സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാവുകള്‍ ആലപ്പുഴ ജില്ലയില്‍

സംസ്ഥാന വനംവകുപ്പിന്റെ നിർദേശത്തോടെ സംസ്ഥാനത്തെ സംരക്ഷിത കാവുകളുടെ കണക്കെടുപ്പ് പുരോഗമിക്കുന്നു. ആലപ്പുഴയുൾപ്പെടെ അഞ്ചു ജില്ലകളിൽ നടത്തിയ കണക്കെടുപ്പിൽ ഏറ്റവും കൂടുതൽ കാവുകൾ ആലപ്പുഴയിലാണെന്ന് കണ്ടെത്തി; 2250 കാവുകൾ.

കോഴിക്കോട്- 1231, കൊല്ലം- 895, തൃശ്ശൂർ- 890, തിരുവനന്തപുരം- 537 എന്നിങ്ങനെയാണ് കണക്കുകൾ. പാലക്കാട്, പത്തനംതിട്ട, എറണാകുളം തുടങ്ങി ജില്ലകളിലെ കണക്കെടുപ്പ് ഈ വർഷം പൂർത്തിയാകും.
വനംവകുപ്പിന്റെ ഫണ്ടോടെ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റിയൂഷൻ ഓഫ് ഫോറസ്ട്രീസ് കേരളയാണ് കണക്കെടുപ്പ് നടത്തുന്നത്. മറ്റു ജില്ലകളേക്കാൾ കൂടുതൽ കാവുകൾ സംരക്ഷിക്കപ്പെടുന്നത് ആലപ്പുഴയിലാണെന്ന് കണക്കെടുപ്പിന് നേതൃത്വം നൽകുന്ന ഐ.എഫ്.കെ. മാനേജിങ് ടീമംഗം എം.എസ്. നായർ മാതൃഭൂമിയോടു പറഞ്ഞു.
ഒരു സെന്റ് മുതൽ 35 സെന്റുവരെയുള്ള വനങ്ങളാണ് ആലപ്പുഴയിലുള്ളത്. ചെറിയ കാവുകൾ ഏറ്റവും കൂടുതലുള്ളതും ആലപ്പുഴയിൽത്തന്നെ. ഇതിൽ 90 ശതമാനം കാവുകളും സ്വകാര്യവ്യക്തികളുടെ കീഴിലാണുള്ളത്. ഒരു വാർഡിലെ രണ്ടുകുടുംബത്തിനെങ്കിലും സ്വന്തമായി കാവുകളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ദേവസ്വം ബോർഡുകളുടെയും പൊതുജനങ്ങളുടെയും വകയായുള്ള കാവുകൾ വളരെക്കുറവാണെന്നും കണക്കെടുപ്പ് സൂചിപ്പിക്കുന്നു.
സംരക്ഷിത കാവുകളുടെ കണക്കിനോടൊപ്പം കാവുകളുടെ സാംസ്കാരികവും പ്രാദേശികവുമായ ചരിത്രം, പ്രാധാന്യം, താലൂക്കുതല ജി.പി.എസ്. മാപ്പിങ്, ജൈവികമണ്ഡലം എന്നിവയുടെയും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
എം.എസ്. നായർ, ഫോറസ്റ്റ് കൺസർവേറ്റർ സി.ജനാർദനൻ, പാട്രിക് ഗോമസ് തുടങ്ങിവർ ചേർന്നാണ് കണക്കെടുക്കുന്നത്. വരുംദിവസങ്ങളിൽ കുട്ടനാട് പ്രദേശങ്ങളിലെ കാവുകളുടെ ജി.പി.എസ്. മാപ്പിങ് ആയിരിക്കും നടക്കുക..

എന്നാൽ, കാവുകളില്ലാതാക്കി അമ്പലം പണിയുന്ന പ്രവണത ജില്ലയിലാണ് കൂടുതൽ കാണപ്പെടുന്നതെന്നും എം.എസ്.നായർ പറഞ്ഞു.

Comments