നാട്ടെഴുത്ത് *

ഒരു പ്രത്യേക കാലഘട്ടത്തിൽ ഒരു പ്രദേശത്ത് എന്തെല്ലാം സംഭവ വികാസങ്ങൾ ഉണ്ടായി എന്നത് ശാസ്ത്രീയമായ ഗവേഷണ മാർഗ്ഗങ്ങളിലൂടെ അതായത് പുരാവസ്തു - പുരാരേഖാപഠനം, വാമൊഴിവഴക്കങ്ങൾ, നരവംശശാസ്ത്രം, ലിപിപരിണാമം, ഭാഷാപഠനം, പൈതൃക പഠനം, എന്നിവയുടെയെല്ലാം അടിസ്ഥാനത്തിൽ അപഗ്രഥിക്കുകയും വിവിധ ജനവിഭാഗങ്ങളുടെ കുടിയേറ്റം, അധിനിവേശങ്ങൾ ഭരണ വർഗ്ഗചരിത്രം, ഉത്പാദന വ്യവസ്ഥയുടെ പരിണാമം, വർഗ്ഗബന്ധങ്ങൾ, ഭൂമിയുടെ മേലുള്ള അധികാരം, ദായക്രമങ്ങൾ, നാണയ വ്യവസ്ഥ,വാണിജ്യം, കൃഷി തുടങ്ങിയ വിവിധ വിഷയങ്ങളെ പറ്റി മനസ്സിലാക്കി കണ്ടെത്തിയ വിവരങ്ങൾ രേഖപ്പെടുത്തുകയും സംവദിക്കുകയും ചെയ്യുന്നതാണ് ചരിത്രം. ചരിത്രത്തിന് വികസനോന്മുഖമായ ഒരു രീതിശാസ്ത്രം (Methodology) ഉണ്ട്. ചരിത്രകാരന്മാരുടെ നിരീക്ഷണ ഗവേഷണ രീതികളിലെയും കണ്ടെത്തുകളിലെയും വ്യത്യസ്തതകൾ ചരിത്രത്തിൽ സംവാദ വിവാദങ്ങൾ ഉളവാക്കുകയും അതിന്റെ തുടർ പഠനങ്ങൾ ചരിത്രവസ്തുതകളെ യാഥാർത്യത്തിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു.

ഐതിഹ്യങ്ങളാവട്ടെ അതിശയോക്തി കലർത്തിയ വാമൊഴിവഴക്കങ്ങളുടെ സഞ്ചയമാണ്.ഐതിഹ്യങ്ങളിൽ നിന്നാണ് ഇതിഹാസങ്ങൾ ഉടലെടുത്തിരിക്കുന്നത്. അതു വ്യക്തികളുടെ ഭാവനയിൽ നിന്ന് ഉരുത്തിരിയുന്നതും കാല്പനികവുമായ സുന്ദരമായ സൃഷ്ടികളുമാണ്. അതിന്റെ സർഗപരത അനുവാചകനെ ആനന്ദിപ്പിക്കുന്നു.  പൂർവ്വകാലത്തിന്റെ ചരിത്രം വേണ്ടുംവണ്ണം രേഖപ്പെടുത്താതെ പോയ ഇടങ്ങളിൽ ഐതിഹ്യങ്ങളെ ചരിത്രമായി ചിലരൊക്കെയും തെറ്റിദ്ധരിക്കുന്നു എന്നു മാത്രം.

എന്നാൽ ഐതിഹ്യങ്ങളിലൊക്കെയും ചരിത്രപഠനത്തെ സഹായിക്കുന്ന നിരവധി വിവരങ്ങളും ഉൾക്കൊണ്ടിരിക്കും. സൂക്ഷ്മതലത്തിലെ നിരീക്ഷണത്തിലൂടെ ഒരു ഐതിഹ്യം രൂപപ്പെട്ട പശ്ചാത്തലം മനസിലാക്കിയാൽ ചരിത്രത്തിലേക്ക് നിരവധി വാതിലുകൾ തുറക്കപ്പെടും. എന്നാൽ ആ നിരീക്ഷണം കൃത്യമായ ചരിത്രബോധമുള്ള ചരിത്രപഠിതാവിനേ ഗുണകരമാകൂ, അതല്ല എങ്കിൽ അപകടകരവും. കെട്ടുകഥകളിൽ പെട്ടുപോകാത്തവർക്ക് ഐതിഹ്യങ്ങളെയും പ്രഥമദൃഷ്ട്യാ നിഷേധിക്കാനാവില്ല.

Comments