ഒരു പ്രാക്കിന്‍റെ പൊരുള്‍

'പണ്ടാരമടങ്ങുക'. ഈ വാക്കിന്റെ യഥാർത്ഥത്തിലുള്ള അർത്ഥം എന്താണ്?
പണ്ട് അതായത് നൂറ്റാണ്ടുകള്‍ക്കു മുമ്പ് വസൂരി രോഗം വന്നവർക്ക് ചികിത്സയില്ല. വസൂരിക്കൊപ്പം കനത്ത പനിയും വരും. പിന്നീട് മേലാ സകലം കുരുക്കൾ പൊന്തി വന്ന് പൊട്ടി ഒലിയ്ക്കും.

വസൂരി രോഗത്തിന്ന് ചികിസയില്ല.
മാരകമായ ഈ അസുഖത്തെ ജനങ്ങൾ അക്കാലം വളരെയധികം ഭയപ്പെട്ടിരുന്നു. വസൂരി രോഗം വന്നാൽ മരണമേ വഴിയുള്ളൂ. നോക്കാനാരും ധൈര്യപ്പെടില്ല. രോഗം വന്നയാളെ ദൂരെയെവിടെയെങ്കിലും ഒരോലക്കുടിൽ കെട്ടി അതിൽ പാർപ്പിയ്ക്കും.

കാശുള്ള വീട്ടിലെയാളാണെങ്കിൽ ഭക്ഷണം നേരത്തെത്തിയ്ക്കാൻ ആളെ ഏർപ്പാടാക്കിയിട്ടുണ്ടാകും. അവർ കൊണ്ടുക്കൊടുക്കുന്ന ഈ ഭക്ഷണം കഴിച്ച് ഏകനായി, രോഗം കൂടിക്കൂടി അങ്ങിനെ അയാള്‍ നരകതുല്യമായി ജീവിതം കുടിച്ചു തീര്‍ക്കുന്നു.

ഗതിയില്ലാത്തവരോ? മേലാസകലം കുരുക്കൾ പൊന്തിനീറി പൊട്ടി ഒലിച്ച്, ഭക്ഷണവും വെള്ളവും ഇല്ലാതെ ഗതികെട്ട് മരിച്ചു വീഴുന്നു.

ഇതാണ് പണ്ടാരമടങ്ങുക. ഇവരുടെ ഈ ദു:ഖപൂർണമായ മരണത്തെയാണ് പണ്ടാരമടങ്ങുക എന്നു നാം പറയുന്നത്.
പണ്ടാരമടക്കലോ? ഈ രോഗി മരിച്ചാൽ അടക്കം ചെയ്യുന്നതിനേയും. ഒരു മാതിരി ധൈര്യപ്പെട്ടവർ ഒന്നും സ്പർശിയ്ക്കാൻ കൂട്ടാക്കത്ത ഇവരുടെ മരണം കാഴ്ചയിൽ ഉറപ്പിയ്ക്കുന്നു. മരണപ്പെട്ടിരിയ്ക്കാം ഇല്ലായിരിയ്ക്കാം. എന്തായാലും ഒരു കുഴിയിൽ തീരുന്നു ഇവരുടെ ജീവിതം. എത്ര വേദനാജനകവും, ദുരന്തപൂർണവുമായ ഒരവസ്ഥയെയാണ് നമ്മൾ തമാശയാക്കുന്നത് എന്ന് ഓർക്കുക

Comments