വേണം സംസ്കൃതിയുടെ വീണ്ടെടുപ്പ്
പത്തിയൂര്‍ ഭഗവതിയുടെ ആറാട്ടുകടവായ പത്തിച്ചിറ
••
ചിറയെന്നാല്‍ കുളം എന്നര്‍ത്ഥം. റോഡുകൾ അതിരുകളാകാൻ തുടങ്ങുന്നതിനു മുമ്പ് തോടുകൾ ആയിരുന്നു ദേശങ്ങളുടെ അതിര്‍ത്തിയായി നിശ്ചയിച്ചിട്ടുളളത് എന്നു കാണാം. പഴയ പത്തിയൂരിന്‍റെ വിസ്തൃതി ഇന്നത്തേതു പോലെയായിരുന്നില്ല. അതിന്‍റെ ശേഷിപ്പുകള്‍ ചരിത്ര പഠിതാക്കള്‍ക്കു മുന്നിലുണ്ട്.
ഇന്നത്തെ കായംകുളം മുനിസിപ്പാലിറ്റിയുടെ ഭാഗമായ തീര്‍ത്ഥം പൊഴിച്ചാലുംമൂട് / വിഠോബ ഏരിയവരെ ഇന്നും പത്തിയൂര്‍ വില്ലേജിന്‍റെ പരിധിയിലാണ്. ഇന്നത്തെ പെരിങ്ങാല വില്ലേജിന്‍റെ ഭാഗമായ ചില പ്രദേശങ്ങളും ഒരുകാലത്ത് പത്തിയൂരിന്‍റെ ഭാഗമായിരുന്നു. ഇപ്പോള്‍
ചെട്ടികുളങ്ങരയില്‍ ഉള്‍പ്പെട്ട മേനാമ്പളളി / നടക്കാവ് പ്രദേശങ്ങളും പത്തിയൂരില്‍ ഉള്‍പ്പെട്ടിരുന്നു. പിന്നീട് ചെട്ടികുളങ്ങര പഞ്ചായത്ത് പരിധിയിലേക്ക് ഉള്‍പ്പെടുത്തപ്പെട്ടതും, ചെട്ടികുളങ്ങര ഭഗവതീക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു കരയായിത്തീര്‍ന്നതും പത്തിയൂരുമായും പത്തിയൂര്‍ ഭഗവതിയുമായുമുളള മേനാമ്പളളിക്കാരുടെ പൊക്കിള്‍ക്കൊടി ബന്ധത്തെ അവസാനിപ്പിച്ചില്ല. അവരുടെ ആ വൈകാരികമായ അടുപ്പമാണ് എല്ലാവര്‍ഷവും ചെട്ടികുളങ്ങരയിലേക്കുളള പന്ത്രണ്ടാം എതിരേല്പുത്സവ ദിവസം രാവിലെ ഭഗവതിപ്പടിയില്‍ നിന്നും പത്തിയൂര്‍ ഭഗവതിക്കു മുന്നിലേക്കുളള പ്രതീകാത്മകമായ ഉരുളിച്ചയും കാണിക്ക സമര്‍പ്പണവും വഴുപാടുകളും.
മേനാമ്പള്ളി കരയുടെ അതിർത്തി മുമ്പ് തട്ടാവഴിയിൽ റോഡിനെ കുറുകെ മുറിക്കുന്ന തോടിന്റെ കിഴക്കേക്കര ആയിരുന്നു. വടക്ക് ഇപ്പോൾ തേരു കെട്ടുന്ന കണ്ടത്തിന്റെ വടക്കുഭാഗത്തു കൂടി കിഴക്കോട്ട് പോകുന്ന കൂനങ്കുളങ്ങര തോടിന്റെ തെക്കുഭാഗം. കിഴക്ക് റെയിൽവെയുടെ കിഴക്കുഭാഗത്തെ തോടിന് പടിഞ്ഞാറു ഭാഗം. പത്തിയൂർ ദേവസ്വത്തിലുണ്ടായിരുന്ന നൂറുകക്കിന് പറ നിലങ്ങൾ മേനാമ്പള്ളി നടക്കാവ് കരകളിൽ ഉണ്ട്.
മേനാമ്പള്ളിക്ക് ക്ഷേത്രാവകാശവും ഉണ്ട്.
കേരളത്തിലെ പഴയ എന്‍. എസ്സ്. എസ്സ് കരയോഗങ്ങളില്‍ ഒന്നായ മേനാമ്പളളി എന്‍. എസ്സ്. എസ്സ് കരയോഗത്തിന്‍റെ ആസ്ഥാനം ചെട്ടികുളങ്ങര പഞ്ചായത്ത് അതിര്‍ത്തിയിലും പ്രധാന പ്രവര്‍ത്തകരും ഭാരവാഹികളില്‍ അധികവും പത്തിയൂര്‍ പഞ്ചായത്ത് അതിര്‍ത്തിയിലുമാണ്. ഇതൊക്കെ ഏറ്റവും ഒടുവില്‍ നടന്ന റവന്യൂ പരിഷ്കാരങ്ങള്‍ക്കു മുമ്പ് ഈ പ്രദേശങ്ങളെല്ലാം പത്തിയൂരിന്‍റെ ഭാഗമായിരുന്നുവെന്നാണ് കാണിക്കുന്നത്.
വടക്കു കിഴക്ക് പത്തിച്ചിറ വരെയെങ്കിലും പത്തിയൂര്‍ വ്യാപിച്ചിരുന്നു.
അക്കാലത്ത് പത്തിയൂര്‍ ഭഗവതിയുടെ ആറാട്ടുത്സവം നടന്നിരുന്നത്, ഇന്നത്തെ കൈതവടക്ക് / പേള മറ്റംതെക്ക് കരകള്‍ക്കിടയില്‍, പത്തിച്ചിറ ജംങ്ഷനു തെക്ക് ഇലഞ്ഞിമൂട് ജംങ്ഷനില്‍ നിന്നും പടിഞ്ഞാറോട്ട് പോകുന്ന പഞ്ചായത്ത് വഴിക്ക് 20 - 25 മീറ്റര്‍ ചെല്ലുമ്പോള്‍ വടക്ക് ഭാഗത്തായി കാണുന്ന കുളത്തിലായിരുന്നു. പ്രായമായ തദ്ദേശവാസികളുടെ ഓര്‍മ്മകളിലും പോയതലമുറ കൈമാറിയ വായ്മൊഴി വഴക്കങ്ങളിലും ഈ ചടങ്ങ് ഉറഞ്ഞുകിടക്കുന്നു.
പഴയ റെവന്യൂ രേഖകളില്‍ നിന്നും കുളം ഇപ്പോള്‍ കാണുന്നതിനേക്കാള്‍ വിസ്തൃതിയുളളതായി മനസ്സിലാക്കാം.
ഇടക്കെപ്പോഴൊക്കെയോ ഉണ്ടായ കൈയ്യേറ്റ ശ്രമങ്ങളെ ഒരു പരിധിവരെ ഒഴിപ്പിച്ച് കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി കുളം വൃത്തിയാക്കി സംരക്ഷിച്ചിരിക്കുകയാണിപ്പോള്‍.
ഈ കുളമാണ് (ചിറയാണ്) പത്തിച്ചിറ എന്ന സ്ഥലനാമത്തിനും ഹേതുവായി തീര്‍ന്നതെന്നാണ് അവിടുത്തുകാര്‍ പറയുന്നത്. എന്നാല്‍ പത്തിയൂര്‍ ഭഗവതിയുടെ ആറാട്ടുല്‍സവം പത്തിയൂര്‍ ആറാട്ടു കുളത്തിലേക്കു മാറിയതോടെ ഈ കുളത്തിനു പ്രാധാന്യം കുറയുകയും പത്തിച്ചിറക്കുളം എന്നത് മറ്റം തെക്കുകരയുടെ കെട്ടുകാഴ്ചകള്‍ ഒരുക്കുന്ന സംസ്ഥാനപാതക്കരികിലുളള കുളമായിതെറ്റുദ്ധരിക്കുകയും ചെയ്തു.
എന്നെങ്കിലും പത്തിയൂര്‍ ഭഗവതിയുടെ ആറാട്ടുല്‍സവം വീണ്ടും പഴയപടി നവീകരിച്ച പത്തിച്ചിറക്കുളത്തില്‍ നടക്കുമെന്ന വിശ്വാസവും നാട്ടുകാര്‍ പ്രകടിപ്പിക്കുന്നുണ്ട്.
അടുത്തിടെ പത്തിയൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നടന്ന ദേവപ്രശ്നത്തില്‍ കുളത്തിന്‍റെ കാര്യം പരാമര്‍ശ വിഷയമായത് ഉപദേശസമിതി യും ഭാരവാഹികളും ഗൗരവമായി കാണുമെങ്കില്‍ അടുത്ത വര്‍ഷം ഭഗവതിയുടെ ആറാട്ടുല്‍സവം പത്തിച്ചിറയിലാക്കാമെന്നാണ് പരിസരവാസികള്‍ അഭിലഷിക്കുന്നത്. അത് ഒരു ജനതയുടെ ആഗ്രഹത്തെയും വിശ്വാസത്തെയും മാത്രമല്ല സാക്ഷാത്ക്കരിക്കുക, മറിച്ഛ്, രണ്ടു പ്രദേശങ്ങള്‍ തമ്മിലുളള സഹകരണത്തെയും ഇഴയടുപ്പത്തെയും ഊട്ടിയുറപ്പിക്കുക കൂടിയായിരിക്കും ചെയ്യുന്നത്. അതാണ് പരമ പ്രധാനവും.
• ഹരികുമാര്‍ ഇളയിടത്ത്
Comments
Post a Comment