ഓണാട്ടുകര: കാര്‍ഷിക സംസ്കൃതിയുടെ തിരുവരങ്ങ്..
••
ഭൂമിശാസ്ത്രപരമായ അതിരുകളെയെല്ലാം മായ്ച്ചുകളഞ്ഞ്, തനിമയുള്ള ഒരു സംസ്‌കാരമുദ്രയായി പരണമിച്ചു വികസിച്ചിരിക്കുന്ന പ്രയോഗവിശേഷണമാണ്, 'ഓണാട്ടുകര' എന്നത്. ഒരേസമയം, ദേശത്തേയും ദേശസംസ്‌കൃതിയെയും അതിന്റെ മഹനീയമായ ഭൂതകാല പാരമ്പര്യത്തെയും അടയാളപ്പെടുത്താന്‍ ഓണാട്ടുകരയെന്ന മൊഴിവഴക്കത്തിനു ശക്തി കൈവന്നിരിക്കുന്നു, ഇന്ന്.
ഭാഷ, ജീവിതശൈലി, ആഹാരക്രമം, ആചാരപദ്ധതി, വേഷവിധാനം തുടങ്ങിയ സൂക്ഷ്മവും സ്ഥൂലവുമായ അടയാളപ്പെടുത്തലുകളുടെ അടരുകളില്‍ നിന്നും,  ഓണാട്ടുകരയുടെ വ്യാപ്തി ഇന്ന് കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകളുടെ അതിരുകള്‍ കടന്ന് കോട്ടയം പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളോളം വ്യാപിച്ചു നില്‍ക്കുന്ന സാംസ്‌കാരിക മുന്നേറ്റത്തിന്റെ കൊടിയടയാളമായി മാറിയിരിക്കുന്നുവെന്ന് ഉറപ്പായും പറയാം.
പ്രാചീന മണിപ്രവാള സാഹിത്യത്തിന്റെ നിത്യഭാസുരമായ ഈടുവെയ്പ്പുകളെന്നനിലയില്‍ സാഹിത്യചരിത്രത്തില്‍ ലബ്ധ പ്രതിഷ്ഠമായ ഉണ്ണുനീലിസന്ദേശം, ഉണ്ണിയാടിചരിതം, ശിവവിലാസം തുടങ്ങിയ കൃതികളിലും, രണ്ടായിരത്തില്‍പ്പരം വര്‍ഷങ്ങളുടെ കഥപറയുന്ന സംഘകാല സാഹിത്യത്തിലും മുദ്രപ്പെട്ടുകിടക്കുന്ന പഴക്കം ഈ പ്രദേശങ്ങള്‍ക്കുണ്ട്.
സംഘസാഹിത്യത്തില്‍ പ്രതിപാദ്യങ്ങളായ നൂറ്റിയെട്ടു വൈഷ്ണവ കേന്ദ്രങ്ങളില്‍ പതിനൊന്ന് എണ്ണമെങ്കിലും ഇന്ന് കേരളത്തിന്റെതായിട്ടുണ്ട്. അതില്‍ ഉള്‍പ്പെടുന്ന തിരുവാറന്മുള, തിരുപ്പുലിയൂര്‍, തിരുവന്‍വണ്ടൂര്‍, തൃക്കൊടിത്താനം, തിരുവല്ല എന്നിങ്ങനെയുളള അഞ്ചു തിരുപ്പതികളും ഓണാട്ടുകരയിലാണെന്നത് ശ്രദ്ധേയമാണ്. പ്രാചീന കാലത്ത്
പാണ്ഡവ താവളമായിരുന്നു ഈ പ്രദേശങ്ങളെന്ന ഐതിഹ്യബന്ധവും ഇവയ്ക്കെല്ലാമുണ്ട്.
കൊല്ലം മുതല്‍ കോട്ടയം വരെയുള്ള ഭൂപ്രദേശങ്ങളില്‍ നിന്നും പലപ്പോഴായി ലഭിച്ചിട്ടുള്ള സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള നന്നങ്ങാടികളെന്ന ശവസംസ്‌കാര സ്മാരകങ്ങള്‍, ചരിത്രാതീത കാലത്തുതന്നെ ഈ പ്രദേശങ്ങളില്‍ ജനങ്ങളും സംസ്‌കാരവും നിലനിന്നുവെന്നു സൂചന നല്‍കുന്നു. ഇത്തരം സ്മാരകാവശിഷ്ടങ്ങളില്‍ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുള്ള ഇരുമ്പുകൊണ്ടുള്ള ആയുധങ്ങള്‍  ഈ പ്രദേശത്തിന്റെ മഹാശിലാസംസ്‌കാരകാലത്തോളമുള്ള പഴക്കത്തെ നിര്‍ണ്ണയിക്കുന്നു.
അമ്മദൈവാരാധനയ്ക്കും കീര്‍ത്തികേട്ട പ്രദേശമാണ് ഓണാട്ടുകര.രോഗ ദേവതകളും രണ ദേവതകളും ധന ദേവതകളും ധാന്യ ദേവതകളും ഇവിടെ നിറഞ്ഞു നില്‍ക്കുന്നു. ഇവിടുത്തെ കാര്‍ഷിക സമൃദ്ധി അമ്മ ദൈവങ്ങളുടെ കേദാരമായിരുന്നു ഈ മണ്ണേന്നതിന്‍റെ നിദര്‍ശനമാണ്.
കേരളത്തിന്റെ നെല്ലറയും നട്ടെല്ലുമായ കുട്ടനാട് കോട്ടയത്തുനിന്നും തുടങ്ങുന്നു.
സമ്പുഷ്ടമായ നദികള്‍ ഈ ദേശത്തെ കാര്‍ഷിക സമൃദ്ധിയെ പുഷ്ടിപ്പെടുത്തിക്കൊണ്ട്,  ചരിത്രാതീതകാലം മുതല്‍ ഒഴുകിക്കൊണ്ടിരിക്കുന്നു.
തിരുവല്ല ശാസനങ്ങള്‍, കണ്ടിയൂര്‍ ശിലാശാസനങ്ങള്‍, വാഴപ്പളളി ശാസനങ്ങള്‍,  ഹരിപ്പാട്ട് ക്ഷേത്രത്തില്‍ നിന്നും മറ്റും കിട്ടിയിട്ടുള്ള ശിലാരേഖകള്‍, തേവലക്കര ക്ഷേത്രത്തിലെ പഴയ നാണയങ്ങളും ഇതര രേഖകളും തുടങ്ങിയവ പ്രാചീനകേരളത്തിന്റെ ഭരണസമ്പ്രദായത്തെക്കുറിച്ചും ജനജീവിതത്തെക്കുറിച്ചും സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചും അറിവു നല്‍കുന്നു. പ്രസിദ്ധമായ തരിസാപ്പളളി ചെപ്പേട്, അക്കാലത്തുതന്നെ സമൂഹത്തില്‍ നിലനിന്ന മതേതരമായ കാഴ്ചപ്പാടുകളെ അടിവരയിടുന്നു.
മാടത്തിന്‍കൂര്‍, കായംകുളം, വടക്കുംകൂര്‍, തെക്കുംകൂര്‍, ദേശിംഗനാട് തുടങ്ങിയ ചെറുതും വലുതുമായ നാട്ടുരാജ്യങ്ങളുടെ ചരിത്രവും ഓണാട്ടുകരെ ചൂഴ്ന്നു നില്‍ക്കുന്നു.
ഉത്സവങ്ങളുടെ നാടാണ് ഓണാട്ടുകര. ആറന്മുള വള്ളംകളി, പടയണിക്കോലങ്ങള്‍, കെട്ടുകാഴ്ചകള്‍, കുത്തിയോട്ടം, തൂക്കം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ആചാരാനുഷ്ഠാനങ്ങള്‍കൊണ്ട് സമ്പന്നമാണ് ഓണാട്ടുകര. ജനങ്ങളുടെ ജാതിമതാതീതമായ സഹകരണവും സഹവര്‍ത്തിത്വവും സമര്‍പ്പണവും ഇവിടുത്തെ ഉത്സവങ്ങളെവേറിട്ടതാക്കുകയും ചെയ്യുന്നു.

ഹരികുമാര്‍ ഇളയിടത്ത്

Comments