കാവ് *

സുപ്രധാനമായ ഒരാവാസസ്ഥാനമാണ് കാവുകള്‍. നമ്മുടെ നിത്യഹരിത വനങ്ങളുടെ ഗണത്തില്‍ ഇന്ന് കാവുകള്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ. ജൈവ വൈവിധ്യത്തിന്റെ ചെറുമാതൃകകള്‍ കൂടിയാണ് കാവുകള്‍. വിശുദ്ധ വനങ്ങളെന്നും കാവുകളെ വിളിക്കുന്നു. വനത്തെ ഉപജീവനമാര്‍ഗ്ഗമായി കണ്ടിരുന്ന പഴയകാലത്തെ ജനങ്ങള്‍ കാവുകളെ പുണ്യസ്ഥലമായി കരുതിയിരുന്നു. ആചാരപരമായ ആവശ്യങ്ങളാല്‍ ഒരു വിഭാഗം ജനങ്ങള്‍ കാവുകളെ സംരക്ഷിച്ച് പോന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരത്തോളം കാവുകളുണ്ട്. ഇത്തരം കാവുകളൊക്കെ വൈവിധ്യങ്ങളായ സസ്യജീവ ജാലങ്ങളാല്‍ ശ്രദ്ധേയവുമാണ്. ഔഷധ സസ്യങ്ങളുടെ കലവറയായാണ് കാവുകള്‍ നിലകൊള്ളുന്നത്. ജീവജാലങ്ങളുടെ വൈവിധ്യതയാണ് കാവുകളിലെ ആവാസവ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നത് തന്നെ.

വിശ്വാസത്തിന്റെ പേരില്‍ സംരക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇവിടത്തെ കാവുകളൊക്കെ എല്ലായിപ്പോഴും ഹരിതവനത്തിന്റെ രൂപഘടന പ്രദര്‍ശിപ്പിക്കുന്നു. പലതരത്തിലുള്ള നൈസര്‍ഗിക ജീവജാലങ്ങളുടെ ആവാസ കേന്ദ്രമായ കാവുകളില്‍ പലതും ഇന്ന് നാശത്തിന്റെ വക്കിലാണ്. വനനശീകരണം മൂലം പ്രകൃതി തന്നെ ചുരുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അവശേഷിക്കുന്ന ഇത്തരം കാവുകള്‍ ഭൂമിയുടെ നൈസര്‍ഗികതയെ നിലനിര്‍ത്തുന്നു. അന്യംനിന്ന് പോകുന്ന അനവധി ഔഷധ സസ്യങ്ങളെ ഇന്ന് കാണാനാവുക കാവുകളില്‍ മാത്രമാണ്. അതോടൊപ്പം വനസസ്യങ്ങളും ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള കാവുകളില്‍ വളരുന്നുണ്ട്. കാടിന്റെ സ്പന്ദനങ്ങള്‍ കാവുകള്‍ ഏറ്റുപറയുന്നുണ്ടാവണം. കാരണം വന്‍മരങ്ങള്‍, അവയുടെ വാത്സല്യത്തില്‍ കഴിയുന്ന ചെറിയ ചെടികള്‍, വിവിധങ്ങളായ ജീവജാലങ്ങള്‍ തുടങ്ങിയ ഒരുപാട് ഘടകങ്ങളുടെ സാന്നിദ്ധ്യമുള്ള കാവുകള്‍ സ്വന്തമായി ആവാസവ്യവസ്ഥ രൂപപ്പെടുത്തി കാടുകളുടെ ചെറിയ രൂപങ്ങളായാണ് നിലകൊള്ളുന്നത്.

മഹിതമായൊരു സംസ്‌ക്കാരത്തിന്റെ സാക്ഷ്യപത്രവും സസ്യ ജീവജാലങ്ങളുടെ ആവാസകേന്ദ്രവുമായ കാവുകളെ മതിയായ രീതിയില്‍ സംരക്ഷിക്കേണ്ടിയിരിക്കുന്നു. മന്ദമാരുതനിലൂടെ ഒഴുകിപ്പരക്കുന്ന കാടിന്റെ ഗന്ധവും വൃക്ഷലതാദികളുടെ മര്‍മ്മരം ആസ്വദിച്ച് കുറുകുന്ന പക്ഷികളുടെ ശബ്ദവും വ്യത്യസ്തങ്ങളായ മരങ്ങളും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞ് നില്‍ക്കുന്ന കാവുകള്‍ ഭൂമിയെ കൂടി താങ്ങി നിര്‍ത്തുന്നുണ്ട്. കേരളത്തില്‍ കാവുകള്‍ക്കുള്ള പ്രാധാന്യവും പ്രസക്തിയും അനിര്‍വചനീയമാണ്. കാവുകളില്‍ മിക്കയിടത്തും കണ്ണാടിയെന്ന പോലെ കുളങ്ങളും വെള്ളക്കെട്ടുകളുമൊക്കെ കാണാനാവും. പക്ഷികളും മൃഗങ്ങളും മറ്റു ജീവജാലങ്ങളുമൊക്കെ കുളിക്കുന്നതും കുടിക്കുന്നതുമൊക്കെ ഇവിടെയാണ്. പഴമക്കാര്‍ പ്രകൃതിയെ അത്രമാത്രം സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്തത് കൊണ്ടാണ് നാം പ്രാണവായു ശ്വസിക്കുന്നത് തന്നെ. വൃക്ഷലതാദികള്‍ പ്രകൃതിയുടെ ശ്വാസകോശങ്ങളെന്ന പോലെയാണ് ജൈവപ്രകൃതിയെ നിലനിര്‍ത്തുന്നത്. വൃക്ഷങ്ങളെ സംരക്ഷിച്ച് നിര്‍ത്തുന്ന കാവുകളെയും കാടുകളെയും സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്.

[08/07, 10:36 pm] Harikumar Elayidathu:

നമ്മുടെ കാവുകൾ
ജൈവവൈവിധ്യത്തിന്റെ ചെറു മാതൃകകളാണ് കാവുകൾ. വിശുദ്ധവനങ്ങൾ എന്നും ഇവയെ വിശേഷിപ്പിക്കുന്നു. നിത്യഹരിതവനങ്ങളുടെ അവശിഷ്ടങ്ങളാണ് ഈ കാവുകൾ. പ്രകൃതിയെയും വൃക്ഷങ്ങളെയും ആരാധിക്കുന്ന പതിവ് പണ്ട് മുതലേ നിലനിന്നിരുന്നതിനാൽ, വനത്തെ ഉപജീവനമാർഗ്ഗമായി കരുതിയിരുന്ന പണ്ടുകാലത്തെ ജനങ്ങൾ കാവുകളെയും പുണ്യസ്ഥലമായി കരുതിയിരുന്നു. ആചാരപരമായ ആവശ്യങ്ങളാൽ ജനങ്ങൾ സംരക്ഷിച്ചു പോരുന്ന കാടിന്റെ ലഘു രൂപങ്ങളാണ് കാവുകൾ എന്നും പറയാം. ദ്രാവിഡരീതിയിലുള്ള ഇത്തരം ക്ഷേത്രങ്ങളിൽ സ്ത്രീ ദേവതകളായിരുന്നു പ്രതിഷ്ഠ. കേരളത്തിലെ പ്രാചീന ദേവതകളായ കാളി, വേട്ടയ്ക്കൊരുമകൻ, അന്തിമഹാകാളൻ, കരിങ്കാളി, അയ്യപ്പൻ, പാമ്പ്(നാഗം), ചാമുണ്ഡി എന്നിവർ കുടികൊള്ളുന്ന സ്ഥലങ്ങളെ മാത്രമേ കാവുകൾ എന്ന് പറയാറുള്ളൂ. ശിവൻ, വിഷ്ണു മുതലായ ദൈവങ്ങൾ കുടികൊള്ളൂന്ന സ്ഥലം അമ്പലം എന്നാണ്‌ പറയുക. ഉത്തരകേരളത്തിൽ കാവുകൾ കണ്ണങ്കാട്, മുസിലോട്ട്, മുങ്ങിയ, കോട്ടം, പള്ളിയറ എന്നീ പേരുകളിൽ അറിയപ്പെടുന്നു.
പേരിനു പിന്നിൽ
ബലിയിടുന്ന സ്ഥലം എന്നാണ് കാവിൻറെ അർത്ഥം. 'ചിറു ദൈവങ്ങൾക്കിടും പലി' എന്നാണ്‌ തമിഴ് ലെക്സിക്കനിൽ പറയുന്നത്. സാധാരണാർത്ഥത്തിൽ കാവ് എന്നാൽ മരക്കൂട്ടമാണ്‌. സാങ്കേതികാർത്ഥത്തിൽ അത് ആരാധനാസ്ഥാനമാകുന്നു.
കേരളത്തിലെ കാവുകൾ
കേരളത്തിലെ കാവുകളെ കാളിക്കാവ്, നാഗക്കാവ് എന്നിങ്ങനെ രണ്ടായി തിരിക്കാം. നാഗദേവിയും നാഗരാജനും എന്ന സങ്കല്പം വരുമ്പോൾ നാഗക്കാവ് കാളിക്കാവില്പെടുത്താം. കാളിക്കാവുകളെ അവയിലെ അനുഷ്ഠാനരൂപങ്ങളെ അടിസ്ഥാനമാക്കി പടയണിക്കാവ്, തിറയാട്ട കാവ്‌, മുടിയേറ്റ് കാവ്, മുടിപ്പേച്ച് കാവ്, കാളിയൂട്ട് കാവ്, തീയ്യാട്ട് കാവ്(അയ്യപ്പൻ തീയാട്ട് കാവും ഇതിൽ പെടുന്നു) പൂതൻ തിറ കാവ്, കളിയാട്ട കാവ് എന്നിങ്ങനെ വിഭജിക്കാം. കാളീദാരിക സംഘട്ടനമാണ്‌ ഈ കാവുകളിലെ പൊതുവായ കഥാബീജം. കേരളത്തിൽ കുംഭ പാട്ട് ഉള്ള ഏക കാവ് പത്തനംതിട്ട കോന്നി കല്ലേലി ശ്രീ ഊരാളി അപ്പൂപ്പൻ കാവിൽ മാത്രമാണ്. ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസം കുടികൊള്ളുന്ന കാവാണ് ഇത്.തലയാട്ടംകളി,വാനരയൂട്ട്,മീനൂട്ട്,തുടങ്ങിയവയും ഇവിടെ ഉണ്ട്.
കാവ് വിവിധ ഭാഷകളിൽ
തമിഴ് (തമിഴ്‌നാട്) - കോവിൽകാവ്,
കന്നഡ (കർണ്ണാടക) - ദേവറക്കാട്
മറാഠി (മഹാരാഷ്ട്ര) - ദേവറഹാട്ട്
ഭോജ്പൂരി (ബീഹാർ) - സാമാസ്
മാൽവി (മദ്ധ്യപ്രദേശ്) - സർന
രാജസ്ഥാനി (രാജസ്ഥാൻ) - ഒറാൻസ്
ബംഗാളി (പശ്ചിമ ബംഗാൾ)‍ - ഗരിമതാൽ
ഹിമാചലി (ഹിമാചൽ പ്രദേശ്) - ദേവോവൻ
ആസാമി (മേഘാലയ) - ലോക്കിൻ ഹാങ്സ്
ഇംഗ്ലീഷ് - സേക്രഡ് ഗ്രൂവ്സ്.
കാവുകളെക്കുറിച്ചുള്ള പഠനങ്ങൾ
ഉത്തര കേരളത്തിലെ കാവുകളെക്കുറിച്ച് ഇ. ഉണ്ണികൃഷ്ണൻ ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങൾ എന്ന കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാവുകളുടെ നാശം ഒരു സമൂഹത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച് ജിതേഷ് മാണിയാട്ട് ഒരു പഠനം നടത്തിയിട്ടുണ്ട്. കേരളത്തിലെ കാവുകളെ കുറിച്ച് മുന്നാർ ഡി.ഫ.ഓ. ആയിരുന്ന ഡോ.എൻ...സി. ഇന്ദുചൂഡൻ പഠനം നടത്തിയിട്ടുണ്ട്.
കാവുകളുടെ പ്രാധാന്യം
ഏഷ്യയുടെയും ആഫ്രിക്കയുടെയും ഭാഗങ്ങളിലായാണ് കാവുകൾ കൂടുതലായി കാണപ്പെടുന്നത്.ഗ്രാമങ്ങളിലെ ഭൂഗർഭജലനിരപ്പ് നിലനിർത്താനും, ഗ്രാമീണരുടെ ഇന്ധന ലഭ്യത ഉറപ്പുവരുത്താനും, അത്യപൂർവമായ ഔഷധസസ്യങ്ങളാൽ സമ്പന്നമായ കാവുകൾ ഗ്രാമീണരുടെ ആരോഗ്യസംരക്ഷണത്തിനും സഹായകമാണ്. കാവുകൾ ജൈവവൈവിധ്യം ഏറെയുള്ള ജീൻകലവറയാണ്. മൂന്നിനം ഉഭയജീവികൾ, പത്തിനം ഉരഗങ്ങൾ, എഴുപത്തിഏഴിനം പക്ഷികൾ, ഇരുപത്തിഒന്നിനം സസ്തനങ്ങൾ, അറുപത്തിയാറിനം ചിത്രശലഭങ്ങൾ, നിരവധിയിനം സസ്യങ്ങൾ തുടങ്ങിയവയെല്ലാം കാവുകളിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. നിത്യഹരിതവനങ്ങളിൽ മാത്രം കാണാറുള്ള തമ്പകം, വങ്കോട്ട, ഇലവംഗം, വെട്ടി മുതലായ മരങ്ങൾ കാവുകളിൽ കാണാനാകും.

Comments