ജാതിനാമത്തിന്‍റ ദൗര്‍ബല്യം
••
'പടയാളി' എന്ന അര്‍ത്ഥത്തില്‍ 'നായര്‍' എന്നു പറയുന്നത് പുരുഷന്മാരെയാണ്/ പുരുഷവര്‍ഗ്ഗത്തെയാണ്. ജാതിയായല്ല, തൊഴില്‍ നാമമായാണത് പ്രയോഗിച്ചു പോന്നത്. അവരുടെ സ്ത്രീകളെ, 'അച്ചി'മാരെന്നാണ് അറിയപ്പെട്ടത് (അച്ചിപ്പുടവയെ ഓര്‍ക്കാം). പിന്നീട്, അവര്‍ 'അമ്മ'മാരായി.
ജാതി നാമമായി 'നായര്‍' വരുമ്പോള്‍ , അത് ആ വിഭാഗത്തിലെ പുരുഷന്മാരെയാണ് അര്‍ത്ഥമാക്കുന്നത്. സ്ത്രീകള്‍ പ്രസ്തുത ജാതി നാമം ഉപയോഗിക്കുമ്പോള്‍, ലിംഗ/വചനമനുസരിച്ച്, പേരിനൊപ്പം 'അച്ചി'യെന്നോ 'അമ്മ'യെന്നോ ആണ് ചേര്‍ക്കേണ്ടത്.
ഉദാഹരണമായി, രാജന്‍ നായര്‍ / രജനി അച്ചി , ബാലാമണിയമ്മ, തങ്കച്ചി
അതുപോലെ, വാരസ്യാര്‍, നങ്ങ്യാര്‍ ,ഷാരസ്യാര്‍ എന്നിങ്ങനെയാണ് സത്രീ നാമങ്ങള്‍ക്കൊപ്പം വിശേഷണം വരേണ്ടത്. രജനി വാര്യരും, രജനി നമ്പ്യാരും, രജനി പിഷാരോടിയും സാധുവല്ല.
••
ഒരു ചരിത്രംകൂടി പറയാം, അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി.
••
ശ്രീമൂലം തിരുന്നാള്‍ രാജാവായിരുന്ന കാലം. അദ്ദേഹത്തിന്‍റെ ഭാര്യ മരിച്ചു. അപ്പോള്‍, കൊട്ടാരം ജീവനക്കാരനായിരുന്ന (ആശ്രിതനെന്നു കൊട്ടാരഭാഷ്യം! ) ഓച്ചിറക്കാരന്‍ ശങ്കരപ്പിളളയുടെ ഭാര്യയെ ശ്രീമൂലം തിരുന്നാള്‍ സ്വഭാര്യയാക്കി. ആ സ്ത്രീയുടെ സഹോദരിയെ ശങ്കരപ്പിളളയെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു. മാത്രമല്ല, അന്നുമുതല്‍ ശങ്കരപ്പിളളയുടെ താമസം കൊട്ടാരത്തോടു ചേര്‍ന്നുമായി. അന്നു ശങ്കരപ്പിളളക്കുകിട്ടിയ സ്ഥാനമാണ്, 'തമ്പി' എന്നത്. വെറും ശങ്കരപ്പിളള അങ്ങനെ 'ശങ്കരന്‍ തമ്പി'യായി.
ജാതിയുടെ വരവും പോക്കും ഇങ്ങനെയൊക്കെയായിരുന്നു.
പക്ഷേ, ഒരു പ്രധാന സംശയം, ചിലര്‍ പറയും പോലെ, എഴുപതുകള്‍ മുതലാണോ പേരിനൊപ്പമുളള 'വാല്‍' മുളച്ചതെന്നാണ്. കേളപ്പജിയും, മന്നത്തു പദ്മനാഭനുമൊക്കെ എഴുപതിനുമുമ്പ് വാലുമുറിച്ചല്ലോ. 'എഴുത്തച്ഛന്‍', 'നമ്പ്യാര്‍', സാമൂതിരി എന്നിവര്‍ക്ക് വാലേയുളളൂ. വാലന്മാരെ ആക്ഷപിച്ച രാമകൃഷ്ണപിളളയുടെ വാലോ..അതും ചിന്തനീയം.!
'അവര്‍ണ്ണരും സവര്‍ണ്ണരും'
ഒരു ചരിത്ര വീക്ഷണം

അവര്‍ണ്ണര്‍ ഹിന്ദുക്കളിലെ താണവര്‍ഗ്ഗം എന്നും സവര്‍ണ്ണര്‍ ഉയര്‍ന്ന വര്‍ഗ്ഗമെന്നുമുളള ധാരണ തെറ്റാണ്. ഹിന്ദുക്കളെ അവര്‍ണ്ണര്‍ / സവര്‍ണ്ണര്‍ എന്നു വേര്‍തിരിക്കുന്ന രീതി വന്നത് സായിപ്പിന്‍റെ ഭരണകാലത്താണ്. അതിനുമുമ്പ് അങ്ങനെയൊരു തരംതിരിവ് ഇല്ലായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ കണക്കില്‍ മുസ്ലീം / ക്രിസ്ത്യന്‍ / പാര്‍സി /യഹൂദര്‍ അല്ലാത്തവരെയെല്ലാം ചേര്‍ത്ത് ഹിന്ദുക്കള്‍ എന്നു വിളിച്ചു. ബുദ്ധമതക്കാരും ജൈനമതക്കാരും മതമില്ലാത്തവരും അങ്ങനെ ഹിന്ദുക്കളായി. എന്നാല്‍ വൈദിക സമൂഹത്തില്‍പ്പെട്ടവരെ ബ്രിട്ടീഷുകാര്‍ കാസ്റ്റ് ഹിന്ദുക്കള്‍ (ജാതി ഹിന്ദുക്കള്‍ / സവര്‍ണ്ണ ഹിന്ദുക്കള്‍ ) എന്നാക്കി. ബാക്കി എല്ലാ ഇന്ത്യന്‍ മതക്കാരും അവര്‍ക്ക് അവര്‍ണ്ണരായി. അവര്‍ണ്ണര്‍ എന്നാല്‍ വര്‍ണ്ണമില്ലാത്തവര്‍, അതായത്, ജാതിയില്ലാത്തവര്‍ എന്ന് അര്‍ത്ഥം പറയാം. വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് 'അവര്‍ണ്ണന്‍‍', പിന്നീട്, 'നിറമില്ലാത്തവന്‍', 'അക്ഷരമറിയാത്തവന്‍', 'താഴ്ന്ന ജാതിയിലുളളവന്‍' എന്നൊക്കെയായി (ഡോ. കെ സുഗതന്‍ എഴുതിയ പുസ്തകത്തിലെ നിരീക്ഷണം)
• ഹരികുമാര്‍ ഇളയിടത്ത് 

Comments