ഈഴവർ വെറും 'ഉത്സേധ' ജീവികളോ?

അങ്ങനെയല്ലെന്നാണ് ഇടമന ഗ്രന്ഥവരി സാക്ഷ്യപ്പെടുത്തുന്നത്.

ഈഴവരെ വെറും 'ഉത്സേധ' ജീവികളെന്നു ആദ്യം വിശേഷിപ്പിച്ച പണ്ഡിതൻ മറ്റാരുമല്ല പ്രശസ്ത ഭാഷാപണ്ഡിതനും ശാസ്ത്രഞ്ജനുമായിരുന്ന ശ്രീ ഐ. സി. ചാക്കോയാണ്. അക്കാലത്തെ ഈഴവരെ കുറിച്ചുള്ള ഒരു പൊതു ധാരണയായിരുന്നു അത്. എന്നാൽ തന്നെ നിർമ്മിച്ചത് 'കുട്ടി വാധ്യാർ' എന്ന ഈഴവ അധ്യാപകനായിരുന്നവെന്നു സ്മരണകളിൽ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

1864ൽ സർ ടി. മാധവറാവു  സ്ഥാപിച്ച ആലപ്പുഴ പട്ടണത്തിലെ സർക്കാർ ഇഗ്ളീഷ് സ്കൂളിലെ (ഇപ്പോഴത്തെ മുഹമ്മദൻസ്
ഹൈസ്കൂൾ) അധ്യാപകനായിരുന്നു കുട്ടി വാധ്യാർ. സാഹിത്യ പഞ്ചാനനന്റെയും ഗുരുനാഥനായിരുന്നു കുട്ടിവാധ്യാർ.
ഈഴവ പുരുഷന്മാരെ അന്വേഷിച്ചാൽ അവർ വീട്ടിലുണ്ടാവില്ല. സദാനേരവും അവർ തെങ്ങിന്റെ മണ്ടയിൽ എന്ന വ്യംഗ്യാർത്ഥമാണ് 'ഉത്സേധ' (ഉയരത്തിൽ) എന്ന സംസ്കൃത പദം കൊണ്ട് ഐ. സി. ചാക്കോ ഉദ്ദേശിച്ചത്.

ഇടമന ഗ്രന്ഥവരിയിൽ പരാമർശിക്കുന്ന ഈഴവനായ രാമൻ ഗോവിന്ദൻ ആ അർഥത്തിൽ ഒരു ഉത്സേധ ജീവിയായിരുന്നില്ല. മറിച്ച് അദ്ദേഹം ഒരു ധനികനായിരുന്നു. പി. ഉണ്ണികൃഷ്ണൻ നായർ പറയുന്നതിങ്ങനെ :"രേഖ 26ൽ ഇടമന ചാത വെതൻ ചത്തി നിലം ഒറ്റിവെച്ച് പണം വാങ്ങുന്നത് കിഴക്കമ്പാഗത്ത് പുള്ളോട്ടു പറമ്പിൽ കിടക്കും ഈഴവൻ ചാതയിൽ രാമൻ ഗൊവിന്ദനോടാണ്. ഈഴവൻ എന്ന പ്രയോഗം അക്കാലത്തെ രേഖകളിൽ അസാധാരണമാണെന്നു പറഞ്ഞുകൂടാ. പക്ഷെ ധനികനായ ഈഴവൻ അത്യസാധാരണം തന്നെ''. ( കൊല്ലം 812- കന്നി | AD. 1636)
           
'കൊല്ലം 812 - മാണ്ട കന്നി ഞായറ്റിൽ എഴുതിയ ഒറ്റിയൊലക്കരണ മാവിതു. ഇടമനെ ചാതവെതൻ ചത്തി തനിക്ക പെരുന്നതിൽ കിഴക്കും പാകത്ത തനിക്കൊള്ള മങ്ങലത്തു പുരയടത്തെൽ
പുന്നശ്ശേരി മുപ്പിടെതിന്റെ ഇരുമ്പു കെട്ടിയ പറയാൽ 40 പറ നെല്ലും വായിപ്പ കൊണ്ട നെറു പൊലിശ കഴിയുമാറ നെരൊറ്റിയാകെ
എഴുതിക്കൊടുത്താൻ ചാതവെതൻ ചത്തി പെരുന്നതിൽ കിഴക്കും പാകത്ത പുള്ളൊട്ടുപറമ്പിൽ കിടക്കും ഈഴവൻ ചാതയിൽ രാമൻ ഗൊവിന്ദന്ന ഇമ്മാർക്കമെ
ഇപ്പുരയിടത്തിന്ന ഒരു തുൽപ്പ ഒണ്ടാകിൽ തുൽപു തീർത്ത യാചിച്ചു കൊള്ളുമാറും അപ്പരിശെ തുൽപ്പു തീർത്ത യാപിപ്പിച്ചു കൊള്ളു മാറും കല് പിച്ച മെയിക്ക ഇത എഴുത്തു.' (പുറം 48-49)

പെരുന്ന ഉപഗ്രാമത്തിലെ പ്രശസ്തമായ ഇല്ലമാണ് ഇടമന. പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്ര സ്ഥാപനത്തിന് കാരണക്കാരൻ ഇsമന നമ്പൂതിരിയായിരുന്നു. ''സവർണ്ണവർണ്ണ ഭേദവും അസ്പൃശ്യതയും മറ്റും കേരളത്തെ അക്ഷരാർഥത്തിൽ ഒരു ഭ്രാന്താലയമായി മാറ്റിയ ഒരു കാലഘട്ടത്തിലാണ് 1936-ൽ ക്ഷേത്രപ്രവേശന വിളംബരമുണ്ടാകുന്നത്. ആദർശ ശുദ്ധിയും മഹാമനസ്ക്കതയും കൊണ്ട് സമ്പന്നമായിരുന്ന പെരുന്ന ക്ഷേത്രത്തിലെ ഊരാണ്മക്കാർ വിളംബരത്തെ സർവാത്മനാ സ്വാഗതം ചെയ്യുകയും വിളംബരത്തിന്റെ അഞ്ചാം ദിവസം തന്നെ പെരുന്ന ക്ഷേത്രത്തിൽ അവർണ്ണർക്ക് പ്രവേശനം അനുവദിച്ചു കൊടുക്കുകയും ചെയ്തു. വിളംബരം ആദ്യമായി നടപ്പിലാക്കിയത് പെരുന്ന ക്ഷേത്രത്തിലായിരുന്നു. ഈ വസ്തുത കണക്കിലെടുത്താണ് മഹാത്മജി തന്റെ തിരുവിതാംകൂർ സന്ദർശനവേളയിൽ കൊല്ലവർഷം 1112 മകരമാസം 7-ാം തീയതി ഈ ക്ഷേത്രം സന്ദർശിച്ചത്. ഗാന്ധിജിയുടെ സന്ദർശന വിവരം പെരുന്ന ക്ഷേത്രത്തിൽ ശിലാ രേഖയായി സൂക്ഷിചിട്ടുണ്ട്. രേഖ ഇപ്രകാരം: ''ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് തിരുമനസ്സിലെ വിശ്വവിഖ്യാതമായ വിളംബരത്തെ ആദരിച്ച് സമസ്ത ഹിന്ദുക്കൾക്കും ഒന്നാമതായി പ്രവേശനം നൽകിയ പെരുന്നയിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം." (പുറം-24)

Comments