മലയാളമെന്നത് കേരളീയാനുഭവങ്ങളുടെ നിഘണ്ടുവാണെന്ന ബോധത്തിൽ നിന്ന് ഉപകരണപരമായ യുക്തിയിലേക്ക് നാം മാറി പോവുകയാണ്. അതിനാൽ മലയാളത്തെ വേണ്ടെന്നു വയ്ക്കാനും നമ്മളിൽ പലർക്കും മടിയില്ല. പ്രദേശത്തിന്‍റെ  തുടർച്ചയായി ലോകത്തെ കാണുന്ന സമീപനം വളർന്നു വന്നിരുന്നുവെങ്കിൽ മലയാള മനസ്സിനെ ദേശീയ സ്വഭാവം ഇത്രമേൽ സന്നിഗ്ദ്ധമാകുമായിരുന്നില്ല.

പുറത്തു നിന്നും മറ്റൊരറിവ് വന്നു നാട്ടിൽ കോയ്മയുണ്ടാക്കിയപ്പോഴാണ് സ്വന്തമായുള്ള അറിവിനെക്കുറിച്ചുളള ഒരു ഉണർവ് ഇവിടെ ഉണ്ടായി വന്നത്. പുറത്തു നിന്നുള്ള അറിവാണ് ഇന്ന് കേരളത്തിലെ മിക്കവാറും എല്ലാവരുടെയും ജീവിതത്തിന്‍റെ സമസ്ത ഇടങ്ങളിലും നിർണായക പ്രാധാന്യം നേടിയിരിക്കുന്നത്.  മലയാളഭാഷ എന്നത് ആ  അറിവിനെയും സംസ്കാരത്തെയും വെറും വിവർത്തന മാധ്യമമായി മാറിക്കൊണ്ടിരിക്കുകയാണ്.

പുറത്തുനിന്നുള്ള ചിന്താ മാതൃകകൾ കൊണ്ടാണ് നാം വ്യക്തി ബന്ധങ്ങളെയും എന്തിന്,  ചരിത്ര ബന്ധങ്ങളെപ്പോലും ഇന്ന് മനസ്സിലാക്കുന്നത്. കൊളോണിയൽ കാലത്തിന് മുമ്പ് ഇവിടെ സർഗ്ഗാത്മകമായ സാമൂഹികമായ ഒരു ജീവിതം ഉണ്ടായിരുന്നുവോ എന്നുപോലും സംശയിക്കുന്ന തരത്തിലാണ് സമകാലിക ജ്ഞാനാനുഭവങ്ങളിലെ വൈദേശിക പ്രഭാവം. ഇവിടുത്തെ നവോത്ഥാന ചരിത്രത്തിലണ് അതിന്‍റെ കാരണം തിരയേണ്ടത്. നമ്മുടെ സ്വന്തം അറിവുകളെ അർഹമായ പ്രാധാന്യത്തോടെ നോക്കിക്കാണാൻ നവോത്ഥാന സന്ദർഭം തയ്യാറായില്ല.

ഫ്യൂഡൽ സ്വഭാവമുള്ളത്, അന്ധവിശ്വാസം നിറഞ്ഞത്, പ്രായോഗികത ഇല്ലാത്തത്, കാര്യക്ഷമതയില്ലാത്തത്, സമകാലികമല്ലാത്തത് ഇത്തരം പ്രതീതികൾ നാട്ടറിവിനെക്കുറിച്ച് നവോത്ഥാനത്തിന്‍റെ മറവില്‍ ഇവിടെ വിറ്റഴിക്കപ്പെട്ടിരുന്നു. നവോത്ഥാനം ലോക പൗരത്വം നേടാനുമുള്ള ആദ്യത്തെ നടപടിയാണെന്നും അതിനായി ആദ്യം ഊരി കളയേണ്ടത് നാട്ടറിവുകളാണെന്നുമുള്ള ചിന്തയായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത്. ഉദാഹരണത്തിനായി ആയുര്‍വേദത്തിനെതിരെയുളള മിഷനറി പ്രചാരണങ്ങള്‍ ഓര്‍ക്കാം. ലോക പൗരത്വം എന്നാൽ കൊളോണിയൽ താല്പര്യം ഇവിടെ ഉണ്ടാക്കിയ ഒരു മാതൃക മാത്രമാണെന്ന് തിരിച്ചറിഞ്ഞവർ നന്നേ വിരളമായിരുന്നു

Comments