മുലച്ചിപ്പറമ്പ് *

ഒരു മറവൻ യുദ്ധത്തിൽ ധീരധീരം പോരാടിയശേഷം ശത്രുക്കളുടെ വെട്ടേറ്റ് ശരീരം ഛിന്ന ഭിന്നമായി പടക്കളത്തില്‍ വീണു മരിച്ചു. അതറിയാത്ത പലരും യുദ്ധം തീർന്ന ശേഷം ഊരില്‍ തിരിച്ചെത്തി അയാളുടെ  അമ്മയോട്, 'നിങ്ങളുടെ മകൻ യുദ്ധത്തിൽ പിന്തിരിഞ്ഞോടി മരിച്ചു' എന്ന് തെറ്റായി പറഞ്ഞു. ഞരമ്പുകളുയര്‍ന്നു വറ്റിയ നിരപ്പില്ലാത്ത മൃദുവായ  തോളുകളും താമരയിലക്കു തുല്യമായ അടിവയറുമുളള, അത്യധികം വയസ്സായ അമ്മയ്ക്ക്, അതുതന്‍റെ വംശത്തിന്‍റെ അന്തസ്സിന് വലിയ കുറവാണെന്ന് കണ്ടു. കണ്ണുകളിൽനിന്ന് തീപ്പൊരി പാറും വിധം കോപത്തോടെ അവരെ നോക്കിയിട്ട് ആ അമ്മ ഇങ്ങനെ പറഞ്ഞു: എന്‍റെ മകൻ ഈ വിധത്തിലാണ് മരിച്ചതെങ്കിൽ അവൻ പാല് കുടിച്ച ഈ മുലകളെ അറുത്തെറിയുന്നതാണ്'. ഇത്രയും പറഞ്ഞുകൊണ്ട്, പറഞ്ഞതുപോലെ പ്രവര്‍ത്തിക്കാന്‍ വാളുമെടുത്തുകൊണ്ട്  അവർ പോര്‍ക്കളത്തിലേക്ക് പാഞ്ഞു.
                                     
അവിടെ മരിച്ച മറവരുടെ ശരീരങ്ങൾ കുന്നുകൂടി കിടന്നിരുന്നു. തന്‍റെ മകന്‍റെ ശവശരീരം കണ്ടുപിടിക്കാൻ പ്രയാസമാണെന്ന് അവർക്ക് തോന്നി. പോർക്കളത്തിലുടനീഴളം നടന്ന് ശവങ്ങളെ ഓരോന്നായി മറിച്ചു മറിച്ച് ആ അമ്മ പരിശോധിച്ചു. ചോരവീണു ചുവന്ന പോര്‍ക്കളം മുഴുവന്‍ തിരഞ്ഞു നടന്നതിനൊടുവിൽ ഒരിടത്ത് വെട്ടേറ്റ് കഷണം കഷണമായി ചിതറിക്കിടക്കുന്ന തന്‍റെ മകന്‍റെ ശരീരഭാഗങ്ങൾ അവർ കണ്ടെത്തി. അവർ ആ ശരീര ഭാഗങ്ങൾ ചേർത്തുവച്ച് നോക്കി. അയാളുടെ മുഖത്തും മാറത്തും വലിയ മുറിവുകൾ ഏറ്റതുകൊണ്ടാണ് മരിച്ചതെന്ന് അമ്മയ്ക്ക് അതോടെ ബോധ്യമായി. മുതുകിൽ വെട്ടേറ്റിട്ടേയില്ല! അപ്പോൾ അവരുടെ ഹൃദയ ക്ഷോഭം ശാന്തമായി.
                                           
മകൻ മൂലം തന്‍റെ വംശത്തിന്‍റെ മഹിമയ്ക്ക് ഒരു വിധത്തിലും കളങ്കം സംഭവിച്ചിട്ടില്ല എന്നത് അവരെ സന്തുഷ്ടയാക്കി. അവരുടെ അപ്പോഴത്തെ ആ സന്തോഷമോ,  അയാളെപ്പെറ്റ സമയത്ത് ഉണ്ടായതിനേക്കാള്‍ കൂടുതലായിരുന്നു. അമ്മയുടെ മനോഭാവം കവയിത്രിയെ വിസ്മയ പരവശയാക്കി. അതിന്‍റെ ഫലമാണ് ഈ ഗാനം. (പുറനാനൂറ്, പാട്ട് 278, കാക്കൈ പാടിനിയാര്‍ നച്ചെള്ളൈയാര്‍  / പേജ്: 368 - 69, കേരള സാഹിത്യ അക്കാദമി, 1969)

Comments