഘങ്ങളും ഉണ്ടായിരുന്നതിന്‍റെ സൂചനകള്‍, ഓണാട്ടുകരയിലെങ്ങും ധാരാളമായി കാണുന്ന കളിത്തട്ടുകളും ചുമടുതാങ്ങികളും  (അത്താണികള്‍) തരുന്നുണ്ട്. ഇത്രയും ചുമടുതാങ്ങികള്‍ ജൈനവണിക്കുകളുടെ സാന്നിധ്യത്തെയാണ് കുറിക്കുന്നത്‌. ജലഗതാഗതത്തിനു പകരം തലച്ചുമടിലൂടെ കച്ചവടനീക്കങ്ങള്‍ നടത്തിയവരാണ് ചരിത്രത്തില്‍ ജൈനര്‍.

കേരളത്തല്‍ ഒരുപക്ഷേ, ഓണാട്ടുകരയിലെതുപോലെ കളിത്തട്ടുകളും അത്താണികളും മറ്റെവിടെയും കണ്ടെന്നു വരില്ല. ജൈനമതം കേരളത്തെ അധികം സ്വാധീനിച്ചതായി പ്രഖ്യാപിത ചരിത്രകാരന്മാര്‍ക്ക് അഭിപ്രായമില്ല. എന്നാല്‍ ആലപ്പുഴ ജില്ലയിലെ നീലംപേരൂര്‍ ഒരു ജൈനമത കേന്ദ്രമായിരുന്നുവെന്ന് പലരും സമ്മതിക്കുന്നുമുണ്ട്. കണ്ണകി / കാളി പൂജയ്ക്ക് പേരുകേട്ട ഈ പ്രദേശങ്ങളിലെ ദേവീക്ഷേത്രബാഹുല്യം ശ്രദ്ധയമാണ്. കണ്ണകിയുടെ കഥപാടിയ ഇളംകോ അടികള്‍ ഒരു ജൈനമതക്കാരനായിരുന്നുവെന്നത് ഇവിടുത്തെ ദേവ്യാരാധനയുടെ ബാഹുല്യവുമായി ബന്ധപ്പെടുത്തി നോക്കിയാല്‍ കൂടുതല്‍ പ്രയോജനം ലഭിച്ചുവെന്നുവരാം.

ഈ പ്രദേശങ്ങളിലെ പഴയ ഈഴവ കുടുംബങ്ങള്‍ ഉള്‍പ്പെടെ പലരും പ്ലാം പലകയില്‍ പരേതരുടെ പാദം അളന്ന് മുറിച്ചെടുത്ത് ആരാധിക്കുന്നുണ്ട്. വിശ്വാസത്തില്‍  ജൈനമതത്തിന്‍റെ സ്വാധീനമാണതു കാണിക്കുന്നത്. പത്തിയൂര്‍ എന്ന സ്ഥലപ്പേരില്‍ പത്തിനീ ദേവിയുടെ അദൃശ്യ സാന്നിധ്യം കാണാം. ചിലരുടെ അഭിപ്രായത്തില്‍ 'പത്തിനി'യൂരാണത്രെ പത്തിയൂരായത്. ജൈന ദേവതയായ പത്മാവതിയാണ് പത്തിനി (പട്ടിനി) യെന്ന് ചരിത്രകാരന്മാര്‍ തന്നെ സമ്മതിക്കുന്നുമുണ്ട്‌. ആനിലയ്ക്ക് കൂടുതല്‍ പഠനങ്ങള്‍ ഇക്കാര്യത്തില്‍ ആവശ്യമുണ്ട്.    

ഭഗവതിപ്പടി കളിത്തട്ടില്‍ ഒരിക്കല്‍ ജവഹര്‍ലാല്‍ നെഹ്രു പ്രസംഗിച്ചിട്ടുണ്ടത്രെ.! കോഴിക്കോട് കോളജദ്ധ്യാപകനായിരുന്ന മേനാമ്പളളി മായിക്കല്‍ യശശ്ശരീരനായ പ്രൊഫ. എസ്സ്. കെ. പണിക്കര്‍ ആയിരുന്നു നെഹ്രുവിന്‍റെ അന്നത്തെ പ്രസംഗത്തിന്‍റെ പരിഭാഷകന്‍. ചെറിയ കുട്ടിയായിരുന്ന ഇന്ദിരാഗാന്ധിയും നെഹ്രുവിനോടൊപ്പം ഉണ്ടായിരുന്നുവെന്ന് ചില ഓര്‍മ്മപ്പെരുക്കങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു.

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലേക്കുളള മേനാമ്പളളി കരയുടെ പന്ത്രണ്ടാം എതിരേല്പുത്സവം ആരംഭിക്കുന്നത് ഭഗവതിപ്പടിയില്‍ നിന്നാണ്. പത്തിയൂര്‍ ക്ഷേത്രത്തിലേക്ക് അന്നു രാവിലെ അവരുടെ വകയായി ഒരു എതിരേല്പുത്സവവും പതിവാണ്. ഒരുകാലത്ത് പത്തിയൂര്‍ ക്ഷേത്രത്തിന്‍റെ ഭാഗമായിരുന്നു മേനാംപളളി കരയും. പിന്നീട്, കരയുടെയും മുറിയുടെയും അതിരുകള്‍ മാറുകയും പഞ്ചായത്തുകള്‍ രൂപപ്പെടുകയും ചെയ്തതോടെ, മേനാമ്പളളി പ്രദേശങ്ങള്‍ ചെട്ടികുളങ്ങരയുടെ ഭാഗമായിത്തീര്‍ന്നു. എങ്കിലും പാരമ്പര്യത്തെയും പൂര്‍വ്വബന്ധത്തെയും ഇത്തരം ചില അനുഷ്ഠാനങ്ങളാല്‍ ഇന്നും അനശ്വരപ്പെടുത്തുന്നു.
                                                   
• ഹരികുമാര്‍ ഇളയിടത്ത്

Comments