ചെട്ടികുളങ്ങര 
ഉത്സവം മുടക്കിയ
വെടിക്കട്ടു ദുരന്തം

കൊല്ലവര്‍ഷം 1071 ലാണ് (1896) സംഭവം.

അക്കാലത്ത് ചെട്ടികുളങ്ങര ഭദ്രകാളി ക്ഷേത്രത്തില്‍ കുംഭഭരണിക്കൊപ്പം കാര്‍ത്തികയും ഉത്സവമായി ആഘോഷിച്ചിരുന്നു.

കുംഭഭരണി നായര്‍ വിഭാഗത്തില്‍പ്പെട്ട പ്രധാനികളാല്‍ നടത്തിവന്നു.

കാര്‍ത്തിക ഉത്സവം ഈഴവരുടെ വകയായും നടത്തിപ്പോന്നു.

ഇന്നത്തെ മുന്നാക്ക ജാതിയിലെ ഏറ്റവും താഴെയുളളവരായിരുന്നു നായര്‍ സമുദായം. എങ്കിലും, അധികാര സ്ഥാനവുമായുളള അടുപ്പം അവരില്‍ ചിലരെ കൂടുതല്‍ മുന്നാക്കമാക്കി.

അധഃസ്ഥിതരില്‍ ഏറ്റവും മുകളിലുളളവരായിരുന്നു ഈഴവര്‍. നായര്‍ വിഭാഗത്തെപ്പോലെതന്നെ, രാജാവുമായുളള അടുപ്പവും സ്വാധീനവും അവരില്‍ കുറച്ചുപേര്‍ക്ക് മാന്യതയും പദവികളും നല്‍കി.

അങ്ങനെയുളളവരായിരുന്നു കോമലേഴത്തു കുടുംബക്കാര്‍.
'പന്തീരായിരപ്പറ നെല്ലും പതിനായിരം രൂപയും തിരുവിതാംകൂര്‍ ഗവണ്മന്‍റിന് നികുതി നല്‍കാന്‍' ശേഷി
(ഡോ.റോബിന്‍ ജെഫ്രി, നായര്‍ മേധാവിത്വത്തിന്‍റെ പതനം,DC Books) വര്‍ക്കുണ്ടായിരുന്നു. അത്രയും നികുതി അടക്കുന്നവര്‍ മേല്‍ത്തട്ടില്‍ നിന്നുപോലും ഇവിടെ ഉണ്ടായിരുന്നില്ല.

നാട്ടിന്‍ പുറങ്ങളില്‍, ധൂര്‍ത്തോ ആഡംബരമോ കാണിക്കുന്നരെ, 'നീയെന്താ കോമലേഴത്തെ കുഞ്ഞാണോ ' എന്നു ചോദിച്ച് മുതിന്നവര്‍ ശകാരിക്കുന്ന ഭാഷയിലെ ഒരു ശൈലിതന്നെ ആ കുടുംബത്തിന്‍റെ ജനകീയ സ്വാധീനത്തെ കാണിക്കുന്നു.

ഇന്നത്തെപ്പോലെതന്നെ സമ്പത്തും കൈക്കരുത്തുമാണ് അന്നും സമൂഹത്തിന്‍റെ നേതൃസ്ഥാനത്തെ നിര്‍ണ്ണയിച്ചതെന്നുവേണം കരുതാന്‍.
 
'ചെട്ടികുളങ്ങര ക്ഷേത്രവുമായി അടുത്ത ബന്ധമുളള ചെമ്പോലില്‍ കുടുംബത്തിലെ കാരണവരുമായുളള സ്നഹബന്ധമാണ് ക്ഷേത്രത്തോടു ചേര്‍ന്നു കിടന്ന കോമലേഴത്തു കുടുംബം വക സ്ഥലത്ത് ഊട്ടുപുരയും ക്ഷേത്രക്കുളവും നിര്‍മ്മിച്ചു നല്‍കാന്‍ അന്നത്തെ കോമലേഴത്തു കാരണവരായ  
കുഞ്ഞിശങ്കര ചേകോനെ പ്രേരിപ്പിച്ചതെന്ന്' (കുടുംബ രേഖ) കരുതപ്പെടുന്നു. അങ്ങനെയാവാം കാര്‍ത്തിക ഉത്സവത്തിന്‍റെ നടത്തിപ്പു ചുമതലയും അവര്‍ക്കായത്.
(ഇതിന് പാഠഭേദവുമുണ്ട്)

ഏതായാലും, ഭരണി ഉത്സവത്തേക്കാള്‍, കാര്‍ത്തിക ഉത്സവം ഗംഭീരമാക്കാന്‍ അവര്‍ ശ്രദ്ധിച്ചു. കാര്‍ത്തിക ദീപം / വിളക്കായിരുന്നു അതില്‍ പ്രധാനം. വിളക്കിന്‍റെ/വെളിച്ചത്തിന്‍റെ പൂരോത്സവം എന്നു പറയാവുന്നത്ര സമൃദ്ധമായിരുന്നു ദീപങ്ങള്‍.
പിണ്ടിവിളക്കെഴുന്നളളത്തും അതിന്‍റ ഭാഗമായിരുന്നു. മുതുകുളത്തുനിന്നും ആശാന്മാരെ കൊണ്ടുവന്ന് ഇന്നത്തെ കോമലേഴത്ത് ക്ഷേത്രത്തിന്‍റെ അടുത്തുണ്ടായിരുന്ന പഴയ കളരിയോടു ചേര്‍ന്നുളള ചാവടിയില്‍ വെച്ച് പരിശീലനം നല്‍കി കുത്തിയോട്ടവും അവതരിപ്പിച്ചിരുന്നു.എന്നാല്‍, ഉത്സവത്തിന്‍റെ പരമപ്രധാനമായ ആകര്‍ഷണം ആകാശനീലിമയില്‍ വിസ്മയങ്ങള്‍വിരിയിക്കുന്ന വമ്പിച്ച കരിമരുന്നു പ്രയോഗം തന്നെയായിരുന്നു.

എന്നാല്‍, കൊല്ലവര്‍ഷം 1071 ല്‍ കാര്‍ത്തിക ഉത്സവത്തിനായി വെടിപ്പുരയില്‍ ശേഖരിച്ചുവെച്ച കരിമരുന്നിന് അപ്രതീക്ഷിതമായി തീപ്പിടുത്തമുണ്ടാവുകയും ഉത്സവം മുടങ്ങിയതില്‍ മനംനൊന്ത് അഭിമാനിയായ കാരണവര്‍ ആത്മഹത്യയില്‍  അഭയംതേടുകയും ചെയ്തു.

അങ്ങനെ, ആ വര്‍ഷം ഉത്സവം നടന്നില്ല.

തുടര്‍ന്ന്, തൊട്ടടുത്തവര്‍ഷം (1072) മകനായ കൊച്ചുകുഞ്ഞ് ചാന്നാര്‍ കാര്‍ത്തിക ഉത്സവം നടത്താന്‍ തയ്യാറെടുക്കുമ്പോള്‍, ജാതിക്കുശുമ്പുമൂത്ത ചിലരുടെ നേതൃത്ത്വത്തില്‍ തടസ്സങ്ങള്‍ ഉണ്ടാക്കി ക്ഷേത്രം ബലമായി അടച്ചിട്ട്  അതിനെ തടഞ്ഞു.( ചെട്ടികുളങ്ങര ദാമോദരന്‍ ജ്യോത്സ്യര്‍,കുറിപ്പുകള്‍)

പിന്നീട്, ചെറിയപത്തിയൂര്‍ കരക്കാരുടെ കെട്ടുകാഴ്ചയായ അരയന്നത്തെ (ഹംസം) ചെട്ടികുളങ്ങര  ചന്തക്കു തെക്കുവശത്തുളള ചുന്തിലേത്ത് മുക്കില്‍ വെച്ച് ജാതിക്കുറുമ്പന്മാരുടെ പ്രേരണയില്‍ ക്രിസ്ത്യാനികള്‍ ആക്രമിക്കുകയും തച്ചുതകര്‍ക്കുകയും ചെയ്തു(1074)

അതോടെ, കാര്‍ത്തിക ഉത്സവം ചെറിയപത്തിയൂരില്‍ വെച്ച് നടത്താന്‍ തീരുമാനിക്കുകയും 1075 മുതല്‍ ആരംഭിക്കുകയും ചെയ്തു.


റഫറന്‍സ്: 
• നായര്‍ മേധാവിത്വത്തിന്‍റെ പതനം
• കോമലേഴത്ത് കുടുംബ ചരിത്രം 
• ആലുംമൂട്ടില്‍ കുടുംബ ചരിത്രം 
•ചെട്ടികുളങ്ങര ക്ഷേത്ര ഐതിഹ്യം (ഉണ്ണിത്താന്‍ സാര്‍ )
• പത്തൊന്‍താം നൂറ്റാണ്ടിലെ കേരളം 

■ ഹരികുമാര്‍ ഇളയിടത്ത്

Comments