• ഏ കെ ജി സെന്ററിന്റെ നേരവകാശികള്‍ ആര്?

• കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിച്ചതാര്?

ഇത്രയധികം തമസ്കരിക്കപ്പെട്ട ഒരു ചോദ്യവും ഉത്തരവും വേറെയില്ല. 1931-ല്‍ തിരുവനന്തപുരത്ത് രൂപീകൃതമായ, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകത്തിന് നേതൃത്വം നല്‍കിയിരുന്നത് സഖാവ് കെ വി പത്രോസ് ആയിരുന്നു. 1931 മുതല്‍ 1939 വരെ അദ്ദേഹമായിരുന്നു തിരുവിതാംകൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറി. അദ്ദേഹം പുലയ സമുദായാംഗം ആയിരുന്നു. ഈ സമയത്ത് ഇ എം എസ്, കൃഷ്ണപിള്ള, ഏ കെ ജി എന്നിവരൊക്കെ കോണ്‍ഗ്രസ് പാര്‍ട്ടിയുമായും, പിന്നീട് 1934-ല്‍ ആരംഭിച്ച കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായുമൊക്കെ നടക്കുകയായിരുന്നു.

തിരുവിതാംകൂറിലെ എല്ലാവിധ തൊഴിലാളികളെയും ആദ്യമായി സംഘടിപ്പിച്ചത് സഖാവ് കെ വി പത്രോസിന്റെ ഉശിരന്‍ നേട്ടമായിരുന്നു. തിരുവിതാംകൂറിലെ കര്‍ഷക തൊഴിലാളികളെയും കയര്‍ തൊഴിലാളികളെയും അണിനിരത്തി 1938-ല്‍ കേരള ചരിത്രത്തിലെ ആദ്യ പണിമുടക്കം സംഘടിപ്പിച്ചതും അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ആയിരുന്നു. ‘കേരള സ്റ്റാലിന്‍’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തെ അഗണ്യകോടിയിലേക്ക്, സമ്പൂര്‍ണ്ണ മറവിയിലേക്ക്, വലിച്ചെറിഞ്ഞത് ആരുടെ അജണ്ടയായിരുന്നു?

പാര്‍ട്ടി തത്ത്വങ്ങള്‍ക്ക് അനുസൃതമായ ജീവിതം നയിച്ചിരുന്ന,  അവര്‍ക്കൊപ്പം അധ്വാനിച്ച് അന്നം നേടിയിരുന്ന, സഖാവ് കെ വി പത്രോസിനെ തൊഴിലാളികള്‍ അതിരറ്റു വിശ്വസിച്ചിരുന്നു. ആ വിശ്വാസത്തെ അദ്ദേഹത്തോടൊപ്പമുള്ള ചങ്ങാത്തത്തിലൂടെ വര്‍ഗ്ഗ ബോധമുള്ള അധ:സ്ഥിതരായ തൊഴിലാളി വര്‍ഗ്ഗത്തെ  ഹൈജാക്ക് ചെയ്യുകയാണ് ഇ എം എസ്സും കൂട്ടരും ചെയ്തത് എന്ന് നിസ്സംശയം പറയാം. അദ്ദേഹത്തിന്‍റെ വീട്ടിലെ നിത്യ സന്ദര്‍ശകരായ, ഉന്നതകുലജാതരായ അവര്‍, സാധാരണകാരിലേക്ക് ഇറങ്ങിചെല്ലാനുള്ള ഒരു പാലമായി അദ്ദേഹത്തെ ഉപയോഗിക്കുകയായിരുന്നു. 'പാലം കടക്കുവോളം നാരായണാ.. പാലം കടന്നപ്പോള്‍ കൂരായണാ..'

1939 ഡിസംബറില്‍ പിണറായി പാറപ്രത്ത് നടന്ന സമ്മേളനത്തോടെ ദലിതനായ സഖാവ് കെ വി പത്രോസിന്റെ പതനം ആരംഭിച്ചു തുടങ്ങി. അന്നാണ് തത്ത്വത്തില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപാന്തരം പ്രാപിച്ച് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകമായത്.! 1940 ജനുവരി 26-നു ഔദ്യോഗികമായി അവര്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഭാഗമായി. അങ്ങനെ പാര്‍ട്ടി സ്ഥാപകന്‍ ആയി അവര്‍ പഴയ കോണ്‍ഗ്രസ്കാരന്‍ ആയിരുന്ന സഖാവ് പി കൃഷ്ണപിള്ളയെ കണ്ടെത്തി. അങ്ങനെ കേരളത്തിലെ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി സവര്‍ണ്ണരില്‍ നിന്നാണ് ആരംഭിക്കുന്നതെന്ന് വരുത്തിത്തീര്‍ക്കുന്ന സ്ഥിരം പരിപാടി തുടങ്ങി.
സഖാവ് കെ വി പത്രോസിന്റെ ഓലപ്പുരയില്‍ നിന്നും നിത്യേനെയെന്നോണം കപ്പപുഴുക്കും കഞ്ഞിയും കുടിച്ചിരുന്ന ഏ കെ ജിയും ഇ എം എസ്സും കൃഷ്ണപിള്ളയും ഉണ്ണിരാജയുമൊക്കെ എന്തെ ആദ്ദേഹത്തെ പാര്‍ട്ടിയുടെ ചരിത്രത്തില്‍ നിന്നുതന്നെ പുറത്താക്കി? നിങ്ങള്‍ ഉണ്ട ചോറില്‍ ഒരു യഥാര്‍ത്ഥ വിപ്ലവകാരിയുടെ വിയര്‍പ്പുണ്ടായിരുന്നുവെന്ന്, സഖാക്കളേ, നിങ്ങള്‍ എന്തുകൊണ്ട് തിരിച്ചറിഞ്ഞില്ല?

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകന്‍ ഒരു പുലയനാണെന്ന സത്യം തുറന്നു പറയാന്‍, ജാതിവെറി അനുവദിക്കാത്തതുകൊണ്ട്, സഖാവ് ഇ എം എസ് അദ്ദേഹത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രത്തില്‍ നിന്ന് തന്നെ നിഷ്കാസനം ചെയ്തു. അതുകൊണ്ടാണ് സി പി ഐ എം കേരളയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പോലും സഖാവ് കെ വി പത്രോസിന്റെ പേര്‍ ഇല്ലാതെ പോയത്. ജാതിവെറിയുടെ ഇതിലും വലിയ ഉദാഹരണം നിങ്ങള്‍ക്ക് ചൂണ്ടിക്കാട്ടാന്‍ കഴിയുമോ സഖാക്കളേ? പത്രോസെന്ന പാറമേല്‍ തന്നെയാണ് നിങ്ങളുടെ സവര്‍ണ്ണ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ അസ്ഥിവാരം.

ഇതാ പുന്നപ്ര വയലാര്‍ സമരത്തിന്റെ അനുസ്മരണങ്ങള്‍ വീണ്ടും ആരംഭിച്ചു  കഴിഞ്ഞിരിക്കുന്നു. ഒക്ടോബര്‍ 22 നു കൊടിയേറ്റം കഴിഞ്ഞു. സമരസഖാക്കളുടെ ഓര്‍മ്മയില്‍ വീണ്ടും ആലപ്പുഴ ജില്ലയാകെ ചുവക്കുന്നു. പക്ഷെ, എന്തുകൊണ്ട് പുന്നപ്ര വയലാര്‍ സമരത്തിന്റെ സര്‍വ സൈന്യാധിപന്‍ ആയിരുന്ന, ഗ്രേറ്റ് ഡിക്ടെറ്റര്‍ ആയിരുന്ന സഖാവ് കെ വി പത്രോസിനെ ആരും അനുസ്മരിക്കുന്നില്ല. ആചരിച്ചാല്‍ അത് നിങ്ങളുടെ തന്നെ കുഴികുത്തല്‍ ആണെന്ന് നിങ്ങള്‍ക്കറിയാം.

1943 മെയ് 23 മുതൽ ജൂൺ 1വരെ ബോംബയിൽ വെച്ച് നടന്ന കമ്മ്യൂണിസ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ഒന്നാം കോണ്‍ഗ്രസ്സിൽ എടുത്ത തീരുമാനങ്ങളിൽ ഒന്നായിരുന്നു പുന്നപ്ര / വയലാർ സമരം.
കുപ്രസിദ്ധമായ കല്‍ക്കാത്താ തിസീസ് യാഥാര്‍ത്ഥയമാകും മുമ്പേ കേരളത്തില്‍ അതിന്‍റെ തിയറി പരീക്ഷിച്ചപ്പോള്‍ ആണല്ലോ പുന്നപ്ര വയലാറുകള്‍ ഉണ്ടായത്. അന്നും ആ സമരം നയിക്കാന്‍, അതിന്റെ ഗ്രേറ്റ് ലീഡര്‍ ആകാന്‍, സഖാവ് കെ വി പത്രോസിനെത്തന്നെ തെരഞ്ഞെടുത്തത് എന്തുകൊണ്ട്? കൈ വിറയ്ക്കാതെ വാരിക്കുന്തം ശത്രുവിന്റെ നെഞ്ചിലെക്കെറിയാന്‍ നമ്പൂരാര്‍ക്ക്  കഴിയില്ലല്ലോ!  കൈ വിറയ്ക്കും! ഒരു പരീക്ഷണത്തിനുവേണ്ടി ഒരു സവര്‍ണ്ണ നേതാവും മരിച്ച ചരിത്രമില്ല ഇതുവരെയും.

1946 ഒക്ടോബര്‍ 24-നു പുന്നപ്രയില്‍ നൂറു കണക്കിന് പേര്‍ സി പി യുടെ പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചുവീണപ്പോള്‍, പാര്‍ട്ടി നേതൃത്വം ഒട്ടനവധി കള്ളങ്ങള്‍ വിശ്വസിപ്പിച്ച്,  സ്വന്തം സഖാക്കളെ കൂട്ടക്കുരുതിയ്ക്ക് വിട്ടുകൊടുക്കുകയായിരുന്നുവെന്ന് മനസ്സിലാക്കിയപ്പോള്‍, വയലാറിലെ ക്യാമ്പ് പിരിച്ചുവിടാന്‍ സഖാവ് കെ വി പത്രോസ് കൊടുത്തുവിട്ട സന്ദേശം നിങ്ങളെന്തേ മുക്കിയത്?  1946 ഒക്ടോബര്‍ 27 നു എന്തെ ആയിരങ്ങളെ വീണ്ടും കുരുതി കൊടുത്തത്? സ്വന്തം സഖാക്കളുടെ ഘാതകരായ നിങ്ങള്‍ അങ്ങനെ ‘സുഖാക്കളായി...’

നിങ്ങളുടെ പാപഭാരം മുഴുവന്‍ തിരുവിതാംകൂര്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്റേറ്റ് സെക്രട്ടറിയായിരുന്ന, കേവലം മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രം സിദ്ധിച്ച, സഖാവ് കെ വി പത്രോസിന്റെ മേല്‍ കെട്ടിവച്ച് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നുതന്നെ പുകച്ചു ചാടിച്ചപ്പോള്‍, പുതിയ പദവികള്‍ കൈക്കലാക്കി നിങ്ങള്‍ ‘സുഖാക്കളായി’

ചരിത്രത്തിലേയില്ലായിരുന്ന തയ്യല്‍ക്കാരന്മാര്‍, പുന്നപ്ര വയലാറിന്റെ പുതിയ വീരനായകന്മാറായി പുതുചരിത്രം തയ്ച്ചപ്പോള്‍, വെടിയേറ്റ്‌ തുളഞ്ഞ അടിസ്ഥാന വര്‍ഗം ചരിത്രത്തിലെ ഇല്ലാതെയായി. വെടിയേറ്റവരുടെ മൃതദേഹം ഒരു നോക്ക് കാണാന്‍ പോലും നമ്പൂതിരിപ്പാട്  പോയില്ല. അദ്ദേഹം അടുത്തെവിടെയോ യോഗക്ഷേമം പഠിപ്പിക്കുകയായിരുന്നു. ടി വി തോമസ്‌ എവിടെയുണ്ടെന്ന് ആര്‍ക്കുമറിയില്ല. മറ്റ് തലപ്പോക്കമുള്ള നേതാക്കള്‍ ആരുമില്ല. അവരെയെല്ലാം പാര്‍ട്ടി സുരക്ഷിതമായ മറ്റു ദൌത്യങ്ങള്‍ ആപ്പോഴേക്കും ഏല്‍പ്പിച്ചിരുന്നു. അപ്പോഴേക്കും കേരളം കണ്ട ഏറ്റവും വലിയ വില്ലനായി സഖാവ് മാറിയിരുന്നു, ആയിരങ്ങളെ കുരുതി കൊടുത്തവന്‍.. കുന്തക്കാരന്‍ പത്രോസ്.

തുടര്‍ന്ന് ഈ കൂട്ടക്കുരുതിയുടെ ഉത്തരവാദിത്തം കുന്തക്കാരന്‍ പത്രോസെന്ന അധകൃതന്റെ തലയില്‍ വച്ചുകെട്ടി പാര്‍ട്ടിയുടെ മേലാളന്മാര്‍ കൈകഴുകി. സഖാവ് പത്രോസിനെ സ്റ്റേറ്റ്‌ സെക്രട്ടറി പദവിയില്‍ നിന്നും ബ്രാഞ്ചിലേക്ക് തരം താഴ്ത്തി, ഒടുവില്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കി. അതോടെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സവര്‍ണ്ണവല്‍ക്കരണം പൂര്‍ത്തിയായിരുന്നു. വിനാശകരമായ കല്‍ക്കത്താ തിസീസിന്റെ ഉപജ്ഞാതാവ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയിട്ടും സഖാവ് പത്രോസ് മരണം വരെയും പാര്‍ട്ടിയ്ക്ക്  അനഭിമതനായി തുടര്‍ന്ന്. എന്തിന് ധീര രക്തസാക്ഷികള്‍ അന്ത്യ വിശ്രമം കൊള്ളുന്ന പുന്നപ്രയിലെ വലിയ ചുടുകാട്ടില്‍ പോലും അദ്ദേഹത്തിനു ഇടം കിട്ടിയില്ല എന്നതാണ് ചരിത്രം.

തങ്ങള്‍ ജീവന്‍ കൊടുത്ത സൃഷ്ടിച്ച പാര്‍ട്ടിയെ തങ്ങളില്‍ നിന്നും അടിച്ചുമാറ്റിയവര്‍ക്ക് മുന്നില്‍ തലകുനിക്കാതെ ജീവിതകാലം മുഴുവന്‍ അദ്ദേഹം അധ്വാനിച്ച് തന്നെ ജീവിച്ചു. അതും കയര്‍ ചവിട്ടികള്‍ വിറ്റ് കൊണ്ട്. തൊഴിലാളി വര്‍ഗ്ഗം സവര്‍ണ്ണര്‍ക്ക് വെറും ചവിട്ടികള്‍ മാത്രം ആവരുത് എന്ന് അവസാനം വരെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌.
സഖാവ് കെ വി പത്രോസിനെ തള്ളിപ്പറഞ്ഞവരില്‍ നിന്നും അധസ്ഥിതര്‍ക്ക് എന്ത് കിട്ടാനാണ്‌? അയന്കാളിക്ക് ശേഷം പുലയ സമുദായം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയെ സ്വന്തം സമുദായം പോലും ഉപേക്ഷിച്ചിരിക്കുന്നു എന്നതാണ് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ദുരന്തം. മാപ്പര്‍ഹിക്കാത്ത ആ തെറ്റിന് ഭാവിയില്‍ അവര്‍ വലിയ വില കൊടുക്കേണ്ടി വരും.
ആലപ്പുഴയിലെ എസ് എന്‍ ഡി പി വക മംഗലം ശ്മശാനത്തില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ആ മഹാധീരനെ തേടി ഒരു ചെങ്കൊടിയും ഒരു തുലാപ്പത്തിലും (ഒക്ടോബര്‍ 27) എത്താറില്ല. അതിനൊരു മാറ്റം വരാത്തിടത്തോളം അധസ്ഥിതന്‍ എന്നും അങ്ങനെ തന്നെ തുടരും. അധികാരം അവനു അന്യമായിതന്നെ നില്‍ക്കും.

ഒരു മഹായുദ്ധം നയിച്ചവന്റെ പേരില്ലാതെ ഒരു  ചരിത്രമുണ്ടെങ്കില്‍ അത് സാംസ്കാരികാശ്ലീലമായിത്തന്നെ എന്നും അവശേഷിക്കും. ഇനിയെങ്കിലും, ‘സവര്‍ണ്ണര്‍ - അവര്‍ണ്ണര്‍’ എന്നൊക്കെ നിരന്തരം വിളിച്ചുകൂവി കേരള സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ യഥാര്‍ത്ഥ മുഖം, നിങ്ങള്‍ തിരിച്ചറിഞ്ഞിരിക്കണം.  അത് വരേയ്ക്കും സഖാവ് കെ വി പത്രോസിന് ഉറങ്ങാന്‍ കഴിയില്ല. ചരിത്രം വിജയിയുടെത് മാത്രമല്ല, അത് പരാജിതന് കൂടി അവകാശപ്പെട്ടതാണ്..

നിങ്ങള്‍ ഇനിപ്പറയൂ, ആദ്യചോദ്യത്തിന്റെ ഉത്തരം!

ലാല്‍സലാം..

Ref      Aji Cheriyan

Comments