'ചുനക്കരയില്‍ നന്നങ്ങാടികളുടെ ശേഖരം' എന്ന കേരള കൗമുദി ദിനപത്രം (ഡിസംബര്‍ 6) വാര്‍ത്തയാണ് ഈ കുറിപ്പിനാധാരം.
ഒരുപക്ഷേ കേരളത്തിന്‍റെ പ്രാചീനതയെക്കുറിച്ച് കൂടുതല്‍ മിഴിവു നല്‍കാന്‍ ചുനക്കരയില്‍ നിന്നുളള ഈ നന്നങ്ങാടിയുടെ കണ്ടെത്തല്‍ ഉപകരിച്ചക്കാം. കഴിഞ്ഞ വര്‍ഷം (2015) ചെന്നിത്തലയില്‍നിന്നും ഇത്തരം ശേഷിപ്പുകള്‍ കണ്ടെടുക്കുകയുണ്ടായി. ഏതാണ്ട് നാല്പത് വര്‍ഷങ്ങള്‍ക്കുമുമ്പ് ചെങ്ങന്നൂര്‍ റൂട്ടിലെ കോടുകുളഞ്ഞിയില്‍നിന്ന് നന്നങ്ങാടിയുടെ ഭാഗങ്ങള്‍ കണ്ടെടുത്തതായി എ. ശ്രീധരമേനോന്‍ ഉള്‍പ്പെടെയുളള ചരിത്രകാരന്മാര്‍ രേഖപ്പടുത്തിയിട്ടുണ്ട്. ചില വര്‍ഷങ്ങള്‍ക്കുമുമ്പ് കായംകുളത്തിനു പടിഞ്ഞാറ് കണ്ടല്ലൂര്‍ പ്രദേശത്തുനിന്നും നന്നങ്ങാടിയുടെ അവശേഷിപ്പുകള്‍ എന്നവിധം വലിയ മണ്‍കലത്തിന്‍റെ ഭാഗങ്ങള്‍ കിട്ടിയിരുന്നതായി ഇപ്പോഴും ചില പഴമക്കാര്‍ ഓര്‍ക്കുന്നുണ്ട്. മുതുകുളത്തിനടുത്തുളള ഇന്നത്തെ പാണ്ഡവര്‍കാവ്, ബുദ്ധമത പ്രഭാവകാലത്ത് ശ്മശാനമായിരിക്കാനുളള സാധ്യതയുണ്ട്. തമിഴില്‍ 'മരിച്ചവര്‍' എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചുവരുന്ന 'മാണ്ടവര്‍' എന്നതില്‍ നിന്നാവാം, 'മരിച്ചവരെ അടക്കം ചെയ്തസ്ഥലം' എന്ന അര്‍ത്ഥത്തില്‍ 'മാണ്ടവര്‍കാവ്' എന്നു പറഞ്ഞു വന്നത്. 'പാണ്ഡവര്‍കാവ്', പിന്നീട്, അതില്‍നിന്നും ഉണ്ടായതാണെന്നും അനുമാനിക്കാം.
അപ്പര്‍ കുട്ടനാടിന്‍റെ ഭാഗമായ മാവേലിക്കര, കോടുകുളഞ്ഞി തുടങ്ങിയ സ്ഥലങ്ങളില്‍, ജനവാസവും സംസ്കാരവും മഹാശിലായുഗത്തോളംനീണ്ട കാലത്ത് നിലനിന്നിരുന്നു വെന്നതാണ് ഈ കണ്ടെത്തലിലൂടെ അടിവരയിടുന്നത്.

ശവശരീരം അങ്ങനെതന്നെ മറവുചെയ്യുന്ന പ്രൈമറി ബെറിയല്‍, ശേഷക്രിയയുള്‍പ്പെടെയുളള ചടങ്ങുകളോടെ നടത്തുന്ന എക്സ്റ്റന്‍റഡ് ബെറിയല്‍ എന്നിങ്ങനെ രണ്ടു വിധം ശവസംസ്കാര രീതിയാണ് അക്കാലത്ത് നിലവിലുണ്ടായിരുന്നത്. മരിച്ച വ്യക്തിയുടെ ആയുധങ്ങളും മറ്റും ഒപ്പം വെച്ചാവും സംസ്കാരം നടത്തുക. പ്രേതബാധയില്‍നിന്നും മറ്റും രക്ഷനേടാനാണ് ഇത്തരം ചടങ്ങുകള്‍ എന്നു കരുതുന്നു. അമ്പും വില്ലും, പരേതന്‍ ഉപയോഗിച്ച മറ്റായുധങ്ങളും ഇതിലുള്‍പ്പെടും.
ഇപ്പോള്‍ ചുനക്കരയില്‍ കണ്ടെത്തിയവയില്‍ ചെമ്പിന്‍റെ ആയുധം ഇല്ലാത്തതിനാല്‍ ഇത് ഇരുമ്പുയുഗത്തെത്തന്നെ അടയാളപ്പെടുത്തുന്നുവെന്നുറപ്പിക്കാം.
ഏതായാലും, പ്രാദേശിക ചരിത്ര പഠനത്തിനും, കേരളചരിത്ര പഠനത്തിനും മുതല്‍ക്കൂട്ടായിത്തീര്‍ന്നിരിക്കുന്നു, ചുനക്കരയില്‍ നിന്നുളള നന്നങ്ങാടിയുടെ കണ്ടെത്തത്തല്‍. ഇവയെപ്പറ്റി കൂടുതല്‍ പഠനങ്ങളും നടക്കേണ്ടതുണ്ട്.

•  ഹരികുമാര്‍ ഇളയിടത്ത്

Comments