• ഓര്‍മ്മ

അയ്യന്‍കാളിയുടെ ആല്‍മരത്തിന്
നൂറ്റിയൊന്ന് വയസ്സ്

••
മാവേലിക്കര റെയില്‍വേ സ്റ്റഷനോടു ചേര്‍ന്ന ലെവല്‍ ക്രോസിനടുത്ത് ഒരു മറുതാച്ചി നടയുണ്ട്‌. അതിനുമുന്നില്‍ ആകാശത്തോളം വളര്‍ന്നു നില്‍ക്കുന്ന ഒരാല്‍മരവും കാണാം. 1917 മഹാത്മാ അയ്യന്‍കാളി അനുയായികളുടെ ആവശ്യ പ്രകാരം നട്ടതാണ് ആ മഹാമരം. 

അന്ന് വില്ലുവണ്ടിയില്‍ അനുയായികളുമൊത്ത് അദ്ദേഹം മാവേലിക്കര എത്തി. അസ്പര്‍ശ്യതയുടെ തീഷ്ണത അന്നും മാവേലിക്കരയുടെ പ്രത്യേകതയായിരുന്നു. അവര്‍ണ്ണരെന്നു വിളിക്കപ്പെടുന്നവര്‍ എത്ര സമ്പന്നനായാലും ജ്ഞാനിയായാലും അപമാനിക്കപ്പെട്ടിരുന്നു അവിടെ. ഓണാട്ടുകരയിലെ സമ്പന്നരില്‍ പ്രമുഖനും ആദ്യത്തെ മോട്ടോര്‍ കാറിനുടമയുമായ ആലുമ്മൂട്ടില്‍ ചാന്നാര്‍ക്കുപോലും ക്ഷേത്ര പരിസരത്ത് സ്വന്തം വാഹനത്തില്‍ നിന്നും ഇറങ്ങി നടക്കേണ്ടുന്ന അവസ്ഥ.

ഈഴവരില്‍ ചിലരെല്ലാം നെയ്ത്തുവേലയില്‍ ഏര്‍പ്പെട്ടിരുന്നതുകൊണ്ട് ചിലന്തികള്‍ എന്ന് സവര്‍ണ്ണരെന്നുന്നഭിമാനിക്കുന്നവരാല്‍ ആക്ഷേപിക്കപ്പെട്ടിരുന്ന ദേശം കൂടിയായിരുന്ന അന്നത്തെ മാവേലിക്കര (സി കേശവന്‍, ആത്മകഥയില്‍).

ആ ദേശത്തേക്കാണ് സമരോത്സുകനായി അയ്യന്‍കാളി എത്തിയത്. 

ക്ഷേത്രങ്ങള്‍ യാഥാസ്ഥിതികതയുടെ കാവല്‍പ്പുരകളായിരുന്നു, അന്നും. മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കുകയെന്ന ലക്ഷ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. 

അയ്യന്‍കാളിപ്പടയെ നേരിടാനെന്നവണ്ണം ഉയര്‍ന്നജാതികളെന്നു കരുതപ്പെടുന്നവരും, അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ അതിനെ യഥാവിധി നേരിടാനുറച്ച് അയ്യന്‍കാളിയുടെ അനുഭാവികളും ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയിരുന്നു.

പക്ഷേ, പ്രതീക്ഷിച്ചതുപോലെ ഒന്നും സംഭവിച്ചില്ല. ആരും അദ്ദഹത്തെ തടഞ്ഞില്ല. ധൈര്യപ്പെട്ടില്ല എന്നതാണ് കൂടുതല്‍ ശരി. കാരണം അസമത്വങ്ങള്‍ക്കെതിരെ  അയ്യന്‍കാളിപ്പടയുടെ ഇടപെടലുകളുണര്‍ത്തിയ ഭീതി നാട്ടില്‍ നിലനിന്നിരുന്നുവെന്നതുതന്നെ. അനുയായികളോടൊപ്പം ക്ഷേത്രത്തിനു വടക്കുവശത്തുളള വലിയ കുളത്തില്‍ ഇറങ്ങിക്കുളിച്ച് അദ്ദേഹം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്തു. ആ സംഭവത്തിനു മുമ്പോ ശേഷമോ അയ്യന്‍കാളി ഏതെങ്കിലും ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതായി രേഖകളുമില്ല.

അന്ന് വൈകിട്ട് ഇന്നത്തെ റെയില്‍വേക്രോസിനടുത്തുളള മൈതാനത്ത് സമുദായ പ്രവര്‍ത്തകരുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തു സംസാരിച്ചു. അവിടെക്കൂടിയവരില്‍ ചിലര്‍ തങ്ങള്‍ക്കും ആരാധനക്കായി ഒരു ക്ഷേത്രം വേണമെന്ന ആവശ്യം അയ്യന്‍കാളിക്കു മുന്നില്‍ അവതരിപ്പിച്ചു. അനുയായികളുടെ ആവശ്യം നിര്‍ബന്ധമായപ്പോഴാണ് മാവേലിക്കരയുടെ ഹൃദയ ഭാഗത്ത് അദ്ദേഹം ആല്‍മരം വെച്ചത്. അതിനെ ആരാധിക്കാന്‍ ഭംഗ്യന്തരേണ സൂചിപ്പിക്കുകവഴി, ജ്ഞാനബുദ്ധനിലേക്ക് തന്‍റെ ജനതയെ കൂട്ടിക്കെട്ടുകയാവാം അദ്ദേഹം എന്നൂഹിക്കാനേ നമുക്ക് തരമുളളൂ.

1917ലാണ് സംഭവം. ഇപ്പോള്‍ അതിന് 101 വര്‍ഷം തികയുന്നു. ഈ സംഭവത്തിന്‍റെ ശതാബ്ദി വര്‍ഷം കഴിയുക കൂടിയാണ് കഴിഞ്ഞുപോയത്.

• ഹരികുമാര്‍ ഇളയിടത്ത്

Comments