നാട്ടെഴുത്ത് : ഒരാലോചന

ചരിത്രത്തിന്‍റെ മേഖലകള്‍ വിപുലപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്താണ് നമ്മുടെ ജീവിതം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്നത്തെ സാധാരണ ജീവിതം പോലും നാളത്തെ ചരിത്രമാണ്. അഥവാ ഭാവി (future) വര്‍ത്തമാനത്തെ (present) തിരിച്ചറിയുന്നത് ചരിത്രം എന്ന നിലയിലാണ്. അതുപോലെ തന്നെ, വര്‍ത്തമാനം, ഭൂതത്തെ (past) ചികഞ്ഞെടുക്കുന്നതിനും ചരിത്രത്തെയാണ് ഉപകരണമാക്കുന്നത്.  
                                     
രാജകൊട്ടാരങ്ങളിലെ നാള്‍വഴിയെഴുത്തു (Cronicle) കാരായിരുന്നു നമ്മുടെ ആദ്യകാല ചരിത്രകാരന്മാര്‍. അതുകൊണ്ടുകൂടിയാണ്,                    രാജാവിന്‍റെ വീരാപദാനങ്ങളും യുദ്ധവും മറ്റുമായിരുന്നു ഒരുകാലത്ത് ചരിത്രത്തിന്‍റെ പ്രതിപാദ്യ വിഷയമായത്. എന്നാല്‍ ഇന്ന് അതിന്‍റെ കര്‍തൃത്വം സാധാരണക്കാരനിലെത്തിനില്‍ക്കുന്നു. പ്രത്യയശാസ്ത്രങ്ങളുടെ സ്വാധീനവും രീതിശാസ്ത്രവും ചരിത്രാഖ്യാതാക്കളില്‍  വരുത്തിയ മാറ്റം ഈ കര്‍തൃത്വ മാറ്റത്തിനും കാരണമായിട്ടുണ്ട്.            

സംസ്കാര പഠനത്തില്‍ നാട്ടു ചരിത്രങ്ങള്‍ക്ക് സവിശേഷ സ്ഥാനമുണ്ട്.  ലോകത്തിന്‍റെ പല ഭാഗങ്ങളിലും ആളുകള്‍ സ്വന്തം സംസ്കാരത്തിന്‍റെ വേരുകള്‍ തേടുന്നതില്‍ ഔത്സുക്യവും ആര്‍ജ്ജവവും കാട്ടുന്നുണ്ടെന്നതാണ് വസ്തുത. തൊണ്ണൂറുകള്‍ക്കു ശേഷം ഭാരതത്തിലും പ്രാദേശിക ചരിത്രാന്വേഷണങ്ങള്‍ക്ക് ആവേഗം കൂടിയിട്ടുണ്ട്. എന്നല്ല, അതൊരു പുതിയ പാഠ്യ വിഷയമായിത്തന്നെ വികസിച്ചു വന്നിരിക്കുന്നു. കലാശാലകളിലെ പുതുതലമുറ കോഴ്സുകളായി അത് കരിക്കുലത്തില്‍ ഇടം പിടിച്ചിട്ടുമുണ്ട്. കേരളത്തിലെ മഹാത്മാഗാന്ധിയൂണിവേഴ്സിറ്റിയാണ് ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോയത്.

നിലവിലുളള ബൃഹദാഖ്യാനങ്ങളുടെ (Meta) പാര്‍ശ്വവല്‍ക്കരണത്തെയും തമസ്കരണത്തെയും പുത്തനറിവുകളുടെ പരുക്കന്‍ അടരുകള്‍ കൊണ്ട് വിപുലീകരിക്കുവാനോ, തിരുത്തുവാനോ പൂര്‍ത്തീകരിക്കുവാനോ സൂക്ഷ്മ (Micro) കഥനങ്ങള്‍ക്കാകുന്നുണ്ട്. അതുകൊണ്ടുതന്നെ, പ്രാദേശിക ചരിത്രരചന (Local History), ഒരേ സമയം, വീണ്ടെടുക്കലും പ്രതിരോധവുമാണ്.

ആഗോളീകരണം സൃഷ്ടിച്ച സാംസ്കാരികമായ അരക്ഷിതാവസ്ഥയില്‍ നിന്നും, നഷ്ടബോധത്തില്‍ നിന്നും കരകയറാനുളള തദ്ദേശീയ ജനതയുടെ ത്വരകൂടിയാണ് നാടിന്‍റെ ഭൂതകാലം തേടിയുളള അന്വേഷണങ്ങളും.

ബൃഹദാഖ്യാനങ്ങങ്ങളില്‍നിന്നും (Meta Narratives) ബോധപൂര്‍വ്വമോ അല്ലാതെയോ അടര്‍ത്തിമാറ്റപ്പെടുന്ന വ്യക്തികള്‍ക്കും സംഭവങ്ങള്‍ക്കും ചരിത്രത്തില്‍ ഇടം നല്‍കാന്‍ പ്രാദേശിക ചരിത്ര പഠനത്തിനു കഴിയും. സാമ്പ്രദായിക ബൃഹദാഖ്യാനങ്ങള്‍ക്കു പുറത്തായിരുന്ന അയ്യന്‍കാളിയെന്ന അവഗണിക്കപ്പെട്ട  നവോത്ഥാനവ്യക്തിത്വത്തെ ചരിത്രം വീണ്ടെടുത്തത് സൂക്ഷ്മ കഥനങ്ങളെ (Micro Narratives) അടുക്കിപ്പെറുക്കിയാണ്. ചരിത്രമെഴുത്തിലെ ശക്തമായൊരു ഉപദാനമെന്ന നിലയില്‍ വാമൊഴിച്ചരിത്രത്തിന് (Oral History) നാട്ടെഴുത്തില്‍ വളരെ പ്രാധാന്യമുണ്ട്. അയ്യന്‍കാളിയെ ഓര്‍മ്മിക്കുന്നതുപോലെതന്നെ അദ്ദേഹത്തിനു വില്ലുവണ്ടി സമ്മാനിച്ച ശ്രീമൂലം പ്രജാസഭയിലെ അദ്ദേഹത്തിന്‍റെ അഭ്യുദയകാംഷിയായ സുഹൃത്ത് വെച്ചൂരേത്ത് കൃഷ്ണപിളളയെയും തലമുറകള്‍ അറിയേണ്ടതുണ്ട്. പ്രാദേശിക ചരിത്രത്തിനു മാത്രമേ ഇത്തരം വ്യക്തിത്വങ്ങളെ മറവിയില്‍ നിന്നും വീണ്ടെടുക്കാനാവൂ.

ചരിത്ര നിർമ്മിതി കാലങ്ങൾക്കു ശേഷം സംഭവിക്കുന്നതുമൂലം, യാഥാർത്ഥ്യങ്ങൾ പലതും കേട്ടുകേള്‍വിയുടെ വെളിച്ചത്തിൽ മാത്രമേ വിലയിരുത്താനാകൂയെന്നത് സത്യമാണ്. അതിനാൽ ചരിത്രം പലപ്പോഴും കാല്പനികമാകുന്നുണ്ട്. മലയാളികളുടെ ആവാസവ്യവസ്ഥയിൽ കാർഷികവൃത്തി പ്രധാന പങ്കുവഹിച്ചിരുന്നു. കാർഷിക ജീവിതത്തിലെ അനുഭവങ്ങൾ ചൊല്ലുകളായും, മിത്തുകളായും നിലനിന്നിരുന്നു, ഇപ്പോഴും പ്രയോഗത്തിലുമുണ്ട്.

പരശുരാമൻ മഴുവെറിഞ്ഞാണ് കേരളം ഉണ്ടായതെന്ന് പറയുന്നത് അതിന്‍റെ വാച്യാര്‍ത്ഥത്തില്‍ത്തന്നെ ശരിയാണെന്നു വിശ്വസിക്കണമെന്നു ശഠിക്കുന്നത് വിഡ്ഢിത്തമെന്നേ പറയേണ്ടൂ. പക്ഷേ, അതില്‍ വസ്തുത ഗൂഹനം ചെയ്യപ്പെട്ടിരിക്കുന്നുവെന്നതും കാണാതിരുന്നുകൂടാ. അനുഭവത്തെയോ കേട്ടുകേള്‍വിയെയോ കഥാരൂപത്തില്‍ അവതരിപ്പിച്ചു സൂക്ഷിക്കാന്‍ പഴയ തലമുറയെ പുരാവൃത്തങ്ങളാണ്  സഹായിച്ചിരുന്നതെന്നുവേണം കരുതാന്‍.
അങ്ങനെ ചിന്തിച്ചാല്‍, ഏതോകാലത്ത്  കടല്‍ പടിഞ്ഞാറേക്കുനീങ്ങി കര ആവിര്‍ഭവിച്ചുവെന്ന ചരിത്രസങ്കല്പത്തെ,
ഏറക്കുറെ ശരിയെന്നു തോന്നിപ്പിക്കുന്നുണ്ട് സമീപകാലത്തെ പ്രളയം.

കടലില്‍നിന്നും വീണ്ടെടുക്കപ്പെട്ട ദേശമാണ് നമ്മുടെ നാട്. കാവുകളും കുളങ്ങളും സംരക്ഷിക്കുന്നതിൽ കേരളത്തിലെ ക്ഷേത്രങ്ങൾക്കും ദൈവവിശ്വാസത്തിനും കാതലായ പങ്കുണ്ടായിരുന്നു. ഒരു പഞ്ചായത്തിലെ ഓരോ വാർഡും ഓരോ വീടും സന്ദർശിച്ചാൽ നമ്മൾക്ക് മനസ്സിലാകുന്നത് മലയാളികൾ അവരുടെ കുടുംബചരിത്രം പോലും സൂക്ഷിക്കാത്തവരാണെന്നാണ്. ശരിക്കും ഓരോ വ്യക്തിയും ഓരോ വീടും ഒരു ചരിത്രപുസ്തകം തന്നെയാണ്.

കേരളത്തിന് ഒരു വ്യക്തിത്വമുണ്ട്. അത് പ്രാചീന തമിഴക വ്യക്തിത്വത്തില്‍നിന്ന് വികസിച്ച് സ്വന്തമായ വ്യക്തിത്വമായി വളര്‍ച്ച നേടുകയും, ഭക്ഷണം, കല, ഉത്സവം എന്നിവകളിലെല്ലാം കേരളീയയമായ മുദ്ര പതിപ്പിക്കുകയും ചെയ്തു. ആചാരാനുഷ്ഠാനങ്ങള്‍ നമ്മുടെ വ്യക്തിത്വത്തെ നിലനിത്തിക്കൊണ്ടു പോകുന്നുണ്ടെങ്കിലും, പഴയ ആചാരാനുഷ്ഠാനങ്ങളെ കെട്ടിപ്പിടിച്ചു നിര്‍ത്തുന്നതിലല്ല, നമ്മുടെ ചരിത്രത്തെയും സംസ്കാരത്തെയും കുറച്ചുകൂടി ഉയര്‍ന്ന ധൈഷണികമായ തലത്തില്‍ പഠിക്കാനും വിശകലനം നിലനിര്‍ത്തുവാനും സാധിക്കുന്ന തരത്തില്‍ പുതിയ തലമുറ തങ്ങളുടെ ധൈഷണിക ഊര്‍ജ്ജം വിനിയോഗിക്കേണ്ടതുണ്ട്. അടിസ്ഥാനപരമായ വീക്ഷണങ്ങളെ കൈവിടാതെതന്നെ ഒരു മലയാളി സ്വത്വം നേടിയെടുക്കാന്‍ നമുക്ക് കഴിയണം. തീര്‍ച്ചയായും, അനുഭവങ്ങളുടെയും ഓര്‍മ്മകളുടെയും ശേഖരത്തെ ചരിത്രത്തിന്‍റെ ഉരകല്ലില്‍വെച്ച് മാറ്റുനോക്കി, ത്യാജ്യഗ്രാഹ്യബുദ്ധിയോടെ കോര്‍ത്തിണക്കിയ 'വെണ്മണിയുടെ കയ്യൊപ്പ്' ഈവക കാര്യങ്ങള്‍ നിര്‍വ്വഹിക്കാനുളള പ്രേരണയും ശേഷിയും അനന്തര തലമുറക്ക് നല്‍കും എന്നതില്‍ സംശയമില്ല.
••

Comments