ശ്രീനാരായണഗുരു വിശ്രമിച്ച കരീലക്കുളങ്ങരയിലെ കളിത്തട്ട്

കേരളത്തിലുടനീളം സഞ്ചരിക്കുകയും സാധാരണക്കാരുടെ ജീവിതത്തില്‍ വഴിവിളക്കാകുകയും ചെയ്ത അനേക സംഭവങ്ങള്‍ ശ്രീനാരായണഗുരുവിന്‍റെ ഐതിഹാസിക ജീവിതത്തിലാവോളം കണ്ടെത്താനാവും. കായംകുളത്തിന് അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ സവിശേഷ പ്രാധാന്യം കൈവരുന്നത് അദ്ദേഹത്തിന്‍റെ ഉപരിപഠനത്തിന് പശ്ചാത്തലമായ മണ്ണ് എന്ന നിലയിലാണ്.

കായംകുളത്തിനടുത്ത പുതുപ്പളളിയിലെ വാരണപ്പളളി കുടുംബത്തില്‍ താമസമാക്കിയാണ് അദ്ദേഹം കേള്‍വികേട്ട ഗുരുവായ കുമ്മമ്പിളളി രാമന്‍പിളള ആശാന്‍റെ ചേവണ്ണൂര്‍ കളരിയില്‍ പഠനത്തില്‍ മുഴുകിയത്. നാണുവിന് ആദ്യമായി കവിതയുടെ പൊടിപ്പു നാമ്പിട്ടത് ഈ മണ്ണിലാണ്. വിദ്യാഭ്യാസാനന്തരം കായംകുളത്തുനിന്നും മടങ്ങിയ നാണു, പിന്നീട് സാമൂഹിക ഇടപെടലുകളില്‍ സര്‍വ്വാത്മനാമുഴുകി കേരളീയ ജീവിതത്തില്‍ ഒഴുകി നടന്നു.

അത്തരം സഞ്ചാര ജീവിതത്തിനിടയില്‍, ഒരിക്കല്‍ അദ്ദേഹം കരീലക്കുളങ്ങരയിലും  എത്തിച്ചേര്‍ന്നു. അപ്പോഴേക്കും അദ്ദേഹം കേരളമറിയുന്ന ഒരു പുണ്യാത്മാവായി പരിവര്‍ത്തിക്കപ്പെട്ടിരുന്നു. സാധാരണക്കാരും അയിത്തക്കാരും അദ്ദേഹത്തെ ഈശ്വരനായിക്കണ്ടു. കരീലക്കുളങ്ങരയിലും മറ്റും ചില പ്രധാന കുടുംബങ്ങളിലെ മുതിര്‍ന്ന അംഗങ്ങളെകാണുകയും സാമൂഹിക മുന്നേറ്റത്തില്‍ അവരുടെ പങ്കാളിത്തം ഉറപ്പാക്കുകയും അദ്ദേഹത്തിന്‍റെ സന്ദര്‍ശനത്തിന്‍റെ ലക്ഷ്യമായിരുന്നു.

കുന്നത്തേഴത്ത് എന്ന ചാന്നാര്‍ ഭവനത്തിലാണ് ഗുരു ആദ്യം എത്തിയത്. തുടര്‍ന്ന് മറ്റു ചില പ്രധാന വീടുകളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. ഗുരുവിന്‍റെ ഗൃഹസ്ഥ ശിഷ്യരില്‍ പ്രധാനിയും വൈക്കം സത്യഗ്രഹത്തിന്‍റെ സാമ്പത്തിക വശം കൈകാര്യം ചെയ്തയാളുമായ ആലുംമൂട്ടില്‍ ഏ. കെ. ഗോവിന്ദദാസിന്‍റെ തുണയും ഇക്കാര്യത്തില്‍ ഗുരുവിനുണ്ടായിരുന്നു.

ഭവന സന്ദര്‍ശനം കഴിഞ്ഞ് ഗുരു ഇന്നത്തെ കൈലാസപുരം ക്ഷേത്ര വളപ്പിലെ കളിത്തട്ടിലെത്തി വിശ്രമിച്ചു. വെയില്‍ ചാഞ്ഞു തുടങ്ങിയപ്പോഴേക്കും ചാന്നാര്‍ പ്രമാണികളെത്തി. സാമൂഹിക പരിവര്‍ത്തനത്തെക്കുറിച്ചുളള ചില ആശയങ്ങള്‍ ഗുരു പങ്കുവെച്ചു. എല്ലാവരുടെയും പിന്തുണ അഭ്യര്‍ത്ഥിച്ചു. 'ധന,മന, തന' സമര്‍പ്പണം ഗുരു ആഗ്രഹിക്കുന്നുണ്ടായിരുന്നുവെന്നു വേണം കരുതാന്‍.

സാമൂഹിക പരിവര്‍ത്തനത്തിന്‍റെ ആദ്യ പടി വിദ്യാഭ്യാസം നേടുക എന്നതാണ്. സാമൂഹികമായി പിന്നാക്കം നിന്നിരുന്ന ഒര പ്രദേശം കൂടിയായിരുന്നു കരീലക്കുളങ്ങര, അന്ന്. ചുരുക്കം ചില ചാന്നാര്‍ ഭവനങ്ങള്‍ അതി സമ്പന്നമായ ജീവിതം നയിച്ചു. ഈഴവരിലെ ഉന്നതരാണ് തങ്ങള്‍ എന്നായിരുന്നു അവരുടെ ഭാവവും അനുഭവവും.

വിദ്യാഭ്യാസത്തിന്‍റെ ആദ്യ ചുവട് എന്ന നിലയില്‍ ഒരു എഴുത്തു പളളിക്കൂടം തുടങ്ങാമെന്നുളള ഗുരുവിന്‍റെ നിര്‍ദ്ദേശം സര്‍വ്വ സ്വീകാര്യമായി. അങ്ങനെ ക്ഷേത്രത്തിനു വടക്കു വശത്തുളള പിച്ചിനാട്ട് പറമ്പില്‍ ഒരു കുടിപ്പളളിക്കൂടം അഥവാ കളരി ഉദ്ഘാടനം ചെയ്യപ്പെട്ടു.

കുറച്ചു കുട്ടികള്‍ എത്തി. പഠനം ആരംഭിച്ചു. വന്നവരില്‍ കൂടുതല്‍ പേരും അയിത്തവിഭാഗക്കാരും ഈഴവക്കിടാങ്ങളുമായിരുന്നു. ചാന്നാര്‍ കുട്ടികള്‍ക്ക് അവരോടൊത്തു പഠിക്കാന്‍ വയ്യെന്ന നിലവന്നു. അതിന്‍റെ അസ്വസ്ഥത പ്രമാണിമാര്‍ക്കുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.

ഗുരുവിന്‍റെ നേതൃത്വത്തില്‍ അദ്ധ്യയനം തുടര്‍ന്നു. ഏതായാലും പഠനം അധികനാള്‍ നീണ്ടില്ല. ഒരു രാത്രിവെളുത്തപ്പോള്‍ കളരി നിന്നിടത്ത് കുറച്ചു ചാരവും കനലുകളും മാത്രം അവശേഷിപ്പുകളായി.

ഗുരുവും ചാന്നാര്‍ നേതാക്കളും വീണ്ടും കളിത്തട്ടില്‍ ഒത്തുകൂടി.  കളരി നിര്‍ത്തിവെക്കാനാണ്  തങ്ങളുടെ ആഗ്രഹമെന്ന് ചാന്നാര്‍ക്കൂട്ടം ഗുരുവിനെ അറിയിച്ചു. തല്ക്കാലം ഗുരു മടങ്ങുന്നതാണ് നല്ലതെന്ന അഭിപ്രായവും ഉയര്‍ന്നു വന്നു.

ഗുരു ധര്‍മ്മ സങ്കടത്തിലായി. മനസില്ലാമനസ്സോടെയാണ് ഗുരു തിരികെ പോയതെന്നാണ് ശ്രുതി. സമൂഹത്തിലെ പ്രബലരുടെ പിന്തുണയില്ലാതെ അക്കാലത്ത് ഒരു പ്രസ്ഥാനം നടത്തിക്കൊണ്ടു പോകാനാവില്ലെന്ന് അദ്ദേഹം കരുതിയിരിക്കണം.

പിന്നീട്, വര്‍ഷങ്ങള്‍ക്കു ശേഷം ചാന്നാന്മാര്‍തന്നെ മുന്‍കൈയെടുത്ത് പിച്ചിനാട്ടെ കളരി പുനരാരംഭിച്ചു. കുടുബ ബന്ധുവായ ഭാമിനിയാണ് തുടര്‍ന്ന് കളരിയിലെ എഴുത്തമ്മയായത്.

ആരായിരുന്നു അന്നത്തെ ആ കുടിപ്പളളിക്കൂടം അഗ്നിക്കിരയാക്കിയത്. ചില,അഭ്യൂഹങ്ങളെ ഇപ്പോഴുമുളളൂ. ധനംകൊണ്ടും, ആയുധം കൊണ്ടും, കായിക ശേഷികൊണ്ടും കരുത്തരായ ചാന്നാന്മാരെ നേരിടാന്‍ ധൈര്യമുളളവര്‍ അക്കാലത്ത് കുറവായിരുന്നു. മറ്റാളുകള്‍ക്ക് കളരികത്തിച്ചതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ലതാനും. മറിച്ച്, അവര്‍ക്കായിരുന്നു കളരികൊണ്ട് ഏറെ ഗുണം ലഭിച്ചുകൊണ്ടിരുന്നതും. ആ നിലയ്ക്ക് മറ്റുളള ആളുകള്‍ കളരി തീവെക്കാനിടയില്ല.

പലരുടെയും സംശയം മാമൂല്‍പ്രിയരായ ചാന്നാന്മാര്‍ തന്നെയാണ് അതു ചെയ്തത് എന്നാണ്. തങ്ങളുടെ കുട്ടികള്‍ക്കൊപ്പം ഈഴവരും തണ്ടാന്മാരും പുലയരുമടങ്ങുന്ന അയിത്തക്കാരുടെ കുട്ടികള്‍ വിദ്യാഭ്യാസം ചെയ്യുന്നതിലുളള അസ്വസ്ഥതമൂലമാണ് കളരിക്ക് രാത്രിയുടെ മറവില്‍ തീ കൊളുത്തിയതെന്നാണ് ചിലര്‍ കരുതുന്നത്.
ഗുരുവിനോട് ഇക്കാര്യം തുറന്നു പറയാനും അവര്‍ക്കു ധൈര്യമുണ്ടായിരുന്നിരിക്കില്ല.

ഇതും ഒരു നിഗമനം മാത്രം.

എന്തായാലും, പരിവര്‍ത്തന ചരിത്രത്തിന്‍റെ അറിവടരായി, കാലപ്രവാഹത്തില്‍ കാലിടറാതെ  ഇന്നും ആ കളിത്തട്ട് തണലേകി നില്‍ക്കുകയാണ്.

 • ഹരികുമാര്‍ ഇളയിടത്ത്
10 | 10 | 2019

Comments