കവികളാണ് നമ്മുടെ രാഷ്ട്രത്തെ സൃഷ്ടിച്ചത്. കവിത്വമെന്നത് ഋഷിത്വവുമാണ്. ഋഷിമാരെ നിയമദ്രഷ്ടാക്കള്‍ ഏന്നും പറയും. നിലവിലെ നിയമങ്ങളെ പരിഷ്കരിക്കുകയും കാലാനുകൂലമായി പുതുക്കിപ്പണിയുകയും ചെയ്യുന്ന ഋഷിമാരായ ആ കവികള്‍ നമ്മുടെ രാഷ്ട്രത്തെ അനന്യമായി വിഭാവനം ചെയ്തു. കേവലം ഭൂമിയുടെ അതിരുകളോ അധികാരമോ വേഷഭൂഷകളോ ഭക്ഷണമോ ആയിരുന്നില്ല രാഷ്ട്രത്തിന്‍റെ അസ്മിത (identity)യെ രൂപപ്പെടുത്തിയത്. അതു തിരിച്ചറിയാത്തതാണ് ആധുനിക കവികളെ രാഷ്ട്രവിരുദ്ധതയുടെ അടുക്കളക്കാരാക്കുന്നത്. രാമായണം രാഷ്ട്രത്തെക്കുറിച്ചുളള ഗാഢമായ ആലോചനകളാണ് പങ്കുവെയ്ക്കുന്നത്. ഏകാധിപത്യ രാഷ്ട്രത്തെയും വംശീയ രാഷ്ട്രത്തെയും ജനാധിപത്യ രാഷ്ട്രത്തെയും രാമായണം പരിചയപ്പെടുത്തുന്നുണ്ട്. അയോദ്ധ്യയും കിഷ്കിന്ധയും ലങ്കയും  അത്തരം രാഷ്ട്രാനുഭവങ്ങളുടെ പ്രാതിനിധ്യം വഹിക്കുന്നു. അത്തരം രാഷ്ടങ്ങളുടെ ഭാവിയും രാമായണം പ്രവചിക്കുന്നുണ്ട്. ചരിത്രത്തിലും അത്തരം അനുഭവങ്ങള്‍ നമുക്കുണ്ട്. ഭരണാധികാരികളായ പോള്‍പ്പോര്‍ട്ടും ഈദി അമീനും പോലുളളവര്‍ മുന്നോട്ടുവെക്കുന്ന രാഷ്ടീയമല്ല രാമായണം പഠിക്കാന്‍ ശ്രമിക്കുന്നത്.

രാഷ്ട്രവിരുദ്ധമായി മാത്രം ചിന്തിക്കുന്നവരായിത്തീര്‍ന്നിരിക്കുന്ന ഇന്നത്തെ കവികളില്‍നിന്ന് ഋഷിത്വം അടര്‍ന്നു പോയിരിക്കുന്നു. അതിനാല്‍ അവര്‍ക്ക് ദീര്‍ഘദര്‍ശിത്വവും കൈമോശം വന്നു. സമൂഹത്തിനുധേണ്ട നിയമങ്ങളുണ്ടാക്കുവാനുളള അവരുടെ ശേഷി നഷ്ടപ്പെട്ടിരിക്കുന്നു. അതിനാല്‍ അവര്‍ക്ക് വഴികാട്ടികളാകാനാവുന്നില്ല. മറിച്ച് സമൂഹത്തിന്‍റെ വഴിതെറ്റിക്കുന്നവരായി അവര്‍ പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. എന്നല്ല, സ്വയം വഴിതെറ്റിയവരും വഴി പിഴച്ചവരുമായി അവര്‍ അധ:പ്പതിച്ചുപോയിരിക്കുന്നു. അതിനാല്‍ അവര്‍ക്ക് ഇനി ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ മറ്റു പലതും കൂടിയേതീരൂ. അവാര്‍ഡുകളും അക്കാദമികളും അവരുടെ ഒളിത്താവളങ്ങളാവുന്നതങ്ങനെയാണ്.

Comments